ഇളം ചൂടുള്ള മരുക്കാറ്റ് പൊടിപടലങ്ങളെ ഇളക്കി മറിച്ച് അന്തരീക്ഷത്തെ പൊടിമയമാക്കിയിരുന്നു. പുറത്തു കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾ ഇടക്കിടെ വാതിൽ തുറന്ന് അകത്ത് കയറുമ്പോൾ ചുടുകാറ്റ് പീടിക മുറിയുടെ ഉള്ളിലേക്ക് തള്ളിക്കയറി. വേനലവധി ആയതിനാൽ കുട്ടികളെല്ലാം കുറച്ച് നാൾ ഇവിടെ തന്നെ കാണും. അനുസരണയില്ലാത്ത കുട്ടികൾ. ഇതൊന്നും ശ്രദ്ധിക്കാതെ പീടികയുടെ മൂലയിലുള്ള ഫ്രീസറിൽ കുറെ നേരമായി കുത്തിയിരിക്കുകയാണ് ശാഫി. മുറിയിൽ പോയി ഭക്ഷണം കഴിക്കാൻ കാസിം ഇിടക്കിടെ പറയുന്നുണ്ട്. അപ്പോഴെല്ലാം അവൻ കാസിമിനെ ദയനീയി ഒന്ന് നോക്കും. ആ നോട്ടത്തിൽ വീണപോലെ കാസിം മൗനനിരതനാകും. മുമ്പൊക്കെ ഇക്കയുടെ നിഴൽ കണ്ടാൽ പേടിയായിരുന്നു. ഭയമൊ ബഹുമാനമൊ എന്തെന്നറിയില്ല. ഒരു നോട്ടംമതി. അതിലെല്ലാം അടങ്ങിയിരിക്കും. ഇപ്പോൾ കാസിമിനും മിണ്ടാട്ടമില്ല.
ശാഫി നാട്ടിൽനിന്നും വന്നിട്ട് ഇന്നേക്ക് കഷ്ടിച്ച് ഒന്നര മാസമേ ആയുള്ളൂ. അവനെകൂടി ഈ മരുഭൂമിയിലേക്ക് കൊണ്ട് വരേണ്ടെന്ന് കരുതിയതാണ്. പക്ഷെ ഒരു നിയോഗം പോലെ അവനും ഇവിടെയെത്തി. ഉപ്പയും ഒരായുസിന്റെ പകുതിയും ഈ മരുഭൂമിയിൽ പാഴാക്കിയാതാണ്. കാസിമും പത്തിരുപത് കൊല്ലമായല്ലൊ ഇങ്ങോട്ട് വരാൻ തുടങ്ങിയിട്ട്. അതും നാട്ടുകാരൊ പരിചയക്കാരൊ ഇല്ലാത്ത ഈ ഉൾ പ്രദേശത്ത്. പുല്ലുവെട്ടുന്ന കുറച്ച് ബംഗാളികളും പച്ചക്കറി തോട്ടങ്ങളിൽ പണിയെടുക്കുന്ന പാക്കിസ്ഥാനികളും വീട്ടു ജോലിക്കാരായ കുറച്ച് ഇന്ത്യക്കാരും പിന്നെ ആട്ടിടയൻമാരായ ചില ഈജിപ്തുകാരും കർഷകരായ കുറച്ച് വധുക്കളുമാണ് ഇവിടെ ആകെക്കൂടി ഉള്ളത്.
പുറത്തെ കോലാഹലവും കുട്ടികളുടെ ആർപ്പ് വിളികളുമൊന്നും ശാഫി ശ്രദ്ധിക്കുന്നില്ല. ഇവിടെ വന്നത് മുതൽ അവൻ ഇങ്ങനെയാണ്. കളിയും ചിരിയുമില്ല. മിണ്ടാട്ടം പോലുമില്ല. ഒരേ ഇരിപ്പ്. അവന്റെ കണ്ണുകൾക്ക് ഇപ്പോൾ പഴയ തിളക്കമില്ല. ഊണും ഉറക്കവുമില്ല. അവന്റെ മുഖത്ത് നോക്കുമ്പോഴെല്ലാം കാസിമിന്റെ നെഞ്ചിലെ തീ കനലുകളുടെ ഭാരം കൂടി കൂടി വന്നു.
