Saturday, March 29, 2014

മുഖ്യധാരയിലേക്കുയരുന്ന സാമൂഹ്യമാധ്യമങ്ങൾ


രുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകൾ കൊണ്ട്‌ ശ്രദ്ധേയമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ അവാസാനത്തിൽ തന്നെ ലോകം വിവര സാങ്കേതികതയുടെ വിരൽതുമ്പിലേക്ക്‌ ഒതുങ്ങിക്കൂടിയെങ്കിലും, സാമൂഹ്യ മാധ്യമങ്ങളുടെ അരങ്ങേറ്റമാണ്‌ ഇന്റർ നെറ്റിലൂടെയുള്ള വിവര വിനിമയത്തെ ജനകീയമായത്‌. നിലവിലുള്ള വാർത്താ മാധ്യമ, വിവര വിനിമയ സംവിധാനത്തിന്‌ അടിമുടി മാറ്റങ്ങൾ വരുത്തിയാണ്‌ ന്യൂജനറേഷൻ മീഡിയകൾ മുന്നേറുന്നേറിക്കൊണ്ടിരിക്കുന്നത്‌. വാർത്താ വിനിമയങ്ങൾക്ക്‌ കർശനമായ ഉപാധികളും സുശക്തമായ ചട്ടക്കൂടുമുള്ള സാമ്പ്രദായിക മാധ്യമ സങ്കൽപ്പത്തെ തന്നെ മാറ്റി മറിക്കുന്നതാണ്‌ നവമാധ്യമ സങ്കേതങ്ങൾ. 

          പുതിയ കാലത്ത്‌ സോഷ്യൽ മീഡിയയും കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകളും മാറ്റിനിർത്താനാവാത്ത വിനിമയോപാധിയായി മാറിയിരിക്കുന്നു. ഫേസ്​‍ബുക്ക്‌ തന്നെയാണ്‌ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രഥമ സ്ഥാനത്തുള്ളത്‌. ലക്ഷക്കണക്കിനാളുകൾ ഓരൊ മിനിറ്റിലും ഫേസ്ബുക്കിലൂടെ വിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. മൈക്രൊ ബ്ളോഗിംഗ്‌ നെറ്റ്‌വർക്കായ ട്വിറ്ററും വീഡിയൊ ഷെയറിംഗ്‌ നെറ്റ്‌വർക്കായ യൂട്യൂബുമെല്ലാം ജനസമ്മതി നേടിയവയാണ്‌. വാട്ട്സ്ആപ്പ്‌ മെസഞ്ചർ ഉപയോഗിക്കുന്നവരുടെ അംഗസംഖ്യയിൽ ഈ അടുത്ത കാലത്ത്‌ അൽഭുതകരമായ വർദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. കോർപ്പറേറ്റ്‌ കമ്പനികളും ­ബിസിനസ്‌ നെറ്റ്‌വർക്കുകളുമെല്ലാം ഏറ്റവുമധികം ഉപയോഗിക്കുന്നത്‌ വാട്ട്സ്ആപ്പ്‌ മെസഞ്ചറാണ്‌. പരന്ന വായന വിഭാവനം ചെയ്യുന്ന ബ്ളോഗുകളും ഏറെക്കുറെ സജീവമാണ്‌. മുഖ്യ ധാരാ എഴുത്തുകാരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന നല്ലൊരു ഭാഗം ആളുകൾ ബ്ളോഗെഴുത്തിൽ സജീവമാണ്‌. വരും നാളുകളിൽ ഇവയെല്ലാം ഇതെപടി നില നിൽക്കുമെന്നൊന്നും പറയാനൊക്കില്ല. പേരിലും രൂപത്തിലും പുതുമയുണ്ടായെന്നും വരാം. എന്തായാലും ഒന്നല്ലെങ്കിൽ മറ്റൊന്ന്‌ ഈ മേഖലയിൽ നില നിൽക്കുമെന്നുറപ്പാണ്‌. 
       
