മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
തോണിക്കടവിപ്പോൾ വിജനമാണ്. പുഴയിലെ
ഓളങ്ങളുടെ താളമൊഴികെ മറ്റൊരു ശബ്ദവും കേൾക്കാനില്ല. രണ്ടുദിവസമായി ആർത്തലച്ചുപൈത
മഴയിൽ കുത്തിയൊലിച്ച് ചെമ്മൺനിറമായിരുന്ന പുഴയിപ്പോൾ തെളിഞ്ഞൊഴുകുന്നു. ശക്തമായ
അടിയൊഴുക്കുണ്ടെങ്കിലും പുറം ശാന്തമാണ്. പുഴയിലേക്ക് തൂങ്ങിക്കിടക്കുന്ന
മരക്കൊമ്പുകളെ വകഞ്ഞുമാറ്റി ഓളങ്ങൾ അതിവേഗം മുന്നേറിക്കൊണ്ടിരുന്നു. നേരിയ ചാറൽമഴയ്ക്കിടയിൽ
വല്ലപ്പോഴായി പതിച്ച് കൊണ്ടിരുന്ന വലിയ മഴത്തുള്ളികൾ ജലപ്പരപ്പിന് മീതെ
അങ്ങിങ്ങായി നീണ്ട കുമിളകൾതീർത്തു. ഓളങ്ങളെ തൊട്ടുരുമ്മി കരയിലേക്ക് ആഞ്ഞുവീശുന്ന
മന്ദമാരുതൻ എന്റെ രോമകൂപങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. സായാഹ്നങ്ങളിൽ
ആൾക്കൂട്ടങ്ങൾകൊണ്ടും സ്കൂൾകുട്ടികളുടെ ആർപ്പുവിളികളാലും ധന്യമായിരുന്നു തോണിക്കടവ്.
ഇവിടെയിപ്പോൾ ആളനക്കമില്ല. കടവിലെ കരിങ്കൽ പടവുകളിൽ കരിയിലകൾ പരന്നുകിടക്കുന്നു.
പക്ഷികളുടെ കളകളംപോലും കേൾക്കാനില്ല. പരൽമീനുകളെ കൊത്തിയെടുക്കാൻ തക്കംപാർത്തു
മരക്കൊമ്പിലിരുന്ന പൊൻമാനെയും കൊക്കമ്മാവനേയും ഈവഴിക്ക് കാണാനേയില്ല.
പുലർക്കാലങ്ങളിലും സായാഹ്നങ്ങളിലും സജീവമായിരുന്ന പുഴയോരം ഇപ്പോൾ മൂകമാണ്. നാലഞ്ചുവർഷമായി ഒരു കാൽ പെരുമാറ്റംപോലും ഈ വഴിക്ക് കാണുന്നില്ല.
കടവിലെത്തുന്ന
യാത്രക്കാരോട് പുഞ്ചിരിച്ചും ചിലനേരങ്ങളിൽ ദേഷ്യപ്പെട്ടും എല്ലാവരുടെയും
മനസ്സുകളിൽ സ്ഥാനംപിടിച്ച തോണിക്കാരൻ അന്ത്രുക്കയുടെ ഉറക്കെയുള്ള ചൂളംവിളി
കടവുകടന്ന് സ്കൂൾവരെ കേൾക്കാമായിരുന്നു. സ്കൂൾ വിടുന്ന സമയമായാൽ അന്ത്രുക്ക
കരയിലെത്തും. കടവിനോട് ചേർന്ന് പുഴയിലേക്കു ചാഞ്ഞുകിടക്കുന്ന മരച്ചുവട്ടിൽ
വന്നുനിൽക്കും. കുട്ടികളെ വരിയായിനിർത്തി തോണിയിൽ കയറ്റണമെന്ന് അന്ത്രുക്കാക്ക്
നിർബന്ധമായിരുന്നു. ചെറിയ കുട്ടികൾക്കാണ് മുൻനിരയിൽ സ്ഥാനം. അന്ത്രുക്കയുടെ
നിബന്ധനകളെല്ലാം നന്നായറിയാവുന്ന കുട്ടികൾ ഈപതിവൊട്ടും തെറ്റിക്കാറുമില്ല. സ്കൂൾ
കുട്ടികളേയെല്ലാം അക്കരെയെത്തിച്ചതിന് ശേഷമേ മുതിർന്നവരെയും മറ്റു ജോലികഴിഞ്ഞു
മടങ്ങുന്നവരേയുമെല്ലാം എടുക്കറ്ഉള്ളൂ. അതിലാർക്കും പരാതിയുണ്ടായിരുന്നില്ല.
