Tuesday, November 1, 2011

ഗൾഫ് സ്വപ്നങ്ങൾക്ക് നിറം മങ്ങുന്നുവൊ



ൾഫ് മേഖലയിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറെ കാലമായി നാം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുമ്പുള്ളതിനേക്കാൾ പ്രതിസന്ധികൾ ഇപ്പോഴത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാ‍കാനിടയുണ്ടോ? ഉണ്ടാകുമെന്ന് തന്നെയാണ്‌ പുതിയ കാര്യങ്ങൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യ ഉൾപ്പെടേയുള്ള ഗൾഫ് രജ്യങ്ങളിലെ പുതിയ തൊഴിൽ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് വരും വർഷങ്ങളിൽ അതാതു രജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്താൻ അവർ നിർബന്ധിതരാകുമെന്ന സൂചനകളാണ്‌ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളിൽ സ്വദേശിവൽക്കരണം കർശനമായി തന്നെ നടപ്പാക്കാനാണ്‌ തീരുമാനം. സൗദി അറേബ്യയിൽ ഇതിന്റെ ഭാഗമായി തൊഴിൽ ‘തരം തിരിവ്‌‘ (നിതാഖാത്) എന്ന പ്രത്യേക തൊഴിൽ പരിഷ്കരണം നടപ്പാക്കി തുടങ്ങി. പുതിയ തൊഴിൽ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് സൗദി തൊഴിൽ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയത് ഈയടുത്താണ്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ്‌ പരിഷ്കരണം നടപ്പാക്കുന്നതെങ്കിലും ഇതിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർ തിരിച്ച് പോകേണ്ടി വരുമെന്നുറപ്പാണ്‌. കഴിഞ്ഞ ആഴ്ചയിൽ അബുദാബിയിൽ ചേർന്ന ജി.സി.സി രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ സമ്മേളനവും അതാത് രാജ്യങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്. ഇതിന്‌ വേണ്ടി വിദേശ റിക്രൂട്ട്മെന്റ് അടക്കമുള്ള കാര്യങ്ങൾക്ക് കർശനമായ നിയന്ത്രണമേർപ്പെടുത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്. യോഗ്യരായ സ്വദേശികളുടെ അലഭ്യത ഉറപ്പ് വരുത്തിയതിന്‌ ശേഷം മാത്രമെ ഏതെങ്കിലും തസ്തികയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാവൂ എന്ന് യോഗം നിർദ്ദേശിക്കുന്നുണ്ട്. സൗദി അറേബ്യയിൽ നിന്ന് ഏകദേശം 29 ലക്ഷം വിദേശ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോകേണ്ടിവരുമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് കഴിഞ്ഞ ആഴ്ചകളിൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്നതല്ല ഈ പദ്ധതികളെങ്കിലും ക്രമേണ ഇത്തരം പരിഷ്കാരങ്ങൾ കർശനമായി തന്നെ നടപ്പിലാക്കാനാണ്‌ മന്ത്രാലയത്തിന്റെ തീരുമാനം.
ഇതിനെല്ലാം പുറമെ ഒരു സമ്പത്തിക മാന്ദ്യത്തിന്റെ(financial crisis) ചെറിയ സൂചനകളും അങ്ങിങ്ങായി കേട്ടുതുടങ്ങി. ഇക്കാര്യങ്ങളെല്ലാം മുഖവിലക്കെടുക്കുകയാണെങ്കിൽ വരും വർഷങ്ങളിൽ ഗൾഫ് മേഖലയിൽ നിന്ന് കൊഴിഞ്ഞു പോകുന്നവരുടെ എണ്ണം കുത്തനെ വർദ്ധിക്കും എന്ന് തന്നെ വിലയിരുത്താം. ഇത്തരത്തിൽ ഗൾഫ് മേഖലയിൽ നിന്ന് വ്യാപകമായ കൊഴിഞ്ഞ് പോക്കുണ്ടായാൽ അത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായിതന്നെ ബാധിച്ചേക്കും. നിലവിൽ തൊഴിലില്ലായ്മ രൂക്ഷമായ കേരളീയ സാഹചര്യത്തിലേക്ക് പ്രവാസികളുടെ മടങ്ങിപ്പോക്ക് കൂടിയാകുമ്പോൾ സാമൂഹ്യരംഗത്ത് കൂടി അതിന്റെ പ്രത്യാഘാതങ്ങളുണ്ടാക്കും. സൗദിയിൽ മാത്രം ഏകദേശം 20ലക്ഷത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ അംഗസംഖ്യ കൂടി കണക്ക് കൂട്ടിയാൽ ഇതിന്റെ എത്രയൊ ഇരട്ടിയാകും. ഇതിൽ ചെറിയൊരു ശതമാനത്തിന്റെ മാത്രം തിരിച്ച് വരവുണ്ടായാൽ കൂടി തൊഴിൽ മേഖലയിൽ അത് കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കും.
കേരളത്തിന്റെ വികസന പ്രക്രിയയിൽ വിദേശ മലയാളികളുടെ (NRI Kerala) പങ്ക് കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഓരൊ പ്രവാസി മലയാളിയും നാട്ടിലേക്ക് അയക്കുന്ന പണം അവരുടേയും കുടുംബത്തിന്റേയും ജീവിത നിലവാരത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെ തന്നെ സ്വാധീനിക്കുന്നുണ്ട്. എഴുപതുകൾക്ക് ശേഷം ഗൾഫടക്കം വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതുവഴി വിദേശ നാണ്യത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കും ഇല്ലായിരുന്നെങ്കിൽ, കേരളത്തിൽ കടുത്ത ദാരിദ്ര്യവും തൊഴിലില്ലായ്മയും നിലനിൽക്കുമായിരുന്നു. തൊഴിൽ രഹിതരായ യുവതലമുറ വഴിതെറ്റി സഞ്ചരിക്കാൻ അത് നിമിത്തമാകുകയും ചെയ്യും. പഴയ നക്സലിസവും ഭീകരതയുമൊക്കെ ഇതിന്റെ അകമ്പടിയായി നമ്മുടെ സംസ്ഥാനത്ത് തഴച്ചു വളരാനും അത് ഇടവരുത്തും.
വർഷങ്ങളായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത് പ്രവാസി മലയാളികളാണ്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന(infrastructural Development) പ്രക്രിയയിൽ വലിയ പങ്കാണ്‌ പ്രവാസികൾ വഹിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ ഫലങ്ങളാണുള്ളത്. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ഉന്നത വിദ്യഭ്യാസം നൽകുന്ന പ്രൊഫഷനൽ കോളേജുകൾ വരെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തത് പ്രവാസികളാണ്‌. കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലുകളായിരുന്ന കൊച്ചിയിലേയും നെടുമ്പാശേരിയിലേയും രാജ്യാന്തര വിമാനത്താവളങ്ങൾ കേരളത്തിന്‌ സമ്മാനിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുള്ളത് പ്രവാസി മലയാളികളാണ്‌. തൃശൂരിലെ ലുലു കൺ‌വൻഷൻ സെന്റർ, രാജ്യാന്തര ഹൊസ്പിറ്റാലിറ്റി ബ്രാൻഡുകളായ ലെമെറിഡിയൻ, ഹോളിഡെ ഇൻ, മാരിയറ്റ് തുടങ്ങിയവയെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആനയിച്ചതും പ്രവാസി മലയാളികൾ തന്നെ. അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളായ കോഴിക്കോട്ടെ മിംസ്, കൊച്ചിയിലെ ലേക്‌ഷോർ ഹോസ്പിറ്റൽ, തിരുവനന്തപുരത്തെ കിംസ് തുടങ്ങിയവ ആതുര സേവന രംഗത്തെ പ്രവാസി മാതൃകകളാണ്. കേരളത്തിലെ റീറ്റയിൽ രംഗത്ത് ഇന്ന് കാണുന്ന പുതുമകളുടെ മുഴുവൻ ക്രെഡിറ്റും പ്രവാസി സംരംഭകർക്കുള്ളതാണ്‌. ഷോപ്പിംഗ് മാളുകളും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകളും സ്ഥാപിച്ചുകൊണ്ട് റീറ്റെയിൽ വ്യാപാര മേഖലയുടെ മുഖച്ഛായ തന്നെ അവർ മാറ്റിമറിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്തെ മുന്നേറ്റങ്ങളും പ്രവാസികളുടെ പിന്തുണകൊണ്ടാണ്‌ സാധ്യമായത്. റിയൽ എസ്റ്റേറ്റ് കമ്പനികൾ സ്വപ്ന പദ്ധതികളൊരുക്കി വിമാനം കയറിയത് ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു. കേരളത്തിൽ ഇപ്പോഴുള്ളതും വരാൻ പോകുന്നതുമായ പ്രമുഖ ചാനലുകളുടേയെല്ലാം സാമ്പത്തിക സ്രോതസ്സ് പ്രവാസി മലയാളികളാണ്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല് പ്രവാസി മലയാളികളാണ്‌. ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും സമ്പന്നരായ വ്യവസായികളിൽ മാത്രം ഒതുങ്ങുന്നതല്ല. സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ പങ്കാളികളാണ്. രാപ്പകൽ ഭേദമന്യേ അന്യ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരാളും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ പൊതു വിപണിയിലാണ്‌. ചുരുക്കത്തിൽ നമ്മുടെ നാടിന്റെ വളർച്ചക്ക് ആക്കം കൂട്ടിയതും അവശ ഘട്ടങ്ങളിൽ താങ്ങായി നിന്നതും, സ്വന്തം നാടും വീടും വിട്ട് അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.
നിയമങ്ങളും വ്യവസ്ഥകളും അതാതു രാജ്യങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലും ജീവിതവും സാധ്യമാക്കാൻ വേണ്ടിയാണെന്ന യാഥാർത്ഥ്യം ഉൾകൊള്ളാൻ നാം തയ്യാറാകണം. എന്നാൽ ഈ ആശങ്കകളേയെല്ലാം ലാഘവത്തോടെ നോക്കികണ്ട് വലിയൊരു തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നതിന് പകരം, കാര്യങ്ങളെ പോസറ്റീവായി ഉൾകൊള്ളുകയും പ്രതിസന്ധികളെ നേരിടാനുള്ള ശേഷി ആർജ്ജിക്കുക്കയുമാണ് വേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും ഇക്കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ നമ്മുടെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ വലിയൊരു അരക്ഷിതാവസ്ഥക്ക് അത് വഴിതെളിയിക്കും. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന ഈ വിഭാഗത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. വിദേശ സാങ്കേതിക വിദ്യകളും ഭാഷകളും കൈമുതലുള്ള മറുനാടൻ മലയാളികൾക്ക് സ്വന്തം നാടിന്റെ സാംസ്കാരികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ കഴിയും എന്നത് ഇവരുടെ മാത്രം പ്രത്യേകതയാണ്. ഇതിനുവേണ്ടി നൂതനവും പ്രായോഗികവുമായ പദ്ധതികൾ ആവിഷ്കരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
കേന്ദ്രത്തിൽ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മാത്രമായി ഒരു മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. സാധാരണ പ്രവാസികൾക്ക് ഇതിന്റെ ഫലം എത്രത്തോളം പ്രാപ്യമാണെന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. 1996ൽ സംസ്ഥാന സർക്കാർ മുൻകയ്യെടുത്ത് സ്ഥാപിച്ച നോർക്കയുടെ(NORKA) പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന എല്ലാവരും സാങ്കേതിക പരിജ്ഞാനമൊ വൈദഗ്ദ്യമൊ കൈവശമുള്ളവരല്ല. നല്ലൊരു ശതമാനവും സാധാരണ ജോലികൾ ചെയ്യുന്നവരാണ്‌. ഇവർക്ക് കൂടി ബോധവത്ക്കരണവും പരിശീലനവും ലഭിക്കേണ്ടതുണ്ട്. മധ്യമങ്ങൾക്കും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകൾക്കും ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയും. ഇന്ന് മലയാളികൾക്ക് മാത്രമായി ഗൾഫിലെ എല്ലാ മേഖലയിലും നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള സ്വയംതൊഴിൽ കണ്ടെത്തുന്നതിനൊ, സംരംഭങ്ങളിലേർപ്പെടുന്നതിനൊ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളെങ്കിലും നൽകാൻ ഇവർക്കാകും. മടങ്ങി വരുന്നവരിൽ ചിലരെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംരംഭങ്ങളിൽ മുതൽ മുടക്കാൻ ശേഷിയുള്ളവരാകും. അവരുടെ മൂലധനം ഗുണകരമാകുന്ന മേഖലകളിൽ നിക്ഷേപിക്കേണ്ടതുണ്ട്. നല്ല സംരംഭങ്ങൾ ആരംഭിക്കാൻ അവസരമൊരുക്കുകയും വേണം. സംരംഭങ്ങളും സ്വയംതൊഴിലും തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള സംവിധാനങ്ങളുണ്ടാകണം. അനുമതി ലഭിക്കാനും, വൈദ്യുതി കണക്ഷൻ ഉൾപ്പെടേയുള്ള കാര്യങ്ങൾ ലഭിക്കാനുമുള്ള കാലതാമസം ഒഴിവാക്കണം. വിദേശത്തെ ബിസിനസ്സ് മതൃക അതെ രീതിയിൽ കേരളത്തിൽ പിന്തുടർന്നാൽ വിജയിക്കാൻ കഴിയണമെന്നില്ല. നാട്ടിലെ സാഹചര്യങ്ങൾ പഠിച്ചതിന് ശേഷം മത്രമെ ഏത് ബിസിനസ്സിലും മുതൽ മുടക്കാവൂ. പരിചിതമായ മേഖലയിൽ കാൽവെക്കുന്നതാണ്‌ നല്ലത്. കഴിയുമെങ്കിൽ വിദേശത്ത് നിൽക്കുമ്പോൾ തന്നെ ചെറിയ രൂപത്തിൽ സംരംഭങ്ങളിൽ ഏർപ്പെടുന്നതാണ് ഉചിതം. കേരളം ഇപ്പോൾ പുതിയ സംരംഭങ്ങൾക്ക് വളരേയേറെ വളക്കൂറുള്ള മണ്ണാണ്. വളർച്ചാ നിരക്കിൽ സംസ്ഥാനം വൻ മുന്നേറ്റമാണ്‌ കാഴ്ചവെക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അലഭ്യത, സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ അപര്യാപ്തത, ചുവപ്പ്നാടയിൽ കുരുങ്ങിയ നടപടിക്രമം, ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, വിദഗ്ദ തൊഴിലാളികളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു കൂട്ടായ ശ്രമവും സംവിധാനവും ഉണ്ടായാൽ വലിയൊരു സമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതോടൊപ്പം ഇവരെ ഉപയോഗിച്ച് കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാക്കുകയും ചെയ്യാം. മറിച്ച് പ്രവാസികളുടെ മടിശ്ശീലയിൽ മാത്രം കണ്ണും നട്ടിരുന്നാൽ തകർന്നടിയുന്നത് കേരളത്തിന്റെ സാമ്പത്തികാടിത്തറയായിരിക്കും. സർക്കാരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
muhammed kunhi wandoor
muhammed kunhi wandoor

