Saturday, October 12, 2013

ഹജ്ജിന്റെ ആത്മീയാനന്ദം



പാറ്റ്നാ എന്ന കപ്പലിൽ മക്കയെ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാർ. കപ്പലിൽ നിന്നിറങ്ങാനുള്ള മൂന്ന്‌ നീക്കുപാലങ്ങളിലൂടെ അവരൊഴുകി. വിശ്വാസത്തിന്റെയും സ്വർഗ തീക്ഷ്ണതയുടെയും വെമ്പലിൽ അവർ നീങ്ങി. നഗ്നമായ പാദങ്ങളുടെ ചുവടുകളിലായി അവരൊഴുകി. വടക്കുനിന്നും തെക്കുനിന്നും കിഴക്കിന്റെ വിദൂരതകളിൽനികന്നും കാനനപാതകൾ താണ്ടിയും കടവുകൾ കടന്നും അത്ഭുതദൃശ്യങ്ങൾ കണ്ടും അന്യമായ ഭീതിയാൽ വലയം ചെയ്യപ്പെട്ടും ഉല്ക്കിടമായ അഭിവാഞ്ചയുമായി അവർ പരന്നൊഴുകി. ഒരാദർശത്തിന്റെ വിളികേട്ട്‌ അവർ നാടും വീടും വിട്ടിറങ്ങി. കഅബയിലേക്ക്‌. ഇംഗ്ളീഷ്‌ സാഹിത്യകാരൻ ജോസഫ്‌ കോൺറാഡിന്റെ ‘ലോഡ്ജിംഗ്‌’ എന്ന നോവലിലെ വരികളാണിത്‌. ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നും വിശുദ്ധ ഹജ്ജ്‌ നിർവ്വഹിക്കുന്നതിന്‌ വേണ്ടി വിശ്വാസി സമൂഹം മക്കാ മണലാരണ്യത്തിലേക്ക്‌ ഒഴുകിയെത്തിയിരിക്കുന്നു. ദൈവിക കൽപ്പനപ്രകാരമുള്ള ഹസ്രത്ത്‌ ഇബ്രാഹീം നബി (അ)യുടെ വിളിക്ക്‌ ഉത്തരം നൽകി ലക്ഷോപലക്ഷങ്ങൾ സഹസ്രാബ്ദങ്ങളായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി മക്കയിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു. അഞ്ചുനേരം തിരുഞ്ഞു നിന്ന്‌ സൃഷ്ടാവിനെ നമിച്ച വിശുദ്ധ ഭവനത്തിന്റെ തിരുമുറ്റത്തേക്ക്‌, ഇബ്രഹീം നബി(അ) മുതലുള്ള പ്രവാചകൻമാർ സത്യ വിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിന്‌ തിരി തെളിയിച്ച മക്കയുടെ മടിത്തട്ടിലേക്ക്‌, വിശ്വപ്രവാചകൻ മുഹമ്മദ്‌ നബി(സ) ജനിച്ചു വളർന്ന്‌ ഇസ്ലാമികാധ്യാപനങ്ങൾക്ക്‌ വെളിച്ചമേകിയ നബിയുടെ ദേശത്തേക്ക്‌, ഇസ്ലാമിക സംസ്കാരത്തിന്റെയും നാഗരികതയുടേയും ഈറ്റില്ലവും ഗ്രമങ്ങളുടെ മാതാവുമായ വിശുദ്ധ ഭൂമിയിലേക്ക്‌, സൃഷ്ടാവിന്റെ ഇഷ്ട അതിഥികളായി അവരെത്തിയിരിക്കുന്നു. നിഷ്കളങ്കതയുടെ നൈർമല്യങ്ങളുമായെത്തുന്ന പിഞ്ചു കുഞ്ഞുങ്ങളും, നയനങ്ങളിൽ യൗവനത്തിന്റെ തിളക്കമുറ്റുന്ന യുവ സമൂഹവും, ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയ വയോജനങ്ങളും അക്കൂട്ടത്തിലുണ്ട്‌. ചൈയ്തുപോയ പാപ്പങ്ങളുടെ കുറ്റബോധവുമായി, സാമൂഹിക വൈയക്തിക സാമ്പത്തിക ബാധ്യതകളിൽ നിന്നെല്ലാം മുക്തരായി, നിറഞ്ഞ മനസുമായി  കഅബാലയത്തിന്റെ മൂറ്റത്തേക്ക്‌ അവർ കാലെടുത്തു വെച്ചിരിക്കുന്നു. ‘ലബ്ബൈക്‌, അള്ളാഹുമ്മ ലബ്ബൈക്‌’ എന്ന മഹാമന്ത്രം ഭക്തി സാന്ദ്രമായി അവരുടെ അധരങ്ങളിൽ നിന്നും മുഴങ്ങി കേൾക്കുന്നു. ദൈവ പ്രീതി മാത്രമാണവരുടെ ലക്ഷ്യം. പ്രവാചകർ ഓർമിപ്പിക്കുന്നു: “ഹാജിമാരും ഉംറക്കാരും അല്ലാഹുവിന്റെ വിരുന്നുകാരാണ്‌. അവരെ അവൻ വിളിച്ചുവരുത്തിയതാണ്‌. അവർ വല്ലതും ചോദിച്ചാൽ അവൻ സ്വീകരിക്കും. പശ്ചാതപിച്ചാൽ പൊറുത്തുകൊടുക്കും”. 

