Tuesday, December 17, 2013

പ്രവാസികളുടെ തിരിച്ചുവരവ് ഒരവസരം


      നിതാഖാതിൽ കുരുങ്ങി ഒത്തിരിയാളുകൾ നാടണഞ്ഞു. നോർക്കയുടെ കണക്ക്‌ പുസ്തകത്തിൽ പേര്‌ രേഖപ്പെടുത്തിയവരും അല്ലാത്തവരുമുണ്ട്‌ അക്കുട്ടത്തിൽ. ഇപ്പോഴും പ്രതിസന്ധി നേരിടുന്ന അനേകം ഇന്ത്യക്കാർ സൗദിയിലുണ്ട്‌ താനും.  ഇത്‌ നിതാഖാത്തിന്റെ ചെറിയ ചെറിയ പ്രതിഫലനങ്ങൾ മത്രം. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതാണോ പ്രവാസികളുടെ പ്രശ്നങ്ങൾ? യാഥാർത്ഥത്തിൽ സ്വദേശിവൽക്കരണം ഏകദേശം എല്ലാ ഗൾഫ്‌ രാജ്യങ്ങളും തങ്ങളുടെ സുപ്രധാന കർമ്മപരിപാടികളിൽ മുഖ്യ അജണ്ടയായി ഉൾപ്പെടുത്തിയതാണ്‌. ഏതെങ്കിലും ഒരു രാജ്യത്തിന്റേയൊ ഭരണകൂടത്തിന്റേയൊ ബാഹ്യമായ ഇടപെടൽ കൊണ്ട്‌ ഈ നയങ്ങളിലൊട്ടും മാറ്റം വരുത്താൻ സാധ്യവുമല്ല. കർമ്മ പരിപാടികളുമയി അവർ മുന്നോട്ട്‌ പോവുക തന്നെ ചെയ്യും. സ്വന്തം പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടങ്ങൾ ബാധ്യസ്ഥവുമാണല്ലൊ. എന്നാൽ ഗൾഫിലെ തൊഴിൽ മേഖലയിൽ നിന്ന്‌ വിദേശ തൊഴിലാളികൾ പാടെ തുടച്ച്‌ മാറ്റപ്പെടുമെന്നൊന്നും അനുമാനിക്കേണ്ടതില്ല. പുതിയ തൊഴിൽ നിയമം നടപ്പിലാക്കിയത്‌ മുതൽ രാജ്യത്തെ വ്യാവസായ നിർമാണ മേഖലയിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമാവുകയും ചെയ്തു. ചുരുക്കത്തിൽ, നിയമങ്ങളിൽ അയവ്‌ വരുത്തി വിദേശ തൊഴിലാളികളെ റിക്ക്രൂട്ട്‌ ചെയ്യാൻ ഇവർ നിർബന്ധിതരാകും എന്ന്‌ തന്നെ വേണം കരുതാൻ. അങ്ങനേയെങ്കിൽ ഗൾഫ്‌ രാജ്യങ്ങളിലെ തൊഴിൽ കമ്പോളത്തിലേക്ക്‌ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ മാനവ വിഭവശേഷി വീണ്ടും കടന്നുവരാൻ സാഹചര്യമൊരുങ്ങും. സ്വദേശി വൽക്കരണമെന്ന വലിയ കടമ്പ മറികടക്കാതെ തന്നെ വിദേശികളെ നിലനിർത്താനുള്ള ശ്രമങ്ങളുമുണ്ടാകും. കുറഞ്ഞ ജോലിയും കൂടുതൽ വേതനവുമെന്ന സ്വദേശികളുടെ സ്ഥിരം മനോഭാവത്തിന്‌ മുമ്പിൽ അധിക ജോലിഭാരവും കുറഞ്ഞ വേതനവും കൊണ്ട്‌ വിദേശ തൊഴിലാളികൾ തൃപ്തിപ്പെടേണ്ടി വരും. സ്വദേശികൾക്ക്‌ മെച്ചപ്പെട്ട വേതനവും മറ്റ്‌ ആനുകൂല്യങ്ങളും നൽകേണ്ടി വരുന്നതിലൂടെ കമ്പനികൾക്കുണ്ടാകുന്ന അധിക ചെലവ്‌ ബാലൻസ്‌ ചെയ്യാൻ ഇതല്ലാതെ മറ്റു പോംവഴികളൊന്നും തൊഴിലുടമകൾ ചെയ്യാനിടയില്ല. നിതാഖാത്‌ നിഷ്കർഷിക്കും പ്രകാരം നിയമ വിധേയരല്ലാത്ത തൊഴിലാളികൾ തങ്ങളുടെ സ്പോൺസർഷിപ്പ്‌ വ്യവസ്ഥാപിത കമ്പനികളിലേക്ക്‌ ധൃതിപിടിച്ച്‌ മാറിയപ്പോൾ, ചൂഷണ മനോഭാവത്തോടെയാണ്‌ ചില കമ്പനികൾ ഈ അവസരം മുതലെടുത്തത്‌. തൊഴിലാളികളുടെ വേതനവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും, ടിക്കറ്റിനും റസിഡൻഷ്യൽ പർമിറ്റ്‌ പുതുക്കുന്നതിനുമുള്ള ചെലവ്‌ കൂടി തൊഴിലാളികൾ വഹിക്കണമെന്ന്‌ നിഷ്കർഷിക്കുകയും ചെയ്ത കമ്പനികൾ കൂടി അക്കൂട്ടത്തിലുണ്ട്‌. ചുരുക്കത്തിൽ ഗൾഫിലെ തൊഴിൽ മേഖലയിൽ മുമ്പുണ്ടായിരുന്നത്ര സുഖകരമായ അനുഭവമായിരിക്കില്ല വരും നാളുകളിൽ വിദേശ തൊഴിലാളികളെ കാത്തിരിക്കുന്നത്‌. 

