Tuesday, December 28, 2010

ആകാശപേടകം (എയര്‍ഇന്ത്യ) പറന്നുയരുമ്പോള്‍


വിഷയം എയര്‍ഇന്ത്യയെക്കുറിച്ചുതന്നെ. കേട്ടുതഴമ്പിച്ചതാണെങ്കിലും പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല. നാട്ടിലേക്ക്‌ പോകാന്‍ മൂന്നാലുദിവസം എയര്‍പ്പോട്ടില്‍ കാത്തുകെട്ടി കിടക്കേണ്ടിവരുന്ന മലയാളികള്‍ക്കുണ്ടായേക്കാവുന്ന സ്വാഭാവികസങ്കടം. മറ്റു വിമാനക്കമ്പനികളുണ്ടായിട്ടും സ്വന്തം (രാജ്യത്തിന്റെ) വിമാനത്തില്‍ നാട്ടിലേക്കു പറക്കാമെന്ന്കരുതി 'അഭിമാനത്തോടെ' ടിക്കറ്റെടുക്കുന്നവര്‍ക്ക്‌, പ്രത്യുപകാരമായി ഇത്രയൊക്കെയല്ലാതെ എന്താ ചെയ്യാന്‍കഴിയുക? അല്ലെങ്കിലും അതിനെല്ലാം എയര്‍ഇന്ത്യ അധിക്ര്തരേയും ജീവനക്കാരെയും കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? ബാഗേജിനൊപ്പം ഒരു ബ്ളാങ്കറ്റും തലയണയും കയ്യില്‍കരുതാത്തത്‌ എയര്‍ഇന്ത്യയുടെ കുറ്റമാണൊ? ഇതൊക്കെ മുന്‍കൂട്ടികരുതിയവര്‍ക്ക്‌ പേടകമിറങ്ങിവരുന്നതുവരെ എവിടെങ്കിലുംകിടന്ന്‌ ഒന്നുമയങ്ങാം. വല്ലപൊതിച്ചോറൊ റൊട്ടിക്കഷ്ണമൊ കയ്യില്‍കരുതിയാല്‍ വയറുകായാതെ രക്ഷപ്പെടുകയുമാവാം. കുട്ട്യോളും കെട്ട്യോളും കൂടെയുണ്ടെങ്കില്‍ ഒന്നുകൂടി ഒരുങ്ങി പുറപ്പെടണമെന്നുമാത്രം. വല്ല പാല്‍പൊടിയൊ ബിസ്ക്കറ്റൊ കൂടെകൊണ്ടുപോയാല്‍ കുട്ടികള്‍ കരഞ്ഞു ശല്യപ്പെടുത്തുന്നതൊഴിവാക്കാം. അത്രതന്നെ. ഒന്ന്‌ രണ്ട്‌ ദിവസം വാടകകൊടുക്കാതെ സുഖായിട്ടങ്ങനെ കഴിഞ്ഞുകൂടാം. ഇനി സമയത്തെങ്ങാനും വിമാനം നിലംവിട്ടുപൊന്തിയാലൊ? ലക്ഷ്യത്തിലെത്തുന്നതുവരെ കിടുകിടാന്ന് നെഞ്ചിടിപ്പ്‌. നാട്ടിലെ പഴയ 'ആനവണ്ടി'യുടെ പിന്‍സീറ്റിലിരിക്കുന്ന അനുഭവം. "നാട്ടിലെ റോഡുകളെപോലെ 'കുണ്ടും കുഴിയും' നിറഞ്ഞതാണൊ ഈആകാശപാതയും?" എന്ന്‌ വല്ല പ്രായമായ ഹാജിയും ചോദിച്ചാല്‍ അയാളെ നമുക്ക്‌ കുറ്റംപ്പറയാനാവില്ലല്ലൊ..

