Tuesday, September 24, 2013

അറബിപ്പൊന്നിന്റെ മാറ്റ് കേരനാട്ടിലും

ഗ്രാമങ്ങൾതോറും വലിയ വലിയ കോൺക്രീറ്റ്‌  മണിമാളികകൾ, വീടുകൾക്ക്‌ അലങ്കാരമായി വിദേശ നിർമ്മിത വാഹനങ്ങൾ, ടൗണുകളിൽ പടുകൂറ്റൻ ബിൽഡിങ്ങുകൾ, ആകാശം മുട്ടി നിൽക്കുന്ന ഷോപ്പിംഗ്‌ മാളുകൾ, അനേകം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ, മുക്കിലും മൂലയിലും ഇംഗ്ളീഷ്മീഡിയം സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ, അന്തർദേശീയ ബ്രാൻഡുകളിലുള്ള ഹോട്ടലുകൾ, രാജ്യാന്തര നിലവാരമുള്ള കൺവൻഷൻ സെന്ററുകൾ, കവലകൾതോറും ഫാസ്റ്റ്ഫുഡ്‌ കോർണറുകൾ, ഉണ്ണാനും ഉടുക്കാനും യഥേഷ്ടം. കൂലിപ്പണിക്ക്‌ ആളുകളെ കിട്ടാൻ നന്നെ പ്രയാസം?. വർത്തമാന കാല കേരളത്തിന്റെ ചിത്രമിങ്ങനെ നീണ്ടുകിടക്കുന്നു. 

എന്നാൽ 1970കൾക്കു മുമ്പുള്ള കേരളത്തിന്റെ ചിത്രത്തിന്‌ ഇത്ര തന്നെ തിളക്കമുണ്ടായിരുന്നില്ല. ഓടിട്ടതൊ വൈക്കോൽ മേഞ്ഞതൊ ആയ വീടുകൾ. വിശപ്പടക്കാൻ കപ്പയും കാപ്പിയും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കത്തിയും കൈകോട്ടുമയി പാടത്തും പറമ്പിലും കഠിനാദ്ധ്വാനം ചെയ്തിരുന്നവർ. പട്ടിണിയും തൊഴിലില്ലായ്മയുമായി അരിഷ്ടിച്ച്‌ ജീവിച്ചിരുന്നവർ. സാധാരണക്കാരായ ആളുകൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച്‌ ചിന്തിക്കാനെ കഴിഞ്ഞിരുന്നില്ല.

പിന്നീട്‌ കാര്യങ്ങൾ മാറിമറിഞ്ഞു. കേളം ഒരു മാറ്റത്തിന്‌ നാന്ദികുറിച്ചു. ഒരു പരിധിവരെ സാമ്പത്തികമായി അഭിവൃദ്ധപ്പെടാൻ തുടങ്ങി. സൗദി അറേബ്യയുൾപ്പടെ ഗൾഫ്‌ രാജ്യങ്ങളിൽനിന്നുള്ള പെട്രോഡോളർ ഈ മാറ്റത്തിൽ നിർണായകമായ  പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. പട്ടിണിയും പരിവട്ടവുമായിരുന്ന കേരളത്തിന്റെ ഗതകാല ചരിത്രത്തെ മാറ്റിമറിക്കുന്നതിൽ അറബിപൊന്നിന്റെ സംഭാവന വളരെ വലുതാണ്‌. ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ റവന്യൂ വരുമാനത്തിൽ നല്ലൊരു പങ്ക്‌ നേടിതരുന്നത്‌ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നാണ്‌. വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന്‌ ഈ മേഖലയിൽ നിന്നുള്ള വരുമാനം സഹായകമാകുന്നുണ്ട്‌. സംസസ്ഥാനത്തിന്റെ അടിസ്ഥാന വികസന പ്രക്രിയയിൽ  വലിയ പങ്കാളിത്തമാണ്‌ ഇവിടെയുള്ള പ്രവാസികൾ വഹിക്കുന്നത്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും പെട്രോഡോളറിന്റെ പ്രത്യക്ഷമായൊ പരോക്ഷമായൊ ഉള്ള പങ്കാളിത്വം ഒഴിച്ചുകൂടാനാവാത്തതാണ്‌.  

എഴുപതുകളുടെ  ആദ്യപകുതിയിൽ തുടക്കം കുറിച്ചതാണ്‌ സഊദി അറേബ്യയിലേക്കുള്ള മലയാളി കുടിയേറ്റം. ഇപ്പോഴും ഇത്‌  തുടർന്നുകൊണ്ടിരിക്കുന്നു. ഹജ്ജ്‌ വിസയിലും മറ്റുമായി ഇവിടെ എത്തുകയും ക്രമേണ ഇവിടുത്തെ തൊഴിൽ മേഖലയിൽ നിർണ്ണായക സാന്നിദ്ധ്യമായി മാറിയതുമാണ്‌ മലയാളികളുടെ ഇവിടുത്തെ പ്രവാസചരിത്രം. അറേബ്യൻ ഉപദ്വീപിലെതന്നെ ഏറ്റവും വലിയ രാഷ്ട്രമായ സഊദി അറേബ്യയിൽ തൊണ്ണൂറ്‌ (90) ലക്ഷത്തോളം വിദേശികൾ തൊഴിൽ ചെയ്യുന്നതായാണ്‌ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട്‌ പകുതിയോളം വരും ഇത്‌. ഇതിൽ തന്നെ ഇരുപത്‌(20)ലക്ഷവും ഇന്ത്യക്കാർ. ഇതിൽ മഹാഭൂരിഭാഗവും മലയാളികൾ. കേരളത്തിലെ ഗൾഫ്‌ പ്രവാസികളിൽ സിംഹഭാഗവും സഊദി അറേബ്യയിലാണുള്ളത്‌. രാജ്യത്തെ തൊഴിൽ മേഖലയിൽ കേരളീയർക്ക്‌  പ്രത്യേക പരിഗണനയാണുണ്ടായിരുന്നത്‌. സാങ്കേതിക പരിജ്ഞാനം, ഉത്തരവാദിത്വ ബോധം,  അച്ചടക്കം, നിയമബോധം, സഹിഷ്ണുത, കൃത്യനിഷ്ടത, വിശ്വാസ്യത തുടങ്ങിയവകൊണ്ട്‌  ഇവിടുത്തെ തൊഴിൽ ദാതാക്കളുടെ പ്രീതി കരസ്ഥമാക്കാൻ മലയാളികൾക്ക്‌ കഴിഞ്ഞിരുന്നു.

