Thursday, March 31, 2016

പ്രവാസി വോട്ട്‌ എന്ന ആകാശ കുസുമം



മുഹമ്മദ്കുഞ്ഞി വണ്ടൂർ  

നിയമസഭാ തിരഞ്ഞെടുപ്പ്‌ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ പ്രവാസി വോട്ട്‌ വീണ്ടും ചർച്ചയാവുകയാണ്‌. പ്രവാസിവോട്ടെന്ന സങ്കൽപ്പം യാഥാർഥ്യമാകാൻ ഇനിയും ഒരുപാട്‌ കാത്തിരിക്കേണ്ടി വരും. പ്രവാസികൾക്ക്‌ അവർ തൊഴിലെടുക്കുന്ന നാട്ടിലിരുന്നുതന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. പ്രവാസലോകം സന്ദർശിക്കുന്ന മന്ത്രിമാർ ഉൾപ്പടേയുള്ള രാഷ്ട്രീയനേതാക്കൾ പ്രവാസികൾക്ക്‌ വോട്ടാകാശം പലപ്പോഴും വലിയവായിൽ ഓഫർ ചെയ്യാറുണ്ടെങ്കിലും മറ്റുപല ഓഫറുകളേയുംപോലെ പ്രവാസികൾ ഇതും ഒരുചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ പുറംതള്ളാറാണ്‌ പതിവ്‌. എന്നാൽ 2010ൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ്‌ പ്രവാസികൾക്ക്‌ വോട്ടവകാശമെന്ന പ്രഖ്യാപനം നടത്തി. അതിന്‌ ശേഷം പരിഷ്കരിച്ചുവന്ന വോട്ടേർസ്‌ ലിസ്റ്റിൽ പ്രവസികളുടെ പേരും ഇടംപിടിച്ചു. അതുവരെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ കഴിയാതിരുന്ന, രാജ്യത്തെ രണ്ടാംതരം പൗരൻമാരായി സ്വയം വിശേഷിപ്പിച്ചിരുന്ന പ്രവാസികളെ സമ്പന്ധിച്ചിടത്തോളം അതുതന്നെ ഏറ്റവുംവലിയ അംഗീകാരമായിരുന്നു. എന്നാൽ ലിസ്റ്റിൽ പേരുവന്നെങ്കിലും തിരഞ്ഞെടുപ്പ്‌ കാലയളവിൽ നാട്ടിലുള്ളവർക്കേ വോട്ടുചെയ്യാൻ സാധിച്ചിരുന്നൊള്ളൂ. അതിനുശേഷം നടന്ന തിരത്തെടുപ്പുകളിൽ പ്രവാസികളുടെ മൊത്തം അംഗസംഖ്യയെ അപേക്ഷിച്ച്‌ വളരെചെറിയ ഒരു ശതമാനം ആളുകളാണ്‌ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തിയത്‌. തെരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ നാട്ടിൽവന്ന്‌ വോട്ട്ചെയ്യുന്നത്‌ അങ്ങേയറ്റം പ്രയാസകരമാണ്‌. ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽനിന്ന്‌ ലീവ്‌ തരപ്പെടുത്താൻ എല്ലാവർക്കും എളുപ്പവുമല്ല. 

ഇന്ത്യയിൽ നിന്നുള്ള പ്രവാസികളിൽ സിംഹഭാഗവും ഗൾഫ്‌ മേഖലയിലാണ്‌ തൊഴിൽ ചെയ്യുന്നത്‌. അവരിൽതന്നെ അധികവും വളരെകുറഞ്ഞ മാസവരുമാനുള്ളവരുമാണ്‌. നാട്ടിലൊരു വോട്ടിനുവേണ്ടി ലീവും വിമാന യാത്രാകൂലിയും സംഘടിപ്പിക്കുകയെന്നത്‌ സാധാരണപ്രവാസികളെ സംബന്ധിച്ചിടത്തോളം ദുഷ്കരവുമാണ്‌. ഗൾഫിലെ ഏതാണ്ടെല്ലാ തൊഴിലിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം എമ്പാടുമുണ്ട്‌. ഇവരെല്ലാം ഒരേസമയം വോട്ടു രേഖപ്പെടുത്താൻ സ്വന്തം രാജ്യത്തേക്ക്‌ പുറപ്പെട്ടാൽ ഇവിടങ്ങളിലുള്ള വ്യാവസായ തൊഴിൽമേഖല ഭാഗികമായി സ്തംഭിക്കാനിടയാവും. ഇക്കാരണങ്ങൾകൊണ്ടെല്ലാം നാട്ടിൽവന്ന്‌ വോട്ട്‌ ചെയ്യുകയെന്നത്‌ ഒട്ടും പ്രായോഗികവും ശാസ്ത്രീയവുമല്ലെന്ന്‌ എല്ലാവർക്കുമറിയാവുന്നതാൺ​‍്‌.
