വൈദേശികാധിപത്യത്ത്യൽ നിന്നും മോചനം നേടിയിട്ട് അറുപത്തഞ്ചാണ്ട് പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി കയ് മെയ് മറന്ന് പേരാടിയ ഒരു ജനതയുടെ അർഹമായ ആഘോഷത്തിന്റെ സുദിനം കൂടിയാണ് റിപ്പബ്ളിക് ദിനം. ഇതിൽ വിദേശികളുടെ തോക്കിനുമുമ്പിൽ വിരിമാറ് കാണിച്ച ദേശസ്നേഹികളുടെ വിജയ മന്ത്രങ്ങളുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ തൂക്കുമരമേറ്റുവാങ്ങേണ്ടി വന്ന ധീരദേശാഭിമാനികളുടെ നിശ്ചയ ദാർഡ്യത്തിന്റെ ചുവന്ന അടയാളങ്ങളുണ്ട്. ഇന്ത്യക്കാരനായി ജീവിച്ചതിന്റെ പേരിൽ കൂട്ടത്തോടെ കൊന്നൊടുക്കിയ നിരപരാധികളുടെ രക്തത്തിന്റെ ഗന്ധമുണ്ട്. വൈവിധ്യങ്ങൾക്കിടയിലും സ്വന്തം രാജ്യത്തിന് വേണ്ടി ഒത്തൊരുമയോടെ പോരാടിയതിന്റെ മധുരമാണ് ആറര പതിറ്റാണ്ടുകൾക്കിപ്പുറവും നാം നുകർന്ന് കൊണ്ടിരിക്കുന്നത്.
സ്വാതന്ത്രാനന്തരം ഇന്ത്യ ശാസ്ത്ര സാങ്കേതിക മേഖലകളിൽ നൂതനമായ കാൽവെപ്പുകൾ നടത്തി. വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് മുന്നോട്ട് പോയി. രാജ്യത്ത് ഒട്ടേറെ ഉന്നത കലാലയങ്ങൾ ഉയർന്നു വന്നു. പുതിയ സങ്കേതങ്ങളും ഉപാധികളും സ്വീകരിക്കുക വഴി ലോകത്തിന്റെ വികസനക്കുതിപ്പിന് ഏതാണ്ട് ഒപ്പം തന്നെ സഞ്ചരിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. വാർത്താ വിനിമയ രംഗത്തും വിപ്ളവകരമായ നേട്ടങ്ങളുണ്ടായി. സാമൂഹ്യ സാംസ്കാരിക മേഖലകളിലും കാര്യമായ പരിഷ്കാരങ്ങളുണ്ടായി. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഉയർത്തെഴുനേൽക്കപ്പെട്ടു. ലോക രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചലനങ്ങളുണ്ടാക്കുകയും ചെയ്തു.
നമ്മുടെ രാജ്യത്തിന് നിറപ്പകിട്ടില്ലാത്ത ഇരുളടഞ്ഞ മറ്റൊരു മുഖം കൂടിയുണ്ട്്. ജനാധിപത്യം ഇവിടെ രോഗ ശയ്യയിലാണ്. അഴിമതിയും സ്വജനപക്ഷപാദവും അരങ്ങ് തകർക്കുന്നു. പട്ടിണിയും ദാരിദ്ര്യവും വലിയ ഭീഷണിയായി നിലനിൽക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ പെരുകിക്കൊണ്ടിരിക്കുന്നു. അവശ്യ സാധനങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം ജന ജീവിതം ദുസഹമാക്കുന്നു. ദളിതർക്കും പിന്നോക്കക്കാർക്കും ഏതാണ്ട് സ്വാതന്ത്ര ലബ്ധിക്ക് മുമ്പുള്ള അതെ അവസ്ഥ തന്നെ ഇപ്പോഴും നിലനിൽക്കുന്നു. ജാതീയവും വർഗീയവുമായ വിഭാഗീയ ചിന്തകൾ രൂക്ഷമായി തന്നെ നില നിൽക്കുന്നു. ദളിദരും മത ന്യൂന പക്ഷങ്ങളും തുടർച്ചയായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. സവർണാധിപത്യം ഏതാണ്ട് എല്ലാ മേഖലയും കയ്യടക്കി വെച്ചിരിക്കുന്നു.