Monday, April 25, 2011

ഇനിയും ഞങ്ങളെ പരീക്ഷിക്കണോ?



റയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ?
ജീവച്ചവങ്ങളായ ഞങ്ങൾക്ക്
ഇനിയുമൊരു പരീക്ഷണത്തെ താങ്ങാൻ ശക്തിയുണ്ടൊ
ഉണ്ടെങ്കിൽ ഇനിയും ഞങ്ങളെ പരീക്ഷിച്ചുകൊള്ളുക
ഗിനിപ്പന്നികളെപോലെ
ഞങ്ങളുടെ ചോരയുംനീരും അണ്ഡവും ബീജവും മുലപ്പാലുമെല്ലാം
പരീക്ഷണങ്ങൾക്കുവേണ്ടി എത്രയൊ വട്ടം നിങ്ങൾ ഊറ്റിയെടുത്തു
ഇനിയും ഞങ്ങളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുക
നിങ്ങളുടെ ലബോറട്ടറികളിലിട്ട് പരീക്ഷിച്ചുകൊള്ളുക
അല്ലെങ്കിൽ ഞങ്ങളെ കൂട്ടത്തോടെ തീയിട്ടു ചുട്ടുകൊല്ലുക
ഞങ്ങളുടെ ചാരത്തിന് മുകളിൽ നിങ്ങളുടെ കൊടിക്കൂറകൾ പറത്തുക
അവിടെ നിങ്ങൾക്ക് നൂറ്‌‌മേനി വിളവെടുക്കാൻ കഴിയും
അധികാരത്തിന്റെ സോപാനങ്ങളിലേക്ക് അത് കുറുക്കുവഴിയുമാകും

ഓ ഭരണാധികാരികളെ, നിങ്ങളും മനുഷ്യരല്ലെ?
നിങ്ങൾക്കുമില്ലെ രക്തവും രക്തബന്ധങ്ങളും
ശീതീകരിച്ച കൊട്ടാരങ്ങളിൽ അവർ സുഖനിദ്ര കൊള്ളുമ്പോഴും
പോഷക പാനീയങ്ങളും മുന്തിയ ഭോജ്യവും അവർക്ക് സുലഭമാകുമ്പോഴും
ഉയർന്ന ജീവിതവും പരിവാരങ്ങളും അവർക്ക് ചുറ്റുമുണ്ടാകുമ്പോഴും
കളിയും ചിരിയുമായി അവരെപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമ്പോഴും

ഇവിടെ ഞങ്ങൾ, വെറും കീടങ്ങളായി ചത്തൊടുങ്ങുന്നു
മുട്ടിലിഴയുന്ന, കിടക്കപ്പായയിൽ കൈകാലിട്ടടിക്കുന്ന,
ഈ മനുഷ്യജന്തുക്കളെ നിങ്ങൾ കാണാതെ പോകുന്നുവോ?
പിറന്നുവീണ നാൾമുതൽ ഞങ്ങൾ-
നുണഞ്ഞിറക്കിയിരുന്നത് കൊടും വിഷമായിരുന്നു
അമ്മമാരുടെ മാറോട്ചേർന്ന് ഞങ്ങൾ നുകർന്നത് മുലപ്പാലായിരുന്നില്ല
അവരുടെ മാറിലൂടെ ഊർന്നിറങ്ങിയത് വിഷത്തുള്ളികളായിരുന്നു
പിന്നെയും ഞങ്ങൾ ശ്വസിച്ചതും പാനംചെയ്തതും
ഭുജിച്ചതുമെല്ലാം കൊടുംവിഷമായിരുന്നു
ഇപ്പോൾ അമ്മമാരുടെ വായിലിട്ട് ചവച്ച് കുഴമ്പാക്കിയ
അന്ന പാനീയങ്ങളല്ലാതെ ഞങ്ങളുടെ നാവുകൾക്ക് വഴങ്ങുന്നില്ല
പള്ളിയും പള്ളിക്കൂടവും ഞങ്ങൾക്കിന്ന് സ്വപനംപോലുമല്ല
കളിച്ചു തിമർക്കേണ്ട ഈ ഇളം പ്രായത്തിലും
ഞങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
ഞങ്ങളിപ്പോൾ കാത്തുകിടക്കുന്നത്
വേദനയില്ലാത്തൊരു ദിനത്തിനുവേണ്ടിയാണ്
അന്നെ ഞങ്ങളുടെ രോദനത്തിനറുതിയുണ്ടാകൂ
അതെ, മരണമാകുന്ന ആ സത്യത്തെ പുൽകുമ്പോൾ.
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ

muhammed kunhi wandoor
muhammed kunhi wandoor


Sunday, March 20, 2011

ആരുണ്ട് ഇവരെ രക്ഷിക്കാൻ?


ലൈംഗികപീഡന കേസുകളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങളും ഇന്ന് നമുക്കിടയിൽ അപ്രധാനമായ വാർത്തകളായിരിക്കുന്നു. ഇത്തരത്തിൽ മനസ്സിനെ പിടിച്ചുലച്ച ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം എന്റെ നാട്ടിൽനിന്നും കേൾക്കാനായത്. ഒമ്പതു വയസ്സുമുതൽ തന്റെ മാതാവിന്റെ സഹോദരിഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന പതിമൂന്നുകാരി പെൺകുട്ടിയാണ് കേസിലെ ഇര. മാതാവും പിതാവും ബന്ധം വേർപ്പെടുത്തി മറ്റു വിവാഹം കഴിച്ചതോടെ അനാഥമായ പെൺകുട്ടി ഒരു അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ സംരക്ഷണം സ്വമേധയാ ഏറ്റെടുത്ത ഈ കാട്ടാളഹൃദയനായ മനുഷ്യൻതന്നെയാണ് കുട്ടിയെ അനാഥാലയത്തിലാക്കിയത് . അനാഥാലയത്തിൽ നിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് വിളിച്ചിറക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എട്ടുംപൊട്ടും തിരിയാത്ത ഈ പിഞ്ചു ബാലികയെ അതിക്രൂരമായി തന്റെ കാമാർത്തിക്ക് വിധേയമാക്കിയിട്ടും തൃപ്തനാകാത്ത ഇയാൾ, തന്റെ തൊഴിലുടമയും ബിസിനിസുകാരനുമായ മറ്റൊരാൾക്കും പെൺകുട്ടിയെ കാഴ്ചവെച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അയ്യായിരം രൂപവരെ പ്രതിഫലം പറ്റിയിരുന്നതായി ഇയാൾതന്നെ സമ്മതിച്ചിട്ടുണ്ട്. ഒമ്പതു വയസ്സുമുതൽ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി നാട്ടുകാരോടും പോലീസിനോടും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ കേസിലുൾപ്പെട്ടിട്ടുണ്ടൊ എന്നത് അന്യേഷിച്ചു വരുന്നതേയുള്ളൂ . അനാഥാലയത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ രണ്ടുമാസമായി ഇയാളുടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. പീഡനം അസഹനീയമായപ്പോൾ അടുത്ത വീട്ടിലെ ചിലരോട് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് കഥ പുറം ലോകമറിയുന്നത്. സ്ഥിരമായി ഇയാളും മറ്റു ദിവസങ്ങളിൽ ഇയാളുടെ കൂട്ടുകാരനും കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അയൽ‌വീട്ടുകാരോട് പറയുകയായിരുന്നു. നേരം ഇരുട്ടുന്നത് തന്നെ ഭയമാണെന്നും നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ച് മയക്കിയാണ് പീഡിപ്പിച്ചിരുന്നതെന്നും കുട്ടി അയൽവീട്ടുകാരോട് പറഞ്ഞു. കുട്ടിയുടെ മൊഴി മൊബൈൽ ഫോണിൽ പകർത്തിയ നാട്ടുകാരാണ് വിവരം പോലീസിന് കൈമാറിയത്. മയക്കഗുളിക കൊടുത്തും മറ്റുമാണ് ഇയാളും കൂട്ടുകാരനും കുട്ടിയെ ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അഞ്ച് ടാബ്ലറ്റുകൾ വരെ നൽകിയിരുന്നതായി പെൺകുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇത്രയും കാലം കുട്ടിയെ പീഡനത്തിന് വിധേയമാക്കിയത്. അനാഥാലയത്തിൽ കഴിയുമ്പോൾ ദിവസങ്ങളോളം കോയമ്പത്തൂരിലും മറ്റും കൊണ്ടുപോയി ഇയാളും കൂട്ടുകാരനും പീഡിപ്പിച്ചിരുന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വണ്ടൂർ പോലീസ് അറസ്റ്റുചൈത പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജറാക്കി റിമാൻഡ് ചൈതു. പെൺകുട്ടിയെ ചൈൽഡ് ഹെൽ‌പ്‌ലൈൻ പ്രവർത്തകർവഴി വെള്ളിമാടുകുന്നുള്ള ഷോർട് സ്റ്റേ ഹോമിലേക്ക് മാറ്റി.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. പുറം ലോകം അറിഞ്ഞ സംഭവങ്ങളിൽ ഒന്നുമാത്രമാണ്. ഇതുപോലെ എത്രയൊ പെൺകുട്ടികൾ സ്വന്തം വീടുകളിലും പുറത്തുമായി ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാവുന്നു. അയൽകാരനാൽ പീഡിതയായ പിഞ്ചുബാലിക, ട്യുഷൻമാസ്റ്ററുടെ കാമവൈകൃതങ്ങൾക്കിരയാകേണ്ടി വരുന്ന വിദ്യാർത്ഥിനികൾ, സഹപാഠിയുടെ പീഡനങ്ങളിൽ മനംനൊന്ത്‌ ആത്മഹത്യ ചെയ്യുന്ന കൗമാരക്കാരികളായ പെൺകുട്ടികൾ, എന്തിനധികം സ്വന്തം പിതാവിനാൽ ഗർഭം പേറേണ്ടിവരുന്ന ഹതഭാഗ്യരായ പന്ത്രണ്ടും പതിമൂന്നും വയസായ പെൺകുട്ടികളുടെ ഹൃദയഭേദകമായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ സംരക്ഷിക്കേണ്ടവർ തന്നെ പീഡനങ്ങളുടെ അപ്പോസ്തലൻമാരായി മാറുമ്പോൾ കുട്ടികൾ ആരോടാണ് ആവലാതി ബോധിപ്പിക്കുക? കുട്ടികൾ ഏറ്റവുമധികം സുരക്ഷിതരാകുന്നത് സ്വന്തം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിലാണല്ലൊ. എന്നാൽ ചിലകുട്ടികളെങ്കിലും മാതാപിതാക്കളുടെകരങ്ങളിൽ സുരക്ഷിതരല്ലെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

