വിഷയം എയര്‍ഇന്ത്യയെക്കുറിച്ചുതന്നെ. കേട്ടുതഴമ്പിച്ചതാണെങ്കിലും പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. നാട്ടിലേക്ക് പോകാന്‍ മൂന്നാലുദിവസം എയര്‍പ്പോട്ടില്‍ കാത്തുകെട്ടി കിടക്കേണ്ടിവരുന്ന മലയാളികള്‍ക്കുണ്ടായേക്കാവുന്ന സ്വാഭാവികസങ്കടം. മറ്റു വിമാനക്കമ്പനികളുണ്ടായിട്ടും സ്വന്തം (രാജ്യത്തിന്റെ) വിമാനത്തില്‍ നാട്ടിലേക്കു പറക്കാമെന്ന്കരുതി 'അഭിമാനത്തോടെ' ടിക്കറ്റെടുക്കുന്നവര്‍ക്ക്, പ്രത്യുപകാരമായി ഇത്രയൊക്കെയല്ലാതെ എന്താ ചെയ്യാന്‍കഴിയുക? അല്ലെങ്കിലും അതിനെല്ലാം എയര്‍ഇന്ത്യ അധിക്ര്തരേയും ജീവനക്കാരെയും കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? ബാഗേജിനൊപ്പം ഒരു ബ്ളാങ്കറ്റും തലയണയും കയ്യില്‍കരുതാത്തത് എയര്‍ഇന്ത്യയുടെ കുറ്റമാണൊ? ഇതൊക്കെ മുന്‍കൂട്ടികരുതിയവര്‍ക്ക് പേടകമിറങ്ങിവരുന്നതുവരെ എവിടെങ്കിലുംകിടന്ന് ഒന്നുമയങ്ങാം. വല്ലപൊതിച്ചോറൊ റൊട്ടിക്കഷ്ണമൊ കയ്യില്‍കരുതിയാല്‍ വയറുകായാതെ രക്ഷപ്പെടുകയുമാവാം. കുട്ട്യോളും കെട്ട്യോളും കൂടെയുണ്ടെങ്കില്‍ ഒന്നുകൂടി ഒരുങ്ങി പുറപ്പെടണമെന്നുമാത്രം. വല്ല പാല്‍പൊടിയൊ ബിസ്ക്കറ്റൊ കൂടെകൊണ്ടുപോയാല്‍ കുട്ടികള്‍ കരഞ്ഞു ശല്യപ്പെടുത്തുന്നതൊഴിവാക്കാം. അത്രതന്നെ. ഒന്ന് രണ്ട് ദിവസം വാടകകൊടുക്കാതെ സുഖായിട്ടങ്ങനെ കഴിഞ്ഞുകൂടാം. ഇനി സമയത്തെങ്ങാനും വിമാനം നിലംവിട്ടുപൊന്തിയാലൊ? ലക്ഷ്യത്തിലെത്തുന്നതുവരെ കിടുകിടാന്ന് നെഞ്ചിടിപ്പ്. നാട്ടിലെ പഴയ 'ആനവണ്ടി'യുടെ പിന്‍സീറ്റിലിരിക്കുന്ന അനുഭവം. "നാട്ടിലെ റോഡുകളെപോലെ 'കുണ്ടും കുഴിയും' നിറഞ്ഞതാണൊ ഈആകാശപാതയും?" എന്ന് വല്ല പ്രായമായ ഹാജിയും ചോദിച്ചാല്‍ അയാളെ നമുക്ക് കുറ്റംപ്പറയാനാവില്ലല്ലൊ..
