Thursday, October 26, 2017

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)



-------------------------------------
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
-------------------------------------
സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ്പ്
വിദേശത്തുനിന്നും സ്വദേശത്തെത്തിയിട്ട് ഏഴു ദശാബ്ദങ്ങള്‍ പിന്നിടുന്നു.
വൈദേശികാധിപത്യത്താല്‍ അസ്ഥിപഞ്ജരമായ രാജ്യം,
ജീവവായു ശ്വസിക്കാനൊരുങ്ങുമ്പോള്‍
അധികാരത്തിനായുള്ള തൊഴുത്തില്‍കുത്തും ഇവിടെ തുടങ്ങിയിരുന്നു.
ഒരുവേള സേച്ഛാധിപത്യത്തിനും സ്വതന്ത്രഭാരതം സാക്ഷ്യം വഹിച്ചു.
അധികാരത്തിനായുള്ള ആര്‍ത്തി നിറഞ്ഞ ക്രയവിക്രയങ്ങളില്‍
പലപ്പോഴും ഈ മണ്ണ് ജീവന്‍റെ കുരുതിക്കളമായി മാറി.
ഇപ്പോള്‍, ജനാധിപത്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ്
പണാധിപത്യം രാജ്യത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
ജാതിയും മതവും വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത്
യഥേഷ്ടം ഇവിടെ വിപണനം ചെയ്യപ്പെടുന്നു.
സ്വാതന്ത്ര്യം, പുറത്തുനിന്നും പൊരുതി നേടുന്നതിലും സാഹസമാണ്
അകത്തുനിന്നും അത് നേടിയെടുക്കാനെന്ന തിരിച്ചറിവ്
ജനങ്ങളില്‍ വല്ലാത്ത മടുപ്പും അരക്ഷിതത്വവും സൃഷ്ടിക്കുന്നു.
നീതിയും നിയമവും പലപ്പോഴും കാഴ്ചക്കാരാവുന്നിടത്ത്,
ഉണ്ണാനും ഉടുക്കാനുംവരെ നിയന്ത്രണങ്ങളുള്ളിടത്ത്,
ജീവവായുവിനുപോലും വിലപേശുന്ന മണ്ണില്‍
ജനങ്ങളിപ്പോഴും സ്വാതന്ത്ര്യത്തിന്‍റെ പുലരി തേടുകയാണ്.


Monday, April 17, 2017

ഒരൊഴിവുകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകൾ

  ഇന്ന് അധ്യായന വര്‍ഷത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിവസം. രണ്ടുമാസത്തെ വേനലാവധിക്ക് ഇന്ന് സ്കൂളടക്കും. കുട്ടികളെല്ലാം നല്ല ആവേഷത്തിമര്‍പ്പിലാണ്. കൂവിയും ബഹളം വെച്ചും എല്ലാവരും ഒഴിവുകാലത്തെ വരവേല്‍ക്കുന്ന ആവേഷത്തിലാണ്. സ്റ്റാഫ് റൂമിലും ഇന്ന് ഏറെ ഉണര്‍വുള്ള ദിവസമാണ്. വെക്കേഷനിലെ പ്രോഗ്രാമുകളേ കുറിച്ചും യാത്രകളെ കുറിച്ചുമെല്ലാം അധ്യാപകർക്കിടയിൽ സജീവമായ ചര്‍ച്ചകൾ നടക്കുന്നു.

  പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്കൂളിലെ പ്രധാന കെട്ടിടത്തിന്‍റെ നീണ്ട വരാന്തയുടെ അറ്റത്ത് സ്റ്റാഫു റൂമിനോടു ചേര്‍ന്നുള്ള അരച്ചുമരിൽ കൈകുത്തി നില്‍ക്കുന്ന കുട്ടിയെ അപ്പോഴാണ് ശ്രദ്ധയില്‍പെടുന്നത്. അഗഥി മന്ദിരത്തിൽ താമസിക്കുന്ന കുട്ടിയാണെന്ന് അവന്‍റെ വേഷവിധാനങ്ങളില്‍നിന്നും എനിക്കു ബോധ്യമായി. സ്കൂളിൽ നിന്നും ഏകദേശം അരക്കിലോമിറ്ററോളം അകലെയുള്ള അഗഥി മന്ദിരത്തില്‍നിന്നുള്ള ഏതാനും കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവിടുന്നുള്ള കുട്ടികളോട് ഞങ്ങളൾ അധ്യാപകര്‍ക്കെല്ലാം നല്ല മതിപ്പായിരുന്നു. അതിനു പ്രത്യേക കാരണവുമുണ്ട്. എല്ലാവരും നല്ല അച്ചടക്കമുള്ളവരായിരുന്നു. അധ്യാപകരേയും മുതിര്‍ന്നവരേയുമെല്ലാം ഏറെ ബഹുമാനിക്കുന്നവരും. സഹപാഠികളോടുള്ള പെരുമാറ്റത്തിലും നല്ല മതിപ്പാണുള്ളത്. ഏറെക്കുറേ എല്ലാവരും നന്നായി പഠിക്കുന്നവരുമാണ്.
എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ വരാന്തയിലേക്കിറങ്ങി. അവനപ്പോഴും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പുറകിൽ നിന്നും തോളിൽ തട്ടി വിളിച്ചപ്പോൾ ഉറക്കത്തില്‍നിന്നെന്ന പോലെ അവന്‍ ഞെട്ടിയുണര്‍ന്നു. കാര്യം തിരക്കിയപ്പോൾ ഒരു ചെറുപുഞ്ചിരിയിലൽ മാത്രം മറുപടിയൊതുങ്ങി. എല്ലാം ചോദിച്ചറിയണം എന്നുണ്ടായിരുന്നു. അപ്പോഴേക്കും ഓര്‍ഫനേജിലെ അവന്‍റെ കൂട്ടുകാർ വന്നു വിളിച്ചു. നിരാശയിൽ പുഞ്ചിരി ചാലിച്ച മുഖവുമായി അവന്‍ യാത്ര പറഞ്ഞിറങ്ങി. കൂട്ടുകാര്‍ക്കൊപ്പം സ്കൂളിന്‍റെ പടികളിറങ്ങുമ്പോഴും അവനേ മാത്രം നിശബ്ദനായി കാണപ്പെട്ടു. കാര്യമായെന്തോ അവനെ അലട്ടുന്നുണ്ടെന്നു ഞാന്‍ ഊഹിച്ചു. അവന്‍റെ മുഖത്തെ നിരാശയും വിഷമവും വായിച്ചെടുക്കാന്‍ എനിക്ക് അധികമൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. കാരണം അത്തരം സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു വന്നിട്ടുള്ളത്. എന്‍റെ ബാല്യവും കൗമാരവുമെല്ലാം തളിരിട്ടതും ജീവിതം തന്നെ പഠിച്ചതും പരിശീലിച്ചതുമെല്ലാം അതുപോലൊരു അനാഥാലയത്തിന്‍റെ മുറ്റത്തു നിന്നായിരുന്നല്ലോ. ഓര്‍മകൾ എന്നെ കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടു പോയി.

  ഇളയ സഹോദരന്‍ കുഞ്ഞാവയെ പ്രസവിച്ചതിനു ശേഷം ഉമ്മ കിടക്കപ്പായയിൽ നിന്ന് തനിയെ എഴുന്നേറ്റിട്ടില്ല. പ്രസവാനന്തരം അരക്കുതാഴെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. പ്രാഥമിക കര്‍മ്മങ്ങള്‍ക്കും ഭക്ഷണം കഴിക്കാന്‍പോലും ഉമ്മാക്ക് പരസഹായം വേണ്ടിവന്നു. കൂലിപ്പണിക്കാരനായ ഉപ്പ ആവുന്നതിലുമധികം ചികില്‍സ നടത്തി. പക്ഷെ അതുകൊണ്ടൊന്നും ഊര്‍ജസ്വലയായിരുന്ന ഉമ്മയെ ഞങ്ങള്‍ക്കു തിരിച്ചു കിട്ടിയില്ല.

  ഉമ്മ കിടപ്പിലായതിനു ശേഷം ഉമ്മുമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്. അവര്‍ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ അവര്‍ ഞങ്ങളുടെ വീട്ടില്‍തന്നെ തങ്ങുകയായിരുന്നു. കുഞ്ഞാവയും നിത്യ രോഗിയായിരുന്നു. ജനിച്ച നാൾ മുതൽ അവനെ ഓരോ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ പൊരുതി ഒരു വയസു തികയും മുമ്പേ അവന്‍ മരണത്തിനു കീഴടങ്ങി. അവന്‍റെ മരണം കൂടിയായപ്പോൾ ഞങ്ങളുടെ കുടുംബം ആകെ തളര്‍ന്നു. ഉമ്മയുടെ രോഗവും മൂര്‍ച്ഛിച്ചു.

  പിന്നീട് ഞാന്‍ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളെ അനാഥമാക്കി ഉമ്മുമ്മയും വിടപറഞ്ഞു. വീട്ടിലെ ചിലവുകള്‍ക്കും ഉമ്മയുടെ ചികിത്സക്കും പണം കണ്ടെത്താന്‍ പെടാപാടുപെട്ടിരുന്ന ഉപ്പയും ആകെ തകര്‍ന്നു. ഉമ്മയുടെ പരിചരണവും പറക്കമുറ്റാത്ത പ്രായത്തിലുള്ള എന്‍റെയും ഇത്താത്താന്‍റെയും കാര്യങ്ങളുമെല്ലാം ഉപ്പയുടെ ചുമലിൽ വലിയ ചുമടായി വന്നു പതിച്ചു. ഞങ്ങളുടെ പഠനവും ഒരു ചോദ്യ ചിഹ്നമായി. അങ്ങനേയാണ് ഞാന്‍ അഗഥി മന്ദിരത്തിന്‍റെ പടി കയറുന്നത്. ഇത്താത്ത എന്നേക്കാൾ നാലു വയസയിനു മൂത്തതായിരുന്നു. അവൾ അടുത്തുള്ള സ്കൂളിൽ തന്നെ പഠനം തുടര്‍ന്നു. ഒഴിവു ദിവസങ്ങളിൽ ഉമ്മയെ പരിചരിച്ചിരുന്നതും വീട്ടിലെ ചെറിയ ജോലികൾ ചെയ്തിരുന്നതുമെല്ലാം അവളായിരുന്നു.
വീട്ടിലെ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ അഗഥി മന്ദിരം എനിക്ക് സ്വര്‍ഗമായിരുന്നു. ഇണക്കമുള്ള അന്തരീക്ഷം, നല്ല ഭക്ഷണം, സ്നേഹത്തോടെയുള്ള പരിചരണം, നല്ല ഒരുപാടു കൂട്ടുകാർ അങ്ങനെ ഒത്തിരി കാര്യങ്ങൾ. പക്ഷെ വീടും കുടുംബവും വിട്ടുനില്‍ക്കേണ്ടി വന്നതിൽ ആദ്യ നാളുകളിൽ നല്ല വിഷമമായിരുന്നു. പിന്നീട് അതിനോടെല്ലാം സമരസപ്പെട്ടുപോകാന്‍ പഠിച്ചു. അല്ലെങ്കിൽ സാഹചര്യം അതിനു പ്രേരിപ്പിച്ചു എന്നു പറയുന്നതാവും ശരി.