യാത്രക്കാരില്‍ രോഗികളും അടിയന്തിരഘട്ടങ്ങളില്‍ നാട്ടില്‍പോകുന്നവരുമൊക്കെയുണ്ടാവും. അതൊന്നും നമ്മുടെ വിമാനക്കമ്പനിക്ക്‌ 'പുത്തരിയല്ല'. സ്വന്തക്കാരുടെയും കൂടെപ്പിറപ്പുകളുടേയും വിയോഗമറിഞ്ഞ്‌ അവസാനമായി ഒരുനോക്ക്കാണാന്‍ സ്പോണ്‍സറുടെയും കമ്പനിമാനേജര്‍മാരുടെയും അടിയുംകാലുംപിടിച്ച് റീഎന്‍ട്രി തരപ്പെടുത്തി എയര്‍പ്പോട്ടിലെത്തുമ്പോഴായിരിക്കും വിമാനത്തിന്‌ 'യന്ത്രത്തകരാറ്'. അല്ലെങ്കില്‍ പൈലറ്റിന്‌ വയറിളക്കം. നീണ്ടകാത്തുനില്‍പ്പിനൊടുവില്‍ മരണപ്പെട്ടവരെ സംസ്കരിച്ച്‌ ഏഴുംപതിനാലുമൊക്കെ കഴിഞ്ഞാലും ഉറ്റവര്‍ക്ക്‌ എയര്‍പ്പോര്‍ട്ടിലിരുന്ന്‌ മനമുരുകികഴിയാനാണ്‌ യോഗം. അത്രതന്നെ. മറ്റാവശ്യങ്ങള്ക്ക്‌ പോകുന്നവരുടെ കാര്യമൊന്നും പറയേണ്ടതില്ലല്ലൊ? സ്വന്തം വിവാഹത്തിന്‌ തീയതികുറിച്ച്‌ പോകുന്നവര്‍ക്ക്‌ എയര്‍പോര്‍ട്ടിലിരുന്ന്‌ എസ്‌.എം.എസ്‌ ലൂടെ അതങ്ങ്‌ നടത്തിക്കളയാം. സ്വന്തംപിതാവൊ സഹോദരനൊ വരുന്നതറിഞ്ഞ്‌ വീട്ടിലേക്ക്കൂട്ടിക്കൊണ്ടുപോകാന്‍ എയര്‍പ്പോര്‍ട്ടില്‍വന്ന്‌ മാനത്തേക്ക്‌ കണ്ണുംനട്ടിരിക്കുന്ന പിഞ്ചുപൈതങ്ങള്‍ക്ക്‌ വല്ല ചോക്ളേറ്റും വാങ്ങിക്കൊടുത്ത്‌ അനുനയിപ്പിച്ച്‌ വീട്ടിലേക്ക്തന്നെ കൊണ്ടുപോകാം. അല്ലാതെ 'യന്ത്രത്തകരാറെന്ന' കുന്ത്രാണ്ടമൊന്നും അവരോടു പറഞ്ഞിട്ട്‌ കാര്യമില്ലല്ലൊ?

ഇനിയല്‍പ്പം കാര്യത്തിലേക്ക്‌ കടക്കാം

ഗള്‍ഫ് സെക്ടറിന്‌ പ്രത്യേകപരിഗണന നല്‍കിയുള്ള പാക്കേജ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ എയര്‍ഇന്ത്യയുടെ ഡയറക്ടര്‍ബോഡ്‌ മാസങ്ങള്‍ക്ക്മുമ്പ്‌ ചേര്‍ന്നു. നാമെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു.പുതിയ ഡയറക്ടര്‍ ബോഡംഗവും പ്രവാസിവ്യവസായിയുമായ എം.എ യൂസഫലിയുടെ നിര്‍ദ്ധേശപ്രകാരം സുപ്രധാനവിഷയങ്ങള്‍ ഡയറക്ടര്‍ബോഡ്‌ ചര്‍ച്ചക്കെടുക്കുകയും ഗള്‍ഫുമേഖലയിലെ പ്രവാസികള്‍ക്ക്‌ പ്രതീക്ഷനല്‍കുന്ന തീരുമാനം കൈകൊള്ളുകയും ചെയ്തു. ഗള്‍ഫ്സെക്ടറില്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാനും പഴക്കംചെന്ന വിമാനങ്ങള്‍മാറ്റി പുതിയവിമാനങ്ങള്‍ അനുവദിക്കാനും, യന്ത്രത്തകരാറൊ മറ്റുകാരണങ്ങളാലൊ വിമാനം വൈകുന്ന സാഹചര്യമൊഴിവാക്കാനായി പ്രത്യേക കരുതല്‍വിമാനം അനുവദിക്കാനും ഡയറക്ടര്‍ബോഡ്‌ തീരുമാനിക്കുകയുണ്ടായി. വര്‍ഷങ്ങളായി എയര്‍ഇന്ത്യയുടെ ചിറ്റമ്മാനയംകൊണ്ട്‌ പൊറുതിമുട്ടിയിരുന്ന ഗള്‍ഫ്മേഖലയിലെ പ്രവാസികള്‍ ഒരുപാട്‌ സന്തോഷിച്ചുപോയി. പക്ഷെ അതെല്ലാം അന്ന്കഴിഞ്ഞു. ഗള്‍ഫ്മലയാളികള്‍ക്ക്‌ ഇപ്പോഴും എയര്‍ ഇന്ത്യയുടെ ആട്ടുംതുപ്പുംതന്നെ മിച്ചം. ഡയറക്ടര്‍ബോഡ്‌ തീരുമാനം 'തീരുമാനമായി' തന്നെ കിടക്കുന്നു.

