Friday, January 27, 2017

ദേശീയത പതിച്ചുനൽകുന്നു, ദേശസ്നേഹവുംമുഹമ്മദ്കുഞ്ഞി വണ്ടൂർ
----------------------------- 

സ്വാതന്ത്ര്യത്തിന്റെ വഴിയിൽ 70 ദശകങ്ങൾ പിന്നിടുമ്പോഴും ദേശസ്നേഹത്തിന്റെ പാഠഭേദങ്ങൾ ചൊല്ലിപ്പടിക്കേണ്ട ഗതികേടിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. ദേശീയതയും ദേശ സ്നേഹവുമെല്ലാം അതിന്റെ ആശയതലത്തിൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യവ്യാപകമായി ഇതു സമ്പന്ധമായ ചർച്ചകളും സംവാദങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌.

  ഇന്ത്യയിൽ ദേശീയത വിവിധ ഘട്ടങ്ങളിലായി പല രീതികളിലൂടെ കടന്നുപോയിട്ടുണ്ട്‌.  രാജഭരണം നിലനിന്നിരുന്ന കാലത്ത്‌  ഭരണാധികാരികളുടെ ഇഷ്ടങ്ങളായിരുന്നു രാജ്യ താൽപ്പര്യം. ജനങ്ങളുടെ സർവവിധ വിധേയത്വമാണ്‌ രാജാക്കൻമാർ ആവശ്യപ്പെടുകയും നേടിയെടുക്കുകയും ചെയ്തിരുന്നത്‌. ഇവിടെ രാജാക്കൻമാരോടുള്ള വിദേയത്വം രാജ്യസ്നേഹമായി ഗണിക്കപ്പെട്ടു. അതിന്‌ വിസമ്മതിക്കുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയും വധശിക്ഷയുൾപ്പടേയുള്ള ശിക്ഷാ നടപടികൾക്ക്‌ വിധേയരാവുകയും ചെയ്തു. ശരിതെറ്റുകൾക്കും ന്യായാന്യായങ്ങൾക്കും ഇവിടെ പ്രസക്തിയുണ്ടായിരുന്നില്ല. അതേസമയം സാമാജ്യത്വ കാലത്ത്‌ രണ്ടുതരത്തിലുള്ള ദേശീയവാദമാൺ​‍്‌ നിലനിന്നിരുന്നത്‌. മതേതരത്വ ജനാധിപത്യ ഇന്ത്യക്കുവേണ്ടിയുള്ള വാദമായിരുന്നു അവയിൽ പ്രബലമായിരുന്നത്‌. വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരുമെല്ലാം സാമ്രാജ്യത്വവിരുദ്ധമായ ഈ ചേരിയിലാണ്‌ നിലയുറപ്പിച്ചത്‌. സാമ്രാജ്യത്വത്തിന്റെ ആനുകൂല്യങ്ങൾ പറ്റി ജീവിച്ചിരുന്ന രാജാക്കൻമാരും ഭൂപ്രഭുക്കളുമെല്ലാം ഇതിന്‌ വിരുദ്ധമായ ചേരിയിലും. ഒംശീയ ദേശീയതയായിരുന്നു അവരുടെ മുഖമുദ്ര. അവർ സാമ്രാജ്യത്വഭരണത്തിന്‌ അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു. ബ്രിട്ടീഷ്‌ രാജ്ഞിയുടേയും പ്രധിനിധികളുടേയും ദൃഷ്ടിയിൽ അവരും ദേശസ്നേഹികളായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തോട്‌ അവർക്കുള്ള കൂറും വിധേയത്വവുമാണ്‌ അതിന്‌ കാരണം.

  ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ രൂപപ്പെടുന്ന ദേശത്തോടുള്ള കൂറ്‌, ഐക്യബോധം തുടങ്ങിയ സ്വഭാവഗുണങ്ങൾ കൂടിച്ചേരുന്ന സവിശേഷ വൈകാരികതയാണ്‌ യാഥാർത്ഥ ദേശീയത. അത്‌ ദേശവാസികളെ മുഴുവൻ ഒന്നായി കാണാനും പരസ്പരം സൗഹാർദ്ദത്തോടെ വർത്തിക്കാനും പ്രേരിപ്പിക്കുന്നു. മാനവികതയുടെ പര്യായമായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സഹിഷ്ണുത, പരസ്പര വിശ്വാസം തുടങ്ങിയ പൗരമൂല്യങ്ങളുടെ മൂർത്തീഭാവമാണത്‌. സമൂഹ ഐക്യമാണ്‌ ഇതിലൂടെ സാധ്യമാക്കുന്നത്‌. ഇവിടെ രാജ്യത്തോടുള്ള സ്നേഹത്തിന്‌ മതിൽകെട്ടുകളില്ല. ജാതി, മതം, ഭാഷ, വർഗ്ളം, വർണ്ണം, ലിംഗം തുടങ്ങിയ അന്തരങ്ങളേതുമില്ലാതെ ദേശവാസികളെല്ലാം ഒന്നാണെന്ന ധാരണ ബലപ്പെടുത്തുന്നതാണിത്‌. രാഷ്ട്ര സങ്കൽപ്പത്തിൽ ഇത്തരം ദേശീയ ബോധത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. 

  ഇന്ത്യയിൽ സാമ്രാജ്യത്വത്തിനെതിരെ ഉയർന്നുവന്ന ദേശീയതയും ദേശീയ വികാരവും സമഗ്രവും സർവ്വാംഗീകൃതവുമായിരുന്നു. ജാതി മത വർണ്ണ വർഗ്ഗ വ്യതിയാനങ്ങൾക്കധീതമായി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ പൊതുവികാരമായിരുന്നു അത്‌. മാത്രവുമല്ല വംശീയ ദേശീയതക്ക്‌ അത്‌ കടകവിരുദ്ധവുമായിരുന്നു. ഇതായിരുന്നുസ്വാതന്ത്ര്യസമര നേതാക്കാൾ മുന്നോട്ടുവെച്ച ദേശീയത. ഇത്‌ ജനാധിപത്യമൂല്യങ്ങളിലൂന്നിയുള്ളതും ഉദാരവുമായിരുന്നു. ജനോപദ്രപകരമായ ഭരണകൂടത്തിനെതിരിൽ ഉയിർത്തെഴുനേൽക്കപ്പെട്ട വിപ്ളവാത്മകമായ സമരാഹ്വാനമായിരുന്നു. സേച്ചാധിപത്യ ഭരണത്തിനെതിരെ, നിയമ നയ രൂപീകരണങ്ങളിൽ പേരിനുപോലും പ്രധിനിത്യമില്ലാതിരുന്ന ഒരു ജനസമൂഹത്തിന്റെ ഒരുമിച്ചുള്ള പേരാട്ടം. പൊതു ധാരയിൽനിന്നുള്ള ഇത്തരം സമരനീക്കങ്ങൾക്ക്‌ സാസ്കാരിക പരിവേഷവും വിശ്വാസപരമായ ഊർജ്ജവും നൽകുന്നതിന്‌ അക്കാലത്തെ മത സാമുദായിക നേതൃത്വവും ശക്തമായി നിലകൊണ്ടു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ മുമ്പുതന്നെ ഇത്തരത്തിലുള്ള അസംഘടിത പ്രധിഷേധങ്ങൾ രാജ്യമൊട്ടാകെ അലയടിച്ചിരുന്നു. ബൃട്ടീഷുകാർക്കും അവരുടെ പാദസേവകരായ ഫ്യൂഡൽ പ്രഭുക്കൾക്കും സവർണ്ണ മേൽക്കോയ്മക്കും എതിരായിരേയുള്ള പോരാട്ടങ്ങളുടെ തുടർച്ചയായിരുന്നു അതെല്ലാം. കേരളത്തിലും ഇതിന്റെ അലയൊലികളുയർന്നു. മമ്പുറംതങ്ങളുടെ നികുതിനിഷേധ സമരം, ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽനടന്ന ഈഴവ ശിവ പ്രതിഷ്ഠ, ഡോ.