  കറുത്ത മേലങ്കിയണിഞ്ഞ കഅ​‍്ബാലയത്തിന്റെ ആദ്യദർശനംതന്നെ അവരെ ആത്മപുളകിതരാക്കുന്നു. അവർ ശാന്തരും നിർഭയരുമാണ്‌. ഇലാഹി സ്മരണകളാൽ മനസു നിറച്ചവരാണ്‌. സൃഷ്ടാവിന്റെ തിരുസന്നിധിയിൽ അവർ എല്ലാം എറ്റു പറയുന്നു. വികാരഭരിതരാകുന്നു. പൊട്ടിക്കരയുന്നു. തിരുഗേഹത്തെ ഇമവെട്ടാതെ നോക്കിയിരിക്കുന്നു. ആത്മ നൃവൃതിയുടെ നിമിഷങ്ങൾ. ഈ വികാര നിർഭരതയെ മുഹമ്മദ്‌ അസദ്‌ തന്റെ യാത്രാനുഭവമായ മക്കയിലേക്കുള്ള പാത എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു: ‘മിനുമിനുത്ത മാർബിൾ പാളികൾ. അവക്കുപുറത്ത്‌ സൂര്യപ്രകാശത്തിന്റെ പ്രതിഫലനങ്ങൾ നൃത്തം ചെയ്യുകയാണ്‌. കഅബക്കു ചുറ്റുമുള്ള തറയെ ഒരു വിസ്തൃതവൃത്തത്തിൽ ഇവ മൂടിനിൽക്കുന്നു. ആ മാർബിൾ പാളികൾക്ക്‌ പുറത്തുകൂടെ അനവധിയനവധി പേർ നടന്നുപോയി. ആണും പെണ്ണും. കറുത്ത മൂടുപടം അണിഞ്ഞുനിൽക്കുന്ന ദൈവഗേഹത്തെ ചുറ്റിപ്പറ്റി അവർ നടന്നു. ഇടക്ക്‌ ചിലർ കരയുന്നുണ്ട്‌. ചിലർ പ്രാർഥനയിൽ ഉച്ചത്തിൽ ദൈവത്തെ വിളിക്കുന്നു. നിരവധി പേർക്കും വാക്കുകളില്ല. കണ്ണുനീരില്ല. പക്ഷേ, അവർക്ക്‌ തലകുനിച്ചുമാത്രമേ നടക്കാനാവുന്നുള്ളൂ.’

    ഹജ്ജ്‌ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേത്‌. ഉപാധികളോടെ നിർബന്ധമാക്കിയ ആരാധന. സൃഷ്ടാവും സൃഷ്ടിയുമായുള്ള ആത്മ ബന്ധത്തിന്‌ ഊഷ്മളത നൽകുന്നതാണ്‌ ഹജ്ജിന്റെ കർമ്മങ്ങൾ. സർവ്വ തി?കളുടേയും വിപാടനവും സൃഷ്ടാവിന്റെ പ്രീതിയുമാണ്‌ ഹജ്ജിന്റെ സത്ത. പ്രവാചക അധ്യാപനങ്ങളിൽ നിന്ന്‌ ഇത്‌ വ്യകതമാകുന്നതാണ്‌. “മബ്‌റൂറായ ഹജ്ജിന്‌ സ്വർഗമല്ലാതെ പ്രതിഫലമില്ല”. “അനാവശ്യവും പാപവും കലരാതെ ഹജ്ജ്‌ നിർവ്വഹിച്ചാൽ ഉമ്മ പ്രസവിച്ച നാളിലെ വിശുദ്ധി പോലെ പാപങ്ങളിൽ നിന്ന്‌ വിമുക്തമാകുന്നതാണ്‌”. “ഹജ്ജ്‌ കർമ്മം അതിന്‌ മുമ്പ്‌ വന്നുപോയ സർവ്വ പാപങ്ങളും തകർത്ത്‌ കളയുന്നതാണ്‌”. ഹജ്ജിന്റെ മാഹാത്മ്യം ബോധ്യപ്പെടുത്താൻ ഈ തിരു വാക്ക്യങ്ങൾ മാത്രം പര്യാപ്തമാണ്‌.

