Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, April 17, 2017

ഒരൊഴിവുകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകൾ

  ഇന്ന് അധ്യായന വര്‍ഷത്തിലെ അവസാനത്തെ പ്രവര്‍ത്തി ദിവസം. രണ്ടുമാസത്തെ വേനലാവധിക്ക് ഇന്ന് സ്കൂളടക്കും. കുട്ടികളെല്ലാം നല്ല ആവേഷത്തിമര്‍പ്പിലാണ്. കൂവിയും ബഹളം വെച്ചും എല്ലാവരും ഒഴിവുകാലത്തെ വരവേല്‍ക്കുന്ന ആവേഷത്തിലാണ്. സ്റ്റാഫ് റൂമിലും ഇന്ന് ഏറെ ഉണര്‍വുള്ള ദിവസമാണ്. വെക്കേഷനിലെ പ്രോഗ്രാമുകളേ കുറിച്ചും യാത്രകളെ കുറിച്ചുമെല്ലാം അധ്യാപകർക്കിടയിൽ സജീവമായ ചര്‍ച്ചകൾ നടക്കുന്നു.

  പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്കൂളിലെ പ്രധാന കെട്ടിടത്തിന്‍റെ നീണ്ട വരാന്തയുടെ അറ്റത്ത് സ്റ്റാഫു റൂമിനോടു ചേര്‍ന്നുള്ള അരച്ചുമരിൽ കൈകുത്തി നില്‍ക്കുന്ന കുട്ടിയെ അപ്പോഴാണ് ശ്രദ്ധയില്‍പെടുന്നത്. അഗഥി മന്ദിരത്തിൽ താമസിക്കുന്ന കുട്ടിയാണെന്ന് അവന്‍റെ വേഷവിധാനങ്ങളില്‍നിന്നും എനിക്കു ബോധ്യമായി. സ്കൂളിൽ നിന്നും ഏകദേശം അരക്കിലോമിറ്ററോളം അകലെയുള്ള അഗഥി മന്ദിരത്തില്‍നിന്നുള്ള ഏതാനും കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവിടുന്നുള്ള കുട്ടികളോട് ഞങ്ങളൾ അധ്യാപകര്‍ക്കെല്ലാം നല്ല മതിപ്പായിരുന്നു. അതിനു പ്രത്യേക കാരണവുമുണ്ട്. എല്ലാവരും നല്ല അച്ചടക്കമുള്ളവരായിരുന്നു. അധ്യാപകരേയും മുതിര്‍ന്നവരേയുമെല്ലാം ഏറെ ബഹുമാനിക്കുന്നവരും. സഹപാഠികളോടുള്ള പെരുമാറ്റത്തിലും നല്ല മതിപ്പാണുള്ളത്. ഏറെക്കുറേ എല്ലാവരും നന്നായി പഠിക്കുന്നവരുമാണ്.
എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ വരാന്തയിലേക്കിറങ്ങി. അവനപ്പോഴും അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. പുറകിൽ നിന്നും തോളിൽ തട്ടി വിളിച്ചപ്പോൾ ഉറക്കത്തില്‍നിന്നെന്ന പോലെ അവന്‍ ഞെട്ടിയുണര്‍ന്നു. കാര്യം തിരക്കിയപ്പോൾ ഒരു ചെറുപുഞ്ചിരിയിലൽ മാത്രം മറുപടിയൊതുങ്ങി. എല്ലാം ചോദിച്ചറിയണം എന്നുണ്ടായിരുന്നു. അപ്പോഴേക്കും ഓര്‍ഫനേജിലെ അവന്‍റെ കൂട്ടുകാർ വന്നു വിളിച്ചു. നിരാശയിൽ പുഞ്ചിരി ചാലിച്ച മുഖവുമായി അവന്‍ യാത്ര പറഞ്ഞിറങ്ങി. കൂട്ടുകാര്‍ക്കൊപ്പം സ്കൂളിന്‍റെ പടികളിറങ്ങുമ്പോഴും അവനേ മാത്രം നിശബ്ദനായി കാണപ്പെട്ടു. കാര്യമായെന്തോ അവനെ അലട്ടുന്നുണ്ടെന്നു ഞാന്‍ ഊഹിച്ചു. അവന്‍റെ മുഖത്തെ നിരാശയും വിഷമവും വായിച്ചെടുക്കാന്‍ എനിക്ക് അധികമൊന്നും പ്രയാസപ്പെടേണ്ടി വന്നില്ല. കാരണം അത്തരം സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു വന്നിട്ടുള്ളത്. എന്‍റെ ബാല്യവും കൗമാരവുമെല്ലാം തളിരിട്ടതും ജീവിതം തന്നെ പഠിച്ചതും പരിശീലിച്ചതുമെല്ലാം അതുപോലൊരു അനാഥാലയത്തിന്‍റെ മുറ്റത്തു നിന്നായിരുന്നല്ലോ. ഓര്‍മകൾ എന്നെ കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടു പോയി.