ആറുമാസം മുമ്പ് എന്തൊരു ആഘോഷമായിരുന്നു. മനസിൽ താലോലിച്ച് നടന്ന ഒരുപാട് സ്വപ്നങ്ങൾക്ക് നിറം പകർന്ന ആനന്ദ മുഹൂർത്തം. ശാഫിയുടെ വിവാഹം. വീട്ടിലെ അവസാന വിവാഹ ചടങ്ങ്. ആഘോഷങ്ങളുടെ പൊടിപൊടിപ്പ്. മണവാട്ടിയായി എത്തിയത് അടുത്ത നാട്ടുകാരിയായ ഷിഫാന. ഉപ്പയുടെ പഴയ ഒരു സുഹൃത്തിന്റെ മകൾ. ഒരുമാസം സന്തോഷത്തിന്റെ രസത്തേരിലേറിയുള്ള യാത്ര. പെട്ടെന്നൊരു ദിവസം എല്ലാം കെട്ടടങ്ങുകയായിരുന്നു. ഒരു സന്ധ്യാ സമയം. അവൾക്കൊരു ദേഹാസ്വസ്ത്യം. കൈകാലുകൾക്ക് അസഹ്യമായ വേദന. അടുത്തുള്ള ഡോക്ടറെ കാണിച്ചു. ശമനമുണ്ടായില്ല. പിന്നീട് ആസ്പത്രികൾ തോറുമുള്ള അലച്ചിൽ. ഡോക്ടർമാർ വിദഗ്ദ്ധ ചികിൽസക്ക് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പിന്നീട് ഒരുപാട് ടെസ്റ്റുകൾ. പരിശോധനകൾക്ക് ഒടുവിൽ അവൾക്ക് ബ്ളഡ് കാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതി. കൈകാലുകൾ നിലം വിട്ട് അന്തരീക്ഷത്തിൽ പറന്നുയരുന്നത് പോലെ തോന്നിയ നിമിഷങ്ങൾ. അവസാനം മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ പ്രതീക്ഷയസ്തമിച്ച കണ്ണുകളുമായി കഴിഞ്ഞ് കൂടുന്ന കുറെ പേരിൽ ഒരാളായി അവളും ലയിച്ചു ചേർന്നു.
‘തുടങ്ങീട്ട് വർഷങ്ങളായി. എങ്കിലും നമുക്ക് ശ്രമിച്ചു നോക്കാം. ബാക്കിയെല്ലാം ദൈവനിശ്ചയം പോലെ വരും’
ഡോക്ടർ പറഞ്ഞു.
പിന്നീട് ഒരുപാട് കുത്തിവെപ്പുകൾ. നാലഞ്ച് തവണ രക്തം മാറ്റി. അവസാനം ഡോക്ടർ കൈ മലർത്തുകയായിരുന്നു. ‘നമ്മാൽ കഴിയുന്നതെല്ലാം ചെയ്തു. ഇനി ദൈവത്തോട് പ്രാർത്ഥിക്കാം’
മൂന്നുമാസം നിരന്തരം ടെസ്റ്റുകളും ട്രീറ്റുമെന്റുകളും നടത്തി. പക്ഷെ അവളിൽ പ്രതീക്ഷയുടെ നാമ്പുകൾ വളരെ ദൂരത്തായിരുന്നു. അവശയായുള്ള അവളുടെ കിടപ്പ് കാണുമ്പോൾ ഹൃദയം നുറുങ്ങും. വീര്യമുള്ള മരുന്നുകളും അസഹ്യമായ വേദനയും അവളെ കാർന്ന് തിന്ന് കൊണ്ടിരുന്നു. നീണ്ടു നിവർന്ന് മനോഹരമായിരുന്ന അവളുടെ മുടിയെല്ലാം കൊഴിഞ്ഞു. കണ്ണുകൾ രണ്ട് കുഴികൾക്ക് ഇടയിലായി. എല്ലും തൊലിയുമായി അവൾ ആസ്പത്രി കിടക്കയിൽ ജീവിതത്തേയും മരണത്തേയും മുഖാമുഖം കണ്ടു. ആസ്പത്രി കിടക്കക്ക് താഴെ ചുവന്ന് കലങ്ങിയ കണ്ണുകളുമായി ശാഫിയും കുത്തിയിരിന്നു. ആർക്കും ആരെയും ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.
