Sunday, November 7, 2010

ഞാനും ഒരമ്മയാണ്‌ (കവിത)



ഞ്ഞുതുള്ളികള്‍ വീണുറഞ്ഞയീരാവില്‍
ശാന്തമായുറങ്ങുമെന്‍ കുഞ്ഞുപൈതലിന്‍
മന്ദസ്മിതമാം അധരങ്ങള്‍നോക്കി
വിതുമ്പിക്കരഞ്ഞു ഞാനീരാത്രിയില്‍ .
കൂരിരുള്‍മുറ്റിയിരുണ്ടയീരാവിന്റെ
നിഴലിലലിഞ്ഞുഞ്ഞാന്‍ താരാട്ടുപാടി
നെഞ്ചോടുചേര്‍ത്തുഞ്ഞാന്‍ വാരിപ്പുണര്‍ന്നു.
അശ്രുതന്‍മണമുള്ളൊരമ്മിഞ്ഞനല്‍കി
ഇടറുന്നചങ്കുമായ്‌ പൊട്ടുന്നനെഞ്ചുമായ്‌
ഇരുളിന്‍ മറപിടിച്ചിറങ്ങിത്തിരിച്ചുഞ്ഞാന്‍
മൂകമായുറങ്ങുന്ന പ്രാന്തങ്ങള്‍താണ്ടി
ഓളങ്ങളുരമ്പുന്നയീ ആയിതന്‍തീരത്ത്‌
വിധിയെ പഴിച്ചുഞ്ഞാനശ്രുനീര്‍ വാര്‍ത്തു
പുകയുന്ന പകയെന്റെ മനസ്സിനെപ്പുല്‍കി
ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്കായ്‌
ദാനമായ്‌ നല്‍കിയെന്‍കുഞ്ഞിനെ
ആര്‍ത്തിയോടെ തിരകളെന്‍കുഞ്ഞിനെ
ആയിതന്‍ ആയത്തിലേക്കാനയിച്ചു.
ഭ്രാന്തമായ്‌ ശോകമായ്‌ തിരിഞ്ഞുനടക്കവെ
മുറിവേറ്റുപിടയുന്ന കിളിക്കുഞ്ഞിനരികില്‍
നിലപൊട്ടിനില്‍ക്കുന്നൊരമ്മക്കിളിയെ കണ്ടുഞ്ഞാന്‍
ബോധമെന്‍മനസ്സിലെ അമ്മയെതേടി .
അലയടിച്ചുയരുന്ന തിരമാലകള്‍
രൂക്ഷമായ്‌ നോട്ടമിട്ടെന്‍ചുറ്റിലും
ഹൃദയശൂന്യയായൊരമ്മയെ
ഉറ്റുനോക്കുന്ന കുഞ്ഞിക്കണ്ണുകള്‍
ഹൃദയം പകുത്തെങ്ങൊ മറഞ്ഞുപോയ്‌ .
ചതിയൊളിഞ്ഞൊരു ചിരിയില്‍മയങ്ങി
വെച്ചുനീട്ടിയ ഗാഢമാംപ്രണയത്തില്‍
മൊട്ടിട്ടുവീണയീ കുഞ്ഞുപൂവിനെ ,
പത്തുമാസമെന്നുദരത്തിലേറി
നൊന്തുപെറ്റയീ പൊന്‍കിടാവിനെ
ആഴിതന്‍ ആഴത്തിലെറിഞ്ഞുകളഞ്ഞ
ഞാനും ഒരമ്മയാണുലകില്‍ .

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

(ജയകേരളത്തില്‍ പ്രസിദ്ധീകരിച്ചത്)

2 comments:

  1. ഒത്തിരി വ്യാജപ്രണയങ്ങള്‍, കടലിലും കിണറിലും തീയിലുമൊക്കെയായി ഒടുങ്ങുന്ന കുഞ്ഞുങ്ങളും.


    അമ്മത്തൊട്ടിലിലെങ്കിലും ഇട്ടു കൂടേ?

    ReplyDelete
  2. kunjungal nammude jeevanum shwasavumaanu.

    ReplyDelete

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...