  ഇളയ സഹോദരന്‍ കുഞ്ഞാവയെ പ്രസവിച്ചതിനു ശേഷം ഉമ്മ കിടക്കപ്പായയിൽ നിന്ന് തനിയെ എഴുന്നേറ്റിട്ടില്ല. പ്രസവാനന്തരം അരക്കുതാഴെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. പ്രാഥമിക കര്‍മ്മങ്ങള്‍ക്കും ഭക്ഷണം കഴിക്കാന്‍പോലും ഉമ്മാക്ക് പരസഹായം വേണ്ടിവന്നു. കൂലിപ്പണിക്കാരനായ ഉപ്പ ആവുന്നതിലുമധികം ചികില്‍സ നടത്തി. പക്ഷെ അതുകൊണ്ടൊന്നും ഊര്‍ജസ്വലയായിരുന്ന ഉമ്മയെ ഞങ്ങള്‍ക്കു തിരിച്ചു കിട്ടിയില്ല.

  ഉമ്മ കിടപ്പിലായതിനു ശേഷം ഉമ്മുമ്മയാണ് ഞങ്ങളെ വളര്‍ത്തിയത്. അവര്‍ക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അതൊന്നും കാര്യമാക്കാതെ അവര്‍ ഞങ്ങളുടെ വീട്ടില്‍തന്നെ തങ്ങുകയായിരുന്നു. കുഞ്ഞാവയും നിത്യ രോഗിയായിരുന്നു. ജനിച്ച നാൾ മുതൽ അവനെ ഓരോ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിൽ പൊരുതി ഒരു വയസു തികയും മുമ്പേ അവന്‍ മരണത്തിനു കീഴടങ്ങി. അവന്‍റെ മരണം കൂടിയായപ്പോൾ ഞങ്ങളുടെ കുടുംബം ആകെ തളര്‍ന്നു. ഉമ്മയുടെ രോഗവും മൂര്‍ച്ഛിച്ചു.

  പിന്നീട് ഞാന്‍ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളെ അനാഥമാക്കി ഉമ്മുമ്മയും വിടപറഞ്ഞു. വീട്ടിലെ ചിലവുകള്‍ക്കും ഉമ്മയുടെ ചികിത്സക്കും പണം കണ്ടെത്താന്‍ പെടാപാടുപെട്ടിരുന്ന ഉപ്പയും ആകെ തകര്‍ന്നു. ഉമ്മയുടെ പരിചരണവും പറക്കമുറ്റാത്ത പ്രായത്തിലുള്ള എന്‍റെയും ഇത്താത്താന്‍റെയും കാര്യങ്ങളുമെല്ലാം ഉപ്പയുടെ ചുമലിൽ വലിയ ചുമടായി വന്നു പതിച്ചു. ഞങ്ങളുടെ പഠനവും ഒരു ചോദ്യ ചിഹ്നമായി. അങ്ങനേയാണ് ഞാന്‍ അഗഥി മന്ദിരത്തിന്‍റെ പടി കയറുന്നത്. ഇത്താത്ത എന്നേക്കാൾ നാലു വയസയിനു മൂത്തതായിരുന്നു. അവൾ അടുത്തുള്ള സ്കൂളിൽ തന്നെ പഠനം തുടര്‍ന്നു. ഒഴിവു ദിവസങ്ങളിൽ ഉമ്മയെ പരിചരിച്ചിരുന്നതും വീട്ടിലെ ചെറിയ ജോലികൾ ചെയ്തിരുന്നതുമെല്ലാം അവളായിരുന്നു.
വീട്ടിലെ സാഹചര്യങ്ങൾ വെച്ചുനോക്കുമ്പോൾ അഗഥി മന്ദിരം എനിക്ക് സ്വര്‍ഗമായിരുന്നു. ഇണക്കമുള്ള അന്തരീക്ഷം, നല്ല ഭക്ഷണം, സ്നേഹത്തോടെയുള്ള പരിചരണം, നല്ല ഒരുപാടു കൂട്ടുകാർ അങ്ങനെ ഒത്തിരി കാര്യങ്ങൾ. പക്ഷെ വീടും കുടുംബവും വിട്ടുനില്‍ക്കേണ്ടി വന്നതിൽ ആദ്യ നാളുകളിൽ നല്ല വിഷമമായിരുന്നു. പിന്നീട് അതിനോടെല്ലാം സമരസപ്പെട്ടുപോകാന്‍ പഠിച്ചു. അല്ലെങ്കിൽ സാഹചര്യം അതിനു പ്രേരിപ്പിച്ചു എന്നു പറയുന്നതാവും ശരി.