വിമാനക്കമ്പനിക്ക്‌ ഏറ്റവുമധികം അറ്റാദായമുണ്ടാക്കിക്കൊടുക്കുന്ന ഗള്‍ഫ് മേഖലയെ എയര്‍ഇന്ത്യ എക്കാലവും വിവേചനപരമായി മാത്രമെ കണ്ടിരുന്നുള്ളൂ. ഡയറക്ടര്‍ബോഡ്‌ മുതല്‍ യാത്രക്കാര്‍ക്ക്‌ നേരിട്ടിടപഴകേണ്ടിവരുന്ന എയര്‍പ്പോട്ട്‌ ജീവനക്കാര്‍വരെ ഇത്തരം സമീപനങ്ങളാണ്‌ ഗള്‍ഫ് മേഖലയിലെ യാത്രക്കാരോട്‌ സ്വീകരിച്ചുപോരുന്നത്‌. മേഖലയിലെ ചെറിയശമ്പളക്കാരും കുറഞ്ഞ വരുമാനക്കാരുമായ ആളുകളാണ്‌ ഇത്തരം നീതിനിഷേധങ്ങളില്‍ ഏറെ ബുദ്ധിമുട്ടിയിരുന്നത്‌. രണ്ടൊമൂന്നൊ വര്‍ഷത്തിനുശേഷം ഉറ്റവരെകാണാന്‍ നാട്ടില്‍പോകുന്ന പ്രവാസികള്‍ക്ക്‌ എയര്‍ഇന്ത്യ വലിയൊരു സാമ്പത്തികബാധ്യതയാണ്‌ വരുത്തിയിരുന്നത്‌. പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ സ്റ്റോപ്പോവറില്ലാതെ പടിഞ്ഞാറോട്ടുപറക്കുന്ന യാത്രക്കാര്‍ക്ക്‌ ഔദാര്യമായി നല്‍കിയിരുന്ന കുറഞ്ഞനിരക്ക്‌ തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ വിമാനക്കമ്പനി ഗള്‍ഫ്മേഖലയിലെ യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു. പുതിയ വിമാനങ്ങളും ഒഴിഞ്ഞസീറ്റുകളും മുന്തിയ സേവനങ്ങളുമായി ന്യൂയോര്‍ക്കിലേക്കും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും എയര്‍ഇന്ത്യ നടത്തിയിരുന്ന ആഡംബരയാത്രകളുടെ വലിയ നഷ്ടങ്ങള്‍പോലും നികത്തിയിരുന്നത്‌ ഗള്‍ഫ്സെക്ടറില്‍ നിന്നാണെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. ഓപ്പണ്‍എയര്‍പോളീസിയും മറ്റുനയതന്ത്രനീക്കുപോക്കുകളുടെയും ഫലയമായി വിദേശവിമാനക്കമ്പനികള്‍ മാന്യമായ യാത്രാനിരക്കോടെ ഈ സെക്ടറുകളില്‍ സര്‍വീസ്‌ നടത്താന്‍ തുടങ്ങിയപ്പോഴാണ്‌ നിരക്കില്‍ അല്‍പ്പമെങ്കിലും മാറ്റംവരുത്താന്‍ നമ്മുടെ വിമാനക്കമ്പനി തയ്യാറായത്‌. ഹൈസീസണ്‍ എന്നപേരില്‍ സീസണ്‍കൊള്ള ഇപ്പോഴും മുറക്ക്‌ നടക്കുന്നു. ഇത്രയും വലിയസംഖ്യ ടിക്കറ്റിനു നല്‍കിയിട്ടും ഒരുതരം പുഛമനോഭാവത്തോടെയാണ്‌ എയര്‍ഇന്ത്യ യാത്രക്കാരോട്‌ പെരുമാറിപ്പോരുന്നത്‌. യുദ്ധത്തടവുകാരെ നാടുകടത്തുന്ന പ്രതീതിയാണ്‌ പിറന്നമണ്ണിലേക്ക്‌ പോകുന്ന പ്രവാസികള്‍ക്ക്‌ പലപ്പോഴും എയര്‍ഇന്ത്യ സമ്മാനിച്ചത്‌. പ്രത്യേകിച്ച്‌ മലബാറില്‍നിന്നുള്ള യാത്രക്കാര്‍ വെറും മൂന്നാംകിട'ലേബര്‍'മാരാണെന്ന ധാരണയാണ്‌ വിമാനാധിക്റ്തര്‍ക്കുള്ളത്‌. ഒരുമുന്നറിയിപ്പുമില്ലാതെ ഷെഡ്യൂള്‍ റദ്ദാക്കുന്നതടക്കം എയര്‍ഇന്ത്യയുടെ നിലപാടുകള്‍ പലപ്പോഴും ജനവികാരമിളക്കിവിടാന്‍ കാരണമായിട്ടുണ്ട്‌. മംഗലാപുരം വിമാനാപകടത്തില്‍പെട്ടവരുടെ ബന്ധുക്കളോട്‌ എയര്‍ഇന്ത്യ കാണിച്ച ക്രൂരത നാമാരും മറന്നിട്ടില്ല.

