----------------------------
മുഹമ്മദ്കുഞ്ഞി വണ്ടൂർ
----------------------------
ഗ്രാമങ്ങൾതോറും വലിയ കോൺക്രീറ്റ് മാളികകൾ, വീടുകൾക്ക് അലങ്കാരമായി വിദേശനിർമ്മിത വാഹനങ്ങൾ, ടൗണുകളിൽ പടുകൂറ്റൻ ബിൽഡിങ്ങുകൾ, ആകാശം മുട്ടിനിൽക്കുന്ന ഷോപ്പിംഗ്മാളുകൾ, അനേകം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ, മുക്കിലും മൂലയിലും ഇംഗ്ളീഷ്മീഡിയം സ്കൂളുകൾ, ഗ്രാമനഗര വിത്യാസമില്ലാതെ അത്യുന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ, പ്രഫഷനൽ കോളേജുകൾ, അന്തർദേശീയ ബ്രാൻഡുകളുടെ വമ്പൻ ഹോട്ടലുകൾ, രാജ്യാന്തര നിലവാരമുള്ള കൺവൻഷൻ സെന്ററുകൾ, കവലകൾതോറും ഫാസ്റ്റ്ഫുഡ് കോർണറുകൾ, ഉണ്ണാനും ഉടുക്കാനും യഥേഷ്ടം, കൂലിപ്പണിക്ക്
ആളെ കിട്ടാൻ നന്നെ പ്രയാസം. ഉയർന്ന സാമൂഹ്യബോധവും സാക്ഷരതാ നിരക്കും. ഉയർന്ന
ശുചിത്വബോധമുള്ള ജനങ്ങൾ. വർത്തമാനകാല കേരളത്തിന്റെ വർണ്ണചിത്രങ്ങളിങ്ങനെ
നീണ്ടുകിടക്കുന്നു.
എന്നാൽ 196070 കാലഘട്ടങ്ങളിൽ കേരളത്തിന്റെ ചിത്രത്തിന് ഇത്രതന്നെ തിളക്കമുണ്ടായിരുന്നില്ല.
ഓടും വൈക്കോലും മേൽക്കൂരായായിരുന്ന ചെറിയ വീടുകൾ, വിശപ്പടക്കാൻ കപ്പയും കാപ്പിയും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
കത്തിയും കൈകോട്ടുമയി സ്ത്രീപുരുഷ വിത്യാസമില്ലാതെ പാടത്തും പറമ്പിലും
കഠിനാദ്ധ്വാനം ചെയ്തിരുന്ന പച്ചയായ മനുഷ്യർ. പട്ടിണിയും തൊഴിലില്ലായ്മയുമായി
അരിഷ്ടിച്ച ജീവിതം. എല്ലുമുറിയെ പണിയെടുത്താലും കിട്ടുന്ന കൂലി കുലംപോറ്റാൻ
മതിയാകാതിരുന്ന തൊഴിൽമേഖല. ദാരിദ്ര്യവും പട്ടിണിയും കാരണം ബഹുഭുരിഭാഗത്തിനും
പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല. സാധാരണക്കാരായ ആളുകൾക്ക് ഉന്നത
വിദ്യാഭ്യാസത്തെകുറിച്ച് ചിന്തിക്കാനെ കഴിഞ്ഞിരുന്നില്ല. കാർഷിക മേഖലയിൽനിന്നുള്ള
വരുമാനം കുടുംബത്തിന്റെ പട്ടിണി മാറ്റാൻപോലും തികഞ്ഞിരുന്നില്ല. പാരമ്പര്യ
കൃഷിയെമാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന കേരളക്കാരെ സംമ്പന്ധിച്ചിടത്തോളം കാർഷിക
വിളവുകളിൽനിന്നുള്ള വരുമാനക്കുറവ് ജീവിതം ദുസഹമാക്കി. സമ്പന്നരായ ചെറിയൊരു
വിഭാഗംമാത്രം ജീവിതത്തിൽ സുഖസൗകരൃങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നു.