  ഇടക്കുള്ള ഒഴിവു ദിവസങ്ങളിൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ ഉപ്പ വരുമായിരുന്നു. വീട്ടിലേക്കു പോകുമ്പോൾ ആലിക്കുട്ടി ഉസ്താദ് അല്‍പ്പം പണവും സാധനങ്ങളുമെല്ലാം ഉപ്പയെ ഏല്‍പ്പിക്കും. വീട്ടിലെ സാഹചര്യം ഉസ്താദിന് നന്നായറിയാവുന്നതാണ്. ഉസ്താദ് ഒരു നല്ല മനസിനുടമയായിരുന്നു. അഗഥി മന്ദിരത്തിന്‍റെ നെടും തൂണായിരുന്നു ഉസ്താദ്. അവരുടെ സ്നേഹവും നിസ്വാര്‍ത്ഥ മനസും ഒരുപാടു കുടുംബങ്ങള്‍ക്ക് വെളിച്ചമായിരുന്നു.

  ഒന്നോ രണ്ടോ ദിവസത്തെ അവധി കഴിഞ്ഞ് വീട്ടില്‍നിന്നും തിരിച്ചു പോരുമ്പോൾ ഉമ്മ ഒരുപാട് ഉപദേശങ്ങൾ നല്‍കുമായിരുന്നു. പഠനത്തിൽ അലസനാവരുതെന്നും അധ്യാപകരെ ബഹുമാനിക്കണമെന്നും തുടങ്ങി ഒരുപാടു ഉപദേശങ്ങൾ. വീല്‍ച്ചെയറിൽ പൂമുഖ വാതിലു വരേ ഉമ്മയെന്നേ അനുഗമിക്കുമായിരുന്നു. അതിനപ്പുറമുള്ള ലോകം കുറേ കാലമായിട്ട് ഉമ്മാക്ക് അപൂര്‍വമായിരുന്നു. കൂട്ടിപ്പിടിച്ച് തുരുതുരാ ഉമ്മകൾ തന്ന് യാത്രയാക്കുമ്പോൾ ഉമ്മയുടെ നയനങ്ങൾ പലപ്പോഴും നിറഞ്ഞൊഴുകുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു.
വീട്ടിലേക്ക് വരുമ്പോൾ എന്‍റെ മുഖത്തുള്ള ഊര്‍ജ്ജവും ഉന്മേഷവുമെല്ലാം ഉമ്മയെ സന്തോഷിപ്പിച്ചിരുന്നെങ്കിലും ഇത്താത്തയെ കുറിച്ചുള്ള ആധിയും ആശങ്കയും ഉമ്മയുടെ മനസിൽ കുന്നോളമുണ്ടായിരുന്നു.
പടച്ചോനെ...  ന്‍റെ കുട്ടിക്ക് ഒരു വഴി കാട്ടാതെ ന്‍റെ കണ്ണടപ്പിക്കല്ലേ…. നാഥാ…”
ഇതായിരുന്ന ഉമ്മയുടെ എപ്പോഴുമുള്ള പ്രാര്‍ത്ഥന. വീട്ടിൽ ആരു വന്നാലും ഉമ്മാക്ക് അതേ പറയാനുണ്ടായിരുന്നുള്ളൂ.

  പിന്നീട് ഞാന്‍ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഇത്താത്താക്ക് വിവാഹാലോചന വന്നു. നല്ലൊരു കുടുംബമായിരുന്നു അവരുടേത്. പരസ്പരം അറിയാവുന്ന കുടുംബങ്ങളായതുകൊണ്ട് പെട്ടന്ന് ഉറപ്പിക്കുകയും ചെയ്തു. ഉമ്മയുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെ സാഫല്യം. ഉമ്മ ഒരുപാടു സന്തോഷിച്ചു. സന്തോഷ മുഹൂര്‍ത്തങ്ങൾ ഉമ്മയുടെ ആരോഗ്യത്തിലും നേരിയ പുരോഗതിയുണ്ടാക്കി.

  പിന്നീട് പത്താം ക്ലാസിലെ അവസാന പരീക്ഷക്കു തൊട്ടുമുമ്പുള്ള ദിവസം. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് ഓര്‍ഫനേജിലേക്ക് തിരിച്ചു വരുമ്പോൾ ഉസ്താദും മറ്റൊന്നു രണ്ട് അധ്യാപകരും ഓഫീസിനു മുമ്പിൽ എന്തോ കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവരുടെ സംസാരത്തിന് അല്‍പ്പം അയവു വന്നു. അതൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ മുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഭക്ഷണം കഴിച്ചു കാന്‍റീനിൽ നിന്നും പുറത്തേക്കു വരുമ്പോൾ ഉസ്താദ് അടുത്തു വന്നു പറഞ്ഞു:
നെന്നോട് വീട്ടിലേക്കൊന്നു വരാം പറഞ്ഞിട്ടുണ്ട്..... ഞാനും വരുന്നു.... യ്യ് വേഗം റെഡിയാവ്..... ഒടനേ പുറപ്പെടാം…..”
  എന്‍റെ മനസിൽ ആധിയുണര്‍ന്നു. നാളെ പരീക്ഷ കഴിയുമ്പോഴേക്ക് ഉപ്പ വരാമെന്ന് പറഞ്ഞതായിരുന്നു..... ഇതിപ്പോ പെട്ടെന്ന്….. എന്തെങ്കിലും വല്ല അത്യാഹിതവും....... ഉമ്മാക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?...... അങ്ങനെ ഒരുപാടു ചിന്തകൾ എന്‍റെ മനസിനെ വേട്ടയാടി.