      ഗൾഫ്‌ രാജ്യങ്ങളിൽനിന്നടക്കം കേരളത്തിലേക്കൊഴുകുന്ന വിദേശ നാണ്യത്തിൽ നേരിയ കുറവുണ്ടായാൽ പോലും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ അത്‌ കാര്യമായി ബാധിക്കും. ഗൾഫ്‌ പണം എത്രത്തോളം നമ്മുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമ്പോൾ ഇത്‌ ബോധ്യമാകും. വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത്‌ പ്രവാസി മലയാളികളാണ്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസി മലയാളികളാണ്‌. കേവലം സമ്പന്നരായ പ്രവാസി വ്യവസായികൾക്ക്‌ മാത്രമല്ല ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും; സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ ഒരുപോലെ പങ്കാളികളാണ്‌. രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ സംസ്ഥാനത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒരു നാടിനെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നാനോന്മുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും, സ്വന്തം നാടും വീടും വിട്ട്‌ അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

      തൊഴിൽ നിയമങ്ങളിൽ കുരുങ്ങി പെട്ടന്ന്‌ നാട്‌ പിടിക്കേണ്ടിവരുന്നവർക്ക്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടേണ്ടി വരിക. പ്രതിസന്ധികൾ മറികടക്കാൻ പ്രവാസികൾ സ്വയം മുന്നോട്ടു വരേണ്ടിയിരിക്കുന്നു. സർക്കാർ സംവിധാനങ്ങളേയും ഭരണകൂടങ്ങളേയും കാത്തിരിക്കുന്നത്‌ എത്രത്തോളം ഗുണകരമാകുമെന്ന്‌ കണ്ടറിയേണ്ടതുണ്ട്‌. ഭരണകൂടങ്ങൾക്ക്‌ എക്കാലവും പ്രവാസികളയക്കുന്ന പെട്രൊഡോളറിൽ മാത്രമാണ്‌ താൽപ്പര്യമുണ്ടായിരുന്നത്‌. ഗൾഫ്‌ പ്രവാസത്തിന്‌ അര നൂറ്റാണ്ടിന്റെ പഴക്കമുണ്ടായിട്ടും; മാറിമാറി വന്ന ഗവൺമെന്റുകൾ പ്രവാസികൾക്ക്‌ ചെയ്ത സേവനങ്ങളുടെ ‘നീണ്ട’ പട്ടിക പരിശോധിച്ചാൽ ഇത്‌ ഗ്രഹിക്കാവുന്നതേയുള്ളൂ. ഗൾഫ്‌ നാടുകളിൽ ജോലി ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം പോലും നടന്നത്‌ ഈ അടുത്ത കാലത്താണ്‌. ലഭിച്ച വിവരങ്ങൾ എത്രത്തോളം വിശ്വാസ്യ യോഗ്യമെന്ന്‌ ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കുകയും ചെയ്യാം. എന്തായാലും ഇപ്പോഴെങ്കിലും ഇങ്ങനേയൊരു ശ്രമമുണ്ടായല്ലൊ എന്നെങ്കിലും ആശ്വസിക്കാം. 