അന്യ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ പൗരൻമാർക്ക്‌ തങ്ങൾ തൊഴിൽ ചെയ്യുന്ന നാടുകളിൽ നിന്നുതന്നെ വോട്ടുചെയ്യാനുള്ള അവകാശത്തിന്‌ വേണ്ടിയുള്ള ആവശ്യം കാലങ്ങളായി പ്രവാസലോകത്തുനിന്ന്‌ ഉയർന്നുകേൾക്കുന്നണ്ട്‌. ഇതു സംബന്ധമായി സുപ്രീംകോടതിയിൽ ലഭിച്ച ഹരജിയുടെ അടിസ്ഥാനത്തിൽ ഇതേകുറിച്ച്‌ പഠിക്കാനും റിപ്പോർട്ട്‌ സമർപ്പിക്കാനും കേന്ദ്രസർക്കാറിനും തെരഞ്ഞെടുപ്പ്‌ കമ്മീഷനും കഴിഞ്ഞവർഷം സുപ്രീംകോടതി നിർദ്ദേശംനൽകിയിരുന്നു. അതുപ്രകാരം ഇതുസമ്പന്ധമായി ചർച്ചകളും പഠനങ്ങളുംനടന്നു. ഇലക്ട്രോണിക്‌ വോട്ടിംഗ്‌, പ്രോക്സി വോട്ടിംഗ്‌ തുടങ്ങി ഏതെങ്കിലും സംവിധാനത്തിലൂടെ വോട്ട്‌ ചെയ്യാമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ശുപാർശ ചെയ്യുകയും കേന്ദ്രസർക്കാർ അത്‌ അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കേരളത്തിലും ഇ­വോട്ടിംഗ്‌ നടപ്പാക്കുന്നതിനെ കുറിച്ച്‌ ചർച്ച നടക്കുകയുണ്ടായി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തലസ്ഥാനനഗരിയിൽ അതിനുവേണ്ടി സർവകക്ഷി യോഗവുംചേർന്നു. ഇ ­വോട്ടിംഗിന്റെ പ്രായോഗികതയിൽ ചിലകക്ഷികൾ ആശങ്ക പ്രകടിപ്പിച്ചെങ്കിലും പ്രവാസികൾക്ക്‌ വോട്ടവകാശമെന്ന മിനിമം ലക്ഷ്യത്തിൽ ഏതാണ്ടെല്ലാ കക്ഷികളും ഒരെ നിലപാട്‌ സ്വീകരിച്ചതായണറിവ്‌. 

ഇതിനുവേണ്ടി സുരക്ഷിതവും അനിയോജ്യവുമായ രീതികൾ ഉപയോഗിക്കാവുന്നതാണ്‌. ജനാധ്യപത്യ മര്യാദയുടെ പൂർണതയും സ്വകാര്യതയും നിലനിർത്തുന്നതിന്‌ പ്രോക്സിവോട്ടിംഗിനെ അപേക്ഷിച്ച്‌ ഇ­വോട്ടിംഗ്‌ തന്നെയാണ്‌ എന്തുകൊണ്ടും അഭികാമ്യം. സാങ്കേതിക വിദ്യയുടെ കുതിപ്പ്‌ ഇലക്ട്രോണിക്‌ രംഗത്ത്‌ വലിയ മുന്നേറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയും സോഷ്യൽ മീഡിയ ഉൾപ്പടേയുള്ള നവമാധ്യമങ്ങൾ ജനകീയമാവുകയും ചെയ്ത പുതിയ സാഹചര്യത്തിൽ ഇ­­വോട്ടിംഗിന്റെ പ്രായോഗികതയെകുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണ്‌. രഹസ്യസ്വഭാവമുള്ള വിവരങ്ങളും വിനിമയങ്ങളും ഇന്റർനെറ്റിലൂടെ ഇപ്പോൾ സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെടുന്നു. അതീവസുരക്ഷ ആവശ്യമായ ഓൺലൈൻ ബാങ്കിംഗ്‌  ഉൾപ്പടേയുള്ള സങ്കേതങ്ങളിലൂടെ ലോകത്ത്‌ കോടിക്കണക്കിന്‌ ആളുകൾ വിനിമയം നടത്തുകയും സുരക്ഷിതമായി പണം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാത്രവുമല്ല ലോകത്ത്‌ ഒട്ടേറെ രാജ്യങ്ങളിൽ പ്രവാസി വോട്ടിംഗ്‌ അംഗീകരിക്കുകയും വിജയകരമായി നടപ്പിലാക്കിവരികയും ചെയ്യുന്നുണ്ട്‌.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തന്നെ പ്രവാസി എന്ന ലാബലിൽ കന്നിവോട്ട്‌ ചെയ്യാമെന്ന്‌ കരുതി കാത്തിരുന്ന പ്രവാസികൾ ഒരുപാടുണ്ട്‌. എന്നാൽ വിദേശത്തുള്ള പ്രവാസികൾക്ക്‌ വോട്ട്‌ ചെയ്യാനവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ഇപ്പോൾ കേരളം ഉൾപ്പടേയുള്ള അഞ്ചുസംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഒരുങ്ങുകയാണ്‌. പ്രവാസികൾക്ക്‌ വോട്ടുചെയ്യാനുള്ള സാഹചര്യം ഇപ്പോഴുമുണ്ടായിട്ടില്ല. പ്രവാസികളുടെ വോട്ടവകാശം ഇപ്പോഴും ഒരു സ്വപ്നമായിതന്നെ നിലനിൽക്കുന്നു. ലോകത്ത്‌ ഏതാണ്ട്‌ മൂന്നുകോടിയോളം ഇന്ത്യക്കാർ  പ്രവാസികളായുണ്ട്​‍്‌. വർഷങ്ങളായി ഇന്ത്യയുടെ സമ്പദ്ഘടനക്ക്‌ കരുത്തുപകരുന്നത്‌ പ്രവാസികളാണെന്നത്‌ യാഥാർത്യമാണ്‌. പ്രത്യേകിച്ച്‌ പ്രവാസികളിൽ അധികവുമുള്ള ഗൾഫ്‌ മേഖലയിൽനിന്ന്‌. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മുന്നോട്ടടുപ്പിക്കുന്നതിൽ പെട്രോഡോളർ എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമ്പോൾ ഈ യാഥാർത്യം ബോധ്യമാകും. വർഷങ്ങളായി ഇന്ത്യയുടെ പ്രത്യേകിച്ച്‌ കേരളത്തിന്റെ സാമ്പത്തിക അടിത്തറക്ക്‌ കോട്ടംവരാതെ കാത്തുനിർത്തിയത്‌ പ്രവാസികളാണ്‌. അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസികളാണ്‌.
രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ രാജ്യത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്ക്‌ അയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒരുപാട്‌ ഗ്രാമപ്രദേശങ്ങളെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നാനോ?​‍ുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും, നാടും വീടുംവിട്ട്‌ അന്യദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളാണ്‌.
നാടിന്റെ പുരോഗതിക്ക്​‍്‌ പ്രത്യക്ഷമായൊ പരോക്ഷമായൊ മുതൽമുടക്കുന്ന പ്രവാസികൾക്ക്‌ തങ്ങളുടെ മൂലധനം നാടിന്റെ വികസനത്തിന്‌ ക്രിയാത്മകമായി വിനിയോഗിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനുള്ള അവകാശമുണ്ട്‌. അതിനുവേണ്ടി തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുന്ന പ്രതിനിധികളേയും ഭരണകർത്താക്കളേയും തിരഞ്ഞെടുക്കാനും ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരുന്നതിനുമുള്ള അവരുടെ ആവശ്യം ന്യായവും ജനാധിപത്യ നിർവ്വഹണത്തിന്റെ പൂർത്തീകരണത്തിന്‌ അനിവാര്യവുമാണ്‌. വോട്ടാവകാശത്തിന്റെ അഭാവമാണ്‌ തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ മുമ്പിൽ അധികാരികൾ മുഖം തിരിക്കുന്നതെന്ന്‌ പ്രവാസികൾക്ക്‌ നന്നായി ബോധ്യമുണ്ട്‌. തങ്ങളുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത്‌ എത്തിക്കാൻ വോട്ടവകാശമെന്ന ജനാധിപത്യ ആയുധം പ്രവാസികളെ സഹായിക്കുമെന്നുറപ്പാണ്‌. നല്ലൊരു ശതമാനം ആളുകൾ പ്രവാസലോകത്തുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭാഗദേയത്വം തീരുമാനിക്കാൻ വോട്ടവകാശം നേടുന്നതിലൂടെ പ്രവാസി കരുത്ത്‌ ആർജ്ജിക്കും. ആവേഷത്തോടെയായിരിക്കും പ്രവാസലോകം ഇതിനെ വരവേൽക്കുക. അവർക്ക്‌ വ്യക്തമായ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്‌. നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന അനേകമാളുകൾ പ്രവാസലോകത്തുണ്ട്‌. നാട്ടിലുള്ളതിനേക്കാൾ തലനാരിഴ കീറി രാഷ്ട്രീയം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ കക്ഷിരാഷ്ട്രീയ സമ്മർദ്ദങ്ങൾ അധികമാളുകളേയും വലിയ തോതിൽ സ്വാധീനിക്കാറില്ല എന്നതാണ്‌ യാഥാർത്യം. ഭാഷ ദേശ വൈവിധ്യങ്ങളുമായുള്ള നിരന്തര സമ്പർക്കവും വലിയ അനുഭവസമ്പത്തും പ്രവാസികളെ എക്കാലവും പ്രബുദ്ധരാക്കി നിർത്തുന്നു. വികസന നയങ്ങളിലും രീതികളിലും പ്രവാസികൾക്ക്‌ അവരുടേതായ കാഴ്ചപ്പാടുകളുണ്ട്‌. നാടും വീടുംവിട്ട്‌ ജീവിതത്തിന്റെ പൂർണയൗവനം പരദേശങ്ങളിൽ ചെലവഴിക്കേണ്ടിവരുന്ന പ്രവസികൾ നാടിന്റെ സ്പന്ദനം തൊട്ടറിയാൻ എപ്പോഴും ആഗ്രഹിക്കുന്നു. നാടിന്റെ കുതിപ്പിലും കിതപ്പിലും ആഹ്ളാദവും ആശങ്കയും നെഞ്ചിലേറ്റി അവർ നാടിനോടൊപ്പം ചേരുന്നു. ചർച്ചകളിൽ സജീവമാകുന്നു. പ്രത്യായ ശാസ്ത്രത്തിലും ആശയതലങ്ങളിലുമുള്ള സംവാദങ്ങൾ നടത്തുന്നു. സോഷ്യൽ മീഡിയയിലെ പ്രവാസി പങ്കാളിത്വം ഇതിലേക്കൊരു ചൂണ്ടുപലകയാണ്‌. ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മത­സാംസ്കാരിക സംഘടനകൾക്കും ഗൾഫുനാടുകൾ ഉൾപ്പടേയുള്ള പ്രവാസലോകത്ത്‌ വേരും ശാഖകളുമുണ്ട്‌. ഇവിടെ യഥേഷ്ടം യോഗങ്ങളും സംവാദങ്ങളും നടക്കുന്നു. പ്രാവാസ ലോകത്തെ രാജ്യങ്ങളിലുള്ള നിയമം മറികടക്കാതെ, തികഞ്ഞ സംയമനത്തോടെ പരസ്പരം അടുക്കാനും സൗഹൃദപ്പെടാനും കലഹിക്കാനുമെല്ലാം പ്രവാസികൾ നന്നായി പഠിച്ചിട്ടുണ്ട്‌.  
പ്രവാസിവോട്ട്‌ ഇപ്പോൾ അതിന്റെ പ്രായോഗികതയിൽ വഴിമുട്ടി നിൽക്കുകയാണ്‌. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സാങ്കേതികത്വങ്ങളുടേയും പ്രായോഗികതയുടേയും പേരിൽ സ്വന്തംരാജ്യത്തെ പ്രവാസികളായ പൗരൻമാർക്ക്‌ സമ്മതിദാനം രേഖപ്പെടുത്താനുള്ള അവകാശം നിഷേധിക്കുന്നത്‌ ജനാധിപത്യ നീതിക്ക്‌ നിരക്കാത്തതും ഇന്ത്യൻ ഭരണഘടനയോട്‌ ചെയ്യുന്ന അനീതിയുമാണ്‌. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മൂല്യങ്ങൾ ഒട്ടേറെ ലോകരാജ്യങ്ങൾക്ക്‌ ദിശാബോധം നൽകിയിട്ടുണ്ട്‌. അതിൽനിന്ന്‌ ഊർജമാവഹിച്ച്‌ ജനാധിപത്യത്തിന്റെ ശ്രീ കോവിലിലേക്ക്‌ കൂടുമാറിയ രാജ്യങ്ങളുമുണ്ട്‌. രാജ്യത്ത്‌ നടപ്പാക്കിയ തിരഞ്ഞെടുപ്പ്‌ രീതികളും പരിഷ്കാരങ്ങളുമെല്ലാം ഇത്തരത്തിൽ ശ്രദ്ധേയമാണ്‌. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങിയ ഇലക്ട്രേണിക്‌ വോട്ടിംഗ്‌ യന്ത്രം പാർലമെന്റ്‌, നിയമസഭ, ത്രിതലപഞ്ചായത്ത്‌ തുടങ്ങി എല്ലാ തലങ്ങളിലും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇത്‌ സാങ്കതികവിദ്യയിലൂടെ രാജ്യം കൈവരിച്ച വിപ്ളവ മുന്നേറ്റത്തേയാണ്‌ സൂചിപ്പിക്കുന്നത്‌. പ്രവാസി വോട്ടിന്റെ കാര്യത്തിലും വിപ്ളവകരമായ ചുവടുവെപ്പുകൾ നടത്താൻ നമ്മുടെ വ്യവസ്ഥിതിക്ക്‌ കഴിയേണ്ടതുണ്ട്‌. പ്രവാസികൾക്ക്‌ വോട്ടവകാശം ലഭിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കളെ അന്യേഷിച്ചിറങ്ങാനല്ല ശ്രമിക്കേണ്ടത്‌. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കധീതമായി നയങ്ങളും സമീപനങ്ങളും വിലയിരുത്തി പിന്തുണക്കാനും അതുപോലെ പിൻതള്ളാനും പാകപ്പെട്ട മനസാണ്‌ സാധാരണ പ്രവാസികളുടേത്‌. പ്രവാസലോകത്ത്‌ രാഷ്ട്രീയ പാർട്ടികൾക്കുള്ള സ്വാധീനവും മേൽകോയ്മയും കൂട്ടിയും കിഴിച്ചും പ്രവാസികളുടെ ജനാധിപത്യ മൗലിക അവകാശങ്ങളെ ആരും നിഷേധിക്കരുത്‌.