യാത്രക്കാരില്‍ രോഗികളും അടിയന്തിരഘട്ടങ്ങളില്‍ നാട്ടില്‍പോകുന്നവരുമൊക്കെയുണ്ടാവും. അതൊന്നും നമ്മുടെ വിമാനക്കമ്പനിക്ക് 'പുത്തരിയല്ല'. സ്വന്തക്കാരുടെയും കൂടെപ്പിറപ്പുകളുടേയും വിയോഗമറിഞ്ഞ് അവസാനമായി ഒരുനോക്ക്കാണാന്‍ സ്പോണ്‍സറുടെയും കമ്പനിമാനേജര്‍മാരുടെയും അടിയുംകാലുംപിടിച്ച് റീഎന്‍ട്രി തരപ്പെടുത്തി എയര്‍പ്പോട്ടിലെത്തുമ്പോഴായിരിക്കും വിമാനത്തിന് 'യന്ത്രത്തകരാറ്'. അല്ലെങ്കില്‍ പൈലറ്റിന് വയറിളക്കം. നീണ്ടകാത്തുനില്‍പ്പിനൊടുവില്‍ മരണപ്പെട്ടവരെ സംസ്കരിച്ച് ഏഴുംപതിനാലുമൊക്കെ കഴിഞ്ഞാലും ഉറ്റവര്‍ക്ക് എയര്‍പ്പോര്‍ട്ടിലിരുന്ന് മനമുരുകികഴിയാനാണ് യോഗം. അത്രതന്നെ. മറ്റാവശ്യങ്ങള്ക്ക് പോകുന്നവരുടെ കാര്യമൊന്നും പറയേണ്ടതില്ലല്ലൊ? സ്വന്തം വിവാഹത്തിന് തീയതികുറിച്ച് പോകുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലിരുന്ന് എസ്.എം.എസ് ലൂടെ അതങ്ങ് നടത്തിക്കളയാം. സ്വന്തംപിതാവൊ സഹോദരനൊ വരുന്നതറിഞ്ഞ് വീട്ടിലേക്ക്കൂട്ടിക്കൊണ്ടുപോകാന്‍ എയര്‍പ്പോര്‍ട്ടില്‍വന്ന് മാനത്തേക്ക് കണ്ണുംനട്ടിരിക്കുന്ന പിഞ്ചുപൈതങ്ങള്‍ക്ക് വല്ല ചോക്ളേറ്റും വാങ്ങിക്കൊടുത്ത് അനുനയിപ്പിച്ച് വീട്ടിലേക്ക്തന്നെ കൊണ്ടുപോകാം. അല്ലാതെ 'യന്ത്രത്തകരാറെന്ന' കുന്ത്രാണ്ടമൊന്നും അവരോടു പറഞ്ഞിട്ട് കാര്യമില്ലല്ലൊ?
ഇനിയല്‍പ്പം കാര്യത്തിലേക്ക് കടക്കാം
ഗള്‍ഫ് സെക്ടറിന് പ്രത്യേകപരിഗണന നല്‍കിയുള്ള പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് എയര്‍ഇന്ത്യയുടെ ഡയറക്ടര്‍ബോഡ് മാസങ്ങള്‍ക്ക്മുമ്പ് ചേര്‍ന്നു. നാമെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു.പുതിയ ഡയറക്ടര്‍ ബോഡംഗവും പ്രവാസിവ്യവസായിയുമായ എം.എ യൂസഫലിയുടെ നിര്‍ദ്ധേശപ്രകാരം സുപ്രധാനവിഷയങ്ങള്‍ ഡയറക്ടര്‍ബോഡ് ചര്‍ച്ചക്കെടുക്കുകയും ഗള്‍ഫുമേഖലയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷനല്‍കുന്ന തീരുമാനം കൈകൊള്ളുകയും ചെയ്തു. ഗള്‍ഫ്സെക്ടറില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാനും പഴക്കംചെന്ന വിമാനങ്ങള്‍മാറ്റി പുതിയവിമാനങ്ങള്‍ അനുവദിക്കാനും, യന്ത്രത്തകരാറൊ മറ്റുകാരണങ്ങളാലൊ വിമാനം വൈകുന്ന സാഹചര്യമൊഴിവാക്കാനായി പ്രത്യേക കരുതല്‍വിമാനം അനുവദിക്കാനും ഡയറക്ടര്‍ബോഡ് തീരുമാനിക്കുകയുണ്ടായി. വര്‍ഷങ്ങളായി എയര്‍ഇന്ത്യയുടെ ചിറ്റമ്മാനയംകൊണ്ട് പൊറുതിമുട്ടിയിരുന്ന ഗള്‍ഫ്മേഖലയിലെ പ്രവാസികള്‍ ഒരുപാട് സന്തോഷിച്ചുപോയി. പക്ഷെ അതെല്ലാം അന്ന്കഴിഞ്ഞു. ഗള്‍ഫ്മലയാളികള്‍ക്ക് ഇപ്പോഴും എയര്‍ ഇന്ത്യയുടെ ആട്ടുംതുപ്പുംതന്നെ മിച്ചം. ഡയറക്ടര്‍ബോഡ് തീരുമാനം 'തീരുമാനമായി' തന്നെ കിടക്കുന്നു.