        മാധ്യമങ്ങൾക്ക്‌ കാലാന്തരങ്ങളിൽ ഒട്ടേറെ രൂപഭേദങ്ങളും ഭാവവ്യത്യസങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഭരണകൂടത്തിന്റെ വിജ്ഞാപനങ്ങളും ആജ്ഞകളും പ്രജാ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള വിനിമയ രീതി; പിൽക്കാലത്ത്‌ ഏകാധിപത്യത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും വേണ്ടിയുള്ള ജനകീയ മാധ്യമ സംവിധാനത്തിലേക്ക്‌ ചുവട്‌ മാറി. അടിച്ചമർത്തപ്പെടുന്നവരുടേയും ചൂഷണങ്ങൾക്ക്‌ വിധേയരാവുന്നവരൂടേയും ശബ്ദമായിരുന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്‌. ലോകത്തിന്റെ തന്നെ ചരിത്രഗതി മാറ്റി മറിക്കുന്നതിൽ ഇത്തരം മാധ്യമങ്ങൾക്കുള്ള പങ്ക്‌ വളരെ വലുതായിരുന്നു. പുതിയ കാലത്തെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും, നവ പ്രഭുക്കൻമാർക്കും കോർപ്പറേറ്റുകൾക്കും മുമ്പിൽ അടിയറവ്‌ വെച്ചുകൊണ്ടിരിക്കുകയാണ്‌.  ജനവിരുദ്ധ ഭരണകൂടങ്ങൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി ഓശാന പാടുന്ന വിനിമയ വിപണന കമ്പോളമായി മീഡിയകൾ തരം താണുകൊണ്ടിരിക്കുന്ന ഖേദകരമായ കാഴ്ചയാണ്‌ ഇപ്പോൾ കണ്ട്‌ കൊണ്ടിരിക്കുന്നത്‌. തങ്ങൾക്ക്‌ അപ്രിയമായവരെ ഇല്ലായ്മ ചെയ്യാനും സമൂഹ മദ്ധ്യത്തിൽ വിലയിടിച്ച്‌ കാണിക്കാനുമാണ്‌ പല മുഖ്യധാരാ മാധ്യമങ്ങളും സമയം ചെലവഴിക്കുന്നത്‌. മുൻവിധിയോടെയുള്ള വാർത്തകൾക്ക്‌ കോപ്പ്കൂട്ടുന്ന കൂലിവേലയായി മാധ്യമ പ്രവർത്തനത്തെ മാറ്റി എഴുതപ്പെട്ട്‌ കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ സോഷ്യൽ മീഡിയ അടക്കമുള്ള ബധൽ മാധ്യമങ്ങൾ പ്രസക്തമാകുന്നത്‌.

         സോഷ്യൽ മീഡിയകളിൽ വാർത്തകൾക്ക്‌ നിയന്ത്രണങ്ങളേതുമില്ല. മാധ്യമ മുതലാളിമാരുടെ ഇടപെടലുകളുമില്ല. ഈ ശ്രേണിയിലെ ഒരോ അംഗങ്ങളും മാധ്യമ പ്രവർത്തകരാണ്‌. അവരവരുടെ ചുറ്റുപാടുകളിലുള്ള വാർത്തകളും ചിത്രങ്ങളും ഇവിടെ പങ്കുവെക്കുന്നു. സ്വന്തമായ ചിന്തകളും ആശയങ്ങളും ആവിഷ്കരിക്കപ്പെടുന്നു. അഭിപ്രായങ്ങൾ തുറന്നുപറയുന്നു. ന്യൂസ്‌ ഡസ്കുകളിൽ തങ്ങളുടെ താൽപ്പര്യപ്രകാരം തിരുത്തലുകൾ വരുത്തിയും നിറം പിടിപ്പിച്ചും വാർത്തകൾക്ക്‌ തിരക്കഥ എഴുതുമ്പോഴേക്കും 'പച്ചയായ വാർത്തകൾ' സോഷ്യൽ മീഡിയകളിലൂടെ പൂറത്ത്‌ വന്ന്‌ കൊണ്ടിരിക്കുന്നു. നില നിൽപ്പിന്‌ വേണ്ടി മുഖ്യധാരാ മാധ്യമങ്ങൾ പോലും സോഷ്യൽ മീഡിയകളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. വാർത്തകളുടെ ഉറവിടം തേടി സോഷ്യൽ നെറ്റ്‌വർക്കുകളിൽ അലഞ്ഞുകൊണ്ടിരിക്കുന്നു. വാർത്തകൾ തമസ്ക്കരിക്കാനും കെട്ടുകഥൾ കൊട്ടിഘോഷിക്കാനും എക്കാലവും  സാധ്യമല്ല എന്നതിന്റെ ശുഭ സൂചനകളാണിതെല്ലാം. ഇതിൽ നിന്ന്‌ വസ്തുഥ മനസിലാക്കി സാമ്പ്രദായിക മാധ്യമങ്ങൾ പുനർ വചിന്തനത്തിന്‌ തയ്യാറായാൽ അത്‌ വലിയ കാര്യമായിരിക്കും.

   വ്യവസ്ഥാപിത താൽപ്പര്യങ്ങളോടും നയങ്ങളോടുമുള്ള വിയോജിപ്പും അസംതൃപ്തിയും സംഘടിതമായി വിനിയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമങ്ങൾക്ക്‌ സാധിക്കുന്നു എന്ന്‌ സമകാലിക സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുത്തു. യുവജനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്നു എന്നതാണ്‌ സോഷ്യൽ മീഡിയയുടെ പ്രത്യേകത. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ പുതിയ രാഷ്ട്രീയ സാഹജര്യങ്ങളിലേക്ക്‌ വഴിയൊരുക്കിയതിൽ മുഖ്യമായ പങ്കാണ്‌ സാമൂഹ്യ മാധ്യമങ്ങൾ വഹിച്ചത്‌. 2011ൽ ഈജിപ്തിന്റെ ഭരണമാറ്റത്തിലേക്കും തുടർന്ന്‌ ഇന്നോളമുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കും ആ രാജ്യത്തെ എത്തിച്ചത്‌ അസ്മ മഹ്ഫൂസ്‌ എന്ന ഈജിപ്തുകാരി പെൺകുട്ടിയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള ഇടപെടലുകളാണ്‌. ലിബിയ തുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കാര്യങ്ങളും മറിച്ചല്ല. ഇതുപോലെ സോഷ്യൽ മീഡിയയിലൂടെ പ്രചോദിതരായി വിപ്ളവങ്ങൾക്ക്‌ നാന്ദി കുറിച്ച മറ്റനേകം സംഭവങ്ങളും ലോകത്തിന്‌ മുമ്പിലുണ്ട്‌. ഇത്തരം വിപ്ളവങ്ങളുടെ ശരി തെറ്റുകളെ കുറിച്ച്‌ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഡൽഹിയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക്‌ വേണ്ടി തലസ്ഥാന നഗരിയിലും രാജ്യമൊട്ടാകെയും ഇരമ്പിയടിച്ച പ്രതിഷേധ കൊടുങ്കാറ്റിന്‌ തുടക്കം കുറിച്ചത്‌ ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിന്നാണ്‌.