  പിന്നീട് ഓര്‍ഫനേജിലെ ജീപ്പിൽ വീട്ടിലേക്കു പോകുമ്പോൾ തോളിലൂടെ കൈയ്യിട്ട് ഉസ്താദ് പറഞ്ഞു: മോനേ... ഞാനൊരു കാര്യം പറയാം.. നെനക്ക് വെഷമോന്നുണ്ടാകരുത്….. നെന്‍റെ ഉമ്മാക്ക്…. ഉമ്മാക്ക് പടച്ചോന്‍ അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു…… ഉമ്മാനെ അവന്‍ തിരിച്ചു വിളിച്ചിരിക്കുന്നു....”
അത്രയും കേട്ടപ്പോൾ ഉള്ളിൽ നീറിപ്പുകഞ്ഞ കനലുകളെല്ലാം വലിയ തീനാളങ്ങായി പുറത്തേക്കു വന്നു. വിതുമ്പലായി, തേങ്ങലായി അതു പുറത്തേക്കു പരന്നൊഴുകി. ഉസ്താദിന്‍റെ കൈകകൾ നുകര്‍ന്നു ഞാന്‍ ഉറക്കെ കരഞ്ഞു. വീടെത്തും വരേ കരഞ്ഞു. എന്നെ ആശ്വസിപ്പിക്കാന്‍ ഉസ്താദ് ഒരുപാടു പ്രയാസപ്പെട്ടു.

  ഇടുങ്ങിയ മണ്‍പാതയിലൂടെ കുതിച്ച് ജീപ്പ് വീടിനടുത്തെത്തി. റോടില്‍നിന്നും രണ്ടു വീടുകള്‍ക്കപ്പുറമായിരുന്നു ഞങ്ങളുടെ വീട്. മുറ്റത്തും തൊടിയിലുമായി കുറെ ആള്‍കൂട്ടമുണ്ടായിരുന്നു. അടുക്കള ഭാഗത്ത് മുറ്റത്തിന്‍റെ ഒരു മൂലയിൽ ഉമ്മയുടെ കട്ടിലും കിടക്കയുമെല്ലാം വെയിലു കായാനിട്ടിരിക്കുന്നു. അകത്തേക്കു കടക്കുമ്പോൾ ഉമ്മയുടെ വീല്‍ചെയർ ഒഴിഞ്ഞു കിടക്കുന്നു. സാധാരണ വീട്ടിലേക്കു കയറി വരുമ്പോൾ നിറപുഞ്ചിരിയോടെ ആ വീല്‍ചെയറിലിരുന്നാണ് ഉമ്മയെന്നെ വരവേല്‍ക്കാറുള്ളത്. എന്‍റെ മുഴുവന്‍ നിയന്ത്രണവും പോയി. ആരുടേയൊക്കെയോ കൈപിടിച്ച് വീടിന്‍റെ പൂമുഖത്തെത്തി. ഉമ്മാ....... എന്നുറക്കെ വിളിച്ചു വിതുമ്പലോടെ, നിശ്ചലമായി കിടക്കുന്ന ആ ശരീരത്തെ ഞാന്‍ പുണര്‍ന്നു. വിളികേള്‍ക്കാത്ത ലോകത്തേക്ക് ഉമ്മ യാത്രയായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എനിക്കപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

  അന്നു രാവിലെ തന്നെ ഉമ്മ മരണപ്പെട്ടിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയായതുകൊണ്ട് എന്നെ നേരത്തെ അറിയിച്ചിരുന്നില്ല. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞാന്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു. സംസ്കാരച്ചടങ്ങെല്ലാം അന്നു തന്നെ നടന്നു.

  അന്നു വൈകുന്നേരം തന്നെ ഉസ്താദ് എന്നെ ഓര്‍ഫനേജിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിറ്റേ ദിവസം അവസാനത്തെ ഒരു പരീക്ഷകൂടി എഴുതാനുണ്ടായിരുന്നു. നുറുങ്ങുന്ന മനസുമായാണ് അന്നത്തെ ഒരു രാത്രി ഞാന്‍ കഴിച്ചുകൂട്ടിയത്. കണ്ണിൽ ഉറക്കം വരുമ്പോഴേക്ക് എന്തൊക്കെയോ കണ്ടു ഞെട്ടിയുണരും. പൂമുഖത്തിന്‍റെ ഒത്ത നടുവിൽ പുഞ്ചിരിക്കുന്ന മുഖവുമായി വെള്ള പുതച്ചു കിടക്കുന്ന ഉമ്മയുടെ മുഖം കണ്ണിൽ നിന്നും മായാതെ കിടന്നു.