 Muhammed Kunhi Wandoor For MalayalamNews Daily

സ്വത്വം തേടുന്നവർ, സ്വാതന്ത്ര്യവും



മുഹമ്മദ്കുഞ്ഞി വണ്ടൂർ

രാജ്യം 67​‍ാമത്‌ റിപ്പബ്ളിക്‌ ദിനം ആഘോഷിക്കുകയാണ്‌. 1947 ആഗസ്റ്റ്‌ 14ന്‌ അർദ്ധരാത്രി വൈദേശികാധിപത്യത്തിൽ നിന്ന്‌ ഇന്ത്യ മോചിതമായെങ്കിലും 1950 ജനുവരി 26ന്‌ ഇന്ത്യയുടെ മഹത്തായ ഭരണഘടന നിലവൽ വന്നതോടുകൂടിയാണ്‌ രാജ്യം സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടത്‌. ഒട്ടേറെ ജനാധിപത്യ രാജ്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കാൻ കഴിഞ്ഞ ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖത്തിന്റെയും ഉള്ളടക്കത്തിന്റേയും മികവുകൊണ്ട്‌ ലോകചരിത്രത്തിന്റെ മുഖ്യ താളുകളിൽ ഇടംപിടിച്ചു. നമ്മൾ ഭാരതത്തിലെ ജനങ്ങൾഎന്നുതുടങ്ങുന്ന ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ പരമാധികാരത്തേയും വെക്തി സ്വാതന്ത്ര്യത്തേയും പ്രൗഡമായി തന്നെ പ്രതിനിധാനം ചെയ്യുന്നു. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്ത, വിശാസം, ആരാധന, ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ സമ്പൂർണ്ണ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന വിഭാവനംചെയ്യുന്നു. ഇവിടെ ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാനും ഇഷ്ടമുള്ളവ അനുവർത്തിക്കാനുമുള്ള അവകാശം എല്ലാ പൗരൻമാർക്കും ഉറപ്പ്നൽകുന്നു. ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങളുടെ നിശ്ചയദാർഢ്യം കൊണ്ടും പൊതു ബോധംകൊണ്ടും ശ്രേഷ്ടവും സമ്പന്നവുമായ ഒരു ഭരണഘടന നമ്മുടെ രാജ്യത്തിനുവേണ്ടി രൂപകല്പന ചെയ്യാൻകഴിഞ്ഞു. അങ്ങനെ സുശക്തമായ ഭരണഘടനയും നീതിന്യായ സംവിധാനവുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ പരിണമിച്ചു.


രാജ്യം സ്വാതന്ത്ര്യത്തിന്റെ മധു നുകരാനൊരുങ്ങുമ്പോൾ വൈദേശികാധിപത്യം തീർത്ത ഇരുളടഞ്ഞ വഴികളിൽ ഗതിമുട്ടിനിൽക്കുന്ന സാമ്പത്തികരംഗമായിരുന്നു ഇന്ത്യക്കാരെ വരവേൽക്കാനുണ്ടായിരുന്നത്‌. നൂറ്റാണ്ടുകളായി വൈദേശിക ഭരണത്തിനു കീഴിൽ രാജ്യത്തെ സമ്പത്ത്‌ പരാമവധി കൊള്ളയടിക്കപ്പെട്ടിരുന്നു. ജാതീയമായും മതപരമായും സമൂഹത്തെ വിവിധ തട്ടുകളിൽ വിന്യസിക്കുന്നതിൽ അവർ ശ്രദ്ധകോന്ദ്രീകരിച്ചിരുന്നു. അധികാരം നിലനിർത്തുന്നതിന്‌ വേണ്ടി ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന നയമായിരുന്നു ബൃട്ടീഷുകാർ കൈകൊണ്ടിരുന്നത്‌. ഒരു പരിതിവരെ അവരതിൽ വിജയിക്കുകയും ചെയ്തു. ഇല്ലായിരുന്നെങ്കിൽ 1857ൽ ബൃട്ടീഷുകാർക്കെതിരെ സംഘടിതമായി ചെറുത്തുനിൽപ്പിന്‌ ശ്രമമാരംഭിച്ച ഇന്ത്യൻജനതക്ക്‌ സ്വാതന്ത്ര്യ ലബ്ധിക്കുവേണ്ടി 1947 വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു. ഇത്രയധികം പ്രലോഭനമുണ്ടായിട്ടും ഇന്ത്യൻജനത ഏകാതാനമായി ചെറുത്തുനില്പ്പ്‌ നടത്തിയതുകൊണ്ടാണ്‌ രാജ്യത്തിന്‌ സാതന്ത്ര്യം ലഭിച്ചത്‌. സ്വാതന്ത്ര്യാനന്തരം രാജ്യം പതുക്കെപതുക്കെ പിടിച്ചുനിൽക്കാൻ തുടങ്ങി. വികസ്വര രാജ്യമാണെങ്കിലും സാങ്കേതിക വിദ്യയിലും