         രാഷ്ട്രീയ പാർട്ടികളും വലുതും ചെറുതുമായ കോർപ്പറേറ്റ്‌ കമ്പനികളുമെല്ലാം ഇന്ന്‌ സോഷ്യൽ മീഡിയകളിൽ സജീവമാണ്‌. ഇന്ത്യയിലെ ഏതാണ്ട്‌ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇന്ന്‌ സോഷ്യൽ മിഡിയ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക സെല്ലുകൾ തന്നെയുണ്ട്‌. നേതാക്കൾക്കും പ്രവർത്തകർക്കും പരിശീശീലന പരിപാടികളും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസന്നമായ ലോക സഭാ തെരഞ്ഞെടുപ്പ്‌ മുൻനിർത്തിയുള്ള ചർച്ചകളും പ്രചാരണവും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സജീവമായി നടക്കുന്നു. തെരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടേയും അതിന്‌ വിനിയോഗിക്കുന്ന പണത്തിന്റെയും വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന്‌ ഇലക്ഷൻ കമീഷൻ നിഷ്ക്കർശിച്ചിരുന്നല്ലൊ. വലിയ കോർപ്പറേറ്റുകൾ മുതൽ കുടിൽ വ്യവസായികൾ വരെ ഇപ്പോൾ വിപണി തേടുന്നത്‌ സോഷ്യൽ മീഡിയകളിലൂടെയാണ്‌. ഇത്‌ സമൂഹ മധ്യേ സുശക്തമായി വേരോടിയതിന്റെ സൂചനകളാണിതല്ലൊം.

          സോഷ്യൽ മീഡിയ ആക്ടീവിസം വിനിമയ വിപ്ളവത്തിന്റെ ഒട്ടേറെ വാദായനങ്ങൾ തുറക്കുന്നുവെങ്കിലും, സാമൂഹ്യ തിന്മകളുടെ കൂമ്പാരങ്ങൾ ഇതിലൂടെ സമൂഹത്തിന്റെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു. പരസ്പരം വിദ്യേഷം വളർത്തുന്നതിനും സ്പർദ്ദയുണ്ടാക്കുന്നതിനും സോഷ്യൽ മീഡിയയുടെ അപക്വമായ ഉപയോഗം ഇട വരുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടേണ്ടത്‌ തന്നെ. അതെ സമയം തെറ്റിദ്ധാരണ പരത്താനും ഊഹാപോഹങ്ങൾക്ക്‌ പൊടിപ്പും തൊങ്ങലും നൽകി പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്‌ അപകടങ്ങൾ വിളിച്ചുവരുത്തും. വെക്തി ഹത്യയും അപവാദ പ്രചരണവും ഒരു നിലക്കും പൊറുപ്പിക്കാനാവത്തതാണ്‌. ദുഷ്ട ലാക്കോടെയുള്ള ഇത്തരം പ്രവണതകൾക്ക്‌ ഒരു മാധ്യമവും ഉപയോഗിച്ചുകൂട. നൽകുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയും വിശ്വസനീയവുമാണെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത ഓരോരുത്തർക്കുമുണ്ട്‌. ന്യായവും നീതിയും സമർത്ഥിക്കേണ്ടിവരുമ്പോൾ ക്ഷമയും ബഹുമാനവും കാത്തു സൂക്ഷിക്കാൻ കഴിയേണ്ടതുണ്ട്‌. അപക്വമായ സമീപനം കൊണ്ട്‌ കുടുംബ ബന്ധങ്ങൾ പോലും കൈവിട്ട്‌ പോകുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. ഇതൊട്ടും ആശാവഹമല്ല. നിലവിൽ അച്ചടി മാധ്യമങ്ങൾക്കും മറ്റു സാമ്പ്രദായിക മാധ്യമങ്ങൾക്കും ബാധകമായതിലുപരി കർശനമായ നിയമങ്ങളാണ്‌ സൈബർ നിയമം അനുശാസിക്കുന്നത്‌. ഇതെ കുറിച്ചുള്ള അജ്ഞത വലിയൊരളവിൽ സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കാൻ ഇടവരുത്തുന്നു.  