വർഷങ്ങളായി പിതാവിന്റെ വികലമായ കാമാർത്തിക്ക് വിധേയരായ എത്രയൊ പെൺമക്കളുടെ ദയനീയ മുഖങ്ങളാണ്‌ നാം കണ്ടത്‌. തങ്ങൾ നേരിടുന്ന ക്രൂരവും പൈശാചികവുമായ പീഡനാനുഭവങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ സ്വയം ഉരുകി നശിക്കുന്നവർ. പീഡനം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീക്ഷണിക്കുമുമ്പിൽ ആരോടും പരാതിപ്പെടാതെ സ്വയം മനസിൽപേറി നടക്കുകയാണിവർ. ക്രൂരപീഡനങ്ങൾക്കൊടുവിൽ ശരീരം തളർന്ന്‌ ആശുപത്രിയിലും മറ്റും എത്തുമ്പോഴാണ്‌ പീഡനം പുറംലോകമറിയുന്നത്‌. ഒളിച്ചോട്ടങ്ങളിലൊ ആത്മഹത്യയിലൊ അഭയംകണ്ടെത്തുന്ന സംഭവങ്ങളും കുറവല്ല. കുറച്ചുമുമ്പ് പത്തും പതിമൂന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടിയതായി വാർത്തകണ്ടു. ഒരാഴ്ച നീണ്ട അന്യേഷണങ്ങൾകൊടുവിൽ കുട്ടികൾ കൂട്ടുകാരിയുടെ വീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന്‌ കണ്ടെത്തി. പിന്നീടുള്ള ചോദ്യംചെയ്യലിലാണ്‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്‌. അച്ചനമ്മമാർ അപകടത്തിൽ മരിച്ച കുട്ടികൾ അമ്മാവന്റെകൂടെയാണ്‌ കഴിഞ്ഞിരുന്നത്‌. ക്രൂരമായ ലൈംഗികപീഡനങ്ങളാണ്‌ ഇവിടെനിന്നും ഏൽകേണ്ടിവന്നതെന്ന്‌ കുട്ടികൾ അന്യേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞു. പീഡനം അസഹ്യമായപ്പോൾ അനിയത്തിയേയും കൈപിടിച്ച് കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. സമാനമായ വാർത്തകൾ നാം എത്രയൊ കേട്ടതാണ്‌. കുറച്ച് മുമ്പ് മലപ്പുറംജില്ലയിൽനിന്ന് റിപ്പോർട്ട് ചെയ്ത സംഭവം നമ്മെ ലജ്ജിപ്പിക്കുന്നതായിരുന്നു. രണ്ടുവർഷമായി പിതാവിന്റെ കാമവൈകൃതങ്ങൾക്കിരയായ ഒരു പതിമൂന്നുകാരി പെൺകുട്ടിയുടെ ദയനീയമായ കഥ. ഗർഭിണിയായി ആശുപത്രിയിൽ വന്നപ്പോഴാണ്‌ നാം കഥയുടെ പിന്നാമ്പുറമറിയുന്നത്. പിതാവിനാൽ ഗർഭംധരിച്ച്‌ രണ്ടുംമൂന്നും പ്രാവശ്യം ഗർഭഛിദ്രം നടത്തേണ്ടിവന്ന മറ്റൊരു പെൺകുട്ടിയുടെ വാർത്തയും, സ്വന്തംപിതാവിന്റെ മൂന്നുകുട്ടികളെ പ്രസവിക്കാൻ വിധിക്കപ്പെട്ട വാർത്തയും സാംസ്കാരിക കേരളം പലതവണ വായിച്ചുതള്ളിയതാണ്‌. സ്കൂളിൽ നിന്നും വെള്ളം കുടിക്കാൻ പോയ എട്ടുവയസ്സുകാരി ബാലികയെ പേരക്ക കാണിച്ച് പ്രലോഭിപ്പിച്ച് ക്രൂരപീഡനങ്ങൾക്ക് വിധേയമാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ചാക്കിൽകെട്ടിയ വാർത്ത നാം നടുക്കത്തോടെ വായിച്ചു. നാടോടിസംഘത്തിൽപെട്ട അമ്മയുടെകൂടെ ഉറങ്ങികിടന്ന രണ്ടുവയസുകാരിയെ എടുത്തുകൊണ്ടുപോയി പൈശാചിക വൈകൃതങ്ങൾക്ക് വിധേയമാക്കി റോഡരുകിൽതള്ളി കടന്നുകളഞ്ഞ കാമവെറിയൻമാർ നിർലജ്ജം വാഴുന്ന നാടായി മാറിയിരിക്കുകയാണ്‌ നമ്മുടെ സംസ്ഥാനം.

ട്രെയ്ൻ യാത്രക്കിടെ ക്രൂരമായി ബലാത്സംഗത്തിനിരയായി അതിദാരുണമായി കൊല്ലപ്പെട്ട സൗമ്യയെന്ന പെൺകുട്ടിയെ നാമാരും മറന്നിട്ടില്ല.
മിഠായിയും കളിപ്പാട്ടവുംനൽകി പ്രലോഭിപ്പിച്ച്‌ കുരുന്നുമനസുകളുടെ രോദനങ്ങൾക്കിടയിലും കാമസുഖം തേടുന്ന കാമവെറിയൻമാർ യഥേഷ്ടംവിലസുന്ന നാടായി നമ്മുടെനാട് മാറിയിരിക്കുന്നു. സൗജന്യ ട്യൂഷൻ സെന്ററിന്റെ മറവിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഇവരെ ബ്ലാക്മയിൽ ചെയ്ത്‌ നഗ്നചേഷ്ടകൾ പകർത്തിയെടുക്കുകയും ചെയ്തത് കുറച്ചു മുമ്പ് നാം കേട്ടു മറന്ന മറ്റൊരു കഥ. മിഠായിയും പോക്കറ്റ്മണിയും നൽകി ചെറിയ മക്കളെ പ്രലോഭിപ്പിച്ച് നിരന്തരം ലൈഗികമായി ചൂഷണം ചൈത ഒരു ലോട്ടറിവിൽ‌പ്പനക്കാരന്റെ വാർത്ത ഈയടുത്ത് നാം വായിച്ചു പൊറുപ്പിച്ചു. ആൽബം നിർമ്മാണത്തിന്റെയും സീരിയൽ അഭിനയത്തിന്റെയും പേരിൽ പെൺകുട്ടികളെ വലവീശിപ്പിടിച്ച് വിൽ‌പ്പനക്ക് വെക്കുന്നത് എത്ര ലാഘവത്തോടെയാണ് നാം വായിച്ചു തള്ളിയത്. പ്രമാദമായ കിളിരൂർ കവിയൂർ കേസുകളുടെയൊക്കെ തുടക്കം ഇത്തരം നാടകങ്ങളിൽനിന്നാണെന്നത് നാമാരും മറന്നുകാണില്ല. ഏതെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ കുറച്ചുകാലം അതിന്റെ പിന്നാലെ ഓടിക്കൂടുന്നു എന്നല്ലാതെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യമായൊന്നും ചെയ്യാൻ നമുക്ക് കഴിയുന്നില്ല. കാക്കതൊള്ളായിരം വനിതാ സംഘടനകളും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമുള്ള കേരളത്തിൽ, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാൻ ഇത്തരം പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടൊ?