അത്യാധുനിക വിനിമയ സംവിധാനത്തിലും വികസിത രാജ്യങ്ങളോട്‌ കിടപിടിക്കാവുന്ന തരത്തിൽ ഇന്ത്യ മുന്നേറാൻതുടങ്ങി. പുതിയ സാങ്കേതങ്ങളും വിനിമയോപാധികളും സ്വായത്താമാക്കുകവഴി ലോകത്തിനൊപ്പമൊ അതിനൊരുമുഴം മുമ്പൊ സഞ്ചരിക്കാൻ രാജ്യത്തിന്റെ സാങ്കേതികമേഖല അഭിവൃതിപ്പെട്ടു. സാമ്പത്തിക വളർച്ചാനിരക്കിലും രാജ്യത്ത്‌ ഗുണകരമായ ചലനങ്ങളുണ്ടായി. സാമൂഹ്യ സാംസ്കാരിക മേഖലകളിലും കാര്യമായ മുന്നേറ്റങ്ങളാണുണ്ടായത്‌.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പരമമായ രാഷ്ട്രീയാധികാരം ഇന്ത്യൻ സമൂഹത്തിൽ മാത്രമായി കേന്ദ്രീകരിച്ചിട്ടും രാജ്യത്തിന്‌ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നു. രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളായിരുന്നു മിക്കതും. ബൃട്ടിഷ്ഭരണത്തിന്റെ നയവൈകല്ല്യങ്ങളാൽ ഉരിത്തിരിഞ്ഞ്‌ വന്ന വർഗ്ഗീയത രാജ്യത്തിന്റെ സ്വാസ്ത്യം കെടുത്തിക്കൊണ്ടിരുന്നു. വിദേശികൾ സ്വീകരിച്ച്‌ നടപ്പാക്കിയ ?ഭിന്നിപ്പിച്ച്‌ ഭരിക്കുക? എന്ന നയംതന്നെയാണ്‌ ആധുനിക ഇന്ത്യയിലും നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച്‌ നിർത്തുന്നതിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ച ഗവൺമെന്റുകൾ പാടെപരാജയപ്പെട്ടു.  അധികാരത്തിന്റെ ദുസ്വാധീനങ്ങൾ രാജ്യ ചരിത്രത്തിലുടനീളം ദർശിക്കാൻ കഴിയും. അധികാരലഹരിയിൽ രാജ്യത്തെ പരമോന്നത നിയമങ്ങൾ പലപ്പോഴും ലംഘിക്കപ്പെട്ടിട്ടുണ്ട്‌. ഒട്ടേറെ തവണ ഭരണഘടനാ ലംഘനങ്ങൾ നടന്നിട്ടുണ്ട്‌. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ പലപ്പോഴായി നിഷേധിക്കപ്പെട്ടിട്ടുണ്ട്‌.
ഭരണഘടനയുടെ കാതലായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ രോഗാതുരമായ അവസ്ഥയിലാണ്‌. മതനിരപേക്ഷത രാജ്യത്തിന്റെ ഭരണഘടനയുടെ മുഖമുദ്രയാണ്‌. മതേതരത്വത്തേയും മതസ്വാതന്ത്ര്യത്തേയും സംബന്ധിച്ച്‌ ഭരണഘടനയിൽ വ്യക്തമായ നിലപാടുകളുണ്ട്‌. എന്നാൽ രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന പ്രവണതകൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൊതുദേശീയതയിൽ നിന്ന്‌ മതദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാൻ കാലങ്ങളായി ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. മത ദേശീയത തികഞ്ഞ സ്വാർത്ഥതയും ഭരണഘടനാ വിരുദ്ധവുമാണ്‌. ഇവിടെ ഇതര മതക്കാരെ അപരരും ശത്രുക്കളുമായി കാണുന്നു. ഇത്തരം പ്രവണത ഒരു ജനാധിപത്യ മതേതരത്വ രാജ്യത്തിന്‌ ഒട്ടുംയോജിച്ചതല്ല. ഒരു മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം പ്രതിസന്ധികൾക്കെ വഴിയൊരുക്കൂ. സ്വന്തം വിശ്വാസം അനുസരിച്ച്‌ ജീവിക്കുന്നതിനും ആരാധന നടത്തുന്നതിനുപോലും പലയിടങ്ങളിലും അവസരം നിഷേധിക്കപ്പെടുന്നു. അതിലുപരി തങ്ങളുടെ വിശ്വാസവും ആചാരങ്ങളും മറ്റുള്ളവരെകൂടി അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ടാകുമ്പോൾ രാജ്യം സംഘർഷഭരിതമാകുന്നു. മതനിരപേക്ഷത രാജ്യത്ത്‌ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭരണഘടനയിൽനിന്ന്‌ തന്നെയും മതേതരത്വമെന്ന ആശയം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചവരുണ്ട്‌. ജവഹർലാൽനെഹ്‌റു ഒരിക്കൽ പ്രഖ്യാപിക്കുകയുണ്ടായി: `ഏതു മതത്തിൽപെട്ടവരായാലും ശരി ഇവിടെ താമസിക്കുന്നവരുടെ വീടാണ്‌ ഇന്ത്യ. അവർക്ക്‌ തുല്യമായ അവകാശങ്ങളും ചുമതലകളുമാണുള്ളത്‌. രാജ്യം നാനാത്വത്തിൽ ഏകത്വമെന്ന ആശയം മുറുകെ പിടിക്കുന്നു. ഒരു പെതു സമൂഹരാഷ്ട്രത്തിൽ വ്യക്തികളുടെ വിശ്വാസവും വിത്യസ്ഥ നിർവഹണ രീതികളുമെല്ലാം  ബഹുമാനിക്കപ്പെടണം. എല്ലാവരുടേയും ക്ഷേമത്തിനായി നടപ്പിൽ വരുത്തുന്ന സംയുക്ത തത്ത്വസംഹിതയാണ്‌ മതനിരപേക്ഷത.`
മനുഷ്യാവകാശവും സാമൂഹ്യ നീതിയും പലപ്പോഴും ഭരണഘടയിലെ ഭംഗിവാക്കായി ഗണിക്കപ്പെടുന്നു. വെക്തി സ്വാതന്ത്ര്യത്തിൽ തുടർച്ചയായി കൈകടത്തലുകൾ നടക്കുന്നു. എങ്ങനെ ജീവിക്കണം എന്ത്‌ ഭക്ഷിക്കണം എങ്ങനെ വസ്ത്രം ധരിക്കണം എന്ന്‌ തീരിമാനിക്കാൻ പോലും രാജ്യത്ത്‌ പലയിടങ്ങളിലും പൗരന്‌ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടിരിക്കുന്നു. ദാദ്രി സംഭവം സമീപകാലത്ത്‌ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌. പശുവിനെ കൊന്ന്‌ ഇറച്ചി ഭക്ഷിച്ചെന്ന്‌ പറഞ്ഞ്‌ ഒരു നിപരാധിയെ കൊലചെയ്യപ്പെടുകയായിരുന്നു. മത ന്യൂനപക്ഷങ്ങളും സമൂഹത്തിന്റെ താഴെ തട്ടിലെന്ന്‌ മുദ്രകുത്തിയ അവർണ വിഭാഗങ്ങളും തുടർച്ചയായി ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആദിവാസികളേയും ദളിതരേയും മനുഷ്യരായിപോലും അംഗീകരിക്കാത്തവരുണ്ട്‌. രാജ്യത്ത്‌ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ദുരഭിമാന കൊലകളും തൊട്ടുകൂടായ്മയും ഇന്ത്യൻ ഗ്രമങ്ങളിൽ എമ്പാടുമുണ്ട്‌. വിദ്യാലയങ്ങളിലും തൊഴിൽ മേഖലയിലും ദളിതർക്ക്‌ നീതി നിഷേധിച്ചുകൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നു. സമൂഹത്തെ പ്രഷുബ്ധമാക്കിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യങ്ങൾ ഇതിലൂടെയാണ്‌ കടന്ന്‌ പോകുന്നത്‌. രോഹിത്‌വെമുല എന്ന ഗവേഷണവിദ്യാർഥിയെ ആത്മഹത്യയിലേക്ക്‌ നയിച്ച സംഭവത്തിന്റെ വേരുകളും ഉച്ചനീചത്വങ്ങൾ വെച്ചു പുലർത്തുന്ന സമൂഹത്തിന്റെ കറുത്ത മുഖത്തേക്ക്‌ തന്നെയാണ്‌ എത്തിപ്പെടുന്നത്‌. ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്‌. പ്രതിഷേധമുയർത്തുന്നവരെ ജാതി മേൽക്കോയ്മയും ഭരണ സ്വാധീനവും ഉപയോഗിച്ച്‌ അടിച്ചമർത്തപ്പെടുന്നു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്‌ ദാരിദ്ര്യവും പട്ടിണിയും. സ്വാതന്ത്ര്യം ലഭിച്ച്‌ ഏഴ്‌ പതിറ്റാണ്ടോളമായിട്ടും ദാരിദ്ര്യനിർമാർജ്ജനം ഇപ്പോഴും കടലാസിലിഴയുന്നു. ഗ്ളോബൽ ഹങ്കർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും സീരിയസ്‌ ലെവലിലാണ്‌. ലോകത്ത്‌ തന്നെ ഏറ്റവുംകൂടുതൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങളുള്ള രാജ്യം ഇന്ത്യയാണെന്ന്‌  ഐക്യരാഷ്ട്ര സഭയുടെ 2015ലെ ഹങ്കർറിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. പട്ടിണി കിടക്കുന്ന 194 മില്ല്യൺ ആളുകൾ ഇന്ത്യയിലുണ്ടെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. 