പല്പ്പുവിന്റെ നേതൃത്വത്തിൽ മുസ്ളിം-കൃസ്ത്യൻ പിന്തുണയോടെയുളള ഈഴവ മെമ്മോറിയൽ, അയ്യങ്കാളിയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായുളള വില്ലുവണ്ടി യാത്ര തുടങ്ങിയവ ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. വൈദേശികരേക്കാൾ സവർണ്ണരും ഫ്യുഡൽ പ്രഭുക്കളുമാണ്‌ ഇത്തരം സമരാഹ്വാനങ്ങളെ ഭയപ്പാടോടെ കണ്ടിരുന്നത്‌. ഈ രൂപത്തിൽ ഉരുത്തിരിഞ്ഞ പൊതു ദേശീയ ബോധത്തിൽനിന്നണ്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തൊരുമയോടെ പൊരുതാനും രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം കൈവരിക്കാനും സഹായകമായത്‌. സാംസ്കാരികമായ ബഹുസ്വരതകൾക്കിടയിലും ദേശീയതയെ ഏകതാനമായി കണ്ടുള്ള പോരാട്ടങ്ങൾക്കുമുമ്പിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ അടിയറവ്‌ പറയേണ്ടിവന്നു എന്ന്‌ പറയാം.

  ഭരണകൂടത്തിന്റെ ശക്തമായ അടിച്ചമർത്തലുകളും വരേണ്യ ഫ്യൂഡൽ താൽപ്പര്യങ്ങളുടെ എതിർപ്പുകളും മറികടന്ന്‌ രാജ്യം സ്വാതന്ത്ര്യത്തിന്റെ മധു നുകർന്നു. ആവേഷകരമായ ആ സമര വിജയവും പോരാട്ടവീര്യവും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻജനതയെ പൊതു ദേശീയബോധത്തിൽ ഉറപ്പിച്ചു നിർത്തി. വികലമായ വംശീയ ദേശീയതയെ പൊതുധാരയിൽനിന്നും ഒരു പരിധിവരെ മാറ്റിനിർത്താൻ ഇതുകാരണമായെങ്കിലും വംശീയ ദേശീയത മറുഭാഗത്ത്‌ സമാന്തരമായി നിലകൊണ്ടിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത്‌ തന്നെ വംശീയ ദേശീയത ശക്തമായിരുന്നു. സാമ്രാജ്യത്വതാൽപര്യങ്ങളും അവരെ അനുകൂലിക്കുന്ന ഫ്യൂഡൽ സവർണ്ണ താൽപര്യങ്ങളും ഒത്തുചേരുന്ന ദേശീയതയ വാദമാണിത്‌. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നവരേയും പ്രധിഷേധങ്ങൾ നടത്തുന്നവരേയും ദേശീയ വിരുദ്ധരായ ചിത്രീകരിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹകുറ്റമടക്കമുള്ള നിയമങ്ങളുണ്ടാക്കിയാണ്‌ ഭരണകൂടം ഇത്തരം പ്രധിഷേധങ്ങളെ നേരിട്ടിരുന്നത്‌. സ്വാതന്ത്ര്യാനന്തരം ഈ വംശീയ ദേശീയതയുടെ സാരഥ്യമേറ്റെടുത്തത്‌ സാമ്രാജ്യത്വകാലത്ത്‌ വൈദേശികരുമായി കൈകോർത്ത ചില സാമുദായിക സംഘടനകളും വർഗ്ഗീയ ചിന്താധാരയുമായിരുന്നു. പൊതു ദേശീയതക്കുപകരം അവർ ഉയർത്തിക്കാട്ടിയതും ചാലക ശക്തിയാക്കിയതും വംശീയ ദേശീയതയേയാണ്‌. പിന്നീട്‌ വംശീയ ദേശീയതയുടെ വാക്താക്കൾ പൊതുധാരയിലേക്ക്‌ കൂടുമാറുകയും അധികാര രാഷ്ട്രീയത്തിൽ പിടിമുറുക്കുകയും ചെയ്യുന്ന കാഴ്ചയാണ്‌ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌. 