  ഇടക്കുള്ള ഒഴിവു ദിവസങ്ങളിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ ഉപ്പ വരുമായിരുന്നു. വീട്ടിലേക്കു പോകുമ്പോൾ ആലിക്കുട്ടി ഉസ്താദ് അല്‍പ്പം പണവും സാധനങ്ങളുമെല്ലാം ഉപ്പയെ ഏല്‍പ്പിക്കും. വീട്ടിലെ സാഹചര്യം ഉസ്താദിന് നന്നായറിയാവുന്നതാണ്. ഉസ്താദ് ഒരു നല്ല മനസിനുടമയായിരുന്നു. അഗഥി മന്ദിരത്തിന്‍റെ നെടും തൂണായിരുന്നു ഉസ്താദ്. അവരുടെ സ്നേഹവും നിസ്വാര്‍ത്ഥ മനസും ഒരുപാടു കുടുംബങ്ങള്‍ക്ക് വെളിച്ചമായിരുന്നു.

  ഒന്നോ രണ്ടോ ദിവസത്തെ അവധി കഴിഞ്ഞ് വീട്ടില്‍നിന്നും തിരിച്ചു പോരുമ്പോൾ ഉമ്മ ഒരുപാട് ഉപദേശങ്ങൾ നല്‍കുമായിരുന്നു. പഠനത്തിൽ അലസനാവരുതെന്നും അധ്യാപകരെ ബഹുമാനിക്കണമെന്നും തുടങ്ങി ഒരുപാടു ഉപദേശങ്ങൾ. വീല്‍ച്ചെയറിൽ പൂമുഖ വാതിലു വരേ ഉമ്മയെന്നേ അനുഗമിക്കുമായിരുന്നു. അതിനപ്പുറമുള്ള ലോകം കുറേ കാലമായിട്ട് ഉമ്മാക്ക് അപൂര്‍വമായിരുന്നു. കൂട്ടിപ്പിടിച്ച് തുരുതുരാ ഉമ്മകൾ തന്ന് യാത്രയാക്കുമ്പോൾ ഉമ്മയുടെ നയനങ്ങൾ പലപ്പോഴും നിറഞ്ഞൊഴുകുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു.
വീട്ടിലേക്ക് വരുമ്പോൾ എന്‍റെ മുഖത്തുള്ള ഊര്‍ജ്ജവും ഉന്മേഷവുമെല്ലാം ഉമ്മയെ സന്തോഷിപ്പിച്ചിരുന്നെങ്കിലും ഇത്താത്തയെ കുറിച്ചുള്ള ആധിയും ആശങ്കയും ഉമ്മയുടെ മനസിൽ കുന്നോളമുണ്ടായിരുന്നു.
പടച്ചോനെ...  ന്‍റെ കുട്ടിക്ക് ഒരു വഴി കാട്ടാതെ ന്‍റെ കണ്ണടപ്പിക്കല്ലേ…. നാഥാ…”
ഇതായിരുന്ന ഉമ്മയുടെ എപ്പോഴുമുള്ള പ്രാര്‍ത്ഥന. വീട്ടിൽ ആരു വന്നാലും ഉമ്മാക്ക് അതേ പറയാനുണ്ടായിരുന്നുള്ളൂ.

  പിന്നീട് ഞാന്‍ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഇത്താത്താക്ക് വിവാഹാലോചന വന്നു. നല്ലൊരു കുടുംബമായിരുന്നു അവരുടേത്. പരസ്പരം അറിയാവുന്ന കുടുംബങ്ങളായതുകൊണ്ട് പെട്ടന്ന് ഉറപ്പിക്കുകയും ചെയ്തു. ഉമ്മയുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെ സാഫല്യം. ഉമ്മ ഒരുപാടു സന്തോഷിച്ചു. സന്തോഷ മുഹൂര്‍ത്തങ്ങൾ ഉമ്മയുടെ ആരോഗ്യത്തിലും നേരിയ പുരോഗതിയുണ്ടാക്കി.

  പിന്നീട് പത്താം ക്ലാസിലെ അവസാന പരീക്ഷക്കു തൊട്ടുമുമ്പുള്ള ദിവസം. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ഓര്‍ഫനേജിലേക്ക് തിരിച്ചു വരുമ്പോൾ ഉസ്താദും മറ്റൊന്നു രണ്ട് അധ്യാപകരും ഓഫീസിനു മുമ്പിൽ എന്തോ കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവരുടെ സംസാരത്തിന് അല്‍പ്പം അയവു വന്നു. അതൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ മുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിച്ചു കാന്‍റീനിൽ നിന്നും പുറത്തേക്കു വരുമ്പോൾ ഉസ്താദ് അടുത്തു വന്നു പറഞ്ഞു:
നെന്നോട് വീട്ടിലേക്കൊന്നു വരാം പറഞ്ഞിട്ടുണ്ട്..... ഞാനും വരുന്നു.... യ്യ് വേഗം റെഡിയാവ്..... ഒടനേ പുറപ്പെടാം…..”
  എന്‍റെ മനസിൽ ആധിയുണര്‍ന്നു. നാളെ പരീക്ഷ കഴിയുമ്പോഴേക്ക് ഉപ്പ വരാമെന്ന് പറഞ്ഞതായിരുന്നു..... ഇതിപ്പോ പെട്ടെന്ന്….. എന്തെങ്കിലും വല്ല അത്യാഹിതവും....... ഉമ്മാക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?...... അങ്ങനെ ഒരുപാടു ചിന്തകൾ എന്‍റെ മനസിനെ വേട്ടയാടി.

  പിന്നീട് ഓര്‍ഫനേജിലെ ജീപ്പിൽ വീട്ടിലേക്കു പോകുമ്പോൾ തോളിലൂടെ കൈയ്യിട്ട് ഉസ്താദ് പറഞ്ഞു: മോനേ... ഞാനൊരു കാര്യം പറയാം.. നെനക്ക് വെഷമോന്നുണ്ടാകരുത്….. നെന്‍റെ ഉമ്മാക്ക്…. ഉമ്മാക്ക് പടച്ചോന്‍ അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു…… ഉമ്മാനെ അവന്‍ തിരിച്ചു വിളിച്ചിരിക്കുന്നു....”
അത്രയും കേട്ടപ്പോൾ ഉള്ളിൽ നീറിപ്പുകഞ്ഞ കനലുകളെല്ലാം വലിയ തീനാളങ്ങായി പുറത്തേക്കു വന്നു. വിതുമ്പലായി, തേങ്ങലായി അതു പുറത്തേക്കു പരന്നൊഴുകി. ഉസ്താദിന്‍റെ കൈകകൾ നുകര്‍ന്നു ഞാന്‍ ഉറക്കെ കരഞ്ഞു. വീടെത്തും വരേ കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാന്‍ ഉസ്താദ് ഒരുപാടു പ്രയാസപ്പെട്ടു.

  ഇടുങ്ങിയ മണ്‍പാതയിലൂടെ കുതിച്ച് ജീപ്പ് വീടിനടുത്തെത്തി. റോടില്‍നിന്നും രണ്ടു വീടുകള്‍ക്കപ്പുറമായിരുന്നു ഞങ്ങളുടെ വീട്. മുറ്റത്തും തൊടിയിലുമായി കുറെ ആള്‍കൂട്ടമുണ്ടായിരുന്നു. അടുക്കള ഭാഗത്ത് മുറ്റത്തിന്‍റെ ഒരു മൂലയിൽ ഉമ്മയുടെ കട്ടിലും കിടക്കയുമെല്ലാം വെയിലു കായാനിട്ടിരിക്കുന്നു. അകത്തേക്കു കടക്കുമ്പോൾ ഉമ്മയുടെ വീല്‍ചെയർ ഒഴിഞ്ഞു കിടക്കുന്നു. സാധാരണ വീട്ടിലേക്കു കയറി വരുമ്പോൾ നിറപുഞ്ചിരിയോടെ ആ വീല്‍ചെയറിലിരുന്നാണ് ഉമ്മയെന്നെ വരവേല്‍ക്കാറുള്ളത്. എന്‍റെ മുഴുവന്‍ നിയന്ത്രണവും പോയി. ആരുടേയൊക്കെയോ കൈപിടിച്ച് വീടിന്‍റെ പൂമുഖത്തെത്തി. ഉമ്മാ....... എന്നുറക്കെ വിളിച്ചു വിതുമ്പലോടെ, നിശ്ചലമായി കിടക്കുന്ന ആ ശരീരത്തെ ഞാന്‍ പുണര്‍ന്നു. വിളികേള്‍ക്കാത്ത ലോകത്തേക്ക് ഉമ്മ യാത്രയായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എനിക്കപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

  അന്നു രാവിലെ തന്നെ ഉമ്മ മരണപ്പെട്ടിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയായതുകൊണ്ട് എന്നെ നേരത്തെ അറിയിച്ചിരുന്നില്ല. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞാന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു. സംസ്കാരച്ചടങ്ങെല്ലാം അന്നു തന്നെ നടന്നു.