പിന്നീട് ഒരു വൈകുന്നേര സമയം. ശാഫി മരുന്ന് വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. ഉപ്പയാണ് വിളിക്കുന്നത്. ഇടറിയ ശബ്ദത്താൽ ഉപ്പ പറഞ്ഞു:
‘ശാഫീ അവൾ നിന്നെ കാണണോന്നു പറേണുണ്ട്. നീ വേഗമിങ്ങോട്ട് വാ’
മരുന്ന് വാങ്ങാതെ അവൻ ആസ്പത്രി മുറിയിലേക്കു തിരിച്ചു. അവളുടെ കട്ടിലിന് അടുത്തേക്ക് ഓടിച്ചെന്നു. അവളുടെ കുഴിഞ്ഞ കണ്ണുകളിൽ നിന്നും ഒട്ടി ഉണങ്ങിയ കവിൾ തടത്തിലൂടെ കണ്ണുനീർ തുള്ളികൾ ഉറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. ശാഫി അവളുടെ കട്ടിലിൽ ഇരുന്നു. പതുക്കെ അവളുടെ മെലിഞ്ഞൊട്ടിയ കൈകളിൽ തടവി. എന്തൊക്കെയൊ പറയാൻ അവളുടെ വറ്റിവരണ്ട ചുണ്ടുകൾ പാട് പെടുന്നുണ്ടായിരുന്നു. വാക്കുകൾ പുറത്ത് വന്നില്ല. അല്പ്പനേരം ഒരേ കിടപ്പ്. പിന്നെ അസ്വസ്ഥമായ പോലെ. ഡോക്ടറെ വിളിപ്പിച്ചു. കൈതണ്ടയിൽ തൊട്ടു നോക്കി ഡോക്ടർ ഉപ്പയോട് പറഞ്ഞു.
‘എല്ലാം അവസാനിക്കാറായി. രക്ത പ്രവാഹം നിലച്ചിരിക്കുന്നു. ആവശ്യമായതെല്ലാം ചെയ്യുക’. പിന്നീട് രണ്ടുമൂന്ന് മിനിട്ട് കഴിഞ്ഞ് കാണും. അടഞ്ഞു കിടന്ന അവളുടെ കണ്ണുകൾ മലർക്കെ തുറന്നു. പതുക്കെ പതുക്കെ അത് അനന്തതയിലേക്ക് ആണ്ട് പോയി. ഒരു നേരിയ പിടച്ചിൽ. ഭൂലോകത്ത് അവൾക്ക് അവകാശപ്പെട്ട അവസാന ശ്വാസവും അവൾ വലിച്ചു തീർത്തു.
ഷിഫാനയുടെ വിയോഗം ശാഫിയെ ഭ്രാന്തനെ പോലെയാക്കി. രാത്രിയുടെ നിശബ്ദതയിൽ വീട്ടിൽനിന്നും ഇറങ്ങി നടക്കും. പള്ളിക്കാട്ടിലെ അവളുടെ ഖബറിടത്തിലേക്ക്. മണിക്കൂറുകൾ അവിടെ കുത്തിയിരിക്കും. പള്ളിയിലെ ഉസ്താദ് അടക്കം ഒരു പാട് ആളുകൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ആശ്വാസ വാക്കുകൾ അവനെ മാത്രം ഏശിയില്ല. ജീവിതത്തിന്റെ മധു വസന്തത്തിലേക്ക് വിരിഞ്ഞിറങ്ങും മുമ്പെ ഞെട്ടറ്റുവീണ ഒരു നൊമ്പരത്തിപ്പൂവായി അവൾ എപ്പോഴും അവന്റെ ഉള്ളിൽ കനലുകൾ കോരിയിട്ടു. പിന്നീട് ഊണും ഉറക്കവുമില്ലാത്ത രാപ്പകലുകൾ. ഈ അലച്ചിലിൽ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് ഉപ്പ തന്നെ താൽപ്പര്യമെടുത്ത് അവനെ ഈ മരുഭൂമിയിലേക്ക് കൊണ്ടുവന്നത്. പക്ഷെ ഇവിടെ വന്നപ്പോൾ കാര്യങ്ങളൾ ഇങ്ങനെ.