രാജ്യത്തിന്റെ മൊത്തം സമ്പത്തികവളര്‍ച്ചയില്‍ ഗണ്യമായ പങ്കാണ്‌ വിദേശ ഇന്ത്യക്കാര്‍ക്കുള്ളത്‌. എന്നാല്‍ ഈപരിഗണനയൊന്നും ഇക്കൂട്ടര്‍ക്ക്‌ ലഭിക്കുന്നില്ല. മനസ്സറിഞ്ഞൊരു നന്ദിവാക്കെങ്കിലും കേള്‍ക്കാന്‍ ഇക്കൂട്ടര്‍ കാതോര്‍ത്തിരിക്കുകയാണ്‌. ഒരു വലിയസംഖ്യ വിസക്ക്നല്‍കി, തൊഴിലുടമയുടെ പീഡനങ്ങളും ഇവിടുത്തെ അസഹനീയമായ കാലാവസ്ഥയും സഹിച്ച്‌ അതിലെല്ലാമുപരി പിറന്നനാടും കുടുംബവുംവിട്ട്‌ മരൂഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവാസികള്‍, സ്വന്തം കുടുംബത്തിന്റെ പട്ടിണിമാറ്റുക മാത്രമല്ല ചെയ്തത്‌. നമ്മുടെയൊക്കെ ഗ്രാമങ്ങളുടെ മുഖഛായതന്നെ മാറ്റിമറിച്ചു. രാജ്യത്തിന്റെ ഉല്‍പ്പാദന വളര്‍ച്ചാപ്രക്രിയയില്‍ മുഖ്യമായ പങ്കുവഹിച്ചു. ആര്‍ഭാടവും ആടംബരവും കൊതിച്ചുവന്നവരല്ല ഇതിലധികവും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാന്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി വന്നവര്‍. രോഗംമൂലമൊ മറ്റെന്തങ്കിലും കാരണംകൊണ്ടൊ ഇവിടംവിട്ടു പോവേണ്ടിവന്നാല്‍ നാട്ടില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കാന്‍ കഴിയുമോയെന്നുചോദിച്ചാല്‍ 95ശതമാനം ആളുകളുടെയും മറുപടി 'ഇല്ല' എന്നതാണു യഥാര്‍ത്ഥ്യം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസികള്‍ നീതിനിഷേധത്തിന്റെ അവസ്ഥയില്‍നിന്ന്‌ ഇപ്പോഴും മോചിതരായിട്ടില്ല. പ്രവാസ ജീവിതത്തില്‍ ആകെ സന്തോഷംനല്‍കുന്ന കാര്യമാണ്‌ രണ്ടൊമൂന്നൊ വര്‍ഷം കൂടുമ്പോള്‍ പിറന്നമണ്ണിലേക്കുള്ളയാത്ര. സ്വന്തം കുടുംബത്തെയും കൂടെപ്പിറപ്പുകളെയും കാണാനുള്ള യാത്ര. ഈ യാത്രയിലെങ്കിലുമുള്ള സന്തോഷം കെടുത്തിക്കളയുന്ന സമീപനങ്ങളാണ്‌ നമ്മുടെ വിമാനക്കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നും ഇതുവരെയുമുണ്ടായിട്ടുള്ളുത്‌.