കുട്ടികളിൽ നല്ലൊരുശതമാനവും ലൈംഗികപീഡനങ്ങൾക്ക്‌ വിധേയരാവുന്നുണ്ടെന്ന്‌ തിരുവനന്തപുരത്തെ ഒരു കൗൺസലിംങ്ങ്‌ ഏജൻസി പുറത്തുവിട്ട സർവ്വെ റിപ്പോർട്ടിൽ പറയുന്നു. ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികളാണ്‌ പീഡനമേൽകേണ്ടി വരുന്നതിൽ അധികവും. മദ്യ-മയക്കുമരുന്നാധികളുടെ പങ്കും ഇക്കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല. പീഡനവാർത്തകൾക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷമാക്കുന്ന പ്രസിദ്ധീകരണങ്ങളും വിപണിയിൽ സുലഭമാണ്‌. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ കൈകൊണ്ടാൽ ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ തടയാൻ കഴിഞ്ഞേക്കും. ഇത്തരം കേസുകളിലുള്ള അന്യേഷണങ്ങളും തുടർനടപടികളും പൂർണമായും തൃപ്തികരമാണൊ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. പഴുതുകളില്ലാത്തവിധം പുതിയനിയമങ്ങൾ കൊണ്ടുവരികയൊ നിലവിലുള്ള നിയമങ്ങൾതന്നെ ശക്തവും പ്രായോഗികവുമാക്കുകയൊ അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റു ജനസമ്പർക്ക കേന്ദ്രങ്ങൾ വഴിയും കാര്യമായ ബോധവൽക്കരണവും കൗൺസലിംങ്ങും കുട്ടികൾക്ക്‌ ലഭ്യമാക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ പ്രതിരോധിക്കുവാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്‌. തെറ്റായ ഒരു നോട്ടംപോലും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കണം. അനാവശ്യമായ സംസാരങ്ങളും സ്പർശനങ്ങളും തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കുവാൻ കുട്ടികളെ പരിശീലിപ്പിക്കണം. പീഡന ശ്രമങ്ങൾക്കൊ പീഡനങ്ങൾക്ക്തന്നെയൊ വിധേയമായാൽ ബന്ധപ്പെട്ടവരോട്‌ കാര്യങ്ങൾ തുറന്ന്പറയാനുള്ള മാനസികാവസ്ഥ കൗൺസലിംങ്ങിലൂടെയും മറ്റും കുട്ടികളിലുണ്ടാക്കിയെടുക്കണം. മതിയായശ്രദ്ധയും കാര്യക്ഷമമായ നടപടികളും ഇക്കാര്യത്തിലുണ്ടെങ്കിൽ, ഇത്തരം കാട്ടാളഹൃദയരുടെ കരാളഹസ്തങ്ങളിൽ കിടന്ന്‌ പിടയുന്ന പെൺകുട്ടികളുടെ ദയനീയമുഖങ്ങൾ ഒരു പരിധിവരെ നമുക്കിനിയും കാണേണ്ടിവരില്ല.

സമൂഹത്തിന്റെ ഉത്തരവാദിത്വം:-
പെൺകുട്ടികൾ സാമൂഹ്യ വ്യവസ്ഥിതിയുടെ നട്ടെല്ലാണ്. ഒരു സമൂഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്. അതുപോലെ ലൈംഗികാതിക്രമണ കേസുകളെ നേരിടുന്നതിൽ സമൂഹമനോഭാവത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവേണ്ടതുണ്ട്. ഇത്തരം കേസുകളിൽ ഇരകളാകുന്നവരോട് ഒരുതരത്തിലുള്ള പുഛമായ നിലപാടാണ് സമൂഹത്തിന് പൊതുവേയുള്ളത്. ഈ മനോഭാവം കുട്ടികളെ വഴിവെട്ട ജീവിതത്തിലേക്കും നിത്യ നാശത്തിലേക്കുമാണ് തള്ളിവിടുന്നത്. കുട്ടികളെ അനാശ്വാസപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതൊ പീഡിപ്പിക്കുന്നതൊ ശ്രദ്ധയിൽ പെട്ടാൽ എത്രയുംവേഗം ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും ആവശ്യമായ കാര്യങ്ങൾ ചെയ്യാനും പൊതുജനം തയ്യാറാവണം. ചെറിയ ഇടപെടലുകൾ കൊണ്ട് ഒഴിവാക്കാവുന്ന വലിയ പ്രതിസന്ധികൾ നാം കാണാതെ പോകരുത്. സൗമ്യയെന്ന പെൺകുട്ടി മൃഗീയമായി നശിപ്പിക്കപ്പെട്ടത് ഇത്തരം സാമൂഹ്യ ഇടപെടലിന്റെ അഭാവമാണെന്ന് നാം ഇതിനകം മനസിലാക്കിയതാണ്‌.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്:-
മക്കൾ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ രക്ഷിതാക്കളും. പ്രായവ്യത്യാസമന്ന്യേ കുട്ടികൾ വളരുന്നതിനനുസരിച്ച് രക്ഷിതാക്കൾ അവരുടെ കാര്യത്തിൽ മതിയായ ശ്രദ്ധ ചെലുത്തണം. എല്ലാ രക്ഷിതാക്കളും അവരവരുടെ കാഴ്ചപ്പാടിൽ മക്കളെ ജീവനുതുല്ല്യം സ്നേഹിക്കുന്നവരാണ്. എന്നാൽ ഇതിൽ വരുന്ന പാളിച്ചകളാണ് നമ്മുടെ മക്കളെ നമുക്ക്തന്നെ അന്യമാക്കുന്നത്. കുട്ടികളെ ആത്മാർത്ഥമായി സ്നേഹിക്കാൻ നമുക്ക് കഴിയണം. സ്നേഹം ലഭിക്കേണ്ടവരിൽനിന്ന് അത് ലഭിക്കാതെ വരുമ്പോൾ സ്നേഹം നടിക്കുന്നവരുടെ വലയിൽ കുട്ടികൾ പെട്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