ഇത്‌ നിതാഖ്വാതിന്റെ കാലം. നിയമങ്ങളും വ്യവസ്ഥകളും അതാതു രാജ്യങ്ങളിലെ ജനങ്ങൾക്ക്‌  മെച്ചപ്പെട്ട തൊഴിലും ജീവിതവും സാധ്യമാക്കാൻ വേണ്ടിയാണെന്ന യാഥാത്ഥ്യം ഉൾകൊള്ളാൻ നാം തയ്യാറാകണം. ജന സംഖ്യയുടെ വലിയൊരു ഭാഗം തൊഴിൽ രഹിതരായി കഴിഞ്ഞു കൂടുമ്പോൾ, ഇത്‌ പരിഹരിക്കുന്നതിന്‌ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകാൻ ഭരണാധികാരികൾ നിർബന്ധിതരാകും. സ്വന്തം രാജ്യത്തെ പൗരൻമാർക്ക്‌ ഉന്നത ജീവിത നിലവാരവും ഉയർന്ന തൊഴിലും നൽകാൻ അതാത്‌ ഭരണകൂടങ്ങൾ ബാധ്യസ്ഥരുമാണ്‌. നിതാഖാതുമായി മുന്നോട്ടു പോകാൻ സൗദി ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന ഘടകവും ഇതുതന്നെ.

നിതാഖാതുമായി ബന്ധപ്പെട്ട തൊഴിൽ പരിഷ്കരണം കേരളീയ സമൂഹം നോക്കികണ്ടത്‌ തികഞ്ഞ ആശങ്കകളോടെയായിരുന്നു. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു സാമ്പത്തിക സംസ്കാരം സമൂഹമദ്ധ്യേ ആയത്തിൽ വേരോടിയതാണ്‌ ഇതിനു കാരണം. സർക്കാർ ഭരണ സംവിധാനങ്ങൾ ഇക്കാര്യത്തിൽ കാണിച്ച ശുഷ്കാന്തിയില്ലായ്മ പ്രവാസികളെ ഒട്ടും അൽഭുതപ്പെടുത്തിയില്ല. വർഷങ്ങളായി പ്രവാസികൾ മുറവിളി കൂട്ടിയിരുന്ന ആവശ്യങ്ങളോട്‌ മുഖം തിരിഞ്ഞിരിക്കാറുള്ള  ഭരണകൂടത്തിന്‌  ഇക്കൂട്ടരുടെ മടിശ്ശീലയിൽ മാത്രമാണ്‌  താൽപ്പര്യമെന്ന്‌ പ്രവാസികൾ മനസിലാക്കിയതാണ്‌.

ഇന്ത്യയുമായി ഊഷ്മളമായ നയതന്ത്ര ബന്ധമാണ്‌ സഊദി അറേബ്യ പുലർത്തി പോരുന്നത്‌. ഭരണാധികരികൾ പരസ്പരം രാജ്യങ്ങൾ സന്ദർഷിക്കുന്നതിലൂടെ നയതന്ത്ര ബന്ധങ്ങൾക്ക്‌ കൂടുതൽ ഊഷ്മളത കൈവരിക്കാനായിട്ടുണ്ട്‌. അബദുള്ളാ രാജാവിന്റെ ഇന്ത്യാ സന്ദർശനം ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. വ്യാവസായിക തൊഴിൽ വിദേശ നയങ്ങളിൽ ഉദാരമായ സമീപനങ്ങളാണ്‌ സഊദി ഭരണാധികരികൾ എക്കാലവും സ്വീകരിച്ചിട്ടുള്ളത്‌. വിശുദ്ധ ഹജ്ജ്‌ കർമ്മത്തിന്‌ ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത്‌ ഇന്ത്യയിൽ നിന്നാണ്‌. സ്വന്തം രാജ്യത്തെ ജനസംഖ്യയുടെ  നല്ലൊരു ശതമാനവും തൊഴിൽ രഹിതരായിരിക്കുമ്പോഴും രാജ്യത്തെ തൊഴിൽ കമ്പോളം മറ്റുരാജ്യങ്ങളിലെ തൊഴിലാളികൾക്ക്‌ മുമ്പിൽ മലർക്കെ തുറന്നിടാൻ സഊദി ഭരണാധികാരികൾ കാണിച്ച വിശാലമനസ്കത സർവരാലും അംഗീകരിക്കപ്പെട്ടതാണ്‌.

(സൗദി ദേശീയ ദിനത്തിൽ തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)


muhammed kunhi wandoor
muhammed kunhi wandoor


സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...