ജനാധിപത്യം ജനങ്ങളുടെ മേലുള്ള ആധിപത്യമായി വിനിയോഗപ്പെടുന്നത് വിരോധഭാസമാണ്.തെരഞ്ഞെടുപ്പും വോട്ട്ബാങ്കും കേന്ദ്രീകരിച്ചുള്ള കേവലം രാഷ്ട്രീയ ജനാധിപത്യമാണ് ഇവിടെ നിരന്തരം ചർച്ച ചെയ്യപ്പെടുന്നത്. അഞ്ചാണ്ടിലൊരിക്കൽ പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യുക എന്നത് മാത്രമാണ് ജനാധിപത്യമെന്ന വിശ്വാസം സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നു. ജനാധിപത്യത്തിന് ഇതിലുപരി സുപ്രധാനമായ ഒട്ടേറെ മാനങ്ങളുണ്ടെന്നത് ഇവിടെ മനപൂർവ്വം വിസ്മരിക്കപ്പെടുന്നു. ഒരു ജനാധിപത്യ രാജ്യത്ത് സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ മേഖലകളിലും ആധിപത്യമുണ്ടാകേണ്ടത് ആ രാജ്യത്തെ ജനങ്ങൾക്കാണെന്നത് നാം മറന്നു പോകുന്നു.
അഴിമതിയും കള്ളപ്പണവും രാജ്യത്തിന്റെ തീരാശാപമായി തുടർന്നു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ പൊതു ഖജനാവിന് ഭീമമായ നഷ്ടങ്ങൾ വരുത്തിയ ഒട്ടേറെ അഴിമതികളുടെ നീണ്ട നിരതന്നെ നമുക്ക് മുമ്പിലുണ്ട്. ഹവാല, കാലിത്തീറ്റ, ബോഫോഴ്സ്, ടെലികോം, ആദർശ് ഫ്ളാറ്റ്, ശവപ്പെട്ടി, കോമൺവെൽത്ത്, 2ജി സ്പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയവ ഇതിൽ ചിലത് മാത്രം. കണ്ണു തള്ളിപ്പോകുന്ന തരത്തിൽ വൻതുകയുടെ നഷ്ടങ്ങളുടെ കണക്കാൺ് ഓരോ അഴിമതി കഥകളും നമുക്ക് പറഞ്ഞുതരുന്നത്. രാജ്യത്തെ പകുതിയിലേറെ വരുന്ന പട്ടിണി പാവങ്ങൾക്ക് പശിയടക്കാനുള്ള വകയിലേക്കല്ല ഈ ഭീമയായ തുക ചെലവഴിച്ചത്, മറിച്ച് കോർപ്പറേറ്റുകളുടേയും വൻകിട കുത്തകകളുടേയും പണച്ചാക്കുകളിലേക്കാണ് ഈ തുകയത്രയും ഒഴികിയത്. കള്ളപ്പണത്തിന്റെ കാര്യത്ത്യലും ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണുള്ളത്.
ദാരിദ്ര്യ നിർമാർജ്ജനമെന്നത് ഇപ്പോഴും കടലാസിലൊതുങ്ങുന്നു. രാജ്യം സ്വതന്ത്രമായിട്ട് അറുപത്തഞ്ചാണ്ട് പിന്നിട്ടിട്ടും ലോകത്താകമാനമുള്ള ദരിദ്രരിൽ മൂന്നിലൊന്ന് മനുഷ്യരും ജീവിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ എഴുപത്തഞ്ച് ശതമാനം ജനങ്ങളും കഷ്ടിച്ച് ജീവിതം മുന്നോട്ട് കൊണ്ട്പോകാൻ മാത്രം കുറഞ്ഞ വരുമാനമുള്ളവർ. തൊഴിലില്ലായ്മ രൂക്ഷമായി തന്നെ നിലിനിൽക്കുന്നു. രാജ്യത്തെ നല്ലെരു ശതമാനവും സ്വന്തമായി കിടപ്പാടമില്ലാത്തവരാണ്. കടത്തിണ്ണയിലും ഫുട്പാത്തുകളിലും അന്തിയുറങ്ങാൻ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലുള്ളത്.