      പ്രവാസികൾക്ക്‌ തങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും സമ്പാദ്യവും പുതിയ സംരംഭങ്ങളിലൂടെ സ്വന്തം നാട്ടിൽ പ്രയോചനപ്പെടുത്താൻ കഴിഞ്ഞാൽ വലിയൊരു പ്രതിസന്ധി മറികടക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന്‌ അതൊരു നിമിത്തമാവുകയും ചെയ്യും. പ്രവാസ ജീവിതം നൽകിയ ഊർജ്ജവും വിദേശ നാടുകളിൽ നിന്ന്‌ ആർജ്ജിച്ചെടുത്ത സഹനശക്തിയും കഠിനാധ്വാന ത്വരയുമെല്ലാം സ്വന്തം മണ്ണിൽ ഉപയോഗപ്പെടുത്താൻ പ്രവാസികൾ മുന്നോട്ട്‌ വരേണ്ടതുണ്ട്‌. കേരളം ഇപ്പോൾ പുതിയ സംരംഭങ്ങൾക്ക്‌ വളരേയേറെ വളക്കൂറുള്ള മണ്ണാണ്‌. വളർച്ചാ നിരക്കിൽ സംസ്ഥാനം വൻ മുന്നേറ്റമാണ്‌ കാഴ്ചവെക്കുന്നത്‌. മന സാന്നിദ്ധ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ തൊഴിലന്യേഷകർ എന്ന കേരളീയ മനോഭാവത്തിന്‌ മാറ്റം വരുത്താനും, തൊഴിൽ ദാതാക്കൾ എന്ന ലക്ഷ്യത്തിലേക്ക്‌ കേരളത്തെ കൈപിടിച്ചുയർത്താനും  സാധിക്കും. സേവന മേഖല, ഭക്ഷ്യ സംസ്ക്കരണം, നിർമ്മാണ മേഖല, കളിപ്പാട്ട നിർമ്മാണം, കടലാസ്‌ ഉൽപ്പന്നങ്ങൾ, ഏകീകൃത ബ്രാന്റുകളിലുള്ള ഫാസ്റ്റ്‌ ഫുഡ്‌­ബോക്കറി ഔട്ട്ലറ്റുകൾ, കാറ്ററിംഗ്‌ യൂണിറ്റുകൾ, ഏകീകൃത ബ്രാന്റിന്‌ കീഴിലുള്ള റീറ്റയിൽ ഷോപ്പുകൾ തുടങ്ങി ഇപ്പോൾ നിരവധി അവസരങ്ങളുണ്ട്‌. കുറഞ്ഞ മുതൽമുടക്ക്‌ ആവശ്യമുള്ള ഭക്ഷ്യ സംസ്ക്കരണം, കാറ്ററിംഗ്‌ തുടങ്ങിയവ സമകാലിക കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാടിന്‌ പാകപ്പെട്ട സംരംഭങ്ങളാണ്‌. ഒറ്റക്കും ചെറു സംഘങ്ങളായും ഇത്തരം സംരംഭങ്ങൾ തുടങ്ങാവുന്നതാണ്‌. നാട്ടിൽ പാഴായി പോകുന്ന ചക്ക, മാങ്ങ, പപ്പാഴ, പൈനാപ്പിൾ, നേന്ത്രപഴം, മരച്ചീനി, നാളികേരം തുടങ്ങിയ കാർഷിക വിഭവങ്ങൾ മൂല്യവർദ്ധിത ബ്രാന്റഡ്‌ ഉൽപ്പന്നങ്ങളായി വിപണിയിലെത്തിക്കാൻ കഴിഞ്ഞാൽ വിദേശ മാർക്കറ്റിൽ പോലും അത്‌ വിറ്റയിക്കാൻ സാധിക്കും. കേരവൃക്ഷത്തിന്റെ സ്വന്തം നാടായ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണപോലുള്ള ഉൽപ്പന്നങ്ങൾക്ക്‌ ലോകമെമ്പാടുമുള്ള മലയാളികൾ പോലും ഇപ്പോൾ ആശ്രയിക്കുന്നത്‌ അന്യദേശ ബ്രാൻഡുകളേയാണ്‌. വിപണിയിലെ ആവശ്യങ്ങളറിഞ്ഞ്‌ ഉൽപ്പാദനം നടന്നാൽ നേട്ടമുണ്ടാക്കാമെന്ന്‌ ഉറപ്പാണ്‌.