ലാഭകരമാക്കാന്‍ ഒട്ടേറെ അനകൂലഘടകങ്ങളും സാഹചര്യങ്ങളുമുണ്ടായിട്ടും എയര്‍ഇന്ത്യക്ക്‌ നഷ്ടക്കണക്കുകള്‍ മാത്രമാണ്‌ നിരത്താനുള്ളത്‌. ഉദ്ധ്യോഗസ്ഥരുടെ അനാസ്ഥയും, വിമാനക്കമ്പനിയില്‍ പിടിമുറുക്കിയ ലോബിയുടെ ഇടപെടലുമാണ്‌ എയര്‍ഇന്ത്യയെ ഈ അവസ്ഥയില്‍തന്നെ നിലനിര്‍ത്തുന്നത്‌. കുറഞ്ഞചാര്‍ജും കുഴപ്പമില്ലാത്ത സര്‍വ്വീസുമായി ബജറ്റ്‌ വിമാനങ്ങള്‍ വിശ്രമമില്ലാതെപറന്ന്‌ കൂടുതല്‍ലാഭം കൊയ്തപ്പോഴും, കഴുകക്കണ്ണുകളുമായി ഗള്‍ഫ്‌ മലയാളികളെ 'വരിഞ്ഞുമുറുക്കാന്‍' തക്കംപാത്തിരിക്കുകയായിരുന്നു നമ്മുടെ വിമാനക്കമ്പനി.

നമുക്കിനിയും പ്രത്യാശ കൈവിടാതെ കാത്തിരിക്കാം നമ്മുടെ വിമാനക്കമ്പനി നേരെയാവുന്നതും കാത്ത്‌.

മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍

സമയമുണ്ടെങ്കില്‍ എന്തെങ്കിലുമൊക്കെ അഭിപ്രായം എഴുതൂ !
muhammed kunhi wandoor
muhammed kunhi wandoor

Wednesday, December 15, 2010

നൊമ്പരത്തിപ്പൂവ്‌ (കഥ)




ളം ചൂടുള്ള മരുക്കാറ്റ്‌ പൊടിപടലങ്ങളെ ഇളക്കി മറിച്ച്‌ അന്തരീക്ഷത്തെ പൊടിമയമാക്കിയിരുന്നു. പുറത്തു കളിച്ച്‌ കൊണ്ടിരിക്കുന്ന കുട്ടികൾ ഇടക്കിടെ വാതിൽ തുറന്ന്‌ അകത്ത്‌ കയറുമ്പോൾ ചുടുകാറ്റ്‌ പീടിക മുറിയുടെ ഉള്ളിലേക്ക്‌ തള്ളിക്കയറി. വേനലവധി ആയതിനാൽ കുട്ടികളെല്ലാം കുറച്ച്‌ നാൾ ഇവിടെ തന്നെ കാണും. അനുസരണയില്ലാത്ത കുട്ടികൾ. ഇതൊന്നും ശ്രദ്ധിക്കാതെ പീടികയുടെ മൂലയിലുള്ള ഫ്രീസറിൽ കുറെ നേരമായി കുത്തിയിരിക്കുകയാണ്‌ ശാഫി. മുറിയിൽ പോയി ഭക്ഷണം കഴിക്കാൻ കാസിം ഇ​‍ിടക്കിടെ പറയുന്നുണ്ട്‌. അപ്പോഴെല്ലാം അവൻ കാസിമിനെ ദയനീയി ഒന്ന്‌ നോക്കും. ആ നോട്ടത്തിൽ വീണപോലെ കാസിം മൗനനിരതനാകും. മുമ്പൊക്കെ ഇക്കയുടെ നിഴൽ കണ്ടാൽ പേടിയായിരുന്നു. ഭയമൊ ബഹുമാനമൊ എന്തെന്നറിയില്ല. ഒരു നോട്ടംമതി. അതിലെല്ലാം അടങ്ങിയിരിക്കും. ഇപ്പോൾ കാസിമിനും മിണ്ടാട്ടമില്ല.