    ശാരീരികവും മാനസികവും സാമ്പത്തികവുമായി സൃഷ്ടാവിനോടുള്ള പ്രതിബദ്ധത ഹജ്ജിലൂടെ പ്രകടമാകുന്നു. ഹജ്ജ്‌ മറ്റു ആരാധന കർമ്മങ്ങളിൽനിന്നും വ്യത്യസ്തം. ശാരീരികധ്വാനം, മാനസിക പ്രയത്നം, സാമ്പത്തിക വ്യയം തുടങ്ങി മറ്റു ആരാധനകളുടെ എല്ലാ സത്തയും ഹജ്ജിന്റെ കർമ്മങ്ങളിൽ ഉൾകൊണ്ടിരിക്കുന്നു. ഹജ്ജ്‌ ത്യാഗത്തിന്റെ, സഹനത്തിന്റെ, പാരസ്പര്യത്തിന്റെ, സഹവർത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ സന്ദേശമാണ്‌ നൽകുന്നത്‌. ഇവിടെ ദരിദ്രനും ധനികനും തമ്മിൽ അന്തരമില്ല. പണ്ഡിതനും പാമരനുമിടയിൽ വ്യത്യാസമില്ല. അറബിയെന്നൊ അനറബിയെന്നൊ വേർതിരിവുകളില്ല. ഭാഷ ദേശ വർണ്ണ വർഗ്ഗ വൈവിധ്യങ്ങൾക്കധീതമായി എല്ലാവരും ഹജ്ജിന്റെ ആത്മീയാനന്ദത്തിൽ ലയിക്കുന്നു. എല്ലാവർക്കും ഒരേ മനസ്‌, ഒരൊറ്റ വേഷം, ഒരേയൊരു മന്ത്രം. സൃഷ്ടാവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ച്‌ അവർ ഹജ്ജിന്റെ കർമ്മങ്ങളിൽ മുഴുകുന്നു. ഇവിടെ ഇസ്ലാമിന്റെ സാഹോദര്യമെന്ന ഉദാത്തമായ സന്ദേശം പ്രായോഗികമാകുന്നു.

   ഹജ്ജിന്റെ വേഷ വിധാനങ്ങളിൽ പോലും അസമത്വമില്ല. ‘ഇഹ്‌റാമി’ലൂടെ എല്ലാവരും തുല്ല്യരാവുന്നു. ഇഹ്‌റാം നിറപ്പകിട്ടില്ലാത്ത വസ്ത്രം. രണ്ടേരണ്ട്‌ കഷ്ണം തുണി. ദൈവികതയിലേക്ക്‌ അടുക്കാൻ ഉചിതമായ വസ്ത്രം. ഒപ്പം മരണത്തിന്റെ ഓർമ്മപ്പെടുത്തലുകളും. ജീവിതയാത്രക്കൊടുവിൽ സൃഷ്ടാവിന്റെ സമക്ഷത്തിലേക്ക്‌ പുറപ്പെടുമ്പോഴും ഉടയാടയായി മൂന്ന്‌ കഷ്ണം തുണി. ബുദ്ധി ജീവിയും സഞ്ചാര സാഹിത്യകാരനുമായ മൈക്കൽ വൂൾഫ്‌ അബ്ദുൽമാജിദ്‌ തന്റെ ഹജ്ജ്‌ യാത്രാ അനുഭവത്തിൽ എഴുതി: ‘ഇഹ്‌റാം എന്നിൽ വല്ലാത്ത സ്വാധീനം ചെലുത്തി. ഇഹ്‌റാം വർഗവ്യത്യാസങ്ങളെയും സാംസ്കാരിക ഭിന്നതകളെയും അതിജയിച്ചു. ഇഹ്‌റാമിൽ ധനികനും ദരിദ്രനും ചേർന്നപ്പോൾ ബോഷ്പെയിന്റിംഗ്‌ പോലെ പശ്ചാതാപച്ചുവ. ഇഹ്‌റാം കഫൻ പുടവ പോലെ ജനകീയം.’