          ഇന്ന്‌ വിദ്യാർത്ഥികളടക്കം നല്ലൊരു ശതമാനം ആളുകൾ സമയത്തിന്റെ നല്ലൊരു ഭാഗവും സോഷ്യൽ നെറ്റ്‌ വർക്കുകളിലും മറ്റു സൗഹാർദ്ദ കൂട്ടായ്മകളിലും ചിലവിട്ടുകൊണ്ടിരിക്കുന്നു. പുതിയതലമുറക്ക്‌ കരുത്ത്‌ പകരേണ്ട കൗമാരക്കാരെ സോഷ്യൽ നെറ്റുവർക്കുകളിൽ മാത്രം തളച്ചിടുന്നത്‌ ഗുണകരമായിരിക്കില്ല. വിദ്യാഭ്യാസത്തിനും ബുദ്ധിപരമായ വികാസത്തിനും വിനിയോഗിക്കേണ്ട തങ്ങളുടെ വിലപ്പെട്ട സമയം ഇത്തരത്തിൽ തുലച്ച്‌ കളയുന്നത്‌ ഗുണകരമാണോ എന്ന്‌ പുനപരിശോധന നടത്തേണ്ടതുണ്ട്‌. മീഡിയകളെ നിയന്ത്രിക്കുന്നതിന്‌ പരിമിതികളുണ്ട്‌. പുതിയ മീഡിയകളെ അവഗണിച്ചുള്ള മുന്നേറ്റം സാധ്യവുമല്ല. മീഡിയകളെ സത്യസന്ധമായും തികഞ്ഞ പക്വതയോടെയും ഉപയോഗിക്കുക എന്നതാണ്‌ പരിഹാരം.


മുഹമ്മദ്കുഞ്ഞി വണ്ടൂർ
muhammed kunhi wandoor
muhammed kunhi wandoor


Tuesday, February 25, 2014

വാട്ട്സ്‌ ആപ്പ്‌ (WhatsApp)

     ഞ്ച്‌ ബ്രേക്കിന്‌ ഓഫീസ്‌ പൂട്ടി പുറത്തിറങ്ങാനിരിക്കുകയായിരുന്നു ഹംസ. അപ്പോഴാണ്‌ എക്സിക്യൂട്ടീവ്‌ ലോഞ്ചിലെ ടെലിഫോണിൽ നിന്നും കോൾ വരുന്നത്‌. അയാൾ ആകാംശയോടെ ഫോൺ അറ്റന്റ്‌ ചെയ്തു.

 ‘ഹംസ.. മിസ്റ്റർ ഇമാദ്‌ ഈസ്‌ ലുക്കിംഗ്‌ ഫോർ യൂ.. ഓകെ..’

വിളിക്കുന്നത്‌ ബോസിന്റെ സെക്രട്ടറിയാണ്‌, ആൽബർട്ട്.

‘ഓ.. കെ.. ഐ ആം കമിംഗ്‌..’

അയാൾ ദൃതിയിൽ ഫോൺ വെച്ച്‌ കസേരയിൽ നിന്നും ചാടിയെണീറ്റു. ഇപ്പോഴത്തെ ആകാംശക്ക്‌ പ്രത്യേക കാരണമുണ്ട്‌. സാലറി ഇംഗ്രിമെന്റിന്‌ റിക്വസ്റ്റ്‌ നൽകി ബോസിന്റെ അപ്പോയിൻമെന്റിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ.

‘പെന്റിംഗിലുള്ള ഇംഗ്രിമെന്റ്‌ റിക്വസ്റ്റിന്‌ ഇന്നൊരു തീരുമാനമാകും..’
അയാൾ സ്വപ്നം കണ്ടു.

കഴുത്തിൽ കെട്ടിയ ടൈ വലിച്ച്‌ മുറുക്കി ബാത്ത്‌ റൂമിലെ കണ്ണാടിയിൽ നോക്കി അയാൾ സ്വയം വിലയിരുത്തി.

‘എക്സലന്റ്‌’

പിന്നെ ആത്മ വിശ്വാസത്തോടെ എക്സിക്യൂട്ടീവ്‌ ലോഞ്ചിലേക്ക്‌ നടന്നു. ബോസിന്റെ മുറിയുടെ വാതിലിൽ മുട്ടി പതുക്കെ തള്ളി തുറന്നു.

‘മേ ഐ കമിംഗ്‌ സർ..’

അപ്പോൾ മറ്റാരോടോ ഫോണിൽ സംസാരിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു അദ്ധേഹം. തല കുലുക്കി അകത്ത്‌ വരാൻ അനുവാദം നൽകി. അയാൾ അകത്ത്‌ കടന്നു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ ബോസിന്റെ മേശയിൽ നിന്നും അൽപ്പം അകലയായി നിൽപ്പുറപ്പിച്ചു. ഫോൺ കോൾ അവസാനിച്ചപ്പോൾ മേശയിലുള്ള മറ്റൊരു ഫോണെടുത്ത്‌ ബോസ്‌ എന്തൊ പരതിക്കൊണ്ടിരുന്നു.

‘ഹംസ.. കം ഹിയർ...’

മൊബൈൽ ഫോൺ ഉയർത്തി പിടിച്ച്‌ അദ്ധേഹം പറഞ്ഞു.

‘ലുക്‌.. വാട്ടീസ്‌ ദീസ്...’

അയാൾ മേശയുടെ അടുത്തേക്ക്‌ നീങ്ങിനിന്ന്‌ മൊബൈൽ ഫോണിലേക്ക്‌ നോക്കി. മൊബൈലിലെ ഒരു ഫോട്ടൊ തുറന്ന്‌ ബോസ്‌ അയാളെ കാണിച്ചു.

