കോഴിക്കോട് വിമാനത്താവളം അരനൂറ്റാണ്ടിനും മുമ്പുള്ള മലബാറുകാരുടെ സ്വപ്നമായിരുന്നു.
പഴയ തലമുറയിലെ പ്രവാസികൾ ഈ സ്വപ്നം നെഞ്ചിലേറ്റി നടന്നു. പ്രത്യേകിച്ച് മലപ്പുറം കോഴിക്കോട്,
വയനാട്, കണ്ണൂർ, കാസർഗോഡ്,
പാലക്കാട് തുടങ്ങി ഏഴു ജിൽകളിൽ നിന്നുള്ള പ്രവാസികൾ.
അവർ അനുഭവിച്ചിരുന്ന യാത്രാ ദുരിതം തന്നെയാണ് അതിന് പ്രധാന കാരണം. പ്രവാസ നൊമ്പരങ്ങൾക്കിടെ
രണ്ടൊ മൂന്നൊ വർഷം കൂടുംമ്പോൾ നാടണയാൻ അവർ അതുവരെ ആശ്രയിച്ചിരുന്നത് ബോംബെ വിമാനത്താവളത്തേയായിരുന്നു.
ബോബെ വഴിയുള്ള യാത്ര അത്യന്തം ദുരിതപൂർണ്ണമായിരുന്നെന്ന് പഴയകാല പ്രവാസികൾ സാക്ഷ്യപ്പെടുത്തന്നു.
കസ്റ്റംസിന് കാണിക്ക വെച്ചും കള്ളൻമാരുടേയും കൊള്ളക്കാരുടേയും കണ്ണുവെട്ടിച്ചും കഷ്ടിച്ചുവേണം
സ്വന്തം നാടുകളിലേക്ക് തിരിക്കാൻ. എയർപ്പോർട്ടിൽ വെച്ചും ബസിൽവെച്ചും ലഗേജും മറ്റും
നഷ്ടപ്പെടുന്നത് പതിവായിരുന്നു. പ്രവാസ വിരഹത്തിന് ഇടവേള നൽകി നാട്ടിലേക്ക് പുറപ്പെടുംമ്പോഴുള്ള
മുഴുവൻ സന്തോഷവും ഇല്ലാതാകുന്ന അനുഭവങ്ങളായിരുന്നു അതെല്ലാം.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 1988ൽ ആ സപ്നം യാഥാർത്ഥ്യമായി. കോഴിക്കോടിന്റെ മാനത്തും വിമാനം ചിറക് വിടർത്തി. വിമാനത്താവളം
യാഥാർത്ഥ്യമായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് ഗൾഫ് മലയാളികളായിരുന്നു. കരിപ്പൂരിൽ
വിമാനം ഇറങ്ങാൻ തുടങ്ങിയതുമുതൽ ഗൾഫ് നാടുകളിൽനിന്ന് മുംബൈ വഴി കോഴിക്കോട്ടേക്ക്
പറക്കാൻ സൗകര്യമൊരുങ്ങി. ഇത് ഈ സെക്ടറിലുള്ള യാത്രാ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കായി.