  അന്നു വൈകുന്നേരം തന്നെ ഉസ്താദ് എന്നെ ഓര്‍ഫനേജിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിറ്റേ ദിവസം അവസാനത്തെ ഒരു പരീക്ഷകൂടി എഴുതാനുണ്ടായിരുന്നു. നുറുങ്ങുന്ന മനസുമായാണ് അന്നത്തെ ഒരു രാത്രി ഞാന്‍ കഴിച്ചുകൂട്ടിയത്. കണ്ണിൽ ഉറക്കം വരുമ്പോഴേക്ക് എന്തൊക്കെയോ കണ്ടു ഞെട്ടിയുണരും. പൂമുഖത്തിന്‍റെ ഒത്ത നടുവിൽ പുഞ്ചിരിക്കുന്ന മുഖവുമായി വെള്ള പുതച്ചു കിടക്കുന്ന ഉമ്മയുടെ മുഖം കണ്ണിൽ നിന്നും മായാതെ കിടന്നു.


  അവസാനത്തെ കണക്കു പരീക്ഷ എങ്ങനെ എഴുതിയെന്നോ എന്തെഴുതിയെന്നോ എന്നൊന്നും എനിക്കോര്‍മ്മയില്ല. പിന്നീട് എസ്.എസ്.എൽ.സി. പരീക്ഷയുടെ റിസല്‍റ്റു വന്നപ്പോഴും മാര്‍ക്ക് ലിസ്റ്റ് കിട്ടുമ്പോഴുമെല്ലാം എനിക്കത്ഭുതമായിരുന്നു. കണക്കിൽ കുഴപ്പമില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. ഉത്തരമഴെുതിയോ ഇല്ലയോയെന്ന് നിശ്ചയമില്ലെങ്കിലും ഒരുപാടു കണ്ണുനീർ തുള്ളികൾ ആ ഉത്തരക്കടലാസിലങ്ങോളം  വീണുറഞ്ഞിട്ടുണ്ടാകും എന്നെനിക്കുറപ്പാണ്.

ഭൂമിയുടെ ഒസ്യത്ത്‌

അവരിന്നും വരും,
ശേഷിച്ച ചോരയും
നീരും ഊറ്റിയെടുക്കാൻ.
ഐ.സി.യു വിൽ കിടന്ന്‌
ഊർദ്ധശ്വാസം വലിക്കുന്ന
ഈ വയോധികയെ,
അവരിന്നും ഓപറേഷൻ
തീയേറ്ററിലേക്ക് വലിച്ചിഴക്കും.
മൂർച്ചയേറിയ ആയുധങ്ങൾ
അവരെന്റെ നെഞ്ചിലേക്ക്‌
കുത്തിയിറക്കും.
ഹൃദയാന്തരങ്ങളിലേക്ക്‌
ജീവാമൃതമൊഴുക്കുന്ന
ശേഷിച്ച ജീവനാടികൾകൂടി
അവരിന്നു പിഴുതെറിയും.

പടർന്നു പന്തലിച്ചിരുന്ന
എന്റെ മുടിയിഴകളെല്ലാം
അവരെന്നോ പിഴുതെറിഞ്ഞു.
എന്റെ ഞരമ്പുകളോരോന്നും
അറുത്തുമാറ്റപ്പെടുന്നു.
വിഷാവൃതമായ ദ്രാവകങ്ങൾ
ചുക്കിച്ചുളിഞ്ഞ ഞരമ്പുകളിലൂടെ
അവരൊഴുക്കിക്കൊണ്ടിരിക്കുന്നു.
സദൃഢമായ മാംസപേശികൾ
ജെ.സി.ബി കൊണ്ട്‌ അവരെന്നോ
ഇടിച്ചുപരത്താൻ തുടങ്ങിയിരുന്നു.

ഇന്നുഞ്ഞാൻ, അത്യാസന്നനിലയിൽ
മരണത്തോടു മല്ലിടുമ്പോഴും
എന്റെ ശുഷ്ക്കിച്ച മാറിടം
നിങ്ങൾക്കുവേണ്ടി പാൽ
ചുരത്തുന്നുവെങ്കിൽ,
അത്‌ സമൃദ്ധിയുടെ അടയാളമല്ല,
ഒരമ്മയുടെ ഔദാര്യമാണ്‌.
ഇനിയൊരു ദുർഘട നിമിഷത്തിൽ
എന്റെ ഇമവെട്ടമവസാനിക്കുമ്പോൾ
ശാപ വാക്കുകൾ കൊണ്ട്‌
എന്നെ കുത്തി നോവിക്കരുത്‌.
മരണാസന്നയായ ഒരമ്മയുടെ
അവസാനത്തെ ഒസ്യത്താണിത്‌.


Monday, February 6, 2017

വരൾച്ചയിലേക്ക്‌ നീങ്ങുന്ന കേരളം



മുഹമ്മദ്കുഞ്ഞി വണ്ടൂർ
----------------------------
വരൾച്ചയും ജലക്ഷാമവുമെല്ലാം അൽഭുതത്തോത്തോടെ നോക്കിക്കണ്ടിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു കേരളത്തിന്‌. നിറഞ്ഞൊഴുകുന്ന 44 നദികളും അതിലേറെ ചെറു ജലാശയങ്ങളും അതിലെല്ലാമുപരി വർഷത്തിന്റെ പകുതിയോളം തിമർത്തുപെയ്യുന്ന മഴക്കാലവും കേരളത്തിന്റെ ജലസമ്പന്നതയെ സമൃദ്ധമാക്കിനിർത്തിയിരുന്നു. അളവില്ലാതെ ലഭിക്കുന്ന വെള്ളം യഥേഷ്ടം കുടിച്ചും കുളിച്ചും ജലോൽസവങ്ങൾ നടത്തിയും ശീലിച്ച മലയാളികൾക്ക്‌ മറ്റിടങ്ങളിലെ ജല ദൗർലഭ്യതയും ജലക്ഷാമവുമെല്ലാം അൽഭുതംകൂറുന്ന വാർത്തകൾ തന്നേയിരുന്നു. തൊള്ളായിരത്തി എഴുപതുകളിൽ അതിജീവനംതേടി ഗൾഫുനാടുകളിലെത്തിയ പ്രവാസികൾ, തങ്ങൾ തൊഴിലെടുക്കുന്ന ദേശങ്ങളിൽ ഒരുകുപ്പി കുടിവെള്ളത്തിന്‌ രണ്ടുലിറ്റർ പെട്രോളിന്റെ വിലനൽക്കണമെന്ന്‌ പറഞ്ഞപ്പോൾ മൂക്കത്ത്‌ വിരൽവെച്ചാണ്‌ പഴമക്കാർ അതിനെ കേട്ടിരുന്നത്‌. അത്രകണ്ട്‌ ജലസമൃദ്ധമായിരുന്നു കേരളീയഗ്രാമാന്തരങ്ങൾ.

കാലം മാറി. ലോകത്തോടെപ്പം കേരളവും. കുടിവെള്ളം ഇവിടെയും കിട്ടാകനിയായി മാറിക്കൊണ്ടിരിക്കുന്നു. വേനലിൽ കേരളം വരണ്ടുണങ്ങുമെന്ന സൂചനകളാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളും കൊടിയ വരൾച്ചയുടെ പിടിയിലകപ്പെടുമെന്ന്‌ വിലയിരുത്തപ്പെടുന്നു. സംസ്സ്ഥാനമൊട്ടാകെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചത്​‍്‌ ആഴ്ചകൾക്കുമുമ്പാണ്‌. കാലവർഷം മൂന്നിലൊന്നായി കുറഞ്ഞത്‌ വരൾച്ചയുടെ ആക്കം കൂട്ടുന്നു. കഴിഞ്ഞ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം വേണ്ടത്ര പരിഗണിക്കാതെ കടന്നുപോയി. തുലാവർഷമെങ്കിലും കനിയുമെന്ന്‌ കരുതി കാത്തിരുന്ന കേരളത്തെ തുലാവർഷവും തുണച്ചില്ല. തുലാവർഷം ആവശ്യത്തിന്‌ മഴനൽകുമെന്ന്‌ കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു. എല്ലാ പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റി. വൈകിയെത്തിയ തുലാവർഷം ദുർബലമായി കടന്നുപോയി. ഒരു നൂറ്റാണ്ടിനിടെ ലഭിച്ച ഏറ്റവുംകുറഞ്ഞ കാലവർഷമാണ്‌ 2016ൽ ലഭിച്ചത്‌. ഒക്ടോബർ നവംബർ മാസങ്ങളിൽതന്നെ ജലലഭ്യത കുറഞ്ഞു തുടങ്ങിയിരുന്നു. ഒട്ടുമിക്ക സ്ഥലങ്ങളിലും കിണറുകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. ശുദ്ധജലത്തിന്റെ ദൗർലഭ്യതയും കുടിവെള്ളക്ഷാമവും ഇപ്പോൾതന്നെ രൂക്ഷമാണ്‌. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ കേരളത്തെ വരവേൽക്കുന്നത്‌ കൊടും വരൾച്ചയായിരിക്കും.