2014 ലെ കണക്ക്‌ പ്രകാരം 32.7 ശതമാനം ജനങ്ങളും ഇന്ത്യയിൽ അന്താരാഷ്ട്ര ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌. 95 രൂപപോലും നിത്യ വരുമാനമില്ലാത്തവരാണ്‌ ഇവർ. പോഷകാഹാരക്കുറവുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും എണ്ണം ഇന്ത്യയിൽ വളരെകൂടുതലാണ്‌. യൂണിസെഫിന്റെ റിപ്പോർട്ട്‌ പ്രകാരം പോഷകാഹാരക്കുറവുള്ള മൂന്ന്‌ കുട്ടികളിൽ ഒരാൾ ഇന്ത്യക്കാരനാണ്‌. സാമ്പത്തിക രംഗത്തെ പുത്തൻ പരിഷ്കാരങ്ങൾ സമ്പന്ന വർഗ്ഗത്തിന്‌ വേണ്ടി മാത്രമാകുന്നു. വർഷാവർഷം സാമ്പത്തിക വളർച്ചയുടെ അളവുതൂക്കങ്ങൾ അക്കമിട്ട്‌ നിരത്തുമ്പോഴും പിന്നാക്കക്കാർ പിന്നാക്കക്കാരായി തന്നെ നിലനിൽക്കുന്നു. സാമ്രാജ്യത്വത്തിന്റെ പരിഷ്കൃത രൂപങ്ങളായ ആഗോളീകരണവും നവ ലിബറൽ ആശയങ്ങളും രാജ്യത്ത്‌ പ്രതിസന്ധികൾ തീർക്കുന്നു. വൻകിട കോർപ്പറേറ്റുകൾക്ക്‌ സർവ്വ സ്വാതന്ത്രരായി വിഹരിക്കാൻ പാകത്തിൽ രാജ്യത്തെ വാണിജ്യവിപണിയുടെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്‌. ഖനികളുൾപ്പെടുന്ന രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കോർപ്പറേറ്റുകൾക്ക്‌ തീരെഴുതിക്കൊണ്ടിരക്കുകയാണ്‌. വ്യാവസായിക വികസനങ്ങളുടെ പേരിൽ ദളിതരും ആദിവാസികളും സ്വന്തം മണ്ണിൽനിന്ന്‌ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. 

ആവിഷ്കാരസ്വാതന്ത്ര്യം രാജ്യത്തെ എല്ലാ പൗരാൻമാർക്കും ഭരണഘടന ഉറപ്പ്നൽകുന്നതാണ്‌. ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ നിരന്തരം കയ്യേറ്റങ്ങളുണ്ടാകുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പലർക്കും ജീവൻവരെ അർപ്പിക്കേണ്ടി വന്നിട്ടുണ്ട്‌. തങ്ങൾക്ക്‌ അപ്രിയമായവരേയും ഭീഷണിയായവരേയും ഇല്ലായ്മചെയ്യുക എന്നത്‌ ഒരു ഫാസിസ്റ്റ്‌ സമീപനമാണ്‌. ഗാന്ധിജിമുതൽ കൽബുർഗിവരെ ഇതിന്‌ സാക്ഷ്യം വഹിക്കേണ്ടി വന്നവരാണ്‌. ഈ അടുത്ത കാലത്ത്‌ ഫാസിസ്റ്റ്‌ നീക്കങ്ങൾക്കെതിരെ രാജ്യത്ത്‌ ജനകീയ ചെറുത്ത്നില്പ്പ്‌ നടക്കുന്നത്‌ ആശാവഹമാണ്‌. സാഹിത്യകാരൻമാരും സാംസ്കാരിക നായകൻമാരുമെല്ലാം ഇതിൽ പങ്കാളികളാകുന്നത്‌ ശുഭസൂചനയാണ്‌ നൽകുന്നത്‌. ഒട്ടേറെ സാഹിത്യപ്രതിഭകളും എഴുത്തുകാരും സാസ്കാരിക നായകരുമെല്ലാം ഇതിനകം തങ്ങൾക്ക്ലഭിച്ച അവാർഡുകളും പുരസ്കാരങ്ങളുമെല്ലാം തിരിച്ചുനൽകുകിക്കൊണ്ട്‌ വർദ്ധിച്ചുവരുന്ന അസഹിഷ്ണുക്കെതിരെ പ്രതിഷേധമറിയിക്കുകയുണ്ടായി. ജാതി മത സങ്കൽപ്പങ്ങൾക്കധീതമായി ഒറ്റമനസോടെ പടപൊരുതി നേടിയതാണ്‌ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം. ഈസ്വാതന്ത്ര്യവും സമാധാനവും അധികാരരാഷ്ട്രീയം ലാക്കാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വർഗ്ഗീയവാദികൾക്കും വിഘടനവാദികൾക്കും മുമ്പിൽ അടിയറ വെക്കണമോയെന്ന്‌ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും പുനർവിചിന്തനം നടത്താൻ തയ്യാറാവണം.
 

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...