നാട്ടിലെ രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും കേരളത്തിലെ യുവാക്കളെ തൊഴിൽ
തേടി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിന് പ്രേരിപ്പിച്ചു.
മുംബൈ,
മദ്രാസ് തുടങ്ങിയ നഗരങ്ങളിലേക്കായിരുന്നു ഇത്തരത്തിൽ
കുടിയേറ്റങ്ങൾ നടന്നതിലതികവും. പിന്നീട് ഗൾഫുനാടുകളിൽ പെട്രോൾ ഖനനം ആരംഭിച്ചതോടെ
കേരളക്കാർ തെഴിൽതേടി അവിടങ്ങളിലേക്കൊഴുകി. ഈ ഗൾഫുകുടിയേറ്റമാണ് കേരളത്തിന്റെ
ചരിത്രത്തിൽ നിർണ്ണായകമായ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിന് വഴിയൊരുക്കിയത്. പിന്നീട് കേരളത്തിൽ ഒരുമാറ്റത്തിന്റെ
കാറ്റുവീശി. സാമ്പത്തികമായി സംസ്ഥാനം അഭിവൃദ്ധിയിലേക്ക് കുതിച്ചു. സൗദി
അറേബ്യയുൾപ്പടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പെട്രോഡോളറിന്റെ ആഗമനമാണ് ഈ
മാറ്റത്തിന് നിർണായക ഘടകമായത്. പട്ടിണിയും പരിവട്ടവുമായിരുന്ന കേരളത്തിന്റെ
ഗതകാല ചരിത്രത്തെ മാറ്റിമറിക്കുന്നതിൽ അറബിപൊന്നിന്റെ സംഭാവന വളരെ വലുതാണ്.
സ്വന്തംനാട്ടിലെ പട്ടിണിയിലും ദാരിദ്ര്യത്തിലും വഴിമുട്ടിയ ജനവിഭാഗം
തേടിപ്പിടിച്ച അതിജീവനമാർഗ്ഗമായിരുന്നു ഗൾഫ് കുടിയേറ്റം. നാടിനെ രക്ഷിക്കാൻ
ഭരണാധികാരികളോ ജനപ്രതിനിധികളോ ജനങ്ങൾക്കുമുമ്പിൽ തുറന്നിട്ട വാതിലുകളായിരുന്നില്ല
ഗൾഫ് പ്രവാസം. സ്വന്തം നാട്ടിലെ കഷ്ടപ്പാടുകളായിരുന്നു പ്രവാസം ഒരു
വെല്ലുവിളിയായി ഏറ്റെടുത്ത് അന്യദേശത്തേക്ക് ചേക്കേറാൻ അവരെ പ്രേരിപ്പിച്ചത്.
ജനിച്ച നാടിന്റെ പുരോഗതിയും ഉറ്റവരുടെ കഷ്ടപ്പാടുകളിൽനിന്നുള്ള മോചനവും
സ്വപ്നംകണ്ടായിരുന്നു അന്യ ഭാഷയും സംസ്കാരവും ഉൾകൊള്ളാനും അതിൽ ലയിച്ചുചേരാനും
അവർക്ക് പ്രചോദനമായത്. തട്ടിയും
മുട്ടിയും അരിഷ്ടിച്ച് കഴിഞ്ഞിരുന്ന ഒരു നാടിനെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്
കൈപിടിച്ചുയർത്തിയതും നാടിന്റെ നാനോ?ുഖ വികസനത്തിന് ആക്കം കൂട്ടിയതും സ്വന്തം നാടുംവീടും വിട്ട് അന്യദേശങ്ങളിൽ
കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.