  അവസാനത്തെ കണക്കു പരീക്ഷ എങ്ങനെ എഴുതിയെന്നോ എന്തെഴുതിയെന്നോ എന്നൊന്നും എനിക്കോര്‍മ്മയില്ല. പിന്നീട് എസ്.എസ്.എൽ.സി. പരീക്ഷയുടെ റിസല്‍റ്റു വന്നപ്പോഴും മാര്‍ക്ക് ലിസ്റ്റ് കിട്ടുമ്പോഴുമെല്ലാം എനിക്കത്ഭുതമായിരുന്നു. കണക്കിൽ കുഴപ്പമില്ലാത്ത മാര്‍ക്കുണ്ടായിരുന്നു. ഉത്തരമഴെുതിയോ ഇല്ലയോയെന്ന് നിശ്ചയമില്ലെങ്കിലും ഒരുപാടു കണ്ണുനീർ തുള്ളികൾ ആ ഉത്തരക്കടലാസിലങ്ങോളം  വീണുറഞ്ഞിട്ടുണ്ടാകും എന്നെനിക്കുറപ്പാണ്.

Tuesday, February 25, 2014

വാട്ട്സ്‌ ആപ്പ്‌ (WhatsApp)

     ഞ്ച്‌ ബ്രേക്കിന്‌ ഓഫീസ്‌ പൂട്ടി പുറത്തിറങ്ങാനിരിക്കുകയായിരുന്നു ഹംസ. അപ്പോഴാണ്‌ എക്സിക്യൂട്ടീവ്‌ ലോഞ്ചിലെ ടെലിഫോണിൽ നിന്നും കോൾ വരുന്നത്‌. അയാൾ ആകാംശയോടെ ഫോൺ അറ്റന്റ്‌ ചെയ്തു.

 ‘ഹംസ.. മിസ്റ്റർ ഇമാദ്‌ ഈസ്‌ ലുക്കിംഗ്‌ ഫോർ യൂ.. ഓകെ..’

വിളിക്കുന്നത്‌ ബോസിന്റെ സെക്രട്ടറിയാണ്‌, ആൽബർട്ട്.

‘ഓ.. കെ.. ഐ ആം കമിംഗ്‌..’

അയാൾ ദൃതിയിൽ ഫോൺ വെച്ച്‌ കസേരയിൽ നിന്നും ചാടിയെണീറ്റു. ഇപ്പോഴത്തെ ആകാംശക്ക്‌ പ്രത്യേക കാരണമുണ്ട്‌. സാലറി ഇംഗ്രിമെന്റിന്‌ റിക്വസ്റ്റ്‌ നൽകി ബോസിന്റെ അപ്പോയിൻമെന്റിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു അയാൾ.

‘പെന്റിംഗിലുള്ള ഇംഗ്രിമെന്റ്‌ റിക്വസ്റ്റിന്‌ ഇന്നൊരു തീരുമാനമാകും..’
അയാൾ സ്വപ്നം കണ്ടു.

കഴുത്തിൽ കെട്ടിയ ടൈ വലിച്ച്‌ മുറുക്കി ബാത്ത്‌ റൂമിലെ കണ്ണാടിയിൽ നോക്കി അയാൾ സ്വയം വിലയിരുത്തി.

‘എക്സലന്റ്‌’

പിന്നെ ആത്മ വിശ്വാസത്തോടെ എക്സിക്യൂട്ടീവ്‌ ലോഞ്ചിലേക്ക്‌ നടന്നു. ബോസിന്റെ മുറിയുടെ വാതിലിൽ മുട്ടി പതുക്കെ തള്ളി തുറന്നു.

‘മേ ഐ കമിംഗ്‌ സർ..’

അപ്പോൾ മറ്റാരോടോ ഫോണിൽ സംസാരിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു അദ്ധേഹം. തല കുലുക്കി അകത്ത്‌ വരാൻ അനുവാദം നൽകി. അയാൾ അകത്ത്‌ കടന്നു. അനുസരണയുള്ള ഒരു കുട്ടിയെ പോലെ ബോസിന്റെ മേശയിൽ നിന്നും അൽപ്പം അകലയായി നിൽപ്പുറപ്പിച്ചു. ഫോൺ കോൾ അവസാനിച്ചപ്പോൾ മേശയിലുള്ള മറ്റൊരു ഫോണെടുത്ത്‌ ബോസ്‌ എന്തൊ പരതിക്കൊണ്ടിരുന്നു.

‘ഹംസ.. കം ഹിയർ...’

മൊബൈൽ ഫോൺ ഉയർത്തി പിടിച്ച്‌ അദ്ധേഹം പറഞ്ഞു.

‘ലുക്‌.. വാട്ടീസ്‌ ദീസ്...’

അയാൾ മേശയുടെ അടുത്തേക്ക്‌ നീങ്ങിനിന്ന്‌ മൊബൈൽ ഫോണിലേക്ക്‌ നോക്കി. മൊബൈലിലെ ഒരു ഫോട്ടൊ തുറന്ന്‌ ബോസ്‌ അയാളെ കാണിച്ചു.