വരണ്ടുണങ്ങിയ മണ്ണും കരിഞ്ഞുവാടിയ ഇലകളും വറ്റിവരണ്ട ജലാശയങ്ങളുമെല്ലാം കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റിക്കൊണ്ടിരിക്കുന്നു. വേനലിന്‌ ചൂടുകൂടുമ്പോൾ കലവും കുടവുമായി അഭയാർത്ഥികളെപ്പോലെ ആളുകൾ  വെള്ളത്തിന്‌ നെട്ടോട്ടമോടുന്ന കാഴ്ചകൾ കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലുമിന്ന്‌ പതിവുകാഴ്ചയാണ്‌. വേനൽ കടുക്കുന്നതോടെ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങുന്നു. മറ്റു കാർഷിക വിളവുകളേയും വരൾച്ച സാരമായി ബാധിക്കുന്നു. കന്നുകാലികളും പക്ഷികളും ചത്തൊടുങ്ങുന്നു. കഴിഞ്ഞവർഷത്തെ വേനലും ഏറെക്കുറെ കാഠിന്യമേറിയതായിരുന്നു. പാലക്കാട്‌ താപനില 41ഡിഗ്രിക്കുമുകളിൽ രേഖപ്പെടുത്തി. കോഴിക്കോടും കണ്ണൂരുമെല്ലാം ഏതാണ്ടതിനോടടുത്തെത്തി. ഉഷ്ണതരംഗ ഭീഷണിപോലും രൂപപ്പെട്ടു. ഒരു പ്രദേശത്തെ താപനില തുടർച്ചയായ രണ്ടുദിവസങ്ങളിൽ 40 ഡിഗ്രിയൊ അതിനു മുകളിലൊ രൂപപ്പെടുമ്പോൾ ഉഷ്ണതരംഗമായി കണക്കാക്കുന്നു. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രതിഭാസമാണിത്‌. വർഷംമുഴുവൻ സുഖകരമായ കാലാവസ്ഥ നിലനിന്നിരുന്ന കേരളംപോലുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ പെടുന്നനേയുള്ള കാലാവസ്ഥ വ്യഥിയാനങ്ങൾ ഉൾക്കൊള്ളാനാകാതെ വരുന്നു.

ഹരിതാപമായ പ്രകൃതി സൗന്ദര്യവും സുഖസുന്ദരമായ കാലാവസ്ഥയും കേരളത്തെ ലോകത്തെ സുപ്രധാന സുഖവാസകേന്ദ്രങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടു. മാസങ്ങൾ നീണ്ടുനിൽക്കുന്ന കാലവർഷം കേരളത്തിന്റെ വശ്യാഘർഷണങ്ങളിൽ പ്രധാനമായിരുന്നു. ലേകത്ത്‌ ഏറ്റവും ശക്തമായ മഴത്തുള്ളികൾ ലഭിക്കുന്നത്‌ കേരളത്തിലാണെന്ന്‌ പറയപ്പെടുന്നു. ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന മഴക്കെടുതിയും കാലവസ്ഥ വ്യതിയാനവുമെല്ലാം കേരളത്തിന്റെ ഭാവിയെ സാരമായി ബാധിച്ചേക്കും. കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിസന്ധിയായി നിലനിൽക്കുമ്പോഴും കാലവർഷത്തേ മാത്രം ആശ്രയിച്ചുള്ള ജല വിഭവശേഖരണത്തിന്‌ കാര്യക്ഷമമായ ബധൽ മാർഗ്ഗങ്ങൾ തേടേണ്ടതുണ്ട്‌. ശരാശരി മഴ ലഭിക്കുന്ന വർഷങ്ങളിൽതന്നെ വരൾച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നിടത്ത്‌ മഴകൂടി കുറയുന്നതോടെ പ്രതിസന്ധിയുടെ ആഴംകൂടുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.

ജല വിനിയോഗത്തിൽ കേരളക്കാർ തികഞ്ഞ ദൂർത്തൻമാരാണ്‌. ദിവസവും രണ്ടും മൂന്നും നേരം കുളിക്കാനും മറ്റു ഗാർഹികാവശ്യങ്ങൾക്കുമായി പാഴാക്കപ്പെടുന്ന ജലം അനവധിയാണ്‌. ജലവിനിയോഗത്തിലും മിതവ്യയശീലം പാലിക്കേണ്ടതുണ്ട്‌. ജല ലഭ്യതയനുസരിച്ച്‌ കാർഷിക ജലസേജന രീതികളിലും കാര്യമായ മാറ്റങ്ങൾ അനിവാര്യമാണ്‌. നിലം മുക്കിനനക്കുന്ന പരമ്പരാഗത രീതിക്കുപകരം താരതമ്മ്യേന കുറഞ്ഞവെള്ളം ആവശ്യമുള്ള തുള്ളിനന, തിരിനന തുടങ്ങിയ രീതികൾ അവലംബിക്കാവുന്നതാണ്‌. ശാസ്ത്രീയമായ ജലവിനിയോഗത്തെകുറിച്ച്‌ മതിയായ ബോധവൽക്കരണം നടക്കേണ്ടതുണ്ട്‌. 

ജല വിനിയോഗത്തിൽ മുന്നേനടക്കുന്ന കേരളക്കാർ ജലസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്‌. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലും ജലസംഭരണികൾ നിലനിർത്തുന്നതിലും തികഞ്ഞ അലംഭാവമാണ്‌ നാം കാണിക്കുന്നത്‌. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ നികത്തപ്പെട്ട നെൽപ്പാടങ്ങളുടെ കണക്കുമാത്രം പരിശോധിച്ചാൽ ഇത്‌ ബോധ്യമാകും. ലക്ഷക്കണക്കിന്‌ ഹെക്ടർ നെൽവയലുകളാണ്‌ ഇക്കാലയളവിൽ നികത്തപ്പെട്ടത്‌. ഓരോ ഹെക്ടർ നെൽവയലിലും ലക്ഷക്കണക്കിന്‌ കിലോലിറ്റർ വെള്ളമാണ്‌ പ്രതിവർഷവും സംഭരിക്കപ്പെടുന്നത്‌. വർഷലതോറും കുറഞ്ഞുവരുന്ന ജലസംഭരണശേഷിയുടെ ആഴമളക്കാൻ ഇതുതന്നെ ധാരാളം. മാലിന്യമൊഴുക്കിയും വിഷം കലർത്തിയും ശേഷിക്കുന്ന ജലാശയങ്ങൾകൂടി നശിപ്പിക്കപ്പെടുമ്പോൾ ജല പ്രതിസന്ധിയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു.

ഭൂമിയിലേക്ക്‌ പെയ്തിറങ്ങുന്ന മഴത്തുള്ളികളെമാത്രം കാത്തിരിക്കുന്ന കേരളീയർ, ഉറ്റുവീഴുന്ന വെള്ളത്തുള്ളികൾ സംരക്ഷിക്കാനോ മണ്ണിലേക്ക്‌ ഇറക്കിവിടാനോ ശ്രമങ്ങൾ നടത്തുന്നില്ല. മണ്ണ്‌ പ്രധാനപ്പെട്ടൊരു ജലസംഭരണിയാണ്‌. മണ്ണും വെള്ളവും ഒരുപോലെ സംരക്ഷിക്കണമെങ്കിൽ പ്രകൃതിയുടെ കാവൽക്കാരായ മരങ്ങൾവേണം. ജലസംഭരണികളായ പുഴകൾ, കുളങ്ങൾ, വയലുകൾ, ചതുപ്പുകൾ, വനങ്ങൾ, അരുവികൾ, നീരുറവകൾ, മറ്റുജലാശയങ്ങൾ തുടങ്ങിയവ സംരക്ഷിക്കപ്പെടണം. പരിസ്ഥിതിയെ സന്തുലിതമായി നിലനിർത്തണമെങ്കിൽ പ്രകൃതിയുടെ കവചങ്ങളായ മണ്ണും മരങ്ങളും പുഴകളും മലകളുമെല്ലാം സംരക്ഷിക്കാനും നശിപ്പിക്കാതിരിക്കാനുമുള്ള ബോധം എല്ലാവർക്കുമുണ്ടാകണം. ജലസംരക്ഷണവും പ്രകൃതി സംരക്ഷണവും പാഠപുസ്തകങ്ങളിൽ ഒരാചാരത്തിന്‌ ചൊല്ലിപ്പഠിപ്പിച്ചതുകൊണ്ട്‌ മാത്രം പ്രയോജനമില്ല. പ്രായോഗികമായ മാർഗ്ഗങ്ങൾകൂടി കണ്ടെത്തണം. ഭരണാധികാരികൾ അടിയന്തിരമായും ക്രിയാത്മകമായും ഇക്കാര്യത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഭൂഗർഭ ജലവിതാനത്തിന്റെ തോത്‌ വർഷന്തോറും താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. അതിരുകടക്കുന്ന ഭൂഗർഭജല ചൂഷണം ഇതിന്‌ വലിയൊരു കാരണമാണ്‌. ആയിരക്കണക്കിന്‌ കുഴൽകിണറുകളാണ്‌ പ്രതിവർഷവും ഭൂമിയിലേക്ക്‌ തുളച്ചുകയറുന്നത്‌. നെൽവയലുകളും ചതുപ്പുകളുമെല്ലാം വ്യാപകമായി നികത്തപ്പെടുന്നു. വയൽ നികത്തലിതിനെതിരെ നിയമുണ്ടെങ്കിലും പഴുതുകളുപയോഗിച്ച്‌ ഓരോ വർഷവും നിരവധി വയലുകളാണ്‌ നികത്തപ്പെടുന്നത്‌. വനമേഖയിലെ കയ്യേറ്റങ്ങൾ കാലവസ്ഥാ വ്യഥിയാനത്തെ സാരമായി ബാധിക്കുന്നു. വനങ്ങൾ നല്ലൊരു ജലസംഭരണികൂടിയാണ്‌. ഒരു ഹെക്ടർ വനമേഖലക്ക്‌ അതിന്റെ മൂന്നിരട്ടി പ്രദേശത്തിനാവശ്യമായ ജലം സംഭരിച്ചുവെക്കാൻ ശേഷിയുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. അശാസ്ത്രീയമായ മണലെടുപ്പും ഖനനങ്ങളും നിയന്ത്രണാധീതമായി തുടർന്നുകൊണ്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങൾ ആരോഗ്യകരമായി ഉപയോഗിക്കുന്നതിനുപകരം ചൂഷണ മനസ്ഥിതിയോടെ നശിപ്പിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌. നിയമവ്യവസ്ഥപോലും മറികടന്നാണ്‌ ഖനന മാഫിയ അരങ്ങുവാഴുന്നത്‌. ഇതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്‌.