‘അയ്യ്വെ..  ഇതെന്ത്‌....?

ആരൊ കുനിഞ്ഞ്‌ നിന്ന് ?പിന്നാമ്പുറം കാണിക്കുന്ന ഫോട്ടൊ.
ച്ഛെ ഇയാൾക്കെന്താ വട്ടു പിടിച്ചൊ ..?'

അയാൾ ജാള്യതയോടെ ബോസിനെ നോക്കി.

‘ഹംസ.. വാട്ടീസ്‌ ദീസ്‌..?

ഞെട്ടലിൽ നിന്ന്‌ മുക്തമാകുന്നതിന്‌ മുമ്പ്‌ മറ്റൊരു ഫോട്ടോ ഫ്ളിപ്പ്‌ ചെയ്ത്‌ കാണിച്ച്‌ അദ്ധേഹം വീണ്ടും ചോദ്യമെറിഞ്ഞു.

‘ഐ.. ഡോണ്ട്‌ നൗ സർ...’

മുഖത്തെ മ്ളാനത മറച്ച്‌ ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

 ‘യൂ.. ഡോണ്ട്‌ നൗ...?

മൂന്നാമതൊരു ഫോട്ടോ കുടി കാണിച്ച്‌ പരിഹാസം കലർന്ന ഒരു ചിരിയോടെ ബോസ്‌ അയാളുടെ മുഖത്തേക്ക്‌ നോക്കി. അയാൾ ഒന്നു കൂടി താഴ്ന്നുനിന്ന്‌ ഫോട്ടോയിലേക്ക്‌ സൂക്ഷിച്ചു നോക്കി.
ഈ ഫോട്ടോക്ക്‌ കുറച്ചുകൂടി വ്യക്തതയുണ്ട്‌. കുനിഞ്ഞ്‌ നിൽക്കുന്ന രണ്ട്‌ കാലുകൾക്കിടയിലൂടെ പരിചിതമായ ഒരു മുഖം അയാൾ കണ്ടു.

‘ച്ഛെ.. ഇത്‌ അവന്റെ ഫോട്ടൊയല്ലെ..?  ഇതിപ്പൊ ഇവിടെ എങ്ങനെ?

കുനിഞ്ഞ്‌ നിന്ന്​‍്‌ ഷോ കാണിക്കുന്നത്‌ തന്റെ ചെറിയ പയ്യൻ രണ്ടുവയസ്‌ കാരൻ ഹിബാനാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു. ജാള്യതയോടെയും തെല്ലദിശയത്തോടെയും അയാൾ ബോസിനെ നോക്കി.

‘യെസ്‌.. വാട്ട്സ്‌ ആപ്പ്‌..’

ബോസ്‌ ഫോട്ടൊ മിനിമയ്സ്‌ ചെയ്ത്‌ കാണിച്ചു. ഹംസ എന്തൊ പറയാൻ തപ്പി തപ്പി തുടങ്ങുമ്പോഴേക്കും ബോസിന്റെ അടുത്ത കമന്റ്‌ വന്നു:

‘യു കാൻ ഗോ...’

പോകാൻ പറഞ്ഞ്‌ തീരും മുമ്പേ അയാൾ എബൗട്ടേൺ അടിച്ച്‌ പുറത്തേക്കിറങ്ങി. തന്റെ ഫോണിൽ നിന്നും വാട്ട്സ്‌ ആപ്പ്‌ മെസഞ്ചർ വഴി ഫോർവേർഡ്‌ ചെയ്ത ഫോട്ടോയാണ്‌ ബോസിന്റെ മൊബൈൽ ഫോണിലുള്ളതെന്ന്‌ അയാൾക്ക്‌ ബോധ്യമായി.

‘ഇത്‌ അവൻ പറ്റിച്ച പണിതന്നെ.. മൂത്തവൻ ഹിഷാം.. അവൻ എപ്പോഴാണിതെല്ലാം ഒപ്പിച്ചെടുത്തത്‌..
എൽ.കെ.ജി ക്ളാസിൽ പോകാൻ തുടങ്ങിയിട്ടേയുള്ളൂ അപ്പോഴേക്കും തുടങ്ങി മൊബൈലിലെ അവന്റെ  ലീലാവിലാസങ്ങൾ.. അല്ലെങ്കിലും മൊബൈലിൽ കളി അവനിത്തിരി കൂടുതലാ... അവനെന്താ മുടക്കൊന്നുമില്ലല്ലൊ.. ഫോട്ടോക്ക്‌ പോസ്‌ ചെയ്തു കൊടുക്കാൻ മറ്റവനുമുണ്ടല്ലൊ.. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ടെന്ത്‌ കാര്യം... ചോറ്‌ തിന്നാനും ചായ കുടിക്കാനുമെല്ലാം ഉപ്പച്ചീന്റെ മൊബൈൽ ഓഫർ ചെയ്യുന്ന മറ്റൊരുത്തി കൂടിയുണ്ടല്ലോ, അവരുടെ തള്ള..
അയ്യ്വേ അയാളുടെ മുമ്പിൽ ആകെ നാണം കെട്ടുപോയി..
മനുഷ്യനെ മെനക്കെടുത്താൻ ആളുകള്‌ ഓരോന്ന്‌ കണ്ടു പിടിക്കുന്നു. വാട്ട്സ്‌ ആപ്പ്‌ ഫേസ്‌ ബുക്ക്‌ തേങ്ങാ കുല.. എന്റെ പടച്ചോനെ ഇനിയെന്തൊക്കെയാണാവോ കാണേണ്ടി വരിക..
ച്ഛേ എല്ലാം നശിച്ചു ഈ മാസമെങ്കിലും ഇംഗ്രിമെന്റ്‌ തരപ്പെടുമെന്ന്‌ കരുതിയതായിരുന്നു അതാണ്‌ ഒടുക്കത്തെ ഒരു ‘ഷോ’യിൽ കുരുങ്ങി അനിശ്ചിതത്തിലായിരിക്കുന്നത്‌..
അവന്റെ മൊബൈൽ കൊണ്ടുള്ള അഭ്യാസങ്ങൾ ഇന്ന്‌ തന്നെ ഞാൻ അവസാനിപ്പിക്കും...'