  വംശീയ ദേശീയത അതിന്റെ എല്ലാ എല്ലാ അതിർവരമ്പുകളും ഭേദിച്ച്‌ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ്‌ വർത്തമാന ഇന്ത്യ കടന്നുപോകുന്നത്‌. ദേശീയതയുടെ പേരിൽ ഫാഷിസം തകർത്താടിക്കൊണ്ടിരിക്കുന്നു. വംശീയ ദേശീയവാദികൾ ഫ്യൂഡൽ മനോഭാവമുള്ളവരും ഇഷ്ട ഭരണകൂടത്തിന്‌ എല്ലാനിലക്കും ഒത്താശ പാടുന്നവരുമാണ്‌. ഇവിടെ ഭരണകൂടത്തോടുള്ള അഭിപ്രായഭിന്നതക്ക്‌ ഇടമില്ല. അവരുടെ രാജ്യസ്നേഹം ദേശത്തോടുള്ള കൂറിൽനിന്ന്‌ ഉയിരെടുക്കുന്നതല്ല. മറിച്ച്‌, ഒരു പ്രത്യേക വംശത്തിനോ വർഗ്ഗത്തിനോ വേണ്ടി രാജ്യത്തെ കീഴ്പ്പെടുത്താനുള്ള തീവ്ര വികാരത്തിൽനിന്ന്‌ ഉടലെടുക്കുന്നതാണ്‌. ദേശസ്നേഹ വികാരങ്ങളെ ഉദ്ദീപിപ്പിച്ച്‌ രാജ്യത്തെ ശക്തമാക്കുകയും വിവിധ മതസമുദായങ്ങളെ ഐക്യപ്പെടുത്തുകയും ചെയ്യുന്നതാണ്‌ പൗരധർമത്തിലധിഷ്ഠിതമായ ദേശീയതയുടെ ലക്ഷ്യം. ഇത്‌ ഉദാത്തവും ഉത്കൃഷ്ടവുമാണ്‌. എന്നാൽ, ജനങ്ങളിൽ തീവ്രദേശീയ വികാരങ്ങളുണർത്തിയും കുതന്ത്രങ്ങളിലൂടെ തങ്ങളുടെ വംശത്തിൽപെടാത്ത വലിയൊരു ശതമാനം ജനങ്ങളേയും പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും മയക്കിക്കിടത്തി തങ്ങളുടെ ഇംഗിതങ്ങൾ സാധിപ്പിച്ചെടുക്കുകയും ക്രമേണ രാജ്യം സ്വന്തം ചൊല്പ്പടിയിലാക്കുകയും ചെയ്യുകയെന്നതാണ്‌ വർഗീയ ദേശീയത ലക്ഷ്യം വെക്കുന്നത്‌. ഈ ലക്ഷ്യം മുന്നിൽകണ്ടാണ്‌ തീവ്ര വലതുപക്ഷ കക്ഷികൾ എപ്പോഴും മുതലാളിത്തവുമായി കൈകോർക്കുന്നത്‌.  ഏതാനും സവർണ മുതലാളിമാരുടെ കൂട്ടായ്മയാണ്‌ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്‌. ജനസംഖ്യാനുപാതികമായി രാജ്യത്തെ ചെറിയൊരു ന്യൂനപക്ഷമാണെങ്കിലും അവരുടെ സ്വാധീനം വളരെ വലുതാണ്‌. അവരവരുടെ നിക്ഷേപത്തിന്റെ വ്യാപതിയും വലുപ്പവുമനുസരിച്ച്‌ സ്വധീനത്തിൽ ഏറ്റക്കുറച്ചിലുണ്ടാവുമെന്ന്‌ മാത്രം. അദാനിമാരും അംബാനിമാരുമെല്ലാം നമ്മെ ഭരിക്കുന്നത്‌ ഇപ്രകാരമാണ്‌. അവർ ദേശീയതയുടെ ബ്രാൻഡ്‌ അംബാസഡർമാർകൂടിയാണ്‌. രാജ്യത്തോട്‌ സ്നേഹവും കടപ്പാടുമില്ലാത്ത വർഗീയ ദേശീയതയുടെ വാക്താക്കളുമയി സമരസപ്പെട്ടുപോകുന്നവരാണെന്നുമാത്രം.