എല്ലാവരും അവരവരുടെ ഊഴവുംകാത്ത് കടവിൽ കാത്തുനിൽക്കും. കുട്ടികളെ നിയന്ത്രിക്കാൻ
അധ്യാപകരിൽ ആരോടെങ്കിലും തോണിയിൽ കയറാൻ അന്ത്രുക്ക പറയാറുണ്ടായിരുന്നു. കുട്ടികൾ
തോണിയിലേക്ക് എടുത്തു ചാടുമ്പോൾ തുടങ്ങുന്ന കുക്കിവിളിയും പാട്ടുമെല്ലാം
അക്കരെയെത്തുംവരെ തുടരും. അതിനയാൾക്ക് എതിർപ്പൊന്നുമുണ്ടായിരുന്നില്ല.
മാത്രവുമല്ല ചിലപ്പോഴെല്ലാം നാടൻപാട്ടുമായി അന്ത്രുക്ക അവരോടൊപ്പം
കൂടുകയുംചെയ്യും.
അന്നൊരു വൈകുന്നേരം.
കർക്കടകമാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച. പതിവുപോലെ കുട്ടികളെല്ലാം കടവിൽ ആർപ്പും
വിളിയുമായെത്തി. ഇനിയുള്ളത് രണ്ട് അവധി ദിനങ്ങൾ. അതിന്റെ സന്തോഷം എല്ലാവരുടെ
മുഖത്തും പ്രകടമാണ്. അന്ത്രുക്ക അന്ന് പതിവിലും വൈകിയാണ് തോണിയടുപ്പിച്ചത്.
കടവിലെത്തിയപാടെ കുട്ടികൾ കൂക്കിവിളിച്ച് തോണിയിലേക്കെടുത്തുചാടി. സമയം
വൈകിയതുകാരണം കുട്ടികളെ യാത്രയയച്ച് ഞങ്ങൾ കടവിൽ അടുത്ത ഊഴവും കാത്തുനിന്നു.
പകുതിയിലേറെ കുട്ടികളെയും വഹിച്ച് തോണി കടവുവിട്ടു. തോണി പുഴയുടെ പകുതി
പിന്നിടുമ്പോഴും കുട്ടികളുടെ ആർപ്പു വിളികൾ ഞങ്ങൾക്ക് കേൾക്കാമായിരുന്നു.
അൽപ്പംകഴിഞ്ഞ് കരയിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടികളിലാരൊ
വിളിച്ചുപറയുന്നത്കേട്ടു:
സാർ.. തോണി..!
പുഴയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ തോണി
ഒരുഭാഗത്തേക്ക് ചരിയുന്നു. തോണിയിൽനിന്ന് കുട്ടികളുടെ കൂട്ടക്കരിച്ചിൽ ഉയർന്നു. കൈയിലുണ്ടായിരുന്ന
ബാഗ് പടവിലേക്കെറിഞ്ഞു ഞാൻ പുഴയിലേക്കെടുത്തു ചാടി. പൊടുന്നനെ തോണി തലകീഴായി
മറിയുന്നത് കണ്ടു. എന്റെ കൈകാലുകൾ തളരാൻ തുടങ്ങി. ശരീരത്തിന് ഭാരം കൂടുന്നത്
പോലെ. ധൈര്യം സംഭരിച്ചു വീണ്ടും മുന്നോട്ടുകുതിച്ചു. മുന്നിൽ മരണ വെപ്പ്രാളത്തിൽ
താഴ്ന്നുപൊങ്ങുന്ന കുട്ടികൾ. ഈരണ്ടുപേരായി ആറോളംപേരെ കരക്കെത്തിച്ചുകാണും.
പിന്നെയൊന്നും ഓർമ്മയില്ല. മെഡിക്കൽ കോളേജിലെ തീവ്വ്രപരിചരണ വിഭാഗത്തിൽ
കിടക്കുമ്പോഴാണ് ബോധം തെളിയുന്നത്. ഉറക്കത്തിലെന്നപോലെ ഞെട്ടിയുണർന്നു.