കലിപ്പ്‌ അടക്കാനാവാതെ അയാൾ സ്വയം പിറുപിറുത്തു. കഴുത്തിൽ മുറുകി കിടന്ന ടൈ ഊരി ടേബിളിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ഓഫീസ്‌ മുറി പൂട്ടി അയാൾ പുറത്തിറങ്ങി...മുഹമ്മദ്കുഞ്ഞി വണ്ടൂർ
muhammed kunhi wandoor
muhammed kunhi wandoor


Saturday, January 25, 2014

ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ

          
Muhammed Kunhi Wandoor, India, Republic Day, Indian Republic, Independence day, kerala
          വൈദേശികാധിപത്യത്ത്യൽ നിന്നും മോചനം നേടിയിട്ട്‌ അറുപത്തഞ്ചാണ്ട്‌ പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന്‌ വേണ്ടി കയ്‌ മെയ്‌ മറന്ന്‌ പേരാടിയ ഒരു ജനതയുടെ അർഹമായ ആഘോഷത്തിന്റെ സുദിനം കൂടിയാണ്‌ റിപ്പബ്ളിക്‌ ദിനം. ഇതിൽ വിദേശികളുടെ തോക്കിനുമുമ്പിൽ വിരിമാറ്‌ കാണിച്ച ദേശസ്നേഹികളുടെ വിജയ മന്ത്രങ്ങളുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ വേണ്ടി നിലകൊണ്ടതിന്റെ പേരിൽ തൂക്കുമരമേറ്റുവാങ്ങേണ്ടി വന്ന ധീരദേശാഭിമാനികളുടെ നിശ്ചയ ദാർഡ്യത്തിന്റെ ചുവന്ന അടയാളങ്ങളുണ്ട്‌. ഇന്ത്യക്കാരനായി ജീവിച്ചതിന്റെ പേരിൽ കൂട്ടത്തോടെ കൊന്നൊടുക്കിയ നിരപരാധികളുടെ രക്തത്തിന്റെ ഗന്ധമുണ്ട്‌. വൈവിധ്യങ്ങൾക്കിടയിലും സ്വന്തം രാജ്യത്തിന്‌ വേണ്ടി ഒത്തൊരുമയോടെ പോരാടിയതിന്റെ മധുരമാണ്‌ ആറര പതിറ്റാണ്ടുകൾക്കിപ്പുറവും നാം നുകർന്ന്‌ കൊണ്ടിരിക്കുന്നത്‌.
      
          സ്വാതന്ത്രാനന്തരം ഇന്ത്യ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നൂതനമായ കാൽവെപ്പുകൾ നടത്തി. വിദ്യാഭ്യാസ മേഖലയിൽ ഒരുപാട്‌ മുന്നോട്ട്‌ പോയി. രാജ്യത്ത്‌ ഒട്ടേറെ ഉന്നത കലാലയങ്ങൾ ഉയർന്നു വന്നു. പുതിയ സങ്കേതങ്ങളും ഉപാധികളും സ്വീകരിക്കുക വഴി ലോകത്തിന്റെ വികസനക്കുതിപ്പിന്‌ ഏതാണ്ട്‌ ഒപ്പം തന്നെ സഞ്ചരിക്കാൻ ഇന്ത്യക്ക്‌ കഴിഞ്ഞു. വാർത്താ വിനിമയ രംഗത്തും വിപ്ളവകരമായ നേട്ടങ്ങളുണ്ടായി. സാമൂഹ്യ സാംസ്കാരിക മേഖലകളിലും കാര്യമായ പരിഷ്കാരങ്ങളുണ്ടായി. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഉയർത്തെഴുനേൽക്കപ്പെട്ടു. ലോക രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചലനങ്ങളുണ്ടാക്കുകയും ചെയ്തു. 