കേവലം വരൾച്ച ബാധിത പ്രഖ്യാപനംകൊണ്ടും തുടർന്നുനടക്കുന്ന താൽക്കാലിക സംവിധാനങ്ങൾകൊണ്ടും മാത്രം കേരളത്തിന്റെ ജലപ്രതിസന്ധി പരിഹരിക്കപ്പെടാൻ പോകുന്നില്ല. അതിന്‌ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്‌. ദൗർഭാഗ്യകരമെന്നുപറയാം, വരൾച്ച പ്രഖ്യാപനം വലിയൊരു വികസന പ്രവർത്തനമായിട്ടാണ്‌ ഗണിക്കപ്പെടുന്നത്‌. ഇത്തരത്തിലുള്ള താൽക്കാലിക പദ്ധതികളിലും ഫണ്ടുകളിലുമാണ്‌ പല തദ്ധേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും താൽപ്പര്യം. ജല സ്രോതസ്സുകളെ പുഷ്ടിപ്പെടുത്താതെയുള്ള താൽക്കാലിക ജലവിതരണവും, ആവശ്യവും അനാവശ്യവുമായ അറ്റകുറ്റപ്പണികളും മാത്രമാണ്‌ സാധാരണ നടക്കാറുള്ളത്‌. വീടുവീടാന്തരം ടാപ്പുകൾ സ്ഥാപിച്ച്‌ ഒരുതുള്ളി വെള്ളംപോലും ഇതിലൂടെ ഒഴുക്കാനില്ലാതെ തുരുമ്പെടുത്തുനശിക്കുന്ന സ്ഥിതിവിശേഷം ഒരുപാടുണ്ട്‌. കരാറുകാർക്ക്‌ പോക്കറ്റ്‌വീർപ്പിക്കാനുള്ള അവസരങ്ങളാണ്‌ പല പദ്ധതികളും. നഗരപ്രദേശങ്ങളിൽ കുടിവെള്ള മാഫിയ ഇപ്പോൾതന്നെ സജീവമാണ്‌. ഭൂമിയിൽപതിക്കുന്ന മഴത്തുള്ളികൾ ഒഴുക്കിക്കളഞ്ഞും ജലസംഭരണികൾ സംരക്ഷിക്കാതെയും ആണ്ടുതോറുമുള്ള ആവർത്തനച്ചെലവുകളിലാണ്‌ നമുക്ക്‌ താൽപ്പര്യമെന്നർത്ഥം. ഇതിൽനിന്നൊരു മാറ്റം അനിവര്യമാണ്‌. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത കേരളം മിഷൻ പദ്ധതി പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ അത്‌ വലിയനേട്ടമായിരിക്കും. ഇക്കാര്യത്തിൽ  വിപ്ളവാത്മകമായ ഇടപെടലുകൾ നടക്കാതെപോയാൽ ദാഹനീരിന്‌ കുത്തകക്കമ്പനികൾ വെച്ചുനീട്ടുന്ന കുപ്പിവെള്ളത്തിന്‌ നാവുനീട്ടിക്കൊടുക്കേണ്ട കാലം കേരളത്തിലും അതിവിദൂരമായിരിക്കില്ല.


Saturday, February 4, 2017

കാൻസർ!

മുഹമ്മദ്കുഞ്ഞി വണ്ടൂർ
..................................................
കേരളത്തിലെ പ്രധാനപ്പെട്ടൊരു  ആശുപത്രിയിലെ ഒ.പി വിഭാഗത്തിനു മുമ്പിൽ ഊഴവും കാത്തിരിക്കുകയായിരുന്നു. ആശുപത്രിയിലെ ഏതണ്ടെല്ലാ ഡോക്ടർമാരുടേയും ഒ.പികളും ഇവിടേയാണ്‌ പ്രവർത്തിക്കുന്നത്. രാവിലെ 6 മണിക്കുതന്നെ  ഒ.പി വിഭാഗത്തിനു മുമ്പിൽ നീണ്ടുകിടക്കുന്ന ഇരിപ്പിടങ്ങളെല്ലാം രോഗികളെകോണ്ടും കൂട്ടിനുവന്നവരെകൊണ്ടും നിറഞ്ഞിരുന്നു. എല്ലാവരും അവരവരുടെ ഊഴവും കാത്തിരിക്കുകയാണ്‌. ആദ്യമെത്തിയവർ കൺസൾട്ടിങ്ങ് കഴിഞ്ഞു പോകുന്നു. പുതുതായി ആളുകൾ വന്നുകൊണ്ടുമിരിക്കുന്നുമുണ്ട്. അടിയന്തിരമായി ഒരു സർജ്ജറിയുള്ളതുകാരണം ഉച്ചക്ക് 12 മണിയോടെയാണ്‌ ഞങ്ങളുടെ ഡോക്ടർ ഒ.പിയിലെത്തിയത്.
സർജിക്കൽ ഓങ്കോളജിസ്റ്റിന്റെ ഒ.പിക്കെതിർവശമാണു ഞങ്ങളുടെ ഒ.പി. ആഴ്ചയിലൊരിക്കൽ മാത്രമെ ഇവിടെ ഓങ്കോളജിസ്റ്റിന്റെ പരിശോധനയുള്ളൂ. അവിടെ സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. പല പ്രായത്തിലുള്ള രോഗികളേയും അവിടെ കാണാം. സ്തീകളും പുരുഷാന്മരുമുണ്ട്. ചെറിയ കുട്ടികൾ വരേയുണ്ട്. ആദ്യമായി പരിശോധനക്കെത്തിയവരും തുടർചികിത്സക്കുവേണ്ടി വന്നവരുമുണ്ട്. എല്ലാവരുടെ മുഖത്തും നിരാശയോ ഭീതിയൊ കാണാമായിരുന്നു. ഉറക്കച്ചടവോടെയും ആലസ്യത്തോടെയും ഓങ്കോളജിക്കെതിർവശമുള്ള കസേരയിലിരിക്കുമ്പോഴാണ്‌ ആ യുവ ദമ്പതികൾ ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തുവരുന്നത് കണ്ടത്. രണ്ടുപേരും വിതുമ്പലോടെയാണ്‌ പുറത്തിറങ്ങി വന്നത്. യുവതി കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
പിന്നീടന്വേഷിച്ചപ്പോഴാണ്‌ യുവാവിന്‌ ആമാശയ കാൻസറായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്. വിദേശത്തായിരുന്ന യുവാവ് ശാരീരികാസ്വസ്തതകളെ തുടർന്ന് ഈയടുത്താണ്‌  നാട്ടിലെത്തിയത്. ലാബ് ടെസ്റ്റുകളുടെ റിസൾറ്റുകളും മറ്റും ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു.
..................................................
സമൂഹത്തിൽ ഇന്ന് കാൻസർ രോഗികൾ വർദ്ധിച്ചുവരുന്നു. അതോടൊപ്പം  രോഗ ഭീതിയും. രോഗം കാൻസറാണെന്ന് അറിയുന്ന നിമിഷം എത്ര മനക്കരുത്തുള്ളവരാണെങ്കിലും തകർന്നുപോകും. രോഗികളോടും അവരുടെ കുടുമ്പങ്ങളോടും  രോഗത്തെകുറിച്ച് തുറന്ന് പറയേണ്ടിവരുന്ന ഡോക്ടറും ഏതാണ്ടിതുപോലൊരു മാനസികാവസ്ഥയാണ്‌ അനുഭവിക്കുന്നത്. നേരത്തെ കണ്ടുപിടിച്ചാൽ  ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കാൻസറിനെ മരണത്തിന്റെ തുടക്കമായിട്ടാണ്‌ സമൂഹം കാണുന്നത്. കാൻസറിനെ കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാവേണ്ടതുണ്ട്.  ചികിത്സയോടൊപ്പം രോഗികൾക്ക് മാനസികാമായി കരുത്തുപകരാനാണ്‌ ശ്രമിക്കേണ്ടത്. ചിട്ടയായ ജീവിത ശൈലിയും വിഷവിമുക്തമായ ഭക്ഷണ ക്രമവും കാൻസറിന്റെ വ്യാപനം ഒരു പരിധിവരെ തടയാൻ സാധിക്കും..
..................................................
ഇന്ന് ലോക കാൻസർ ദിനം