= കുട്ടികളെ പ്രായത്തിനും പക്വതക്കുമനുസരിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക
= കുട്ടികളുമായി ദിവസവും സംവദിക്കുവാൻ സമയം കണ്ടെത്തുക
= സ്കൂളിലും യാത്രയിലുമുള്ള അനുഭവങ്ങളെല്ലാം തുറന്ന് പറയുന്ന അവസ്ഥയിലേക്ക് കുട്ടികളെ മാനസികമായി പരിവർത്തിപ്പിക്കുക.
= കുട്ടികളുടെ കൂട്ടുകെട്ടുകളും ബന്ധങ്ങളും ഏതൊക്കെ തരത്തിലാണെന്നും ആരോടൊക്കെയാണെന്നും വ്യക്തമായി നിരീക്ഷിക്കുക
= പഠിക്കുന്ന വിദ്യാലയമായും അദ്ധ്യാപകരുമായും നല്ല കമ്മ്യൂണിക്കേഷൻ നിലനിർത്തുക
= സ്കൂളിലും സുഹൃത്തുക്കൾക്കിടയിലും വീട്ടിലും കുട്ടിയുടെ സ്വഭാവവും പെരുമാറ്റ രീതികളും നിരീക്ഷിക്കുക
= കുട്ടികളുടെ പോക്ക് വരവുകളും ക്ലാസുകളുടെ സമയക്രമവുമെല്ലാം രക്ഷിതാക്കൾ നല്ലപോലെ മനസ്സിലാക്കിയിരിക്കണം
= രക്ഷിതാക്കൾ വാങ്ങിനൽകാത്ത എന്തെങ്കിലും വസ്തുക്കളുമായി കുട്ടികൾ വീട്ടിൽ വരുമ്പോൾ അതിന്റെ ഉറവിടം അന്യേഷിക്കണം.
= കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം വളരെ പ്രധാനമാണ്. വീട്ടിൽ ഓടിച്ചാടി നടന്നിരുന്ന കുട്ടി പെട്ടെന്ന് മൗനിയാകുമ്പോഴൊ പഠനത്തിൽ മതിയായ ശ്രദ്ധയില്ലാതാവുമ്പോഴൊ രക്ഷിതാക്കൾ ശരിയായ കാരണം കണ്ടെത്താൻ ശ്രമിക്കണം
= സ്കൂൾ പഠനകാലത്ത് കുട്ടികൾ സ്വന്തമായി മൊബൈൽഫോൺ ഉപയോഗിക്കുന്നത് കർശനമായും വിലക്കണം
= കമ്പ്യൂട്ടറും ടെലിവിഷനുമെല്ലാം എല്ലാവർക്കും കാണത്തക്ക രീതിയിലുള്ള മുറികളിൽ സജ്ജീകരിക്കണം
= ഇത്തരം നിരീക്ഷണങ്ങൾ നടത്തുമ്പോഴും ഉപദേശങ്ങൾ നൽകുമ്പോഴും കുട്ടികളെ കുറ്റപ്പെടുത്തിക്കൊണ്ടൊ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ടൊ ആവരുത്. അത് അവരിൽ അഘാതമായ മാനസിക പ്രശ്നങ്ങളുണ്ടാക്കും.

അദ്ധ്യാപകരുടേയും വിദ്യാലയത്തിന്റേയും പങ്ക് :-
= കുട്ടികളുമായി ഏറ്റവുമധികം സംവദിക്കാൻ കഴിയുന്നത് അദ്ധ്യാപകർക്കാണ്. കുട്ടികളുടെ സ്വഭാവത്തിലൊ പെരുമാറ്റത്തിലൊ എന്തെങ്കിലും അസ്വാഭാവികത കാണുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതിവിധികൾ കണ്ടെത്താനും അദ്ധ്യാപകർക്ക് കഴിയണം.
= പ്രവർത്തി ദിനങ്ങളിൽ കുട്ടികൾ ക്ലാസിൽ വരാതിരിക്കുമ്പോൾ രക്ഷിതാക്കളെ വിവരമറിയിക്കാനുള്ള മനസ്കത അദ്ധ്യാപകർ കാണിക്കണം
= സ്കൂളുകളിൽ കൗൺസലിങ്ങും പഠന ക്ലാസ്സുകളും സംഘടിപ്പിച്ച് കുട്ടികൾക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തണം
= ശിഥിലമായ കുടുംബ പാശ്ചാത്തലങ്ങളിൽനിന്നുള്ള കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാൻ അദ്ധ്യാപകരും സ്കൂളധികൃതരും തയ്യാറാകണം.

ഇത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധതയോടെ കൂട്ടായ ശ്രമങ്ങളുണ്ടായാൽ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാവുന്നതാണ്.

[വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ എഴുതാൻ മറക്കരുത്നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ എല്ലാവർക്കും ഉപകരിക്കും]
muhammed kunhi wandoor
muhammed kunhi wandoor

Friday, February 25, 2011

ജിദ്ദാ ബ്ലോഗേഴ്സ് മീറ്റ് - ഇത്‌ ചരിത്ര മുഹൂർത്തം



വൈകിട്ട് ഏഴുമണിക്ക്‌ തന്നെ ഞാൻ ഷറഫിയ ലക്കി ദർബാർ ഹോട്ടലിനു മുമ്പിലെത്തി. ഏഴുമണിക്ക്‌ തന്നെ സംഘാടകരെല്ലാം എത്തണമെന്ന നിർദ്ദേശമുള്ളതുകൊണ്ട്‌ സമയക്രമം പാലിക്കാൻ ഞാൻ കഴിവതും ശ്രമിച്ചു. ഞാനാണ്‌ ആദ്യമെത്തിയതെന്ന്‌ മനസ്സിലാക്കി സലീം ഐക്കരപ്പടിയെ ഫോണിൽ വിളിച്ചു .അദ്ദേഹം നേരത്തെ എത്തിയെന്നും ഇപ്പോൾ മീറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക്‌ പുറത്തുപോയതാണെന്നും മറുപടി വന്നു. പിന്നെ വിളിച്ചത്‌ ബ്ലോഗേഴ്സ്‌ ഗ്രൂപിന്റെ ചെയർമാൻ സമദ്‌ കാരാടനെ. ഡയൽ ചൈതു തുടങ്ങിയപ്പോഴെ അദ്ദേഹത്തെ മുന്നിൽ കണ്ടു. എന്നേയും സലീം എക്കരപ്പടിയേയും പിന്നിലാക്കി ആദ്യമെത്തിയത്‌ സമദ്‌ക്കയായിരുന്നു. എല്ലാവരും എത്തിയിട്ട്‌ ചെയർമാനെത്തുന്ന രീതി അദ്ദേഹം തിരുത്തി. ഞാനും സമദ്‌ക്കയും ഓഡിറ്റോറിയത്തിൽ കയറി വേദിയും ഇരിപ്പിടങ്ങളുമെല്ലം വിലയിരുത്തി. അപ്പോഴേക്കും പ്രസിഡണ്ട്‌ ഉസ്മാൻ ഇരിങ്ങാട്ടിരി ഒറ്റവരിക്കവിതയും മൂളി ഓഡിറ്റോറിയത്തിലേക്ക്‌ കടന്നുവന്നു. അദ്ദേഹവും വേദിയും പരിസരവുമെല്ലം ഒന്ന്‌ ക്രോസ്‌ ചെക്ക്‌ ചെയ്തു. പിന്നെ മീറ്റിന്റെ സജീവ സംഘാടകരിലൊരാളായ കൊമ്പൻ മൂസയുടെ ആഗമനം. അപ്പോഴേക്കും പുറത്തുപോയ സലീം ഐക്കരപ്പടിയും എത്തി. ഒപ്പം ‘ജിദ്ദാ ബ്ലോഗേഴ്സ്‌-ഒരു കിളിവാതിൽ കാഴ്ച’ എന്ന പരിപാടിക്കുള്ള കുന്തോം കൊടചക്രോം കയ്യിലേന്തി സെക്രട്ടറി കൂടിയായ പ്രിൻസാദും വീഡിയോഗ്രാഫർ ജൈസലും സ്ഥലത്തെത്തി. പിന്നെ ബ്ലോഗർമാരായ ഷാജു വാണിയമ്പലം, ഗ്രൂപ്പിന്റെ പ്രോഗ്രാം കോ-ഓഡിനേറ്ററായ അഷ്‌റഫ്‌ ഉണ്ണീൻ, മീഡിയാ കൺവീനർ അൻവർ വടക്കാങ്ങര, വെസ്പ്രസിഡണ്ടും ഫേസ്ബുക്കിലെ താരവുമായ അബ്ദുള്ള സർദാർ, മറ്റൊരു വൈസ്‌ പ്രസിഡണ്ട്‌ റസാക്ക്‌ എടവനക്കാട്‌ തുടങ്ങിയ വമ്പൻമാരും എത്തി. അതിനു തൊട്ടുപിന്നാലെ നമ്മുടെ സൂപ്പർ ബ്ലോഗർ ബഷീർ വള്ളിക്കുന്നുമെത്തി.