          നമ്മുടെ രാജ്യത്തിന്‌ നിറപ്പകിട്ടില്ലാത്ത ഇരുളടഞ്ഞ മറ്റൊരു മുഖം കൂടിയുണ്ട്​‍്‌. ജനാധിപത്യം ഇവിടെ രോഗ ശയ്യയിലാണ്‌. അഴിമതിയും സ്വജനപക്ഷപാദവും അരങ്ങ്‌ തകർക്കുന്നു. പട്ടിണിയും ദാരിദ്ര്യവും വലിയ ഭീഷണിയായി നിലനിൽക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കുന്നു. അവശ്യ സാധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം ജന ജീവിതം ദുസഹമാക്കുന്നു. ദളിതർക്കും പിന്നോക്കക്കാർക്കും ഏതാണ്ട്‌ സ്വാതന്ത്ര ലബ്ധിക്ക്‌ മുമ്പുള്ള അതെ അവസ്ഥ തന്നെ ഇപ്പോഴും നിലനിൽക്കുന്നു. ജാതീയവും വർഗീയവുമായ വിഭാഗീയ ചിന്തകൾ രൂക്ഷമായി തന്നെ നില നിൽക്കുന്നു. ദളിദരും മത ന്യൂന പക്ഷങ്ങളും തുടർച്ചയായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. സവർണാധിപത്യം ഏതാണ്ട്‌ എല്ലാ മേഖലയും കയ്യടക്കി വെച്ചിരിക്കുന്നു. 

          ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമായി വിനിയോഗപ്പെടുന്നത് വിരോധഭാസമാണ്.തെരഞ്ഞെടുപ്പും വോട്ട്ബാങ്കും കേന്ദ്രീകരിച്ചുള്ള കേവലം രാഷ്ട്രീയ ജനാധിപത്യമാണ്‌ ഇവിടെ നിരന്തരം ചർച്ച ചെയ്യപ്പെടുന്നത്‌. അഞ്ചാണ്ടിലൊരിക്കൽ പോളിംഗ്‌ ബൂത്തിൽ പോയി വോട്ട്‌ ചെയ്യുക എന്നത്‌ മാത്രമാണ്‌ ജനാധിപത്യമെന്ന വിശ്വാസം സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നു. ജനാധിപത്യത്തിന്‌ ഇതിലുപരി സുപ്രധാനമായ ഒട്ടേറെ മാനങ്ങളുണ്ടെന്നത്‌ ഇവിടെ മനപൂർവ്വം വിസ്മരിക്കപ്പെടുന്നു. ഒരു ജനാധിപത്യ രാജ്യത്ത്‌ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും ആധിപത്യമുണ്ടാകേണ്ടത്‌ ആ രാജ്യത്തെ ജനങ്ങൾക്കാണെന്നത്‌ നാം മറന്നു പോകുന്നു.  

          അഴിമതിയും കള്ളപ്പണവും രാജ്യത്തിന്റെ തീരാശാപമായി തുടർന്നു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ പൊതു ഖജനാവിന്‌ ഭീമമായ നഷ്ടങ്ങൾ വരുത്തിയ ഒട്ടേറെ അഴിമതികളുടെ നീണ്ട നിരതന്നെ നമുക്ക്‌ മുമ്പിലുണ്ട്‌. ഹവാല, കാലിത്തീറ്റ, ബോഫോഴ്സ്‌,  ടെലികോം, ആദർശ്‌ ഫ്ളാറ്റ്‌, ശവപ്പെട്ടി, കോമൺവെൽത്ത്‌, 2ജി സ്പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയവ ഇതിൽ ചിലത്‌ മാത്രം. കണ്ണു തള്ളിപ്പോകുന്ന തരത്തിൽ വൻതുകയുടെ നഷ്ടങ്ങളുടെ കണക്കാൺ​‍്‌ ഓരോ അഴിമതി കഥകളും നമുക്ക്‌ പറഞ്ഞുതരുന്നത്‌. രാജ്യത്തെ പകുതിയിലേറെ വരുന്ന പട്ടിണി പാവങ്ങൾക്ക്‌ പശിയടക്കാനുള്ള വകയിലേക്കല്ല ഈ ഭീമയായ തുക ചെലവഴിച്ചത്‌, മറിച്ച്‌ കോർപ്പറേറ്റുകളുടേയും വൻകിട കുത്തകകളുടേയും പണച്ചാക്കുകളിലേക്കാണ്‌ ഈ തുകയത്രയും ഒഴികിയത്‌. കള്ളപ്പണത്തിന്റെ കാര്യത്ത്യലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണുള്ളത്‌.    

          ദാരിദ്ര്യ നിർമാർജ്ജനമെന്നത്‌ ഇപ്പോഴും കടലാസിലൊതുങ്ങുന്നു. രാജ്യം സ്വതന്ത്രമായിട്ട്‌ അറുപത്തഞ്ചാണ്ട്‌ പിന്നിട്ടിട്ടും ലോകത്താകമാനമുള്ള ദരിദ്രരിൽ മൂന്നിലൊന്ന്‌ മനുഷ്യരും ജീവിക്കുന്നത്‌ ഇന്ത്യയിലാണ്‌. രാജ്യത്തെ എഴുപത്തഞ്ച്‌ ശതമാനം ജനങ്ങളും കഷ്ടിച്ച്‌ ജീവിതം മുന്നോട്ട്‌ കൊണ്ട്പോകാൻ മാത്രം കുറഞ്ഞ വരുമാനമുള്ളവർ. തൊഴിലില്ലായ്മ രൂക്ഷമായി തന്നെ നിലിനിൽക്കുന്നു. രാജ്യത്തെ നല്ലെരു ശതമാനവും സ്വന്തമായി കിടപ്പാടമില്ലാത്തവരാണ്‌. കടത്തിണ്ണയിലും ഫുട്പാത്തുകളിലും അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ആളുകളാണ്‌ ഇന്ത്യയിലുള്ളത്‌.  