പ്രവാസികളും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റവും
കേരളത്തിന്റെ വികസന പ്രക്രിയയിൽ വിദേശ മലയാളികളുടെ പങ്കാളിത്വം ഇവിടെ ചർച്ച
ചെയ്യപ്പെടേണ്ടതുണ്ട്. ഓരൊ പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം അവരുടേയും
കുടുംബത്തിന്റേയും ജീവിത നിലവാരത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ തന്നെ സ്വാധീനിക്കുന്നുണ്ട്.
എഴുപതുകൾക്ക് ശേഷം ഗൾഫുനാടുകളുൾപ്പടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും
അതുവഴി വിദേശ നാണ്യത്തിന്റെ ഒഴുക്കും ഇല്ലായിരുന്നെങ്കിൽ കേരളം കടുത്ത
ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും അമരുമായിരുന്നു. അത് ഒട്ടേറെ സാമൂഹ്യ
വിപത്തുകൾക്ക് കാരണമായി ഭവിക്കുകയും ചെയ്യുമായിരുന്നു. തൊഴിൽ രഹിതരായ യുവതലമുറ
വഴിതെറ്റി സഞ്ചരിക്കാനും പഴയ നക്സലിസവും ഭീകരതയുമൊക്കെ അതുവഴി തഴച്ചു വളരാനും
ഇടയാകുമായിരുന്നു.
ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം കേരളത്തിലേക്കൊഴുകുന്ന വിദേശ നാണ്യത്തിൽ നേരിയ
കുറവുണ്ടായാൽപോലും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ അത് കാര്യമായി ബാധിക്കും.
ഗൾഫുപണം എത്രത്തോളം നമ്മുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചിട്ടുണ്ടെന്ന്
പരിശോധിക്കുമ്പോൾ അത് ബോധ്യമാകും. വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തികാടിത്തറയെ
ഭദ്രമാക്കി നിർത്തിയത് പ്രവാസി മലയാളികളാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന
പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ് പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസം, അത്യാധുനിക
ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ
മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ
സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം
നട്ടെല്ല് പ്രവാസി മലയാളികളാണ്. കേവലം സമ്പന്നരായ പ്രവാസിവ്യവസായികൾ മാത്രമല്ല ഈ
വികസനപ്രക്രിയയിൽ പങ്കാളികളാകുന്നത്. ഒരോ പ്രവാസിയും ഈ വികസന മുന്നേറ്റത്തിൽ
കണ്ണികളാണ്. രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു
പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ പൊതു
വിപണിയിലാണ്. പ്രതിവർഷം 75,000 കോടി രൂപയുടെ
വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ് കണക്കുകൾ
വ്യക്തമാക്കുന്നത്.
പ്രവാസികളുടെ പ്രശ്നങ്ങൾ
ഗൾഫ് മേഖലയിലുള്ള പ്രവാസികൾക്ക് ഒട്ടനേകം പ്രശ്നങ്ങളുണ്ട്. പ്രവാസികളുടെ
വോട്ടവകാശം, റിക്ക്രൂട്ട്മെന്റ് തട്ടിപ്പുകൾ, യാത്രാപ്രശ്നങ്ങൾ, തിരിച്ചുപോകുന്നവരുടെ പുനരധിവാസം, തൊഴിലിടങ്ങളിൽ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, ആരോഗ്യ ഇൻഷുറൻസ്, പാസ്പോർട്ട്
ഉൾപ്പടേയുള്ള രേഖകൾ ശരിപ്പെടുത്തുന്നതിലുള്ള കാലതാമസം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ
ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി
പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൂർണ്ണ പരാജയമായിരുന്നെന്ന്
പറയാതിരിക്കാൻ നിർവ്വാഹമില്ല.