Friday, January 27, 2017

പ്രിയപ്പെട്ടവരുടെ വേർപാട്‌



 മുഹമ്മദ്കുഞ്ഞി വണ്ടൂർ
---------------------------------
ദിവസങ്ങൾക്കുമുമ്പ്‌ കോഴിക്കോട്ടേക്കുള്ള വിമാനവുംകാത്ത്‌ അബുദാബി എയർപ്പോർട്ടിലെ എക്സിറ്റ്ലോഞ്ചിലിരിക്കുമ്പോൾ തിരക്കുകളിൽനിന്നെല്ലാം മാറി തനിച്ചിരിക്കുന്നൊരു ചെറുപ്പക്കാരനെ ശ്രദ്ധയിൽപെട്ടു. മടിയിൽ ചെറിയൊരു ബാഗുണ്ട്‌. ഇടതു കൈകൊണ്ട്‌ കണ്ണുകൾപൊത്തി കുനിഞ്ഞിരിക്കുകയായിരുന്നു അദ്ധേഹം. ഇടക്കിടെ വിതുമ്പുന്നുണ്ട്‌. ഇരിക്കുന്നിടത്തുനിന്ന്‌ എഴുനേറ്റ്‌ ഞാൻ ആ ചെറുപ്പക്കാരനിരിക്കുന്നിടത്തേക്ക്‌ പോയി. അയാളിരിക്കുന്ന രണ്ടുകസേരകൾക്കപ്പുറം ഇരിപ്പുറപ്പിച്ചു. കാര്യങ്ങളറിയാൻ എനിക്ക്‌ ജിജ്ഞാസയുണ്ടായിരുന്നു. എന്റെ സാന്നിദ്ധ്യം മനസിലാക്കിയ യുവാവ്‌ ഒന്ന്‌ നിവർന്ന്‌ ഒതുങ്ങിയിരുന്നു. അപ്പോഴും ഇടതു കൈകൊണ്ട്‌ മുഖംമറച്ചിരിക്കുകയായിരുന്നു. അഭിവാദ്യം ചെയ്ത്‌ അയാളുടെ അടുത്തേക്ക്‌ നീങ്ങയിരുന്നപ്പോൾ ഞാൻ മലയാളിയാണെന്ന്‌ മനസിലാക്കിയ അദ്ധേഹം മുഖമുയർത്തി എന്നെയൊന്ന്‌ നോക്കി. കോഴിക്കോക്കേട്ടേക്കുള്ള വിമാനത്തിന്‌ തന്നെയാണ്‌ അദ്ധേഹവും കാത്തിരിക്കുന്നതെന്ന്‌ എനിക്കുമനസ്സിലായി. കലങ്ങിയ കണ്ണുകളുമായി തേങ്ങലടക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു. കാര്യമന്യേഷിക്കാൻ ഞാനൊരുങ്ങുമ്പോഴേക്കും അയാൾ വിതുമ്പലോടെ പറഞ്ഞു: എന്റെ ഉമ്മ പോയി’. മറുത്തൊന്നും ചോദിക്കാനോ പറയാനോ എനിക്ക്‌ കഴിഞ്ഞില്ല. തോളത്ത്‌ തട്ടി ആശ്വസിപ്പിക്കാനെ കഴിഞ്ഞുള്ളൂ. പിന്നീട്‌ അരമണിക്കൂറോളം ഞങ്ങൾ ഒന്നും സംസാരിക്കാതെ ഇരുന്നു. പിന്നിട്‌ അയാൾ വിതുമ്പലോടെ സംസാരിച്ചുതുടങ്ങി. അഞ്ചുവർഷമായി അബുദാബിയിലെത്തിയിട്ട്‌. രണ്ടു വർഷം മുമ്പാണ്‌ അവസാനമായി നാട്ടിൽപോയത്‌. നാട്ടിൽപോകാൻ ഏതാണ്ട്‌ അടുത്തിരിക്കുമ്പോഴാണ്‌ ഉമ്മയുടെ മരണം. എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ഉമ്മയുമായി ഫോണിൽ സംസാരിക്കും. ഊണും ഉറക്കവും മറ്റെല്ലാ സുഖവിവരങ്ങളും ദൈനംദിനം അറിഞ്ഞില്ലെങ്കിൽ ഉമ്മാക്ക്‌ വിഷമമായിരുന്നു. ജോലിത്തിരക്കുകൊണ്ട്‌ രാത്രി വിളിക്കാൻ വൈകിയാൽ ഉമ്മ ഉറങ്ങാതെ കാത്തിരിക്കും. ഇന്നും ഞാൻ രാവിലെ ഉമ്മയുമായി സംസാരിച്ചതാണ്‌. ഒരസുഖവുമുണ്ടായിരുന്നില്ല. ഉച്ചയോടടുത്ത സമയത്ത്‌ ചെറിയൊരു നെഞ്ചുവേദനയും തളർച്ചയും. ആശുപത്രിയിലേക്ക്‌ പുറപ്പെട്ടെങ്കിലും അവിടെയെത്തും മുമ്പെ ഉമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. എനിക്ക്‌ സമയത്ത്‌ നാട്ടിലെത്താൻ കഴിയാത്തതുകൊണ്ടും വെള്ളിയാഴ്ചയായതുകൊണ്ടും ഞനെത്തുമ്പോഴേക്ക്‌ ഉമ്മയുടെ മരണാനന്തര ചടങ്ങുകളെല്ലാം കഴിയും. ഉച്ചക്കുമുമ്പ്‌ മരണപ്പെട്ടതല്ലേ..... ഞാനെത്തുന്നതുവരെ കാത്തിരിക്കുന്നത്‌ ഉചിതമല്ലെന്ന എന്റെകൂടി അഭിപ്രായപ്രകാരമാണ്‌ അങ്ങനെ തീരുമാനിച്ചത്‌.. ഇതൊന്നും ഒറ്റവീർപ്പിന്‌ പറഞ്ഞുതീർത്തതല്ല. വിതുമ്പലോടെയാണ്‌ ഓരൊ വാക്കുകളും അയാളിൽനിന്ന്‌ പുറത്തേക്കുവന്നത്‌. അൽപ്പസമയത്തിനകം വിമാനത്തിലേക്ക്‌ പോകാനുള്ള അനൗൺസ്മെന്റ്‌ വന്നു. ഞങ്ങൾ രണ്ടാളുടേയും സീറ്റുകൾക്കിടയിൽ ഏറെ അകലമുണ്ടായിരുന്നതുകൊണ്ട്‌ വിമാനത്തിൽ കയറുന്നതിനു മുമ്പേ ഞങ്ങൾ ഹസ്തദാനം ചെയ്തു പിരിഞ്ഞു.
ആ യാത്രയിലുടനീളം എനിക്ക്‌ മറ്റൊന്നിനെകുറിച്ചും ആലോചിക്കാൻ കഴിഞ്ഞില്ല. ആ മരണവീടും യുവാവിനെകുറിച്ചുമുള്ള ചിന്തകൾ എന്റെ മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തി. അയാളെ ഏറെ സ്നേഹിച്ചിരുന്ന ഉമ്മ. വീട്ടിലേക്ക്‌ കാലെടുത്തുവെക്കുമ്പോൾ ഓടിവന്ന്‌ ഇരുകയ്യും നീട്ടി സ്വീകരിക്കാനും  നെഞ്ചോട്‌ ചേർക്കാനും സ്നേഹനിധിയായ ആ ഉമ്മ ഇനിയുണ്ടാവില്ല. ഇന്നലെവരേ ഫോണിൽ സംസാരിച്ച ആ സ്നേഹസ്വരം ഇനിയൊരിക്കലും കേൾക്കാനാവില്ല. പള്ളിക്കാട്ടിലെ ആറടി മണ്ണിൽ മകനെ വരവേൽക്കാൻ ആ ഉമ്മ കാത്തുനിൽക്കുന്നുണ്ടകും. ജീവിതത്തിൽ മറ്റാരൊക്കെയുണ്ടായാലും ഉമ്മക്കുപകരം ഉമ്മയല്ലാതെ മറ്റാരുമുണ്ടാവില്ല.
പ്രിയപ്പെട്ടവരുടെ വേർപാട്‌ നൽകുന്ന വിടവ്‌ എല്ലായിപ്പോഴും വളരെ വലുതാണ്‌. നാടും വീടും വിട്ട്‌ വിദൂര ദിക്കുകളിൽ കഴിയുന്നവർക്ക്‌ ഇത്തരം വേർപ്പാടുകൾ വലിയ നഷ്ടമാണ്‌ സമ്മാനിക്കുന്നത്‌. ഉറ്റവരുടെ ഇഷ്ട മുഹൂർത്തങ്ങളിലെന്നപോലെ പ്രിയപ്പെട്ടവർ വിടപറയുമ്പോഴും കാണാമറയത്ത്‌ നിന്ന്‌ വിതുമ്പലടക്കാനേ പ്രവാസികൾക്ക്‌ കഴിയാറുള്ളൂ.

ദേശീയത പതിച്ചുനൽകുന്നു, ദേശസ്നേഹവും



മുഹമ്മദ്കുഞ്ഞി വണ്ടൂർ
----------------------------- 

സ്വാതന്ത്ര്യത്തിന്റെ വഴിയിൽ 70 ദശകങ്ങൾ പിന്നിടുമ്പോഴും ദേശസ്നേഹത്തിന്റെ പാഠഭേദങ്ങൾ ചൊല്ലിപ്പടിക്കേണ്ട ഗതികേടിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്‌. ദേശീയതയും ദേശ സ്നേഹവുമെല്ലാം അതിന്റെ ആശയതലത്തിൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യവ്യാപകമായി ഇതു സമ്പന്ധമായ ചർച്ചകളും സംവാദങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌.

  ഇന്ത്യയിൽ ദേശീയത വിവിധ ഘട്ടങ്ങളിലായി പല രീതികളിലൂടെ കടന്നുപോയിട്ടുണ്ട്‌.  രാജഭരണം നിലനിന്നിരുന്ന കാലത്ത്‌  ഭരണാധികാരികളുടെ ഇഷ്ടങ്ങളായിരുന്നു രാജ്യ താൽപ്പര്യം. ജനങ്ങളുടെ സർവവിധ വിധേയത്വമാണ്‌ രാജാക്കൻമാർ ആവശ്യപ്പെടുകയും നേടിയെടുക്കുകയും ചെയ്തിരുന്നത്‌. ഇവിടെ രാജാക്കൻമാരോടുള്ള വിദേയത്വം രാജ്യസ്നേഹമായി ഗണിക്കപ്പെട്ടു. അതിന്‌ വിസമ്മതിക്കുന്നവർ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയും വധശിക്ഷയുൾപ്പടേയുള്ള ശിക്ഷാ നടപടികൾക്ക്‌ വിധേയരാവുകയും ചെയ്തു. ശരിതെറ്റുകൾക്കും ന്യായാന്യായങ്ങൾക്കും ഇവിടെ പ്രസക്തിയുണ്ടായിരുന്നില്ല. അതേസമയം സാമാജ്യത്വ കാലത്ത്‌ രണ്ടുതരത്തിലുള്ള ദേശീയവാദമാൺ​‍്‌ നിലനിന്നിരുന്നത്‌. മതേതരത്വ ജനാധിപത്യ ഇന്ത്യക്കുവേണ്ടിയുള്ള വാദമായിരുന്നു അവയിൽ പ്രബലമായിരുന്നത്‌. വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരുമെല്ലാം സാമ്രാജ്യത്വവിരുദ്ധമായ ഈ ചേരിയിലാണ്‌ നിലയുറപ്പിച്ചത്‌. സാമ്രാജ്യത്വത്തിന്റെ ആനുകൂല്യങ്ങൾ പറ്റി ജീവിച്ചിരുന്ന രാജാക്കൻമാരും ഭൂപ്രഭുക്കളുമെല്ലാം ഇതിന്‌ വിരുദ്ധമായ ചേരിയിലും. ഒംശീയ ദേശീയതയായിരുന്നു അവരുടെ മുഖമുദ്ര. അവർ സാമ്രാജ്യത്വഭരണത്തിന്‌ അനുകൂലമായ നിലപാടുകൾ സ്വീകരിച്ചു. ബ്രിട്ടീഷ്‌ രാജ്ഞിയുടേയും പ്രധിനിധികളുടേയും ദൃഷ്ടിയിൽ അവരും ദേശസ്നേഹികളായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തോട്‌ അവർക്കുള്ള കൂറും വിധേയത്വവുമാണ്‌ അതിന്‌ കാരണം.