ജിദ്ദാ ബ്ലോഗർമാരെ ആവേശ ഭരിതരാക്കി മദീനയിൽ നിന്നും ഒരൊന്നൊന്നര കാമറയുമായി കാർട്ടൂണിസ്റ്റും ബ്ലോഗറും മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപിന്റെ പ്രതിനിധികൂടിയായ നൗഷാദ്‌ അകമ്പാടവും, മുട്ടിനു താഴെ നീളമുള്ള ജൂബയണിഞ്ഞ്‌ പുഞ്ചിരിക്കുന്ന മുഖവുമായി നൗഷാദ്‌ കൂടരഞ്ഞിയുമെത്തി. അവരെ സ്വീകരിച്ച്‌ കഴിഞ്ഞപ്പോഴേക്കും യാമ്പുവിൽനിന്നുള്ള സംഘത്തിന്റെ വരവ്‌. ഒട്ടേറെ കഥകളുമായി ബ്ലോഗ്‌ രംഗത്ത്‌ നിറ സാന്നിദ്ധ്യമായ അക്ബറലി വാഴക്കാട്‌, കവിതകളിലൂടെ ബ്ലോഗിൽ ഒഴുകി നടക്കുന്ന എം.ടി മനാഫ്‌ എന്നിവരായിരുന്നു സംഘത്തിലെ പ്രമാണിമാർ. പിന്നെ ഒരൊഴുക്കായിരുന്നു. തെച്ചിക്കോടൻ ഷംസ്‌, എന്റെ നാട്ടുകാരൻ ഷാനവാസ്‌ ഇളയോടൻ, ഫോട്ടൊ ബ്ലോഗർ നൗഷാദ്‌, ഹംസ‌ നിലമ്പൂർ, സൈനുദ്ധീൻ പാലത്തിങ്ങൽ , സുല്ഫി (കൂട്ടം), മുജീബ് ചെങ്ങര, ബാവ രാമപുരം, ബഷീർ കല്ലോരത്ത്‌, അബ്ദുള്ള മുക്കണ്ണി, സലീം കൂട്ടായി, മുഹമ്മദ്‌ ലുലു, സാദത്ത്‌ വെളിയങ്കോട്‌, സാജിദ്‌ ഈരാറ്റുപേട്ട, മഹ്ബൂബ്‌ റഹ്‌മാൻ, മുഹമ്മദ്‌ മുസ്ഥഫ, ഓ.എ.ബി, നിജാസ്‌, അഷ്‌റഫ്‌ ആദം, ലാല ദുജ....... അങ്ങനെ ഓരോരുത്തരായി എത്തിത്തുടങ്ങി.

ജിദ്ദയിലെ വനിതാ ബ്ലോഗർമാരായ സാബിബാബ(സാബിറ സിദ്ധീഖ്‌), ഷഹനാസ് മുസ്ഥഫ, ബ്ലോഗറും തെച്ചിക്കോടൻ ഷംസിന്റെ പുത്രിയുമായ പത്തു വയസ്സുകാരി നൗറീനും മറ്റു ബ്ലോഗർമാരുടെ കുടുംബാങ്ങങ്ങളും മീറ്റിനെത്തി. ജോലി സംബന്ധമായി റിയാദിലായതു കാരണം വരാൻ കഴിയില്ലെന്ന്‌ അജിത്‌ നീർവിളാകൻ അറിയിച്ചിരുന്നു. പരസ്പരം കാണുക പോലും ചെയ്യാത്തവർ, ഓൺലൈനിലൂടെ മാത്രം പരിചയപ്പെട്ടവർ, വെത്യസ്ഥ വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുള്ളവർ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ കഥ, കവിത, നർമ്മം, രാഷ്ട്രീയം, സാമൂഹികം, ആനുകാലികം, വര, ഫോട്ടോഗ്രാഫി തുടങ്ങുയ മേഖലകളിൽ ബ്ലോഗ് രംഗത്തുള്ളവർ, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നവർ. പരസ്പ്പരം കണ്ടുമുട്ടിയപ്പോൾ അടക്കാനാവത്ത സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.

പിന്നെ അതിഥികളായ ഗൾഫ്‌ മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ, മലയാളം ന്യൂസ്‌ പത്രാധിപ സമിതിയംഗം സി.ഒ.ടി അസീസ്‌, മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ്‌ നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്‌, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി തുടങ്ങിയവരും എത്തിച്ചേർന്നു. അങ്ങനെ ഒമ്പതരയോടുകൂടി മലയാള ബ്ലോഗ്‌ ചരിത്രത്തിലെ സുപ്രധാന ഏടായ ജിദ്ദാ മീറ്റിന്‌ സമാരംഭമായി.....


ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്റർ ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതമാശംസിക്കുന്നു


ഗൾഫ് മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ മീറ്റ് ഉദ്ഘാടനം ചെയ്യുന്നു


ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌ ജിദ്ദാ ചാപ്റ്റർ പ്രസിഡണ്ട് ഉസ്മാൻ ഇരിങ്ങാട്ടിരി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു


സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിന്‌ ചെയർമാൻ സമദ് കാരാടൻ മൊമന്റൊ നൽകി ആദരിക്കുന്നു


മൊമന്റൊ (മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചപ്റ്റർ)


സമദ് കാരടൻ മൊമന്റൊ നൽകി സംസാരിക്കുന്നു

Muhammed Kunhi Wandoor
Muhammed Kunhi Wandoor
ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ് ദാന പ്രസംഗം നടത്തുന്നു


മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി അസീസ് 'സമാന്തര മീഡിയ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.


മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ ആശംസകളർപ്പിച്ച് സംസാരിക്കുന്നു


ഡോ. ഇസ്മാഈൽ മരുതേരി ആശംസകളർപ്പിച്ച് സംസാരിക്കുന്നു


ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ് നെടുങ്ങാടി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


മീഡിയ ഫോറം സെക്രട്ടറി ജാഫറലി പാലക്കോട് ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


കൂട്ടം പ്രതിനിധി രാധാകൃഷ്ണപ്പിള്ള ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി നൗഷാദ് കൂടരഞ്ഞി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


കവിയും ബ്ലോഗറുമായ എം.ടി മനാഫ് ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്ന് ബ്ലോഗുകളുടെ പുതിയ സാധ്യതകളെ കുറിച്ച് പ്രഭാഷണം നടത്തുന്നു


സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിക്കുന്നു

ബ്ലോഗേഴ്സ് മീറ്റ് ഒറ്റ നോട്ടത്തിൽ

(9:30 PM)
സ്വാഗതം
ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതം ആശംസിച്ചു

ഉദ്ഘാടനം
ഗൾഫ്‌ മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ ഉദ്ഘാടനം ചൈതു. സമാന്തര മാധ്യമങ്ങളേയും സോഷ്യൽ നെറ്റുവർക്കുകളേയും അവഗണിച്ച്‌ പുതിയ സാഹചര്യത്തിൽ മുന്നോട്ടുപോകാനവില്ലെന്നും, അറബ് ലോകത്തെ പുതിയ സംഭവവികാസങ്ങൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും ദ്രുതഗതിയിലുള്ള കമ്മ്യൂണിക്കേഷൻ സാധ്യതയാണ്‌ വെളിപ്പെടുത്തുന്നതെന്നും,ബ്ലോഗുകളേയും സാമ്പ്രദായിക മാധ്യമങ്ങളേയും തരം തിരിച്ച്‌ കാണേണ്ടതില്ലെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

അദ്ധ്യക്ഷൻ
പ്രസിഡണ്ട്‌ ഉസ്മാൻ ഇരിങ്ങാട്ടിരി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോഗർമാരുടെ കൂട്ടായ്മയുടേയും പാരസ്പര്യത്തിന്റേയും ഉത്തമ ഉദാഹരണമാണ്‌ ഈ മീറ്റിന്റെ വിജയമെന്നും, മറ്റു രംഗത്തുള്ളതുപോലെ പടലപ്പിണക്കങ്ങളും തർക്കങ്ങളും ബ്ലോഗർമാർക്കിടയിലില്ലെന്നും അദ്ധേഹം പറഞ്ഞു.

സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിനെ ആദരിക്കൽ
ചെയർമാൻ സമദ്‌ കാരാടൻ ബ്ലോഗേഴ്സ്‌ ഗ്രൂപ്പിന്റെ മൊമന്റൊ ബഷീർ വള്ളിക്കുന്നിന്‌ നൽകി ആദരിച്ചു. ബ്ലോഗുകളിലൂടെ ഒട്ടേറെ പ്രതിഭകൾ കഴിവ് തെളിയിക്കുന്നുണ്ടെന്നും, ബഷീർ വള്ളിക്കുന്ന്‌ പുതുമയുള്ള എഴുത്തുകാരനാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ്‌ ദാന പ്രസംഗം നടത്തി.