  ഭരണഘടനയുടെ കാതലായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ രോഗാതുരമായ അവസ്ഥയിലാണ്‌. മതനിരപേക്ഷത രാജ്യത്തിന്റെ ഭരണഘടനയുടെ മുഖമുദ്രയാണ്‌. മതേതരത്വത്തേയും മതസ്വാതന്ത്ര്യത്തേയും സംബന്ധിച്ച്‌ ഭരണഘടനയിൽ വ്യക്തമായ നിലപാടുകളുണ്ട്‌. എന്നാൽ രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന പ്രവണതകൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൊതുദേശീയതയിൽ നിന്ന്‌ മതദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്‌. മത ദേശീയത തികഞ്ഞ സ്വാർത്ഥതയും ഭരണഘടനാ വിരുദ്ധവുമാണ്‌. ഇവിടെ ഇതര മതക്കാരെ അപരരും ശത്രുക്കളുമായി കാണുന്നു. ഇത്തരം പ്രവണത ഒരു ജനാധിപത്യ മതേതരത്വ രാജ്യത്തിന്‌ ഒട്ടുംയോജിച്ചതല്ല. ഒരു മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം പ്രതിസന്ധികൾക്കെ വഴിയൊരുക്കൂ. സ്വന്തം വിശ്വാസം അനുസരിച്ച്‌ ജീവിക്കുന്നതിനും ആരാധന നടത്തുന്നതിനുപോലും പലയിടങ്ങളിലും അവസരം നിഷേധിക്കപ്പെടുന്നു. അതിലുപരി തങ്ങളുടെ വിശ്വാസവും ആചാരങ്ങളും മറ്റുള്ളവരെകൂടി അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ടാകുമ്പോൾ രാജ്യം സംഘർഷഭരിതമാകുന്നു. മതനിരപേക്ഷത രാജ്യത്ത്‌ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭരണഘടനയിൽനിന്ന്‌ തന്നെയും മതേതരത്വമെന്ന ആശയം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരുണ്ട്‌. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മതദേശീയ വാദികളാൽ വിചാരണചെയ്യപെടുന്നു. ഫാഷിസത്തിനെതിരേയുള്ള അഭിപ്രായങ്ങളെ നിഷ്കരുണം ഇല്ലായ്മചെയ്യാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഏതെങ്കിലും ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ശബ്ദിക്കുകയൊ പ്രവർത്തിക്കുകയോ എഴുതുകയോ ചെയ്താൽ അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. അപ്രിയരായവരെ അടിച്ചമർത്താനുള്ള ആയുധമായി ദേശീയതയെന്ന മഹത്തായ ആശയത്തെ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ ദേശീയതയുടെ ആശയതല പ്രതിസന്ധി രൂപപ്പെടുന്നു. ദേശീയതയുടെ രൂപത്തിലായിരിക്കും ഫാസിസം ഇന്ത്യയിലേക്ക്‌ കടന്നുവരിക എന്ന ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളെ നിരർത്ഥകമാക്കുന്ന കാര്യങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

  ദേശീയത എന്താണെന്നും ആരാണ്‌ ദേശസ്നേഹിയെന്നും നിശ്ചയിക്കാനും വിധിക്കാനുമുള്ള അവകാശം പ്രത്യേക രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും സ്വയം ഏറ്റെടുത്തിരിക്കുകയാണ്‌. ദേശസ്നേഹത്തിന്റെ മുദ്ര പതിച്ചുകിട്ടാൻ ഫാഷിസത്തോട്‌ സന്ധിയാവുകയാണ്‌ വേണ്ടതെന്ന അവസ്ഥ വന്നിരിക്കുന്നു. വിധേയത്വമനുസരിച്ച്‌ നിങ്ങൾ ദേശസ്നേഹിയാണോ ദേശവിരുദ്ധനാണോയെന്ന്‌  നിഷപ്രയാസം വിലയിരുത്തപ്പെടുന്നു. ദേശത്തേയും ദേശീയവാസികളേയും ഇഷ്ടപ്പെടാതെ തന്നെ ദേശസ്നേഹി പട്ടം ലഭിക്കുമെന്ന്‌ ചുരുക്കം. തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ഇതിന്റെ ഉദാഹരണമാണ്‌.