     ശാഫി നാട്ടിൽനിന്നും വന്നിട്ട്‌ ഇന്നേക്ക്‌ കഷ്ടിച്ച്‌ ഒന്നര മാസമേ ആയുള്ളൂ. അവനെകൂടി ഈ മരുഭൂമിയിലേക്ക്‌ കൊണ്ട്‌ വരേണ്ടെന്ന്‌  കരുതിയതാണ്‌. പക്ഷെ ഒരു നിയോഗം പോലെ അവനും ഇവിടെയെത്തി. ഉപ്പയും ഒരായുസിന്റെ പകുതിയും ഈ മരുഭൂമിയിൽ പാഴാക്കിയാതാണ്‌. കാസിമും പത്തിരുപത്‌ കൊല്ലമായല്ലൊ ഇങ്ങോട്ട്‌ വരാൻ തുടങ്ങിയിട്ട്‌. അതും നാട്ടുകാരൊ പരിചയക്കാരൊ ഇല്ലാത്ത ഈ ഉൾ പ്രദേശത്ത്‌. പുല്ലുവെട്ടുന്ന കുറച്ച്‌ ബംഗാളികളും പച്ചക്കറി തോട്ടങ്ങളിൽ പണിയെടുക്കുന്ന പാക്കിസ്ഥാനികളും വീട്ടു ജോലിക്കാരായ കുറച്ച്‌ ഇന്ത്യക്കാരും പിന്നെ ആട്ടിടയൻമാരായ ചില ഈജിപ്തുകാരും കർഷകരായ കുറച്ച്‌ വധുക്കളുമാണ്‌ ഇവിടെ ആകെക്കൂടി ഉള്ളത്‌.  

     പുറത്തെ കോലാഹലവും കുട്ടികളുടെ ആർപ്പ്‌ വിളികളുമൊന്നും ശാഫി ശ്രദ്ധിക്കുന്നില്ല. ഇവിടെ വന്നത്‌ മുതൽ അവൻ ഇങ്ങനെയാണ്‌. കളിയും ചിരിയുമില്ല. മിണ്ടാട്ടം പോലുമില്ല. ഒരേ ഇരിപ്പ്‌. അവന്റെ കണ്ണുകൾക്ക്‌ ഇപ്പോൾ പഴയ തിളക്കമില്ല. ഊണും ഉറക്കവുമില്ല. അവന്റെ മുഖത്ത്‌ നോക്കുമ്പോഴെല്ലാം കാസിമിന്റെ നെഞ്ചിലെ തീ കനലുകളുടെ ഭാരം കൂടി കൂടി വന്നു.

     ആറുമാസം മുമ്പ്‌ എന്തൊരു ആഘോഷമായിരുന്നു. മനസിൽ താലോലിച്ച്‌ നടന്ന ഒരുപാട്‌ സ്വപ്നങ്ങൾക്ക്‌ നിറം പകർന്ന ആനന്ദ മുഹൂർത്തം. ശാഫിയുടെ വിവാഹം. വീട്ടിലെ അവസാന വിവാഹ ചടങ്ങ്‌. ആഘോഷങ്ങളുടെ പൊടിപൊടിപ്പ്‌. മണവാട്ടിയായി എത്തിയത്‌  അടുത്ത നാട്ടുകാരിയായ ഷിഫാന. ഉപ്പയുടെ പഴയ ഒരു സുഹൃത്തിന്റെ മകൾ. ഒരുമാസം സന്തോഷത്തിന്റെ രസത്തേരിലേറിയുള്ള യാത്ര. പെട്ടെന്നൊരു ദിവസം എല്ലാം കെട്ടടങ്ങുകയായിരുന്നു. ഒരു സന്ധ്യാ സമയം. അവൾക്കൊരു ദേഹാസ്വസ്ത്യം. കൈകാലുകൾക്ക്‌ അസഹ്യമായ വേദന. അടുത്തുള്ള ഡോക്ടറെ കാണിച്ചു. ശമനമുണ്ടായില്ല. പിന്നീട്‌ ആസ്പത്രികൾ തോറുമുള്ള അലച്ചിൽ. ഡോക്ടർമാർ വിദഗ്ദ്ധ ചികിൽസക്ക്‌ മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്തു. പിന്നീട്‌ ഒരുപാട്‌ ടെസ്റ്റുകൾ. പരിശോധനകൾക്ക്‌ ഒടുവിൽ അവൾക്ക്‌ ബ്ളഡ്‌ കാൻസറാണെന്ന്‌ ഡോക്ടർമാർ വിധിയെഴുതി. കൈകാലുകൾ നിലം വിട്ട്‌ അന്തരീക്ഷത്തിൽ പറന്നുയരുന്നത്‌ പോലെ തോന്നിയ നിമിഷങ്ങൾ. അവസാനം മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ പ്രതീക്ഷയസ്തമിച്ച കണ്ണുകളുമായി കഴിഞ്ഞ്‌ കൂടുന്ന കുറെ പേരിൽ ഒരാളായി അവളും ലയിച്ചു ചേർന്നു.
‘തുടങ്ങീട്ട്‌ വർഷങ്ങളായി. എങ്കിലും നമുക്ക്‌ ശ്രമിച്ചു നോക്കാം. ബാക്കിയെല്ലാം ദൈവനിശ്ചയം പോലെ വരും’ 
ഡോക്ടർ പറഞ്ഞു.
പിന്നീട്‌ ഒരുപാട്‌ കുത്തിവെപ്പുകൾ. നാലഞ്ച്‌ തവണ രക്തം മാറ്റി. അവസാനം ഡോക്ടർ കൈ മലർത്തുകയായിരുന്നു. ‘നമ്മാൽ കഴിയുന്നതെല്ലാം ചെയ്തു. ഇനി ദൈവത്തോട്‌ പ്രാർത്ഥിക്കാം’ 