      പ്രവാസികളിൽ സംരഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്‌ സംസ്ഥാന സർക്കാർ മതിയായ താൽപ്പര്യമെടുക്കേണ്ടതുണ്ട്‌. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കേരളത്തിന്‌ കഴിയേണ്ടതുണ്ട്‌. വിദേശ സാങ്കേതിക പരിജ്ഞാനവും ഭാഷാ പ്രാവീണ്യവും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക്‌ സ്വന്തം നാടിന്റെ സാംസ്കാരവും സാമൂഹ്യ സാഹചര്യങ്ങളും ഉൾകൊണ്ട്‌ പ്രവർത്തിക്കാൻ കഴിയും. എന്നാൽ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മുഴുവനാളുകളും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ കൈവശമുള്ളവരാകണമെന്നില്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്‌. ഇവർക്ക്‌ കൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്‌. മധ്യമങ്ങൾക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കും ഇക്കാര്യത്തിൽ കാര്യമായ സംഭാവന ചെയ്യാൻ കഴിയും. ഇന്ന്‌ മലയാളികൾക്ക്‌ മാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്‌. അനുയോജ്യമായ സ്വയംതൊഴിൽ കണ്ടെത്തുന്നതിനൊ, സംരംഭങ്ങളിലേർപ്പെടുന്നതിനൊ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനെങ്കിലും  ഇത്തരം സംഘടനകൾക്ക്‌ കഴിഞ്ഞേക്കും.

      മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമായ മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്‌. നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങൾ തുടങ്ങുന്നതിനും സ്വയംതൊഴിൽ ചെയ്യുന്നതിനുമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾക്കുമുള്ള കാലതാമസം ഒഴിവാക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ അലഭ്യത, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ദ തൊഴിലാളികളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്‌. ചെറുകിട സംരംഭകൾക്ക്‌ ഉൽപ്പാദന നികുതി പരമാവധി കുറക്കുകയൊ പലിശ രഹിത വായ്പ്പാ സൗകര്യം ഏർപ്പെടുത്തുകയൊ ചെയ്താൽ കുറെ ആളുകളെ ഈ രംഗത്തേക്ക്‌ ആകർശിക്കാൻ കഴിയും. ഇക്കാര്യത്തിൽ ഒരു കൂട്ടായ ശ്രമവും സംവിധാനവും ഉണ്ടായാൽ വലിയൊരു സമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടൊപ്പം മടങ്ങിവരുന്നവരെ ഉപയോഗിച്ച്‌ കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുകയും ചെയ്യാം. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കണം.
muhammed kunhi wandoor
muhammed kunhi wandoor

No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...