  ഒരു രാജ്യത്തെ ജനങ്ങൾക്കിടയിൽ രൂപപ്പെടുന്ന ദേശത്തോടുള്ള കൂറ്‌, ഐക്യബോധം തുടങ്ങിയ സ്വഭാവഗുണങ്ങൾ കൂടിച്ചേരുന്ന സവിശേഷ വൈകാരികതയാണ്‌ യാഥാർത്ഥ ദേശീയത. അത്‌ ദേശവാസികളെ മുഴുവൻ ഒന്നായി കാണാനും പരസ്പരം സൗഹാർദ്ദത്തോടെ വർത്തിക്കാനും പ്രേരിപ്പിക്കുന്നു. മാനവികതയുടെ പര്യായമായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സഹിഷ്ണുത, പരസ്പര വിശ്വാസം തുടങ്ങിയ പൗരമൂല്യങ്ങളുടെ മൂർത്തീഭാവമാണത്‌. സമൂഹ ഐക്യമാണ്‌ ഇതിലൂടെ സാധ്യമാക്കുന്നത്‌. ഇവിടെ രാജ്യത്തോടുള്ള സ്നേഹത്തിന്‌ മതിൽകെട്ടുകളില്ല. ജാതി, മതം, ഭാഷ, വർഗ്ളം, വർണ്ണം, ലിംഗം തുടങ്ങിയ അന്തരങ്ങളേതുമില്ലാതെ ദേശവാസികളെല്ലാം ഒന്നാണെന്ന ധാരണ ബലപ്പെടുത്തുന്നതാണിത്‌. രാഷ്ട്ര സങ്കൽപ്പത്തിൽ ഇത്തരം ദേശീയ ബോധത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. 

  ഇന്ത്യയിൽ സാമ്രാജ്യത്വത്തിനെതിരെ ഉയർന്നുവന്ന ദേശീയതയും ദേശീയ വികാരവും സമഗ്രവും സർവ്വാംഗീകൃതവുമായിരുന്നു. ജാതി മത വർണ്ണ വർഗ്ഗ വ്യതിയാനങ്ങൾക്കധീതമായി എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ പൊതുവികാരമായിരുന്നു അത്‌. മാത്രവുമല്ല വംശീയ ദേശീയതക്ക്‌ അത്‌ കടകവിരുദ്ധവുമായിരുന്നു. ഇതായിരുന്നുസ്വാതന്ത്ര്യസമര നേതാക്കാൾ മുന്നോട്ടുവെച്ച ദേശീയത. ഇത്‌ ജനാധിപത്യമൂല്യങ്ങളിലൂന്നിയുള്ളതും ഉദാരവുമായിരുന്നു. ജനോപദ്രപകരമായ ഭരണകൂടത്തിനെതിരിൽ ഉയിർത്തെഴുനേൽക്കപ്പെട്ട വിപ്ളവാത്മകമായ സമരാഹ്വാനമായിരുന്നു. സേച്ചാധിപത്യ ഭരണത്തിനെതിരെ, നിയമ നയ രൂപീകരണങ്ങളിൽ പേരിനുപോലും പ്രധിനിത്യമില്ലാതിരുന്ന ഒരു ജനസമൂഹത്തിന്റെ ഒരുമിച്ചുള്ള പേരാട്ടം. പൊതു ധാരയിൽനിന്നുള്ള ഇത്തരം സമരനീക്കങ്ങൾക്ക്‌ സാസ്കാരിക പരിവേഷവും വിശ്വാസപരമായ ഊർജ്ജവും നൽകുന്നതിന്‌ അക്കാലത്തെ മത സാമുദായിക നേതൃത്വവും ശക്തമായി നിലകൊണ്ടു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്‌ മുമ്പുതന്നെ ഇത്തരത്തിലുള്ള അസംഘടിത പ്രധിഷേധങ്ങൾ രാജ്യമൊട്ടാകെ അലയടിച്ചിരുന്നു. ബൃട്ടീഷുകാർക്കും അവരുടെ പാദസേവകരായ ഫ്യൂഡൽ പ്രഭുക്കൾക്കും സവർണ്ണ മേൽക്കോയ്മക്കും എതിരായിരേയുള്ള പോരാട്ടങ്ങളുടെ തുടർച്ചയായിരുന്നു അതെല്ലാം. കേരളത്തിലും ഇതിന്റെ അലയൊലികളുയർന്നു. മമ്പുറംതങ്ങളുടെ നികുതിനിഷേധ സമരം, ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽനടന്ന ഈഴവ ശിവ പ്രതിഷ്ഠ, ഡോ.പല്പ്പുവിന്റെ നേതൃത്വത്തിൽ മുസ്ളിം-കൃസ്ത്യൻ പിന്തുണയോടെയുളള ഈഴവ മെമ്മോറിയൽ, അയ്യങ്കാളിയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായുളള വില്ലുവണ്ടി യാത്ര തുടങ്ങിയവ ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. വൈദേശികരേക്കാൾ സവർണ്ണരും ഫ്യുഡൽ പ്രഭുക്കളുമാണ്‌ ഇത്തരം സമരാഹ്വാനങ്ങളെ ഭയപ്പാടോടെ കണ്ടിരുന്നത്‌. ഈ രൂപത്തിൽ ഉരുത്തിരിഞ്ഞ പൊതു ദേശീയ ബോധത്തിൽനിന്നണ്‌ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒത്തൊരുമയോടെ പൊരുതാനും രാഷ്ട്രീയസ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം കൈവരിക്കാനും സഹായകമായത്‌. സാംസ്കാരികമായ ബഹുസ്വരതകൾക്കിടയിലും ദേശീയതയെ ഏകതാനമായി കണ്ടുള്ള പോരാട്ടങ്ങൾക്കുമുമ്പിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ അടിയറവ്‌ പറയേണ്ടിവന്നു എന്ന്‌ പറയാം.

  ഭരണകൂടത്തിന്റെ ശക്തമായ അടിച്ചമർത്തലുകളും വരേണ്യ ഫ്യൂഡൽ താൽപ്പര്യങ്ങളുടെ എതിർപ്പുകളും മറികടന്ന്‌ രാജ്യം സ്വാതന്ത്ര്യത്തിന്റെ മധു നുകർന്നു. ആവേഷകരമായ ആ സമര വിജയവും പോരാട്ടവീര്യവും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻജനതയെ പൊതു ദേശീയബോധത്തിൽ ഉറപ്പിച്ചു നിർത്തി. വികലമായ വംശീയ ദേശീയതയെ പൊതുധാരയിൽനിന്നും ഒരു പരിധിവരെ മാറ്റിനിർത്താൻ ഇതുകാരണമായെങ്കിലും വംശീയ ദേശീയത മറുഭാഗത്ത്‌ സമാന്തരമായി നിലകൊണ്ടിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത്‌ തന്നെ വംശീയ ദേശീയത ശക്തമായിരുന്നു. സാമ്രാജ്യത്വതാൽപര്യങ്ങളും അവരെ അനുകൂലിക്കുന്ന ഫ്യൂഡൽ സവർണ്ണ താൽപര്യങ്ങളും ഒത്തുചേരുന്ന ദേശീയതയ വാദമാണിത്‌. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്നവരേയും പ്രധിഷേധങ്ങൾ നടത്തുന്നവരേയും ദേശീയ വിരുദ്ധരായ ചിത്രീകരിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. രാജ്യദ്രോഹകുറ്റമടക്കമുള്ള നിയമങ്ങളുണ്ടാക്കിയാണ്‌ ഭരണകൂടം ഇത്തരം പ്രധിഷേധങ്ങളെ നേരിട്ടിരുന്നത്‌. സ്വാതന്ത്ര്യാനന്തരം ഈ വംശീയ ദേശീയതയുടെ സാരഥ്യമേറ്റെടുത്തത്‌ സാമ്രാജ്യത്വകാലത്ത്‌ വൈദേശികരുമായി കൈകോർത്ത ചില സാമുദായിക സംഘടനകളും വർഗ്ഗീയ ചിന്താധാരയുമായിരുന്നു. പൊതു ദേശീയതക്കുപകരം അവർ ഉയർത്തിക്കാട്ടിയതും ചാലക ശക്തിയാക്കിയതും വംശീയ ദേശീയതയേയാണ്‌. പിന്നീട്‌ വംശീയ ദേശീയതയുടെ വാക്താക്കൾ പൊതുധാരയിലേക്ക്‌ കൂടുമാറുകയും അധികാര രാഷ്ട്രീയത്തിൽ പിടിമുറുക്കുകയും ചെയ്യുന്ന കാഴ്ചയാണ്‌ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌. 