വിമാനക്കമ്പനിക്ക് ഏറ്റവുമധികം അറ്റാദായമുണ്ടാക്കിക്കൊടുക്കുന്ന ഗള്‍ഫ് മേഖലയെ എയര്‍ഇന്ത്യ എക്കാലവും വിവേചനപരമായി മാത്രമെ കണ്ടിരുന്നുള്ളൂ. ഡയറക്ടര്‍ബോഡ് മുതല്‍ യാത്രക്കാര്‍ക്ക് നേരിട്ടിടപഴകേണ്ടിവരുന്ന എയര്‍പ്പോട്ട് ജീവനക്കാര്‍വരെ ഇത്തരം സമീപനങ്ങളാണ് ഗള്‍ഫ് മേഖലയിലെ യാത്രക്കാരോട് സ്വീകരിച്ചുപോരുന്നത്. മേഖലയിലെ ചെറിയശമ്പളക്കാരും കുറഞ്ഞ വരുമാനക്കാരുമായ ആളുകളാണ് ഇത്തരം നീതിനിഷേധങ്ങളില്‍ ഏറെ ബുദ്ധിമുട്ടിയിരുന്നത്. രണ്ടൊമൂന്നൊ വര്‍ഷത്തിനുശേഷം ഉറ്റവരെകാണാന്‍ നാട്ടില്‍പോകുന്ന പ്രവാസികള്‍ക്ക് എയര്‍ഇന്ത്യ വലിയൊരു സാമ്പത്തികബാധ്യതയാണ് വരുത്തിയിരുന്നത്. പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ സ്റ്റോപ്പോവറില്ലാതെ പടിഞ്ഞാറോട്ടുപറക്കുന്ന യാത്രക്കാര്‍ക്ക് ഔദാര്യമായി നല്‍കിയിരുന്ന കുറഞ്ഞനിരക്ക് തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ വിമാനക്കമ്പനി ഗള്‍ഫ്മേഖലയിലെ യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു. പുതിയ വിമാനങ്ങളും ഒഴിഞ്ഞസീറ്റുകളും മുന്തിയ സേവനങ്ങളുമായി ന്യൂയോര്‍ക്കിലേക്കും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും എയര്‍ഇന്ത്യ നടത്തിയിരുന്ന ആഡംബരയാത്രകളുടെ വലിയ നഷ്ടങ്ങള്‍പോലും നികത്തിയിരുന്നത് ഗള്‍ഫ്സെക്ടറില്‍ നിന്നാണെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ഓപ്പണ്‍എയര്‍പോളീസിയും മറ്റുനയതന്ത്രനീക്കുപോക്കുകളുടെയും ഫലയമായി വിദേശവിമാനക്കമ്പനികള്‍ മാന്യമായ യാത്രാനിരക്കോടെ ഈ സെക്ടറുകളില്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയപ്പോഴാണ് നിരക്കില്‍ അല്‍പ്പമെങ്കിലും മാറ്റംവരുത്താന്‍ നമ്മുടെ വിമാനക്കമ്പനി തയ്യാറായത്. ഹൈസീസണ്‍ എന്നപേരില്‍ സീസണ്‍കൊള്ള ഇപ്പോഴും മുറക്ക് നടക്കുന്നു. ഇത്രയും വലിയസംഖ്യ ടിക്കറ്റിനു നല്‍കിയിട്ടും ഒരുതരം പുഛമനോഭാവത്തോടെയാണ് എയര്‍ഇന്ത്യ യാത്രക്കാരോട് പെരുമാറിപ്പോരുന്നത്. യുദ്ധത്തടവുകാരെ നാടുകടത്തുന്ന പ്രതീതിയാണ് പിറന്നമണ്ണിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് പലപ്പോഴും എയര്‍ഇന്ത്യ സമ്മാനിച്ചത്. പ്രത്യേകിച്ച് മലബാറില്‍നിന്നുള്ള യാത്രക്കാര്‍ വെറും മൂന്നാംകിട'ലേബര്‍'മാരാണെന്ന ധാരണയാണ് വിമാനാധിക്റ്തര്‍ക്കുള്ളത്. ഒരുമുന്നറിയിപ്പുമില്ലാതെ ഷെഡ്യൂള്‍ റദ്ദാക്കുന്നതടക്കം എയര്‍ഇന്ത്യയുടെ നിലപാടുകള്‍ പലപ്പോഴും ജനവികാരമിളക്കിവിടാന്‍ കാരണമായിട്ടുണ്ട്. മംഗലാപുരം വിമാനാപകടത്തില്‍പെട്ടവരുടെ ബന്ധുക്കളോട് എയര്‍ഇന്ത്യ കാണിച്ച ക്രൂരത നാമാരും മറന്നിട്ടില്ല.