   ഹജ്ജിന്റെ ഓരൊ കർമ്മങ്ങളിലും ചരിത്രത്തിന്റെ തിരു ശേഷിപ്പുകളുണ്ട്‌. പ്രവാചകൻ ഇബ്രഹീം(അ​‍ാമിന്റെയും പ്രാണ സഖി ഹാജറ(റ)യുടേയും അരുമസന്താനമായ ഇസ്മാഈൽ നബി(അ) യുടേയും ത്യാഗപൂർണ്ണമായ പരീക്ഷണങ്ങളുടെ, പരിത്യാഗത്തിന്റെ, നിഷ്കളങ്കമായ വിധേയത്വത്തിന്റെ ഓർമ്മപ്പെടുത്തലുകളുണ്ട്‌. സഅ​‍്‌യ്‌, തവാഫ്‌, കല്ലേറ്‌ തുടങ്ങിയ ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിലെല്ലാം ഇതു വ്യക്തമാണ്‌. ഹറഫാ മൈതാനിയിൽ ലക്ഷങ്ങൾ സംഗമിക്കുന്നത്‌, ആദ്യ പിതാവ്‌ ആദം നബി(അ)യും മാതാവ്‌ ഹവ്വ(റ)യുടേയും പുന:സമാഗമനത്തിന്റെ സ്മൃതിയുണർത്തിക്കൊണ്ടാണ്‌. ഇവിടെ മാനവികതയുടെ ഉദാത്തമായ സന്ദേശമാണ്‌ വിളംമ്പരം ചെയ്യപ്പെടുന്നത്‌. ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ്‌ മാനവ ചരിത്രത്തിന്റെ സമാരംഭമെന്ന്‌ ഈ മഹാസമ്മേളനം ഓർമ്മപ്പെടുത്തുത്തു. ‘ഓ മനുഷ്യരേ, നിങ്ങളെ ഒരേ പുരുഷനിൽനിന്നും സ്ത്രീയിൽ നിന്നം സൃഷ്ടിച്ചു. നിങ്ങൾക്കന്യോന്യം പരിചയപ്പെടാനായി വിവിധ ശാഖകളും ഗോത്രങ്ങളുമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽമാന്യന്മാർ കൂടുതൽ ഭക്തിയുള്ളവരത്രെ.’ എന്ന ഖുർആനിക വചനത്തിന്റെ പൊരുൾ മനവ ഹൃദയങ്ങളിലേക്ക്‌ പകരാൻ ഈ സംഗമത്തോളം വരുന്ന മറ്റൊന്നുമില്ല. 

   ഹജ്ജ്‌ വിശ്വാസികളുടെ ജീവിതാഭിലാഷം. ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാകുമ്പോൾ വിശ്വാസി ഹൃദയങ്ങൾ ഭകതി നിർഭരമാകുന്നു. ഇസ്ലാമിന്റെ അഞ്ചാംസ്തംഭവും നിറവേറ്റാനയതിൽ അവർ കൃതാർഥരാണ്‌. പരകോടി ജനതക്ക്‌ വിശ്വാസത്തിന്റെ ദിവ്യ സന്ദേശം കൈമാറിയ പ്രവാചക നഗരിയായ മദീന യിലെത്തുമ്പോൾ വിശ്വാസി ഹൃദയങ്ങൾ ശാന്തം. സഹസ്രാബ്ദങ്ങളായി ഒരു നാഗരിക സംസ്കാരത്തിന്റെ അനശ്വരവും ത്യാഗോജ്ജ്വലവുമായ കഥ പറയുന്ന പുണ്യ തീർത്ഥം­  സംസം വിശ്വാസി മനസുകൾക്ക്‌ കുളിരു പകരുന്നു. എന്നും ഓർക്കാനും ഓമനിക്കാനും തേനൂറുന്ന നൂറ്‌ നൂറ്‌ സ്മരണകൾ സമ്മാനിച്ച ഹജ്ജിന്റെ അനുഭവങ്ങൾ നെഞ്ചിലേറ്റി നിറഞ്ഞ മനസോടെയും ആത്മസംതൃപ്തിയോടെയും സ്വദേശങ്ങളിലേക്ക്‌ പുറപ്പെടാൻ ഹാജിമാർ തയ്യാറെടുക്കുന്നു. അവസാനം വിടവാങ്ങലിന്റെ ത്വവാഫ്‌ ചെയ്ത്‌  തിരുഗേഹത്തോടും മക്കാ മരുഭൂമിയോടും വിടപറയുമ്പോൾ, വീണ്ടും ഈ പുണ്യ ഭൂമിയിലെത്താൻ കഴിയട്ടേയെന്ന്‌ വിശ്വാസി ഹൃദയങ്ങൾ മന്ത്രിക്കുന്നു.
muhammed kunhi wandoor
muhammed kunhi wandoor
Muhammed Kunhi Wandoor
Muhammed Kunhi Wanddor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...