  വംശീയ ദേശീയത അതിന്റെ എല്ലാ എല്ലാ അതിർവരമ്പുകളും ഭേദിച്ച്‌ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ്‌ വർത്തമാന ഇന്ത്യ കടന്നുപോകുന്നത്‌. ദേശീയതയുടെ പേരിൽ ഫാഷിസം തകർത്താടിക്കൊണ്ടിരിക്കുന്നു. വംശീയ ദേശീയവാദികൾ ഫ്യൂഡൽ മനോഭാവമുള്ളവരും ഇഷ്ട ഭരണകൂടത്തിന്‌ എല്ലാനിലക്കും ഒത്താശ പാടുന്നവരുമാണ്‌. ഇവിടെ ഭരണകൂടത്തോടുള്ള അഭിപ്രായഭിന്നതക്ക്‌ ഇടമില്ല. അവരുടെ രാജ്യസ്നേഹം ദേശത്തോടുള്ള കൂറിൽനിന്ന്‌ ഉയിരെടുക്കുന്നതല്ല. മറിച്ച്‌, ഒരു പ്രത്യേക വംശത്തിനോ വർഗ്ഗത്തിനോ വേണ്ടി രാജ്യത്തെ കീഴ്പ്പെടുത്താനുള്ള തീവ്ര വികാരത്തിൽനിന്ന്‌ ഉടലെടുക്കുന്നതാണ്‌. ദേശസ്നേഹ വികാരങ്ങളെ ഉദ്ദീപിപ്പിച്ച്‌ രാജ്യത്തെ ശക്തമാക്കുകയും വിവിധ മതസമുദായങ്ങളെ ഐക്യപ്പെടുത്തുകയും ചെയ്യുന്നതാണ്‌ പൗരധർമത്തിലധിഷ്ഠിതമായ ദേശീയതയുടെ ലക്ഷ്യം. ഇത്‌ ഉദാത്തവും ഉത്കൃഷ്ടവുമാണ്‌. എന്നാൽ, ജനങ്ങളിൽ തീവ്രദേശീയ വികാരങ്ങളുണർത്തിയും കുതന്ത്രങ്ങളിലൂടെ തങ്ങളുടെ വംശത്തിൽപെടാത്ത വലിയൊരു ശതമാനം ജനങ്ങളേയും പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും മയക്കിക്കിടത്തി തങ്ങളുടെ ഇംഗിതങ്ങൾ സാധിപ്പിച്ചെടുക്കുകയും ക്രമേണ രാജ്യം സ്വന്തം ചൊല്പ്പടിയിലാക്കുകയും ചെയ്യുകയെന്നതാണ്‌ വർഗീയ ദേശീയത ലക്ഷ്യം വെക്കുന്നത്‌. ഈ ലക്ഷ്യം മുന്നിൽകണ്ടാണ്‌ തീവ്ര വലതുപക്ഷ കക്ഷികൾ എപ്പോഴും മുതലാളിത്തവുമായി കൈകോർക്കുന്നത്‌.  ഏതാനും സവർണ മുതലാളിമാരുടെ കൂട്ടായ്മയാണ്‌ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്‌. ജനസംഖ്യാനുപാതികമായി രാജ്യത്തെ ചെറിയൊരു ന്യൂനപക്ഷമാണെങ്കിലും അവരുടെ സ്വാധീനം വളരെ വലുതാണ്‌. അവരവരുടെ നിക്ഷേപത്തിന്റെ വ്യാപതിയും വലുപ്പവുമനുസരിച്ച്‌ സ്വധീനത്തിൽ ഏറ്റക്കുറച്ചിലുണ്ടാവുമെന്ന്‌ മാത്രം. അദാനിമാരും അംബാനിമാരുമെല്ലാം നമ്മെ ഭരിക്കുന്നത്‌ ഇപ്രകാരമാണ്‌. അവർ ദേശീയതയുടെ ബ്രാൻഡ്‌ അംബാസഡർമാർകൂടിയാണ്‌. രാജ്യത്തോട്‌ സ്നേഹവും കടപ്പാടുമില്ലാത്ത വർഗീയ ദേശീയതയുടെ വാക്താക്കളുമയി സമരസപ്പെട്ടുപോകുന്നവരാണെന്നുമാത്രം.

  ഭരണഘടനയുടെ കാതലായ ജനാധിപത്യവും മതേതരത്വവും ഇന്ത്യയിൽ രോഗാതുരമായ അവസ്ഥയിലാണ്‌. മതനിരപേക്ഷത രാജ്യത്തിന്റെ ഭരണഘടനയുടെ മുഖമുദ്രയാണ്‌. മതേതരത്വത്തേയും മതസ്വാതന്ത്ര്യത്തേയും സംബന്ധിച്ച്‌ ഭരണഘടനയിൽ വ്യക്തമായ നിലപാടുകളുണ്ട്‌. എന്നാൽ രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ കളങ്കപ്പെടുത്തുന്ന പ്രവണതകൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. പൊതുദേശീയതയിൽ നിന്ന്‌ മതദേശീയതയിലേക്ക്‌ രാജ്യത്തെ പറിച്ചു നടാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്‌. മത ദേശീയത തികഞ്ഞ സ്വാർത്ഥതയും ഭരണഘടനാ വിരുദ്ധവുമാണ്‌. ഇവിടെ ഇതര മതക്കാരെ അപരരും ശത്രുക്കളുമായി കാണുന്നു. ഇത്തരം പ്രവണത ഒരു ജനാധിപത്യ മതേതരത്വ രാജ്യത്തിന്‌ ഒട്ടുംയോജിച്ചതല്ല. ഒരു മതനിരപേക്ഷ സമൂഹത്തിൽ മതാധിഷ്ടിത രാഷ്ട്രീയം പ്രതിസന്ധികൾക്കെ വഴിയൊരുക്കൂ. സ്വന്തം വിശ്വാസം അനുസരിച്ച്‌ ജീവിക്കുന്നതിനും ആരാധന നടത്തുന്നതിനുപോലും പലയിടങ്ങളിലും അവസരം നിഷേധിക്കപ്പെടുന്നു. അതിലുപരി തങ്ങളുടെ വിശ്വാസവും ആചാരങ്ങളും മറ്റുള്ളവരെകൂടി അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ടാകുമ്പോൾ രാജ്യം സംഘർഷഭരിതമാകുന്നു. മതനിരപേക്ഷത രാജ്യത്ത്‌ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭരണഘടനയിൽനിന്ന്‌ തന്നെയും മതേതരത്വമെന്ന ആശയം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരുണ്ട്‌. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മതദേശീയ വാദികളാൽ വിചാരണചെയ്യപെടുന്നു. ഫാഷിസത്തിനെതിരേയുള്ള അഭിപ്രായങ്ങളെ നിഷ്കരുണം ഇല്ലായ്മചെയ്യാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ഏതെങ്കിലും ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ ശബ്ദിക്കുകയൊ പ്രവർത്തിക്കുകയോ എഴുതുകയോ ചെയ്താൽ അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. അപ്രിയരായവരെ അടിച്ചമർത്താനുള്ള ആയുധമായി ദേശീയതയെന്ന മഹത്തായ ആശയത്തെ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ ദേശീയതയുടെ ആശയതല പ്രതിസന്ധി രൂപപ്പെടുന്നു. ദേശീയതയുടെ രൂപത്തിലായിരിക്കും ഫാസിസം ഇന്ത്യയിലേക്ക്‌ കടന്നുവരിക എന്ന ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളെ നിരർത്ഥകമാക്കുന്ന കാര്യങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

  ദേശീയത എന്താണെന്നും ആരാണ്‌ ദേശസ്നേഹിയെന്നും നിശ്ചയിക്കാനും വിധിക്കാനുമുള്ള അവകാശം പ്രത്യേക രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും സ്വയം ഏറ്റെടുത്തിരിക്കുകയാണ്‌. ദേശസ്നേഹത്തിന്റെ മുദ്ര പതിച്ചുകിട്ടാൻ ഫാഷിസത്തോട്‌ സന്ധിയാവുകയാണ്‌ വേണ്ടതെന്ന അവസ്ഥ വന്നിരിക്കുന്നു. വിധേയത്വമനുസരിച്ച്‌ നിങ്ങൾ ദേശസ്നേഹിയാണോ ദേശവിരുദ്ധനാണോയെന്ന്‌  നിഷപ്രയാസം വിലയിരുത്തപ്പെടുന്നു. ദേശത്തേയും ദേശീയവാസികളേയും ഇഷ്ടപ്പെടാതെ തന്നെ ദേശസ്നേഹി പട്ടം ലഭിക്കുമെന്ന്‌ ചുരുക്കം. തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ഇതിന്റെ ഉദാഹരണമാണ്‌.

  റിഫ്ളക്ഷൻ ഓൺ നാഷനാലിസം ആൻഡ്‌ ഹിസ്റ്ററി(Reflections on Nationalism and History) എന്ന പ്രബന്ധത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ ചരിത്രകാരിയായ റൊമിലാ ഥാപ്പർ ദേശീയതയും കപടദേശീയതയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ചർച്ചചെയ്യുന്നു. ഭാഷ, മതം, സംസ്കാരം തുടങ്ങി ഏതെങ്കിലുമൊരു കേന്ദ്രതത്വത്തെ മുൻനിർത്തി വിഭാവനംചെയ്യപ്പെടുന്ന ദേശീയതാസങ്കല്പ്പം, മതേതര ജനാധിപത്യ രാജ്യത്ത്‌ എത്രമാത്രം സങ്കർഷങ്ങൾക്ക്‌ വഴിവെക്കുമെന്ന്‌ റൊമിലാ ഥാപ്പർ പ്രബന്ധത്തിൽ പറയുന്നു. ഫാഷിസ്റ്റ്‌ നയങ്ങളുള്ള ദേശീയ വാദത്തിനെതിരിൽ, എല്ലാവരേയും ഉൾക്കൊള്ളുന്ന സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലൂടെയാണ്‌ ഇന്ത്യൻ ദേശീയത വികസിച്ചുവന്നത്‌. ഹിന്ദുത്വവാദികൾ ഇന്ന്‌ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ദേശീയതാസങ്കല്പ്പം ഇന്ത്യൻ ദേശീയതയുടെ ഉദാരതയെ സമ്പൂർണമായി തമസ്ക്കരിക്കുന്ന കാപട്യമാണെന്ന്‌ ഥാപ്പർ വ്യക്തമാക്കുന്നു.



  യഥാർഥത്തിൽ ദേശസ്നേഹി ആരാണെന്ന ചോദ്യമാണിവിടെ ഉയരുന്നത്‌. ഇന്ത്യയുടെ ഭരണഘടനയേയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളെയും ആദരിക്കാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും എങ്ങനെ ദേശീയതയുടെയും ദേശപ്രേമത്തിന്റെയും വക്താക്കളാകും? ഈ വൈരുധ്യമാണ്‌ റിപ്പബ്ളിക്ദിന ആഘോഷവേളയിൽ ചർച്ചാവിഷയമാകേണ്ടത്‌. രാഷ്ട്രീയാധികാരത്തിനുവേണ്ടി ജനങ്ങളെ വിഭജിക്കാനും അവർക്കിടയിൽ വിഭാഗീയതയും ശത്രുതയും വളർത്താനും ഇറങ്ങിത്തിരിച്ചിട്ടുള്ളവരെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക്‌, ദേശീയതയെകുറിച്ചും ദേശസ്നേഹത്തെപറ്റിയും സംസാരിക്കുന്ന അപഹാസ്യമായ അവസ്ഥയാണ്‌ ഇന്ത്യയിന്ന്‌ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...