രാജ്യത്തിന്റെ മൊത്തം സമ്പത്തികവളര്‍ച്ചയില്‍ ഗണ്യമായ പങ്കാണ് വിദേശ ഇന്ത്യക്കാര്‍ക്കുള്ളത്. എന്നാല്‍ ഈപരിഗണനയൊന്നും ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നില്ല. മനസ്സറിഞ്ഞൊരു നന്ദിവാക്കെങ്കിലും കേള്‍ക്കാന്‍ ഇക്കൂട്ടര്‍ കാതോര്‍ത്തിരിക്കുകയാണ്. ഒരു വലിയസംഖ്യ വിസക്ക്നല്‍കി, തൊഴിലുടമയുടെ പീഡനങ്ങളും ഇവിടുത്തെ അസഹനീയമായ കാലാവസ്ഥയും സഹിച്ച് അതിലെല്ലാമുപരി പിറന്നനാടും കുടുംബവുംവിട്ട് മരൂഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍, സ്വന്തം കുടുംബത്തിന്റെ പട്ടിണിമാറ്റുക മാത്രമല്ല ചെയ്തത്. നമ്മുടെയൊക്കെ ഗ്രാമങ്ങളുടെ മുഖഛായതന്നെ മാറ്റിമറിച്ചു. രാജ്യത്തിന്റെ ഉല്‍പ്പാദന വളര്‍ച്ചാപ്രക്രിയയില്‍ മുഖ്യമായ പങ്കുവഹിച്ചു. ആര്‍ഭാടവും ആടംബരവും കൊതിച്ചുവന്നവരല്ല ഇതിലധികവും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി വന്നവര്‍. രോഗംമൂലമൊ മറ്റെന്തങ്കിലും കാരണംകൊണ്ടൊ ഇവിടംവിട്ടു പോവേണ്ടിവന്നാല്‍ നാട്ടില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കാന്‍ കഴിയുമോയെന്നുചോദിച്ചാല്‍ 95ശതമാനം ആളുകളുടെയും മറുപടി 'ഇല്ല' എന്നതാണു യഥാര്‍ത്ഥ്യം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസികള്‍ നീതിനിഷേധത്തിന്റെ അവസ്ഥയില്‍നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല. പ്രവാസ ജീവിതത്തില്‍ ആകെ സന്തോഷംനല്‍കുന്ന കാര്യമാണ് രണ്ടൊമൂന്നൊ വര്‍ഷം കൂടുമ്പോള്‍ പിറന്നമണ്ണിലേക്കുള്ളയാത്ര. സ്വന്തം കുടുംബത്തെയും കൂടെപ്പിറപ്പുകളെയും കാണാനുള്ള യാത്ര. ഈ യാത്രയിലെങ്കിലുമുള്ള സന്തോഷം കെടുത്തിക്കളയുന്ന സമീപനങ്ങളാണ് നമ്മുടെ വിമാനക്കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഇതുവരെയുമുണ്ടായിട്ടുള്ളുത്.