     മൂന്നുമാസം നിരന്തരം ടെസ്റ്റുകളും ട്രീറ്റുമെന്റുകളും നടത്തി. പക്ഷെ അവളിൽ പ്രതീക്ഷയുടെ നാമ്പുകൾ വളരെ ദൂരത്തായിരുന്നു.  അവശയായുള്ള അവളുടെ കിടപ്പ്‌ കാണുമ്പോൾ ഹൃദയം നുറുങ്ങും. വീര്യമുള്ള മരുന്നുകളും അസഹ്യമായ വേദനയും അവളെ കാർന്ന്‌ തിന്ന്‌ കൊണ്ടിരുന്നു. നീണ്ടു നിവർന്ന്‌ മനോഹരമായിരുന്ന അവളുടെ മുടിയെല്ലാം കൊഴിഞ്ഞു. കണ്ണുകൾ രണ്ട്‌ കുഴികൾക്ക്‌ ഇടയിലായി. എല്ലും തൊലിയുമായി അവൾ ആസ്പത്രി കിടക്കയിൽ ജീവിതത്തേയും മരണത്തേയും മുഖാമുഖം കണ്ടു. ആസ്പത്രി കിടക്കക്ക്‌ താഴെ ചുവന്ന്‌ കലങ്ങിയ കണ്ണുകളുമായി ശാഫിയും കുത്തിയിരിന്നു. ആർക്കും ആരെയും ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.

     പിന്നീട്‌ ഒരു വൈകുന്നേര സമയം. ശാഫി മരുന്ന്‌ വാങ്ങാൻ പുറത്തേക്ക്‌ ഇറങ്ങിയതായിരുന്നു. പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. ഉപ്പയാണ്‌ വിളിക്കുന്നത്‌. ഇടറിയ ശബ്ദത്താൽ ഉപ്പ പറഞ്ഞു:
 ‘ശാഫീ അവൾ നിന്നെ കാണണോന്നു പറേണുണ്ട്‌. നീ വേഗമിങ്ങോട്ട്‌ വാ’
മരുന്ന്‌ വാങ്ങാതെ അവൻ ആസ്പത്രി മുറിയിലേക്കു തിരിച്ചു. അവളുടെ കട്ടിലിന്‌ അടുത്തേക്ക്‌ ഓടിച്ചെന്നു. അവളുടെ കുഴിഞ്ഞ കണ്ണുകളിൽ നിന്നും ഒട്ടി ഉണങ്ങിയ കവിൾ തടത്തിലൂടെ കണ്ണുനീർ തുള്ളികൾ ഉറ്റിറ്റ്‌ വീഴുന്നുണ്ടായിരുന്നു. ശാഫി അവളുടെ കട്ടിലിൽ ഇരുന്നു. പതുക്കെ അവളുടെ മെലിഞ്ഞൊട്ടിയ കൈകളിൽ തടവി. എന്തൊക്കെയൊ പറയാൻ അവളുടെ വറ്റിവരണ്ട ചുണ്ടുകൾ പാട്‌ പെടുന്നുണ്ടായിരുന്നു. വാക്കുകൾ പുറത്ത്‌ വന്നില്ല. അല്പ്പനേരം ഒരേ കിടപ്പ്‌. പിന്നെ അസ്വസ്ഥമായ പോലെ. ഡോക്ടറെ വിളിപ്പിച്ചു. കൈതണ്ടയിൽ തൊട്ടു നോക്കി ഡോക്ടർ ഉപ്പയോട്‌ പറഞ്ഞു.
 ‘എല്ലാം അവസാനിക്കാറായി. രക്ത പ്രവാഹം നിലച്ചിരിക്കുന്നു. ആവശ്യമായതെല്ലാം ചെയ്യുക’. പിന്നീട്‌ രണ്ടുമൂന്ന്‌ മിനിട്ട്‌ കഴിഞ്ഞ്‌ കാണും. അടഞ്ഞു കിടന്ന അവളുടെ കണ്ണുകൾ മലർക്കെ തുറന്നു. പതുക്കെ പതുക്കെ അത്‌ അനന്തതയിലേക്ക്‌ ആണ്ട്‌ പോയി. ഒരു നേരിയ പിടച്ചിൽ. ഭൂലോകത്ത്‌ അവൾക്ക്‌ അവകാശപ്പെട്ട അവസാന ശ്വാസവും അവൾ വലിച്ചു തീർത്തു.  