പ്രവാസി വോട്ടവകാശം
പ്രവാസികൾക്ക് അവർ തൊഴിലെടുക്കുന്ന നാട്ടിലിരുന്നുതന്നെ തങ്ങളുടെ
സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പ്രവാസികളുടെ വോട്ടവകാശം ഇപ്പോഴും ഒരു സ്വപ്നമായിതന്നെ നിലനിൽക്കുന്നു. ലോകത്ത്
ഏതാണ്ട് മൂന്നുകോടിയോളം ഇന്ത്യക്കാർ
പ്രവാസികളായുണ്ട്്. നാടിന്റെ പുരോഗതിക്ക്് പ്രത്യക്ഷമായൊ പരോക്ഷമായൊ
മുതൽമുടക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ മൂലധനം നാടിന്റെ വികസനത്തിന്
ക്രിയാത്മകമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള അവകാശമുണ്ട്.
അതിനുവേണ്ടി തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുന്ന പ്രതിനിധികളേയും
ഭരണകർത്താക്കളേയും തിരഞ്ഞെടുക്കാനും ജനാധിപത്യ പ്രക്രിയയിൽ
പങ്കാളികളാകുന്നതിനുമുള്ള അവരുടെ ആവശ്യം ന്യായവും ജനാധിപത്യ നിർവ്വഹണത്തിന്റെ
പൂർത്തീകരണത്തിന് അനിവാര്യവുമാണ്. വോട്ടാവകാശത്തിന്റെ അഭാവമാണ് തങ്ങളുടെ
പ്രശ്നങ്ങൾക്ക് മുമ്പിൽ അധികാരികൾ മുഖം തിരിക്കുന്നതെന്ന് പ്രവാസികൾക്ക്
നന്നായി ബോധ്യമുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കാൻ
വോട്ടവകാശമെന്ന ജനാധിപത്യ ആയുധം പ്രവാസികളെ സഹായിക്കുമെന്നുറപ്പാണ്. നല്ലൊരു
ശതമാനം ആളുകൾ പ്രവാസലോകത്തുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭാഗദേയത്വം തീരുമാനിക്കാൻ
വോട്ടവകാശം നേടുന്നതിലൂടെ പ്രവാസി കരുത്ത് ആർജ്ജിക്കും. പക്ഷെ പ്രവാസിവോട്ട്
ഇപ്പോൾ അതിന്റെ പ്രായോഗികതയിൽ വഴിമുട്ടി നിൽക്കുകയാണ്. ലോകത്തെ ഏറ്റവുംവലിയ
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സാങ്കേതികത്വങ്ങളുടേയും പ്രായോഗികതയുടേയും പേരിൽ
സ്വന്തംരാജ്യത്തെ പ്രവാസികളായ പൗരൻമാർക്ക് സമ്മതിദാനം രേഖപ്പെടുത്താനുള്ള അവകാശം
നിഷേധിക്കുന്നത് ജനാധിപത്യനീതിക്ക് നിരക്കാത്തതും ഇന്ത്യൻ ഭരണഘടനയോട് ചെയ്യുന്ന
അനീതിയുമാണ്.
അധ്വാനം പാഴാക്കരുത്
പ്രവാസികളുടെ അധ്വാനം ഒരിക്കലും പാഴായിപ്പോകരുത്. കേരളത്തിന്റെ സാമൂഹിക
സാമ്പത്തിക മുന്നേറ്റത്തിന് തുടക്കമിട്ടത് പ്രവാസികളുടെ കഠിനാധ്വാനമാണ്. എന്നാൽ
ഇതിന്റെ മുഴുവൻ പ്രയോജനങ്ങളും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ നമ്മുടെ
ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ വ്യാവസായിക നിക്ഷേപത്തിൽ പ്രവാസികളെ
വേണ്ടവിധം പങ്കാളികളാക്കാൻ ഇതുവരെ സാധ്യമായിട്ടില്ല. വ്യാവസായത്തിന് ഏറെക്കുറെ
അനിയോജ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളും കേരളത്തിനുണ്ടായിരുന്നു.
പ്രവാസികൾക്കിടയിൽ കഴിവും പ്രാപ്തിയും പണം മുടക്കാൻ തയ്യാറുള്ളവരുമുണ്ടായിരുന്നു.