ലാഭകരമാക്കാന്‍ ഒട്ടേറെ അനകൂലഘടകങ്ങളും സാഹചര്യങ്ങളുമുണ്ടായിട്ടും എയര്‍ഇന്ത്യക്ക് നഷ്ടക്കണക്കുകള്‍ മാത്രമാണ് നിരത്താനുള്ളത്. ഉദ്ധ്യോഗസ്ഥരുടെ അനാസ്ഥയും, വിമാനക്കമ്പനിയില്‍ പിടിമുറുക്കിയ ലോബിയുടെ ഇടപെടലുമാണ് എയര്‍ഇന്ത്യയെ ഈ അവസ്ഥയില്‍തന്നെ നിലനിര്‍ത്തുന്നത്. കുറഞ്ഞചാര്‍ജും കുഴപ്പമില്ലാത്ത സര്‍വ്വീസുമായി ബജറ്റ് വിമാനങ്ങള്‍ വിശ്രമമില്ലാതെപറന്ന് കൂടുതല്‍ലാഭം കൊയ്തപ്പോഴും, കഴുകക്കണ്ണുകളുമായി ഗള്‍ഫ് മലയാളികളെ 'വരിഞ്ഞുമുറുക്കാന്‍' തക്കംപാത്തിരിക്കുകയായിരുന്നു നമ്മുടെ വിമാനക്കമ്പനി.
നമുക്കിനിയും പ്രത്യാശ കൈവിടാതെ കാത്തിരിക്കാം നമ്മുടെ വിമാനക്കമ്പനി നേരെയാവുന്നതും കാത്ത്.
മുഹമ്മദ് കുഞ്ഞി വണ്ടൂര്‍
സമയമുണ്ടെങ്കില്‍ എന്തെങ്കിലുമൊക്കെ അഭിപ്രായം എഴുതൂ !
muhammed kunhi wandoor |
കുഞ്ഞി: എയര്‍ ഇന്ത്യ എന്ന പേടകത്തെ നന്നാക്കാന്‍ ദൈവം ഇറങ്ങി വരേണ്ടി വരും.
ReplyDeleteഎഴുതിയ കാര്യങ്ങളെല്ലാം തികച്ചും ശരിയാകുന്നു. ഗള്‍ഫുകാരെ എന്നും ഒരു കറവ പശുക്കള്‍ എന്ന രീതിയിലാ കാണുന്നത്. വൈകി പറക്കലും ഷെഡ്യൂള്‍ തെറ്റലും തെറ്റിക്കാത എയര്‍ ഇന്ത്യ അടുത്ത കാലത്ത് അല്‍പ്പമൊക്കെ ഷെഡ്യൂള്‍ കീപ് ചെയാന്‍ ശ്രമിക്കുന്നു എന്ന് തോന്നുന്നു. മുന്നറിയിപ്പില്ലാത്ത കാന്സലെഷന്‍ ഉണ്ടെങ്കിലും. നന്നാകാന്‍ പ്രാര്‍ഥിക്കുക. അതെ വഴിയോള്ളൂ..
പുതുവത്സരാശംസകളോടെ..
നമുക്കിനിയും പ്രത്യാശ കൈവിടാതെ കാത്തിരിക്കാം നമ്മുടെ വിമാനക്കമ്പനി നേരെയാവുന്നതും കാത്ത്.....
ReplyDeleteപിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ ??
എന്നാ നമ്മുടെ വിമാനക്കമ്പനി നേരെയാകുക? ആരാണതിനു മുന്‍കയ്യെടുക്കുക?
ReplyDeleteഞാന്‍ ഇത് വരെ എയര്‍ ഇന്ത്യ യില്‍ കയരിയിട്റ്റ് ഇല്ല
ReplyDeleteഎനിക്ക് കയറാന്‍ ഉദ്ടെസവും ഇല്ല എന്റെ സമരം വിജയികട്ടെ
evidunnu nerayavan....
ReplyDeleteനമ്മളൊക്കെ ജിദ്ദക്കാരായതിനാല്‍ എന്‍റെ ഒപ്പും കിടക്കെട്ടെ..
ReplyDeleteപക്ഷെ ഇവരെ നന്നാക്കാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗം "സൗദിയ" വഴി പോവുക എന്നതാണ്. നല്ല വിമാനം, നല്ല സര്‍വീസ്. ഇവര്‍ നമ്മുടെ കാല്‍ പിടിക്കുമ്പോള്‍ വീണ്ടും പരിഗണിക്കാ... എന്‍റെ ഒരു പാട് കൂട്ടുകാരെ ഞാന്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
ബ്ലോഗിന് ആശംസകള്‍ നേരുന്നു. അവിടേക്കും ഒന്ന് വാ...!