‘അയ്യ്വെ..  ഇതെന്ത്‌....?

ആരൊ കുനിഞ്ഞ്‌ നിന്ന് ?പിന്നാമ്പുറം കാണിക്കുന്ന ഫോട്ടൊ.
ച്ഛെ ഇയാൾക്കെന്താ വട്ടു പിടിച്ചൊ ..?'

അയാൾ ജാള്യതയോടെ ബോസിനെ നോക്കി.

‘ഹംസ.. വാട്ടീസ്‌ ദീസ്‌..?

ഞെട്ടലിൽ നിന്ന്‌ മുക്തമാകുന്നതിന്‌ മുമ്പ്‌ മറ്റൊരു ഫോട്ടോ ഫ്ളിപ്പ്‌ ചെയ്ത്‌ കാണിച്ച്‌ അദ്ധേഹം വീണ്ടും ചോദ്യമെറിഞ്ഞു.

‘ഐ.. ഡോണ്ട്‌ നൗ സർ...’

മുഖത്തെ മ്ളാനത മറച്ച്‌ ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

 ‘യൂ.. ഡോണ്ട്‌ നൗ...?

മൂന്നാമതൊരു ഫോട്ടോ കുടി കാണിച്ച്‌ പരിഹാസം കലർന്ന ഒരു ചിരിയോടെ ബോസ്‌ അയാളുടെ മുഖത്തേക്ക്‌ നോക്കി. അയാൾ ഒന്നു കൂടി താഴ്ന്നുനിന്ന്‌ ഫോട്ടോയിലേക്ക്‌ സൂക്ഷിച്ചു നോക്കി.
ഈ ഫോട്ടോക്ക്‌ കുറച്ചുകൂടി വ്യക്തതയുണ്ട്‌. കുനിഞ്ഞ്‌ നിൽക്കുന്ന രണ്ട്‌ കാലുകൾക്കിടയിലൂടെ പരിചിതമായ ഒരു മുഖം അയാൾ കണ്ടു.

‘ച്ഛെ.. ഇത്‌ അവന്റെ ഫോട്ടൊയല്ലെ..?  ഇതിപ്പൊ ഇവിടെ എങ്ങനെ?

കുനിഞ്ഞ്‌ നിന്ന്​‍്‌ ഷോ കാണിക്കുന്നത്‌ തന്റെ ചെറിയ പയ്യൻ രണ്ടുവയസ്‌ കാരൻ ഹിബാനാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു. ജാള്യതയോടെയും തെല്ലദിശയത്തോടെയും അയാൾ ബോസിനെ നോക്കി.

‘യെസ്‌.. വാട്ട്സ്‌ ആപ്പ്‌..’

ബോസ്‌ ഫോട്ടൊ മിനിമയ്സ്‌ ചെയ്ത്‌ കാണിച്ചു. ഹംസ എന്തൊ പറയാൻ തപ്പി തപ്പി തുടങ്ങുമ്പോഴേക്കും ബോസിന്റെ അടുത്ത കമന്റ്‌ വന്നു:

‘യു കാൻ ഗോ...’

പോകാൻ പറഞ്ഞ്‌ തീരും മുമ്പേ അയാൾ എബൗട്ടേൺ അടിച്ച്‌ പുറത്തേക്കിറങ്ങി. തന്റെ ഫോണിൽ നിന്നും വാട്ട്സ്‌ ആപ്പ്‌ മെസഞ്ചർ വഴി ഫോർവേർഡ്‌ ചെയ്ത ഫോട്ടോയാണ്‌ ബോസിന്റെ മൊബൈൽ ഫോണിലുള്ളതെന്ന്‌ അയാൾക്ക്‌ ബോധ്യമായി.

‘ഇത്‌ അവൻ പറ്റിച്ച പണിതന്നെ.. മൂത്തവൻ ഹിഷാം.. അവൻ എപ്പോഴാണിതെല്ലാം ഒപ്പിച്ചെടുത്തത്‌..
എൽ.കെ.ജി ക്ളാസിൽ പോകാൻ തുടങ്ങിയിട്ടേയുള്ളൂ അപ്പോഴേക്കും തുടങ്ങി മൊബൈലിലെ അവന്റെ  ലീലാവിലാസങ്ങൾ.. അല്ലെങ്കിലും മൊബൈലിൽ കളി അവനിത്തിരി കൂടുതലാ... അവനെന്താ മുടക്കൊന്നുമില്ലല്ലൊ.. ഫോട്ടോക്ക്‌ പോസ്‌ ചെയ്തു കൊടുക്കാൻ മറ്റവനുമുണ്ടല്ലൊ.. അവരെ മാത്രം കുറ്റപ്പെടുത്തിയിട്ടെന്ത്‌ കാര്യം... ചോറ്‌ തിന്നാനും ചായ കുടിക്കാനുമെല്ലാം ഉപ്പച്ചീന്റെ മൊബൈൽ ഓഫർ ചെയ്യുന്ന മറ്റൊരുത്തി കൂടിയുണ്ടല്ലോ, അവരുടെ തള്ള..
അയ്യ്വേ അയാളുടെ മുമ്പിൽ ആകെ നാണം കെട്ടുപോയി..
മനുഷ്യനെ മെനക്കെടുത്താൻ ആളുകള്‌ ഓരോന്ന്‌ കണ്ടു പിടിക്കുന്നു. വാട്ട്സ്‌ ആപ്പ്‌ ഫേസ്‌ ബുക്ക്‌ തേങ്ങാ കുല.. എന്റെ പടച്ചോനെ ഇനിയെന്തൊക്കെയാണാവോ കാണേണ്ടി വരിക..
ച്ഛേ എല്ലാം നശിച്ചു ഈ മാസമെങ്കിലും ഇംഗ്രിമെന്റ്‌ തരപ്പെടുമെന്ന്‌ കരുതിയതായിരുന്നു അതാണ്‌ ഒടുക്കത്തെ ഒരു ‘ഷോ’യിൽ കുരുങ്ങി അനിശ്ചിതത്തിലായിരിക്കുന്നത്‌..
അവന്റെ മൊബൈൽ കൊണ്ടുള്ള അഭ്യാസങ്ങൾ ഇന്ന്‌ തന്നെ ഞാൻ അവസാനിപ്പിക്കും...'