1992ൽ അന്താരാഷ്ട്ര സർവീസ് കൂടി
തുടങ്ങിയതോടെ അഞ്ചോ ആറൊ മണിക്കൂറുകൊണ്ട് നേരിട്ട് സ്വന്തം നാട്ടിൽ വന്ന് ഇറങ്ങാമെന്ന
അവസ്ഥയായി. തുടർന്ന് കേഴിക്കോടിന് വികസനങ്ങളുടെ
കാലഘട്ടമായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയിലും റൺവെ വിപുലീകരണം ഉൾപ്പെടേയുള്ള നിർമ്മാണ പ്രവർത്തികൾ നടന്നു. വലിയ
വിമാനങ്ങൾക്ക് വരെ സർവീസ് നടത്താൻ പാകത്തിൽ കരിപ്പൂരിന്റെ മണ്ണൊരുങ്ങി. ഇൻസ്ട്രുമെന്റൽ
ലാൻഡിംഗ്, നൈറ്റ് ലാൻഡിംഗ്
സംവിധാനങ്ങളും കോഴിക്കോടിനെ തേടിയെത്തി. അവസാനം വിപുലീകരണ പ്രവർത്തനങ്ങളുടെ ബാധ്യത
തീർത്തത് യൂസേർസ് ഫീ എന്ന പേരിൽ പ്രവാസികൾ നൽകിയ സംഭാവനകൾകൊണ്ടാണ്. തുടർന്ന് 2006ൽ അന്താരാഷ്ട്ര പദവി നൽകിയപ്പോൾ അത് കോഴിക്കോട്
വിമാനത്താവളത്തിന് ലഭിച്ച പൊൻതൂവലായിരുന്നു. തുടർന്ന് ഒട്ടേറെ വിദേശ വിമാന കമ്പനികൾ
ഗൾഫ് മേഖലയിൽ നിന്നും കോഴിക്കോട്ടേക്ക് പറക്കാൻ തയ്യാറായി. അത് ഈ മേഖലയിലുള്ള ലക്ഷക്കണക്കിന്
യാത്രക്കാർക്ക് സഹായകമായി. കാർഷിക,
വ്യാവസായ മേഖലകളിലും ഇതിന്റെ
പ്രതിഫലനങ്ങളുണ്ടായി.
മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് വെച്ച് ആകാശത്താളമുയരത്തിൽ പറക്കുന്നതിനിടക്കാണ് പൊടുന്നനെ കാര്യങ്ങൾ തകിടം
മറിയുന്നത്. മധുവിധു തീരും മുമ്പെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ച് എയർപോർട്ട് അഥോരിറ്റി
ഓഫ് ഇന്ത്യ യുടെ പ്രഖ്യാപനം വന്നു. റൺവേ വികസനത്തിന്റേയും റീകാർപ്പറ്റിങ്ങിന്റേയും
പേരിൽ വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള തീരുമാനം അറിയിച്ചു. പണി തുടങ്ങുന്നതിനും
ആറുമാസം മുമ്പ് വിമാനത്താവളത്തിന് ഭാഗികമായി താഴ് വീണു. ഇതിന് തെരഞ്ഞെടുത്ത സമയമാകട്ടെ
ഏറ്റവും തിരക്കുള്ള സീസണിൽ. മധ്യവേനൽ അവധിയും, ഹജ്ജും പെരുന്നാളും ഓണവുമെല്ലാം വരുന്നത് മുൻക്കരുതലായി അടച്ചിടുന്ന മെയ് മുതൽ ഒക്ടോബർ വരേയുള്ള
ഈ ആറുമാസത്തിനുള്ളിൽ. ഒരു സീസണിലെ വരുമാനം നഷ്ടമാവുക എന്നതിലപരി കോഴിക്കോടിന്റെ ഭാവി
തന്നെ അനിശ്ചിതത്തിലാക്കുന്ന ഒരു തീരുമാനമായിരുന്നു അത്. റൺവേ അറ്റകുറ്റ പണികൾക്കും
നവീകരണ പ്രവർത്തനങ്ങൾക്കും വിമാനത്താവളങ്ങളിൽ സമയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും
ഭാഗികമായി അടച്ചിടുന്നതുമെല്ലാം സാധരണമാണ്. പക്ഷെ കോഴിക്കോട് വിമാനത്താവളത്തിന്റെ
നവീകരണത്തിന് വേണ്ടി നീക്കിവെച്ചിരിക്കുന്നത് ദീർഘമായ കാലയളവാണ്. വളരെ തിരക്കും
യാത്രക്കാരുടെ ബാഹുല്ല്യവുമുള്ള വിമാനത്താവളങ്ങൾ വരെ റൺവേ വിപുലീകരണവും റീകാർപ്പറ്റിങ്ങും
ഉൾപ്പടേയുള്ളവ പൂർത്തീകരിച്ച് കുറഞ്ഞ ദിവസങ്ങളൊ ഏതാനും മാസങ്ങളൊ കൊണ്ട് സർവ്വീസ്
യോഗ്യമാക്കാറുണ്ട്. രണ്ട് വർഷം ദീർഘമായ കാലയളവാണെന്നിരിക്കെ അതിനു ശേഷമെങ്കിലും വിമാനത്താവളത്തെ
പൂർവ്വ സ്ഥിതിയിലെത്തിക്കാനും ജംബൊ വിമാനങ്ങളടക്കം വിദേശ സർവീസുകൾ പുനസ്ഥാപിക്കാനും
സാധ്യമാകുമൊ എന്നത് കണ്ടറിയേണ്ട കാര്യമാണ്. നിലവിൽ കാര്യങ്ങളുടെ ഗതി വിലയിരുത്തുമ്പോൾ
കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഡമായ നീക്കമാണ് നടക്കുന്നതെന്ന് ആരെങ്കിലും
സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ഇതിനിടെ നിലവിലെ മാനദണ്ഡങ്ങൾ പാലിച്ച് സർവീസ്
നടത്താൻ തയ്യാറായ ചില വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകാത്തത് പോലുള്ള കാര്യങ്ങൾ
ഈ സംശയം ബലപ്പെടുത്തുന്നു.