ഇന്ത്യയിൽ കോടിക്കണക്കിന് കുട്ടികൾ ഭിക്ഷാടനം നടത്തിയും ജോലിചെയ്തും ജീവിക്കുന്നവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന അനേകലക്ഷം കുട്ടികൾ. വികസനങ്ങളുടെ കേളികൊട്ട് നടത്തുന്നതിനിടയിൽ വിദ്യലയങ്ങളുടെ ചവിട്ടുപടി പോലും കാണാത്ത ലക്ഷക്കണക്കിന് കുട്ടികളെ നാം വിസ്മരിച്ച് പോകുന്നു. ശിശുമരണ നിരക്കിലും പോഷകാഹാരക്കുറവിന്റെ കാര്യത്തിലും നമ്മുടെ രാജ്യം മുൻപന്തിയിൽ തന്നെ.
ദളിതരും ആദിവാസികളും നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. മത ന്യൂന പക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. നിരപരാധികളായ ഒട്ടേറെ ആളുകൾ വിചാരണപോലുമില്ലാതെ ജയിലിൽ കിടക്കുന്നു. ചെയ്ത കുറ്റമെന്തെന്ന് പോലും അറിയാൻ അവർക്കവകാശമില്ല. മനുഷ്യാവകാശം നിരന്തരമായി ലംഘിക്കപ്പെടുന്നു. വർഗീയ ലഹളകളും വംശീയ കലാപങ്ങളും രാജ്യത്തിന്റെ സ്വാസ്ത്യം കെടുത്തിക്കൊണ്ടിരിക്കുന്നു.
പൊതു ദേശീയത യിൽ നിന്ന് മത ദേശീയതയിലേക്ക് രാജ്യത്തെ പറിച്ചു നടാൻ കാലങ്ങളായി രാജ്യത്ത് ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മത ദേശീയത തികഞ്ഞ സ്വാർത്ഥതയാണ്. ഇവിടെ മനുഷ്യർക്കിടയിൽ അതിർ വരമ്പുകൾ തീർക്കപ്പെടുന്നു. മറ്റു മതസ്ഥരെ അപരനും ശത്രുക്കളുമായി കാണുന്നു. ഇതിന് വേണ്ടി സർവമാന സംവിധാനങ്ങളേയും അധീനപ്പെടുത്തുന്നു. ഇത് ഒരു ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല. ഒരു മത നിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം പ്രതിസന്ധികൾക്കെ ഇട നൽകൂ.
സാമ്രാജ്യത്വത്തിന്റെ പുതിയ മുഖങ്ങളായ ആഗോളീകരണവും നവ ലിബറൽ ആശയങ്ങളും പ്രതിസന്ധികൾ തീർക്കുന്നു. രാജ്യത്തെ വാണിജ്യ വിപണിയുടെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടു. വൻകിട കോർപ്പറേറ്റുകൾ സർവ്വ സ്വാതന്ത്രരായി വഹരിക്കുന്നു. ഖനികളുൾപ്പെടുന്ന രാജ്യത്തെ പ്രകൃതി വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് തീരെഴുതിക്കൊണ്ടിരിക്കുന്നു. വ്യാവസായിക വികസനങ്ങളുടെ പേരിൽ ദളിതരും ആദിവാസികളും സ്വന്തം മണ്ണിൽനിന്ന് പിഴുതെറിയപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇനിയും നമുക്ക് കാത്തിരിക്കാം; നല്ലൊരു നാളേക്ക് വേണ്ടി, ജന പങ്കാളിത്തമുള്ള ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി, അഴിമതിയും സ്വജന പക്ഷപാദവുമില്ലാത്ത ഒരു ഭരണ ക്രമത്തിനുവേണ്ടി, നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സനാതനമൂല്യം പുലർന്ന് കാണുന്നതിനതിന് വേണ്ടി, ജാതീയവും വംശീയവും മതപരവുമായ അടിച്ചമർത്തലുകളില്ലാത്ത സാമൂഹ്യ സൃഷടിപ്പിന് വേണ്ടി. ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ഒരു സുപ്രഭാതം നമുക്കും സ്വപ്നം കാണാം. അതിനായി കക്ഷി രാഷ്ട്രീയ ജാതി മത വർഗ ചിന്തകൾക്കധീതമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ഈ റിപ്പബ്ളിക് ദിനം നിമിത്തമാകട്ടെ!
മുഹമ്മദ്കുഞ്ഞി വണ്ടൂർ
(ഇന്ത്യയുടെ അറുപത്തഞ്ചാം റിപ്പബ്ലിക് ദിനത്തിൽ തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്.)
No comments:
Post a Comment
ദയവായി ഒരഭിപ്രായമെഴുതൂ!