അവരെ ഉപയോഗപ്പെടുത്തി വ്യാവസായ സംരംഭങ്ങൾ തുടങ്ങാനോ അവരുടെ നിക്ഷേപ
സാധ്യതകളേകുറിച്ച് നിർദ്ധേശം നൽകാനോ
നമ്മുടെ സംവിധാനങ്ങക്ക് കഴിയാതെപോയി. വരുമാനം ഉല്പാദനോന്മുഖമായ രീതിയിൽ
വിനിയോഗിക്കുന്നതിനുപകരം ആർഭാടങ്ങൾക്കായി ചിലവഴിക്കുന്നതിലാണ് അധികമാളുകളും ശ്രദ്ധയൂന്നിയത്.
വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ആഭരണങ്ങൾ വാങ്ങിക്കൂട്ടുന്നതിനും
വിവാഹങ്ങളും പാർട്ടികളും നടത്തുന്നതിനുമാണ് പ്രവാസത്തിന്റെ അധ്വാനഫലം അധികവും
വിനിയോഗിക്കപ്പെട്ടത്. ഉപഭോഗ സംസ്ക്കാരത്തിന്റെ ദൂഷ്യവശങ്ങൾ നാടുമുഴുക്കെ വ്യാപിപ്പിക്കുന്നതിലാണ്
ഈ ദുർവ്യയശീലം നമ്മെ കൊണ്ടെത്തിച്ചത്. ഇതിന് നിമിത്തമായത് അലക്ഷ്യമായ
ഗൾഫുപണത്തിന്റെ സാന്നിധ്യമാണെന്നത് ഒരു ദുഃഖസത്യമാണ്.
കഠിനകാലവസ്ഥയിലും രാപകൽഭേദമന്യേ അധ്വാനിച്ച് സമ്പാദിക്കുന്ന പണം
വിലപ്പെട്ടതാണ്. ഇത് ഫലപ്രദമായി ഉപയോഗിക്കാനും ധൂർത്തും അമിതവ്യയവും
ഉപേക്ഷിക്കാനും പ്രവാസി സമൂഹം തയ്യാറാവണം. വിവാഹംപേലുള്ള ആഘോഷങ്ങൾ ലളിതമാക്കാൻ
ശ്രമങ്ങളുണ്ടാവണം. സമൂഹത്തിലെ ഉള്ളവനേയും ഇല്ലാത്താവനേയും ഒരുപോലെ ബാധിച്ച
പൊതുവിപത്തായി ഇന്ന് ധൂർത്ത് മറിയിരിക്കുന്നു. സമൂഹത്തിലെ സമ്പന്നർ
തുടങ്ങിവെക്കുന്ന ആഡമ്പരങ്ങളും ആർഭാടങ്ങളും അനുകരിക്കാൻ സാധാരണക്കാരുപോലും
നിർബന്ധിതരാകുന്നു. ധൂർത്തിനെതിരെ ക്രിയാത്മകമായി ഇടപെടാൻ സംഘടിതമായോ അല്ലാതെയൊ
പ്രവാസികൾക്ക് കഴിയേണ്ടതുണ്ട്.