നിലവിൽ ഗൾഫ് നാടുകളിൽ നിന്ന് മലബാർ മേഖലയിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത്
മുംബൈ, കൊച്ചി വിമാനത്താവളങ്ങളേയാണ്.
അവിടെ നിന്നും സ്വന്തം നാടുകളിലേക്ക് തുടർന്ന് യാത്ര ചെയ്യാനുള്ള കാര്യക്ഷമമായ ഒരു
സംവിധാനവും നിലവിലില്ല. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് യാത്രക്കാരുള്ളത്
മലബാർ മേഖലയിൽ നിന്നാണ്. പ്രായധിക്യമുള്ള ഹജ്ജ് തീർത്ഥാടകർ വരെ രണ്ട് ദിവസം മുമ്പെ
കൊച്ചിയിലേക്ക് പുറപ്പെടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മതിയായ സൗകര്യങ്ങളോടെ കരിപ്പൂരിൽ
സ്ഥാപിച്ച ഹജ്ജ് ഹൗസ് ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ അവസ്ഥ നിലനിൽക്കുന്നത്.
വിദേശ വിമാനങ്ങളുടേത് ഉൾപ്പടെ സർവീസുകൾ കൂട്ടമായി റദ്ദാക്കിയതും ഹജ്ജ് യാത്രകൾ
പൂർണമായും കൊച്ചിയിലേക്ക് മാറ്റിയതും കോഴിക്കോട് വിമാനത്താവളത്തെ ഇപ്പോൾ ഭാഗികമായി
നിശ്ചലമാക്കിയിരിക്കുകയാണ്. മറ്റു സെക്ടറുകളിലേക്ക് റീ ഷെഡ്യൂൾ ചൈത വിദേശ വിമാനങ്ങൾ
നവീകരണം പൂർത്തിയായാലും ഇനി കോഴിക്കോട്ടേക്ക് തിരിച്ചു പറക്കുന്ന കാര്യം ഉറപ്പ് പറയാനാവില്ല.
ചുരുക്കത്തിൽ കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവി തന്നെ അനിശ്ചിതത്തിലായേക്കാവുന്ന
നിലയിലാണ് കാര്യങ്ങളുടെ കിടപ്പ്. കോഴിക്കോട് വിമാനത്താവളം ഒരിക്കലും കേരളത്തിന്
നഷ്ടമായിക്കൂടാ. നവീകരണം ഉടൻ പൂർത്തീകരിക്കാൻ ശകതമായ പ്രക്ഷോഭങ്ങൾ നടക്കേണ്ടതുണ്ട്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇതിന് മുന്നിട്ടിറങ്ങണം. സർക്കാരും രാഷ്ട്രീയ
പാർട്ടികളും ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് കോഴിക്കോട്
വിമാനത്താവളത്തെ രക്ഷിക്കണം.
No comments:
Post a Comment
ദയവായി ഒരഭിപ്രായമെഴുതൂ!