    ഷിഫാനയുടെ വിയോഗം ശാഫിയെ ഭ്രാന്തനെ പോലെയാക്കി. രാത്രിയുടെ നിശബ്ദതയിൽ വീട്ടിൽനിന്നും ഇറങ്ങി നടക്കും. പള്ളിക്കാട്ടിലെ അവളുടെ ഖബറിടത്തിലേക്ക്‌. മണിക്കൂറുകൾ അവിടെ കുത്തിയിരിക്കും. പള്ളിയിലെ ഉസ്താദ്‌ അടക്കം ഒരു പാട്‌ ആളുകൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ആശ്വാസ വാക്കുകൾ അവനെ മാത്രം ഏശിയില്ല. ജീവിതത്തിന്റെ മധു വസന്തത്തിലേക്ക്‌ വിരിഞ്ഞിറങ്ങും മുമ്പെ ഞെട്ടറ്റുവീണ ഒരു നൊമ്പരത്തിപ്പൂവായി അവൾ എപ്പോഴും അവന്റെ ഉള്ളിൽ കനലുകൾ കോരിയിട്ടു. പിന്നീട്‌ ഊണും ഉറക്കവുമില്ലാത്ത രാപ്പകലുകൾ. ഈ അലച്ചിലിൽ നിന്നുള്ള മോചനത്തിന്‌ വേണ്ടിയാണ്‌ ഉപ്പ തന്നെ താൽപ്പര്യമെടുത്ത്‌ അവനെ ഈ മരുഭൂമിയിലേക്ക്‌ കൊണ്ടുവന്നത്‌. പക്ഷെ ഇവിടെ വന്നപ്പോൾ കാര്യങ്ങളൾ ഇങ്ങനെ.

     ‘എനിക്ക്‌ ഇവിടെ ഒരു സമാധാനോം ഇല്ല. നാട്ടിലാണെങ്കിൽ അവളുടെ ഖബറിടത്തിലെങ്കിലും പോകാമായിരുന്നു. ഇവിടെ വരുന്നതിന്‌ മുമ്പ്‌ അവളുടെ ഖബറിനടുത്ത്‌ പോകാത്ത രാത്രികൾ ഉണ്ടായിട്ടില്ല’.  ആശ്വസിപ്പിക്കാൻ ചെന്നവരോടുള്ള ശാഫിയുടെ മറുപടി ഇതായിരുന്നു. വാക്കുകൾ പുറത്തെടുക്കാൻ അവൻ നന്നെ പ്രയാസപ്പെട്ടു. 

    പിന്നിട്‌ മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ. വൈകുന്നേരം അഞ്ചു മണിക്ക്‌ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ടിക്കറ്റ്‌. കാസിമും സുഹൃത്തുമൊന്നിച്ച്‌ എയർപോർട്ടിലേക്ക്‌ പുറപ്പെട്ടു. റോഡിന്‌ ഇരു വശങ്ങളിലുമുള്ള ചെറു മരങ്ങളെ പിന്നിലാക്കി കാറ്‌ എയർപ്പോർട്ടിലേക്ക്‌ കുതിച്ചു. നീണ്ട്‌ പരന്ന്‌ കിടക്കുന്ന മരുപ്പച്ചയിൽ ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും മേഞ്ഞു നടക്കുന്നുണ്ട്‌. പാതി തുറന്ന സൈഡ്‌ വിൻഡൊയിലൂടെ ചൂടുള്ള കാറ്റ്‌ കാറിനുള്ളിലേക്ക്‌ ആഞ്ഞു വീശി. ഈ മണൽ കാടും മരുഭൂമിയും ഒരു സ്വപ്നമായിട്ട്‌ പോലും ശാഫിയുടെ മനസിലേക്ക്‌ കടന്നുവന്നില്ല. അവന്റെ മനസു നിറയെ നാട്ടിലെ പള്ളിക്കാടും അവളുടെ ഖബറിടവും മാത്രമായിരുന്നു.


മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

muhammed kunhi wandoor
muhammed kunhi wandoor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...