  റിഫ്ളക്ഷൻ ഓൺ നാഷനാലിസം ആൻഡ്‌ ഹിസ്റ്ററി(Reflections on Nationalism and History) എന്ന പ്രബന്ധത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ ചരിത്രകാരിയായ റൊമിലാ ഥാപ്പർ ദേശീയതയും കപടദേശീയതയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ചർച്ചചെയ്യുന്നു. ഭാഷ, മതം, സംസ്കാരം തുടങ്ങി ഏതെങ്കിലുമൊരു കേന്ദ്രതത്വത്തെ മുൻനിർത്തി വിഭാവനംചെയ്യപ്പെടുന്ന ദേശീയതാസങ്കല്പ്പം, മതേതര ജനാധിപത്യ രാജ്യത്ത്‌ എത്രമാത്രം സങ്കർഷങ്ങൾക്ക്‌ വഴിവെക്കുമെന്ന്‌ റൊമിലാ ഥാപ്പർ പ്രബന്ധത്തിൽ പറയുന്നു. ഫാഷിസ്റ്റ്‌ നയങ്ങളുള്ള ദേശീയ വാദത്തിനെതിരിൽ, എല്ലാവരേയും ഉൾക്കൊള്ളുന്ന സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലൂടെയാണ്‌ ഇന്ത്യൻ ദേശീയത വികസിച്ചുവന്നത്‌. ഹിന്ദുത്വവാദികൾ ഇന്ന്‌ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ദേശീയതാസങ്കല്പ്പം ഇന്ത്യൻ ദേശീയതയുടെ ഉദാരതയെ സമ്പൂർണമായി തമസ്ക്കരിക്കുന്ന കാപട്യമാണെന്ന്‌ ഥാപ്പർ വ്യക്തമാക്കുന്നു.  യഥാർഥത്തിൽ ദേശസ്നേഹി ആരാണെന്ന ചോദ്യമാണിവിടെ ഉയരുന്നത്‌. ഇന്ത്യയുടെ ഭരണഘടനയേയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെയും ആദരിക്കാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും എങ്ങനെ ദേശീയതയുടെയും ദേശപ്രേമത്തിന്റെയും വക്താക്കളാകും? ഈ വൈരുധ്യമാണ്‌ റിപ്പബ്ളിക്ദിന ആഘോഷവേളയിൽ ചർച്ചാവിഷയമാകേണ്ടത്‌. രാഷ്ട്രീയാധികാരത്തിനുവേണ്ടി ജനങ്ങളെ വിഭജിക്കാനും അവർക്കിടയിൽ വിഭാഗീയതയും ശത്രുതയും വളർത്താനും ഇറങ്ങിത്തിരിച്ചിട്ടുള്ളവരെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക്‌, ദേശീയതയെകുറിച്ചും ദേശസ്നേഹത്തെപറ്റിയും സംസാരിക്കുന്ന അപഹാസ്യമായ അവസ്ഥയാണ്‌ ഇന്ത്യയിന്ന്‌ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...