കലിപ്പ്‌ അടക്കാനാവാതെ അയാൾ സ്വയം പിറുപിറുത്തു. കഴുത്തിൽ മുറുകി കിടന്ന ടൈ ഊരി ടേബിളിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ഓഫീസ്‌ മുറി പൂട്ടി അയാൾ പുറത്തിറങ്ങി...











മുഹമ്മദ്കുഞ്ഞി വണ്ടൂർ
muhammed kunhi wandoor
muhammed kunhi wandoor


Friday, January 28, 2011

പുനര്‍ജന്മം


പിച്ചവെച്ചുതുടങ്ങിയ നാളുമുതല്‍ ഓടിച്ചാടി നടന്ന ഈ വീടും മുറ്റവുമെല്ലാം ഉപേക്ഷിച്ച്‌ മറ്റൊരിടത്തേക്ക്‌ മാറിത്താമസിക്കേണ്ടി വരുന്നത്‌ ആലോചിക്കാന്‍പോലും കഴിയുന്നില്ല. അതും മുമ്പൊരിക്കലും കാണുകപോലും ചെയ്യാത്തൊരിടത്തേക്ക്‌.

അമ്മാമാന്ന്‌ വിളിക്കുന്ന കല്ല്യാണിക്കുട്ടിയമ്മയായിരുന്നല്ലൊ ഇവിടെ അമ്മയും അമ്മുമ്മയുമെല്ലാം. കുഞ്ഞുനാളില്‍ ഒക്കത്തിരുത്തി അമ്പിളിമാമനേം പൂക്കളുമെല്ലാം കാണിച്ചുതന്ന കുറെ ചേച്ചിമാരും. ഇവരെയെല്ലാം വിട്ടേച്ചുപോകാന്‍ എങ്ങനെ കഴിയും?
ഇനീപ്പൊ പോണ്ടാന്നുവെച്ചാല്‍ ഇതുവരെ കഷ്ടപ്പെട്ടു പഠിച്ച്‌ പാസായി ലഭിച്ച ജോലി നഷ്ടപ്പെടില്ലെ?
ഇക്കാലത്തൊരു നല്ല ജോലി തരപ്പെടാന്‍ എന്തോരം കഷ്ടപ്പാടാ.
കൂടെ പഠിച്ചിരുന്നോരെല്ലാം പി .എസ്‌. സി പരീക്ഷയെഴുതി ജോലിക്കുവേണ്ടി കാത്തിരിക്കുകയാണല്ലൊ.

കുളികഴിഞ്ഞ്‌ ഈറന്‍ മാറുന്നതിനു മുമ്പെ ജനാലവഴി പുറത്തേക്കു നോക്കി ഓരോന്ന് ആലോചിക്കുകയായിരുന്നു ശ്രീകുട്ടി. മനസ്സില്‍ നൂറുകൂട്ടം ചിന്തകള്‍ കെട്ടഴിഞ്ഞുകിടപ്പാണ്‌.

"ശ്രീകുട്ടീ....... ദേ അപ്പച്ചന്‍ വന്നിരിക്കുണു..."

അശ്വതി പിറകെ വന്ന്‌ വിളിച്ചപ്പോഴാണ്‌ അവള്‍ ചിന്തയില്‍നിന്നുമുണര്‍ന്നത്‌.

"ചേച്ചീ ….. ഡ്രസ്സുമാറീട്ട്‌ ഞാനിപ്പൊ വരാം"

അശ്വതിയെ പറഞ്ഞുവിട്ട്‌ വസ്ത്രം മാറുന്നതിനിടയില്‍ അവളുടെ മനസ്സില്‍ വീണ്ടും ഓരോന്ന്‌ ഉരുണ്ടുകൂടി.