‘എനിക്ക് ഇവിടെ ഒരു സമാധാനോം ഇല്ല. നാട്ടിലാണെങ്കിൽ അവളുടെ ഖബറിടത്തിലെങ്കിലും പോകാമായിരുന്നു. ഇവിടെ വരുന്നതിന് മുമ്പ് അവളുടെ ഖബറിനടുത്ത് പോകാത്ത രാത്രികൾ ഉണ്ടായിട്ടില്ല’. ആശ്വസിപ്പിക്കാൻ ചെന്നവരോടുള്ള ശാഫിയുടെ മറുപടി ഇതായിരുന്നു. വാക്കുകൾ പുറത്തെടുക്കാൻ അവൻ നന്നെ പ്രയാസപ്പെട്ടു.
പിന്നിട് മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ. വൈകുന്നേരം അഞ്ചു മണിക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ടിക്കറ്റ്. കാസിമും സുഹൃത്തുമൊന്നിച്ച് എയർപോർട്ടിലേക്ക് പുറപ്പെട്ടു. റോഡിന് ഇരു വശങ്ങളിലുമുള്ള ചെറു മരങ്ങളെ പിന്നിലാക്കി കാറ് എയർപ്പോർട്ടിലേക്ക് കുതിച്ചു. നീണ്ട് പരന്ന് കിടക്കുന്ന മരുപ്പച്ചയിൽ ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും മേഞ്ഞു നടക്കുന്നുണ്ട്. പാതി തുറന്ന സൈഡ് വിൻഡൊയിലൂടെ ചൂടുള്ള കാറ്റ് കാറിനുള്ളിലേക്ക് ആഞ്ഞു വീശി. ഈ മണൽ കാടും മരുഭൂമിയും ഒരു സ്വപ്നമായിട്ട് പോലും ശാഫിയുടെ മനസിലേക്ക് കടന്നുവന്നില്ല. അവന്റെ മനസു നിറയെ നാട്ടിലെ പള്ളിക്കാടും അവളുടെ ഖബറിടവും മാത്രമായിരുന്നു.
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
muhammed kunhi wandoor |
ശാഫിയുടെ മനസ്സിലെ കനൽ എരിയുന്ന....നിഷ്ക്ക്ള ങ്കമായ സ്നേഹത്തിന്റെ..മൂർത്തിമ ഭാവം...മിസ്റ്റ് ർ ഖുഹി....ഇതു ഒരു അപൂർവ്വ സ്നേഹമാണു....ഓരു പക്ഷെ ഈ സ്നേഹ ചാപല്യത്തെ ...പുഛിച്ചു തള്ളാം.....എങ്കിലും....ഈ മനസിന്റെ...നിർമലത...എന്നല്ലാതെ എന്താണു പറയുക.....
ReplyDelete“പള്ളിക്കാടും...ഖ്ബറും....അവളുടെ ഓർമ്മകളും.പ്രനയം തളർത്തിയ്മനസിന്റെ...താളപ്പിഴകൾ...പരിശുക്തപ്രണയത്തിന്റെ....തീവൃത...”
വളരെ നന്നായ്രിക്കണു...ഖുഹി.....
കഥ പോലൊരു ജീവിതം
ReplyDeletewww.itsmeremya.blogspot.com
കമന്റ് കോളം അടച്ചിട്ടതായിരുന്നു. എന്റെ നല്ലവരായ സുഹൃത്തുക്കൾ സൂചിപ്പിച്ചപ്പോൾ തുറന്നു.....
ReplyDeleteവായിച്ചവർക്കും അഭിപ്പ്രായം മെസ്സേജായി അയച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി....
വിനീതൻ,
മുഹമ്മദ്കുഞ്ഞി വണ്ടൂർ
ഹൃദയത്തില്‍ കൊള്ളുന്ന രചന...
ReplyDeleteവല്ലാതെ സ്പര്‍ശിച്ച ഒരു കഥ... വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteവളരെ ഏറെ ഹൃദയ സ്പര്‍ശിയായ കഥ
ReplyDeleteTouching
ReplyDelete