          ഇന്ത്യയിൽ കോടിക്കണക്കിന്‌ കുട്ടികൾ ഭിക്ഷാടനം നടത്തിയും ജോലിചെയ്തും ജീവിക്കുന്നവരാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന അനേകലക്ഷം കുട്ടികൾ. വികസനങ്ങളുടെ കേളികൊട്ട്‌ നടത്തുന്നതിനിടയിൽ വിദ്യലയങ്ങളുടെ ചവിട്ടുപടി പോലും കാണാത്ത ലക്ഷക്കണക്കിന്‌ കുട്ടികളെ നാം വിസ്മരിച്ച്‌ പോകുന്നു. ശിശുമരണ നിരക്കിലും പോഷകാഹാരക്കുറവിന്റെ കാര്യത്തിലും നമ്മുടെ രാജ്യം മുൻപന്തിയിൽ തന്നെ.

          ദളിതരും ആദിവാസികളും നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. മത ന്യൂന പക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. നിരപരാധികളായ ഒട്ടേറെ ആളുകൾ വിചാരണപോലുമില്ലാതെ ജയിലിൽ കിടക്കുന്നു. ചെയ്ത കുറ്റമെന്തെന്ന്‌ പോലും അറിയാൻ അവർക്കവകാശമില്ല. മനുഷ്യാവകാശം നിരന്തരമായി ലംഘിക്കപ്പെടുന്നു. വർഗീയ ലഹളകളും വംശീയ കലാപങ്ങളും രാജ്യത്തിന്റെ സ്വാസ്ത്യം കെടുത്തിക്കൊണ്ടിരിക്കുന്നു. 

          പൊതു ദേശീയത യിൽ നിന്ന്‌ മത ദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാൻ കാലങ്ങളായി രാജ്യത്ത്‌ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മത ദേശീയത തികഞ്ഞ സ്വാർത്ഥതയാണ്‌. ഇവിടെ മനുഷ്യർക്കിടയിൽ അതിർ വരമ്പുകൾ തീർക്കപ്പെടുന്നു. മറ്റു മതസ്ഥരെ അപരനും ശത്രുക്കളുമായി കാണുന്നു. ഇതിന്‌ വേണ്ടി സർവമാന സംവിധാനങ്ങളേയും അധീനപ്പെടുത്തുന്നു. ഇത്‌ ഒരു ജനാധിപത്യ രാജ്യത്തിന്‌ ഒട്ടും ഭൂഷണമല്ല. ഒരു മത നിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം  പ്രതിസന്ധികൾക്കെ ഇട നൽകൂ.

          സാമ്രാജ്യത്വത്തിന്റെ പുതിയ മുഖങ്ങളായ ആഗോളീകരണവും നവ ലിബറൽ ആശയങ്ങളും പ്രതിസന്ധികൾ തീർക്കുന്നു. രാജ്യത്തെ വാണിജ്യ വിപണിയുടെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. വൻകിട കോർപ്പറേറ്റുകൾ സർവ്വ സ്വാതന്ത്രരായി വഹരിക്കുന്നു. ഖനികളുൾപ്പെടുന്ന രാജ്യത്തെ പ്രകൃതി വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക്‌ തീരെഴുതിക്കൊണ്ടിരിക്കുന്നു. വ്യാവസായിക വികസനങ്ങളുടെ പേരിൽ ദളിതരും ആദിവാസികളും സ്വന്തം മണ്ണിൽനിന്ന്‌ പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നു. 

          ഇനിയും നമുക്ക്‌ കാത്തിരിക്കാം; നല്ലൊരു നാളേക്ക്‌ വേണ്ടി, ജന പങ്കാളിത്തമുള്ള ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിന്‌ വേണ്ടി, അഴിമതിയും സ്വജന പക്ഷപാദവുമില്ലാത്ത ഒരു ഭരണ ക്രമത്തിനുവേണ്ടി, നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സനാതനമൂല്യം പുലർന്ന്‌ കാണുന്നതിനതിന്‌ വേണ്ടി, ജാതീയവും വംശീയവും മതപരവുമായ അടിച്ചമർത്തലുകളില്ലാത്ത സാമൂഹ്യ സൃഷടിപ്പിന്‌ വേണ്ടി. ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ഒരു സുപ്രഭാതം നമുക്കും സ്വപ്നം കാണാം. അതിനായി കക്ഷി രാഷ്ട്രീയ ജാതി മത വർഗ ചിന്തകൾക്കധീതമായി ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാൻ ഈ റിപ്പബ്ളിക്‌ ദിനം നിമിത്തമാകട്ടെ!

മുഹമ്മദ്കുഞ്ഞി വണ്ടൂർ


(ഇന്ത്യയുടെ അറുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.)

muhammed kunhi wandoor
muhammed kunhi wandoor


സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...