Saturday, December 1, 2012

ഗൾഫ് സ്വപ്നങ്ങൾക്ക് നിറം മങ്ങുന്നുവൊ




സൗദി തൊഴിൽ മേഖലയിലെ സ്വദേശിവത്കരണവുമയി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണല്ലൊ.  എന്നാൽ 2011 മുതൽ തുടക്കം കുറിച്ച തൊഴിൽ നിയമത്തിന്റെ ചില നിർണ്ണായക ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നു മാത്രം. ഇതിന്റെ ഭാഗമായി തൊഴിൽ ‘തരം തിരിവ്‌‘ (നിതാഖാത്) എന്ന പ്രത്യേക തൊഴിൽ പരിഷ്കരണം ന്നുമുതൽ തന്നെ നടപ്പാക്കി തുടങ്ങിയതാണ്.  എന്നാൽ മുമ്പുള്ളതിനേക്കാൾ പ്രതിസന്ധികൾ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുണ്ടോ?ന്നിച്ചുള്ള ഒരു തിരിച്ചുവരവിന് ഇപ്പോൾ സാധ്യതയില്ലെങ്കിലും വരും നാളുകളിൽ കൊഴിഞ്ഞു പോകുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടാകും.  തൊഴിൽ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് സൗദി തൊഴിൽമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ്‌ പരിഷ്കരണം നടപ്പാക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർ തിരിച്ച് പോരേണ്ടി വരുമെന്നുറപ്പാണ്‌. സൗദിഅറേബ്യക്ക് പുറമെ മറ്റു ഗൾഫ്‌ രാജ്യങ്ങളിലും സ്വദേശിവത്കരണം ഊർജ്ജിതമായി നടപ്പാക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

   ഗൾഫ് രാജ്യങ്ങളിൽ ഉണ്ടായേക്കാവുന്ന കടുത്ത തൊഴിൽപ്രതിസന്ധി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായിതന്നെ ബാധിച്ചേക്കും. നിലവിൽ തൊഴിലില്ലായ്മ രൂക്ഷമായ കേരളീയ സാഹചര്യത്തിലേക്ക് പ്രവാസികളുടെ മടങ്ങിപ്പോക്ക് കൂടിയാകുമ്പോൾ സാമൂഹ്യരംഗത്ത് കൂടി അതിന്റെ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗദിയിൽ മാത്രം ഏകദേശം 20ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ അംഗസംഖ്യ കൂടി കണക്ക് കൂട്ടിയാൽ ഇതിന്റെ എത്രയൊ ഇരട്ടിയാകും. ഇതിൽ ചെറിയൊരു ശതമാനത്തിന്റെ മാത്രം തിരിച്ച് വരവുണ്ടായാൽ കൂടി തൊഴിൽ മേഖലയിൽ അത് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കും.

കേരളത്തിന്റെ വികസന പ്രക്രിയയിൽ വിദേശ മലയാളികളുടെ പങ്ക് കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഓരൊ പ്രവാസി മലയാളിയും നാട്ടിലേക്ക് അയക്കുന്ന പണം അവരുടേയും കുടുംബത്തിന്റേയും ജീവിത നിലവാരത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ തന്നെ സ്വാധീനിക്കുന്നുണ്ട്. എഴുപതുകൾക്ക് ശേഷം ഗൾഫടക്കം വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതുവഴി വിദേശ നാണ്യത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കും ഇല്ലായിരുന്നെങ്കിൽ, കേരളം കടുത്ത ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും അമരുമായിരുന്നു. തൊഴിൽ രഹിതരായ യുവതലമുറ വഴിതെറ്റി സഞ്ചരിക്കാൻ അത് നിമിത്തമാകുകയും, പഴയ നക്സലിസവും ഭീകരതയുമൊക്കെ ഇതിന്റെ അകമ്പടിയായി നമ്മുടെ സംസ്ഥാനത്ത് തഴച്ചു വളകുകയും ചെയ്യുമായിരുന്നു.

   വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത് പ്രവാസി മലയാളികളാണ്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന  പ്രക്രിയയിൽ വലിയ പങ്കാണ്‌ പ്രവാസികൾ വഹിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ ഫലങ്ങളാണുള്ളത്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല് പ്രവാസി മലയാളികളാണ്‌. ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും സമ്പന്നരായ വ്യവസായികളിൽ മാത്രം ഒതുങ്ങുന്നതല്ല. സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ പങ്കാളികളാണ്. രാപ്പകൽ ഭേദമന്യേ അന്യ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരാളും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ പൊതു വിപണിയിലാണ്‌. ചുരുക്കത്തിൽ നമ്മുടെ നാടിന്റെ വളർച്ചക്ക് ആക്കം കൂട്ടിയതും അവശ ഘട്ടങ്ങളിൽ താങ്ങായി നിന്നതും, സ്വന്തം നാടും വീടും വിട്ട് അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

   നിയമങ്ങളും വ്യവസ്ഥകളും അതാതു രാജ്യങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലും ജീവിതവും സാധ്യമാക്കാൻ വേണ്ടിയാണെന്ന യാഥാർത്ഥ്യം ഉൾകൊള്ളാൻ നാം തയ്യാറാകണം. എന്നാൽ ഈ ആശങ്കകളേയെല്ലാം ലാഘവത്തോടെ നോക്കികണ്ട് വലിയൊരു തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന് പകരം, കാര്യങ്ങളെ പോസറ്റീവായി ഉൾകൊള്ളുകയും പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ആർജ്ജിക്കുക്കയുമാണ് വേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും ഇക്കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ വലിയൊരു അരക്ഷിതാവസ്ഥക്ക് അത് വഴിതെളിയിക്കും. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന ഈ വിഭാഗത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. വിദേശ സാങ്കേതിക വിദ്യകളും ഭാഷകളും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക് സ്വന്തം നാടിന്റെ സാംസ്കാരികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയും എന്നത് ഇവരുടെ മാത്രം പ്രത്യേകതയാണ്. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.

   കേന്ദ്രത്തിൽ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. സാധാരണ പ്രവാസികൾക്ക് ഇതിന്റെ ഫലം എത്രത്തോളം പ്രാപ്യമാണെന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. 1996ൽ സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് സ്ഥാപിച്ച നോർക്കയുടെ (NORKA) പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാവരും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ കൈവശമുള്ളവരല്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്‌. ഇവർക്ക് കൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്. മധ്യമങ്ങൾക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയും. ഇന്ന് മലയാളികൾക്ക് മാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള സ്വയംതൊഴിൽ കണ്ടെത്തുന്നതിനൊ, സംരംഭങ്ങളിലേർപ്പെടുന്നതിനൊ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളെങ്കിലും നൽകാൻ ഇവർക്കാകും. മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമാകുന്ന മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്. നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങളും സ്വയംതൊഴിലും തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾ ലഭിക്കാനുമുള്ള കാലതാമസം ഒഴിവാക്കണം. 

   കേരളം ഇപ്പോൾ പുതിയ സംരംഭങ്ങൾക്ക് വളരേയേറെ വളക്കൂറുള്ള മണ്ണാണ്. വളർച്ചാ നിരക്കിൽ സംസ്ഥാനം വൻ മുന്നേറ്റമാണ്‌ കാഴ്ചവെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ദ തൊഴിലാളികളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു കൂട്ടായ ശ്രമവും സംവിധാനവും ഉണ്ടായാൽ വലിയൊരു സമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടൊപ്പം മടങ്ങിവരുന്നവരെ ഉപയോഗിച്ച് കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാക്കുകയും ചെയ്യാം. സർക്കാരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇപ്പോഴുള്ള മാധ്യമ ശ്രദ്ധയും സംസ്ഥാന-കേന്ദ്ര മന്ത്രി സഭകളുടേയും മറ്റു സംഘടനകളുടേയും ഇടപെടലുകളും ഗുണകരമായ രീതിയിൽ നിലനിൽക്കേണ്ടതുണ്ട്. മറിച്ച് പ്രവാസികളുടെ മടിശ്ശീലയിൽ മാത്രം കണ്ണും നട്ടിരുന്നാൽ തകർന്നടിയുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയായിരിക്കും.

 
muhammed kunhi wandoor
muhammed kunhi wandoor

No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...