മടങ്ങിപ്പോകുന്ന പ്രവാസികൾ
തൊഴിൽ നിയമങ്ങളിൽ കുരുങ്ങിയൊ മറ്റു നിർബന്ധിത സാഹചര്യങ്ങളിലോ പെട്ടന്ന് നാട്
പിടിക്കേണ്ടിവരുന്നവർക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരിക. പ്രതിസന്ധികൾ
മറികടക്കാൻ പ്രവാസികൾ സ്വയം മുന്നോട്ടു വരേണ്ടിയിരിക്കുന്നു. പ്രവാസികൾക്ക്
തങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും സമ്പാദ്യവും സ്വന്തം നാട്ടിൽ പ്രയോചനപ്പെടുത്താൻ
കഴിഞ്ഞാൽ വലിയൊരു പ്രതിസന്ധി മറികടക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസന
മുന്നേറ്റത്തിന് അതൊരു നിമിത്തമാവുകയും ചെയ്യും. പ്രവാസ ജീവിതം നൽകിയ ഊർജ്ജവും
വിദേശ നാടുകളിൽ നിന്ന് ആർജ്ജിച്ചെടുത്ത സഹനശക്തിയും കഠിനാധ്വാന ത്വരയുമെല്ലാം
സ്വന്തം മണ്ണിൽ ഉപയോഗപ്പെടുത്താൻ പ്രവാസികൾ മുന്നോട്ട് വരേണ്ടതുണ്ട്. കേരളം
ഇപ്പോൾ സംരംഭങ്ങൾക്ക് വളരേയേറെ വളക്കൂറുള്ള മണ്ണാണ്. വളർച്ചാനിരക്കിൽ സംസ്ഥാനം
വൻമുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. മനസാന്നിദ്ധ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ
തൊഴിലന്യേഷകർ എന്ന കേരളീയ മനോഭാവത്തിന് മാറ്റംവരുത്താനും, തൊഴിൽദാതാക്കൾ എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ
കൈപിടിച്ചുയർത്താനും സാധിക്കും.
പ്രവാസികളിൽ സംരഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മതിയായ
താല്പ്പര്യമെടുക്കേണ്ടതുണ്ട്. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക
പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തെ ഫലപ്രദമായി
ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയേണ്ടതുണ്ട്. വിദേശ സാങ്കേതിക പരിജ്ഞാനവും
ഭാഷാപ്രാവീണ്യവും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക് സ്വന്തം നാടിന്റെ സാംസ്കാരവും
സാമൂഹ്യ സാഹചര്യങ്ങളും ഉൾകൊണ്ട് പ്രവർത്തിക്കാൻ കഴിയും. എന്നാൽ വിദേശ രാജ്യങ്ങളിൽ
ജോലിചെയ്യുന്ന മുഴുവനാളുകളും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ
കൈവശമുള്ളവരാകണമെന്നില്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്.
ഇവർക്കുകൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്. മധ്യമങ്ങൾക്കും പ്രവാസി
സംഘടനകൾക്കും ഇക്കാര്യത്തിൽ കാര്യമായ സംഭാവന ചെയ്യാൻകഴിയും. ഇന്ന്
മലയാളികൾക്കുമാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ
പ്രവർത്തിക്കുന്നുണ്ട്. അനുയോജ്യമായ സ്വയംതൊഴിൽ കണ്ടെത്തുന്നതിനോ, സംരംഭങ്ങളിലേർപ്പെടുന്നതിനോ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ
നൽകാനെങ്കിലും ഇത്തരം സംഘടനകൾക്ക് കഴിഞ്ഞേക്കും.
മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ
മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമായ മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്.
നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങൾ തുടങ്ങുന്നതിനും
സ്വയംതൊഴിൽ ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾക്കുമുള്ള കാലതാമസം
ഒഴിവാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അലഭ്യത, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ
പരിഹരിക്കപ്പെടേണ്ടതുണ്ട്. ചെറുകിട സംരംഭകൾക്ക് ഉല്പ്പാദന നികുതി പരമാവധി
കുറക്കുകയൊ പലിശരഹിത വായ്പ്പാസൗകര്യം ഏർപ്പെടുത്തുകയൊ ചെയ്താൽ കുറെ ആളുകളെ ഈ
രംഗത്തേക്ക് ആകർശിക്കാൻ കഴിയും. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ
ആവിഷ്കരിക്കാൻ കഴിയേണ്ടതുണ്ട്. മറിച്ച് പ്രവാസികളുടെ മടിശ്ശീലയിൽ മാത്രം
കണ്ണുംനട്ടിരുന്നാൽ തകർന്നടിയുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയായിരിക്കും.