മുഖ്യ പ്രഭാഷണം
‘സമാന്തര മീഡിയകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ മലയാളം ന്യൂസ്‌ പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ്‌ മുഖ്യ പ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിൽ സമാന്തര മാധ്യമങ്ങളും സോഷ്യൽ നെറ്റുവർക്കുകളും വളരെ പ്രസക്തമാണെന്നും, മാധ്യമ പ്രവർത്തന രംഗത്ത്‌ മുമ്പത്തേതിനെ അപേക്ഷിച്ച്‌ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മാറ്റങ്ങളെ ആരോഗ്യകരമായി ഉൾക്കൊള്ളുകയാണ്‌ വേണ്ടതെന്നും, സമാന്തര മീഡിയകളുടെ രംഗപ്രവേശനത്തോടെ സാമ്പ്രദായിക മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.

ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ച്ച
ജിദ്ദയിലെ നാല്പ്പതോളം വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന മൾട്ടിമീഡിയ സ്ലൈഡ് ഷോക്ക് സെക്രട്ടറി പ്രിൻസാദ് പാറായി നേതൃത്വം നൽകി

പ്രഭാഷണം
മലയാള ബ്ലോഗ്‌ രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച്‌ ബഷീർ വള്ളിക്കുന്ന്‌ പ്രഭാഷണം നടത്തി. വാർത്താ വിനിമയ രംഗത്തും സാഹിത്യ രംഗത്തും ബ്ലോഗുകളുടേയും മറ്റു ഓൺലൈൻ മീഡിയകളുടേയും സംഭാവനകൾ വളരെ വലുതാണെന്നും, പുതിയ സാങ്കേതികതയും മാറ്റങ്ങളും ഉൾക്കൊള്ളാതെ ഇത്തരം സങ്കേതങ്ങളെ എതിർക്കുന്നവരോട്‌ സഹതാപമാണ്‌ തോന്നുന്നതെന്നും അദ്ധേഹം പറഞ്ഞു.

ആശംസ
മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ്‌ നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്‌, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി, നൗഷാദ്‌ കൂടരഞ്ഞി, ടി മനാഫ്‌, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഇംത്യാസ് ഇറാഖിൽനിന്ന് ആശംസകൾ നേർന്ന് സന്ദേശമയച്ചു.

നന്ദി
സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിച്ചു

ഭക്ഷണം
മീറ്റിൽ പങ്കെടുത്തവർക്കെല്ലാം സംഘാടകർ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.
(12: 30)

കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും


ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌ സ്ഥാപകനും അഡ്മിനിസ്ട്രേറ്ററുമായ മുഹമ്മദ്‌ ഇംത്യാസ്‌ (ആചാര്യൻ)


റസാഖ് എടവനക്കാട്, നൗഷാദ് കൂടരഞ്ഞി, ഉസ്മാൻ ഇരിങ്ങാട്ടിരി, അക്ബറലി വാഴക്കാട്


ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ പ്രിൻസാദ് പാറായി


ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ അൻവർ വടക്കാങ്ങര

മീറ്റിന്റെ ആകർഷണീയത

മാധ്യമ സാഹിത്യ സാംസ്കാരിക രംഗത്തേ കുറിച്ചുള്ള കാലികമായ ചർച്ചകളും സംവാദംങ്ങളും മീറ്റിലുടനീളം ദൃശ്യമായിരുന്നു
മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരുമെല്ലാം പുതിയ കാലഘട്ടത്തിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റ്വർക്കുകളുടേയും പ്രാധാന്യം വിലയിരുത്തി. ഇത് ബ്ലോഗർമാർക്ക് കൂടുതൽ ആവേശവും ഊർജ്ജവും നൽകുന്നതായിരുന്നു

മാധ്യമ പ്രതിനിധികളുടെ സാന്നിദ്ധ്യം മീറ്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. മാധ്യമം, മലയാളം ന്യൂസ്‌, മലയാളമനോരമ, സിറാജ്‌, ചന്ദ്രിക, ഏഷ്യാനെറ്റ്‌, കൈരളി, ജൈഹിന്ദ്‌ തുടങ്ങി അച്ചടി - ദൃശ്യ മാധ്യമ രംഗത്തെ പ്രതിനിധികളെല്ലാം മീറ്റിൽ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.

മീറ്റ്‌ പ്രഖ്യാപനം മുതൽ അച്ചടി മാധ്യമങ്ങൾ വേണ്ടുന്ന പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തൾ നൽകിക്കൊണ്ടിരുന്നു. ബൂലോകം ഓൺലൈൻ തുടങ്ങിയ ഓൺലൈൻ മീഡിയകളും നല്ല പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തകൾ അപ്പപ്പോൾ നൽകിക്കൊണ്ടിരുന്നു.ബൂലോകം ഓൺലൈനിന്റെ ജിക്കുവർഗീസ് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.


സദസ്സ് - ഒരു ദൃശ്യം


സദസ്സ് - മറ്റൊരു ദൃശ്യം


ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അബ്ദുള്ള സർദാർ ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം


ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് റസാഖ് എടവനക്കാട് സമദ് കാരാടനൊപ്പം


ഷാനവാസ് എളയോടൻ മക്കൾക്കൊപ്പം

Muhammed Kunhi Wandoor
Muhammed Kunhi Wanddor





ബ്ലോഗർ തെച്ചിക്കോടൻ ഷംസ്


നൗഷാദ് അകമ്പാടം ,ഹംസ നിലമ്പൂർ, ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം


ബ്ലോഗർ സാബിബാബയുടെ മകൾ മീറ്റിനെത്തിയപ്പോൾ


ജിദ്ദയിലെ പത്ത് വയസ്സുകാരി ബ്ലോഗർ നൗറീൻ (തെച്ചിക്കോടന്റെ പുത്രി)



സെക്രട്ടറി സലീം ഐക്കരപ്പടി മക്കൾക്കൊപ്പം


കൊമ്പൻ മൂസ, ഒ.എ.ബി (സോപ്പ് ചീപ്പ്, കണ്ണാടി), നൗഷാദ് അകമ്പാടം


സംഘാടകരിലെ സജീവ സാന്നിദ്ധ്യമായ ഷാജു വാണിയമ്പലം


ചിത്രങ്ങളെല്ലാം കാമറയിൽ പകർത്തിയ ബ്ലോഗറും സംഘാടകനുമായ നൗഷാദ് കെ.വി


കൊമ്പൻ മൂസയുടെ നേതൃത്വത്തിൽ ബ്ലോഗേഴ്സിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു



മീറ്റിനൊടുവിൽ ഈറ്റ്


പ്രോഗ്രാം കോ-ഓഡിനേറ്റർ അഷ്‌റഫ് ഉണ്ണീൻ (മധ്യത്തിൽ) എം.ടി. മനാഫ് , കൊമ്പൻ മൂസ എന്നിവർക്കൊപ്പം


മാധ്യമം ദിനപത്രത്തിൽ മീറ്റിനെ കുറിച്ച്‌ വന്ന വാർത്ത


മലയാളം ന്യൂസ്‌ ദിനപത്രത്തിൽ മീറ്റിനെ കുറിച്ച്‌ വന്ന വാർത്ത


മീറ്റിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നൗഷാദ് അകമ്പാടം. അദ്ദേഹം മീറ്റിനെ വിലയിരുത്തി വരച്ച കാർട്ടൂൺ (മലയാളിയുടെ ബ്ലോഗ്ഗ് മീറ്റും അറബികളുടെ 'ഇഷാദ ?' യും!)

കൃതജ്ഞത
ബ്ലോഗേഴ്സ് മീറ്റ് വൻ വിജയമാക്കിയത് ജിദ്ദയിലെ ബ്ലോഗർമാരാണ്‌. അവരോട് എങ്ങനേ നന്ദി പറയണമെന്നറിയില്ല. ഈ ആവേശം കെടാതെ സൂക്ഷിച്ച് സമൂഹ നൻമക്ക് വേണ്ടി എഴുതാനും പ്രവർത്തിക്കാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കും മറ്റു സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ പറഞ്ഞു പോകണമെന്ന് അപേക്ഷിക്കുന്നു
Muhammed Kunhi Wandoor
muhammed kunhi wandoor
muhammed kunhi wandoor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...