നിലയില്ലാവെള്ളത്തിൽ മുങ്ങിത്താഴുന്ന പ്രിയപ്പെട്ട കുട്ടികളുടെ ചിത്രമായിരുന്നു
അപ്പോഴും മനസ്സുനിറയെ. തോണിയിലുണ്ടായിരുന്ന 19 പേരിൽ ഏഴുകുട്ടികൾ പുഴയുടെ
ആയങ്ങളിലേക്ക് ഊളിയിട്ട് എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു. എട്ടാം
ക്ളാസ്സിൽ പഠിക്കുന്ന ശാഹിദിന്റെ മൃതദേഹമൊഴികെ മറ്റെല്ലാ കുട്ടികളുടെയും
മൃതദേഹങ്ങൾ കണ്ടെടുത്തു. ശാഹിദ്,
അവനൊരു
ഉത്സാഹിയായ കുട്ടിയായിരുന്നു. നന്നായി പഠിക്കുന്നവൻ. നല്ലൊരു പാട്ടുകാരനും.
പാഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമെല്ലാം മുന്നിൽ. ഞങ്ങൾ അധ്യാപകർക്കെല്ലാം
ഇഷ്ടമുള്ളകുട്ടി. പിന്നീടൊരിക്കലും അവൻ തിരിച്ചുവന്നിട്ടില്ല. മരണത്തിലേക്കും അവൻ
മുന്നേനടന്നിരിക്കുന്നു. ദിവസങ്ങളോളം തിരച്ചിൽ നടത്തി. ഫലമൊന്നമുണ്ടായില്ല. അന്ത്രുക്ക
സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഉച്ചത്തിലുള്ള ചൂളംവിളിയുമായി പിന്നീടൊരിക്കലും
അയാൾ കടവിലേക്ക് തോണിയടുപ്പിച്ചില്ല. തോണിയും തുഴയുമില്ലാത്ത ലോകത്തേക്കയാൾ
യാത്രയായിരിക്കുന്നു. ഈ കടവിൽ പിന്നെയാരും തോണിയറക്കിയിട്ടുമില്ല. കയറാൻ
കുട്ടികളും വന്നിട്ടില്ല.
ഞാൻ കടവിനോടുചേർന്ന മരത്തിൽ ചാരിയിയിരുന്നു.
മരത്തിന്റെ വടക്കുഭാഗത്ത് അന്ത്രുക്കയുടെ പഴയ തോണി കിടപ്പുണ്ട്. നിഷ്കളങ്കമായ
ഒത്തിരി ജീവനുകൾ അപഹരിച്ച ദുഖഭാരവുമേന്തി അത് കമിഴ്ന്നുകിടപ്പാണ്. തന്നെ
അളവറ്റുസ്നേഹിച്ച തോണിക്കാരനേയും പുലർക്കാലവും സന്ധ്യാവേളകളുമെല്ലാം തനിക്ക്
ഉഷിരുപകർന്ന കുട്ടികളെയുമോർത്ത് അതുവിലപിക്കുന്നുണ്ടാവും. ഞാൻ അലക്ഷ്യമായി പുഴയിലേക്ക്
നോക്കിയിരുന്നു. മഴ കനത്തു പെയ്യാൻതുടങ്ങി. ശക്തമായി പതിക്കുന്ന മഴതുള്ളികൾ
ജലപ്പരപ്പിൽ ഉയരത്തിലുള്ള കുമിളകൾ തീർത്തു. ആകാശം
കറുത്തിരുണ്ടു. ഇടക്കിടെ അട്ടഹാസത്തോടെ ഇടിമിന്നലും. ജലപ്പരപ്പ്
നെടുകെപിളർന്ന് പുഴയുടെ അടിയോളം അതിന്റെ പ്രകാശമെത്തി. ശാഹിദ്, അവനിപ്പോഴും പുഴയുടെ കുത്തൊഴുക്കിൽ
അലയുന്നുണ്ടാകുമോ?. എന്റെ
ഹൃദയമിടിപ്പിന്റെ വേഗതകൂടി. പുഴയും ഓരവും മരങ്ങളുമെല്ലാം കുളിർക്കാറ്റേറ്റു
ഈറനണിയുമ്പോഴും എന്റെയുള്ളം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴൊ
ശക്തികുറഞ്ഞ മഴ വീണ്ടും തിമർത്തുപെയ്തു. മഴയിൽ നനഞ്ഞുകുതിർന്ന്
എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു.
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
ആദരാഞ്ജലികളോടെ
ReplyDelete