: )
ReplyDeleteair india യുടെ താന്തോന്നിതവും ഉധ്യോഗസ്ത ദുഷ്പ്രവണതയും കൂടുന്നതല്ലാതെ കുറയുന്നില്ല... എന്നതൊരു യാതാര്‍ത്യം മാത്രമാണ്.
ReplyDeleteശെരിയാണ് ഇക്കാ , ഈ എയര്‍ ഇന്ത്യയുടെ കാര്യം വെറും പോക്കാ ..
ReplyDeleteഎയര്‍ ഇന്ത്യ യില്‍ യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. കണെക്ഷന്‍ ഫ്ലൈറ്റ് ആണെങ്കിലും ഇതുവരെ വന്നതും പോയത് വേറെ വിമാനങ്ങളില്‍ ... സമരമോ ബഹിഷ്കരണമോ ഒന്നും നമ്മുടെ ഈ ശകടത്തെ നേരെയാക്കാന്‍ മതിയാവില്ല. പടച്ചോന്‍ തന്നെ തീരുമാനിക്കേണ്ടി വരും
ReplyDeleteനന്നായി എഴുതി. ഭാവുകങ്ങള്‍ ..
21 വര്‍ഷപ്രവാസജീവിതത്തില്‍ ഒറ്റ തവണ മാത്രം എയര്‍ ഇന്ത്യ. അതും നല്ല അനുഭവമല്ല തന്നത്. അതോടെ നിര്‍ത്തി.
ReplyDeleteനായുടെ വാല് പന്തിരാണ്ട് കാലം കുഴലിലിട്ടാലും അത് വളഞ്ഞു തന്നെ ......
ReplyDeleteഅത് തന്നെയാണ് air india യുടെ അവസ്ഥയും ...
ദീപ്
അഴിമതിയും സ്വന്തം കാര്യം സിന്തബാതും കഴിഞ്ഞിട്ട് സമയം വേണ്ടേ നന്നാവാന്‍!!! airindia പോലുള്ള നമ്മുടെ കമ്പനികള്‍ക്ക്.........,അവതരണം നന്നായിട്ടുണ്ട്.
ReplyDeletenanavumennu pratheekshikkaam........
ReplyDeleteഞാന്‍ എയര്‍ ഇന്ത്യ വിമാനത്തെ എന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു പ്രവാസിയാണ്
ReplyDeleteവര്‍ഷങ്ങളായി ദുബൈയില്‍ ജീവിക്കുന്ന ഞാന്‍ ഒരിക്കല്‍ ബോംബെ വഴി ദുബായ് യിലേക്ക്
വരുമ്പോള്‍ ഉണ്ടായ ചെറിയ അനുഭവം ആകാം എന്നെ അതി പ്രേരിപ്പിച്ചത് വിമാനത്തില്‍
കഴിക്കാന്‍ തന്ന ഭക്ഷണത്തില്‍ ഒരു ഈച്ചയെ കിട്ടിയതാണ് സംഭവം അത് ജീവനക്കാരിയുടെ
ശ്രദ്ധയില്‍ പെടുതിയപോള്‍ ഇത്തിരി നീരസതോട് കൂടി ആണെങ്കിലും അവര്‍ അത് മാറ്റി
താന് അതിനു ശേഷം ഞാന്‍ ആ പേടകത്തില്‍ പോയിട്ടില്ല കൊഴികൊട്ടെക്ക് നേരിട്ട് പേടകം
പറക്കാന്‍ തുടങ്ങുന്നതിന്റെ മുന്‍പ് വേറെ ഏതെങ്കിലും പേടകത്തില്‍ ബോംബെ യില്‍ പോയി
അവിടെ നിന്ന് കൊഴികൊടോ കൊച്ചിയോ പോകുമായിരുന്നു നമ്മുടെ നാടിന്റെ പേടകം അല്ലെ
എന്ന് കരുതി നമ്മള്‍ അതില്‍ യാത്ര ചെയ്യുന്നതാണ് അവര്‍ക്ക് വളമാകുന്നത് അത് കൊണ്ട്
ബഹിസ്ക്കരണം തന്നെ യാണ് നല്ല മാര്‍ഗം
ഹസൈനാര്‍ വണ്ടൂര്‍