ആപ്പച്ചന്‍ എന്റെയാരാ?
സ്നേഹാലയത്തിലെ കുട്ടികളെല്ലാം വിളിക്കുന്നെ ശ്രീകുട്ടീടെ അപ്പച്ചനെന്നാ…
കുഞ്ഞുനാളു തൊട്ടെ അപ്പച്ചനിവിടെ വരാറുണ്ടല്ലൊ
വരുമ്പോഴെല്ലാം നിറയെ പലഹാരങ്ങളും മിഠായിയും. അമ്മാമക്കും അപ്പച്ചനെ വലിയ കാര്യാ….

അവള്‍ വസ്ത്രംമാറി തിടുക്കത്തില്‍ പുറത്തെ വരാന്തയിലേക്ക്‌ നടന്നു.
വരാന്തയുടെ അറ്റത്തിട്ടിരിക്കുന്ന കസേരയിലിരിക്കുകയായിരുന്നു അപ്പച്ചന്‍. അമ്മാമയും ഒന്നുരണ്ടു ചേച്ചിമാരും അപ്പച്ചന്റെ ചുറ്റിലും നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ഒരുകൊച്ചുകുട്ടിയപ്പോലെ അപ്പച്ചന്റെ അരികില്‍ ചേര്‍ന്നുനിന്നു.

"ശ്രീക്കുട്ടീ….. അപ്പോയിന്‍മന്റ് ഓര്‍ഡര്‍ കിട്ടീലെ?"

ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ ചോദിച്ചു
ഒന്നു വിതുമ്പിയതല്ലാതെ മറുത്തൊന്നും പറയാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല.

"മോളെന്തിനാ കരേണെ?
ജോലി കിട്ടുമ്പൊ സന്തോഷിക്ക്യല്ലെ വേണ്ടെ
അപ്പച്ചന്‌ പെരുത്ത്‌ സന്തോഷാ….."
പിന്നെ സ്കൂളിനടുത്ത്‌ ശ്രീകുട്ടിക്ക്‌ താമസിക്കാന്‍ അപ്പച്ചനൊരിടം കണ്ടെത്തീട്ടുണ്ട്‌
അതറീക്കാനാ അപ്പച്ചനിപ്പൊ ഇങ്ങോട്ട്‌ പോന്നെ..
അവിട്യൊന്ന്‌ പോയി നോക്കേം ചെയ്യാം
എന്താ കല്ല്യാണികുട്ട്യമ്മെ…...."

"ശരിയാ…… സ്കൂളിനടുത്താണെങ്കില്‍ അതാ നല്ലത്‌.
പോയിവരാനൊക്കെ സുഖായിരിക്കും
എന്നാ പിന്നെ വൈകിക്കേണ്ട
എന്താ ശ്രീകുട്ടീ….."

കാലിന്റെ പെരുവിരലുകൊണ്ട്‌ തറയില്‍ ഏതൊ അവ്യക്ത ചിത്രങ്ങള്‍ വരച്ച്‌, ഒന്നും മിണ്ടാതെ നില്‍ക്കുന്ന അവളെ നോക്കി കല്ല്യാണിക്കുട്ടിയമ്മ പറഞ്ഞു.
നിറഞ്ഞ കണ്ണുകള്‍ ചുരിതാറിന്റെ ദുപ്പട്ടകൊണ്ട്‌ തുടച്ച്‌, അവളൊന്ന്‌ തലയാട്ടുക മാത്രം ചൈയ്തു.

"എന്നാപ്പിന്നെ ഇപ്പോതന്നെയങ്ങ്‌ പൊറപ്പെടാമല്ലെ?"

ഉള്ളില്‍ നിന്നും ഉതിര്‍ന്നുവന്ന ചുമയെ ഭേദിച്ചുകൊണ്ട്‌ അപ്പച്ചന്‍ പറഞ്ഞു.

ഒരുക്കങ്ങളെല്ലാം വേഗത്തില്‍ തീര്‍ത്ത്‌ അവര്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു.
ബസ്സിലിരിക്കുമ്പോഴും ശ്രീകുട്ടിയുടെ മനസ്സ്‌ എന്തൊക്കെയൊ ചികഞ്ഞുകൊണ്ടിരുന്നു.

"ശ്രീകുട്ടീ……. ദെ ഇറങ്ങേണ്ട സ്ഥലായി."

പിന്‍സീറ്റിലിരുന്ന കല്ല്യാണികുട്ടിയമ്മ അവളുടെ പുറത്തുതട്ടി വിളിച്ചു.
ബസ്സിറങ്ങി ഒന്നുരണ്ടാളുകളോട്‌ വഴി ചോദിച്ചു.
അപ്പച്ചന്‌ വഴി ശരിക്കും ഒര്‍മ്മയില്ല. കുറെ നാളായില്ലെ ഇതുവഴി വന്നിട്ട്‌.

"ദാ….ഇവിടുന്ന്‌ ഒരു നാലഞ്ചു മിനുറ്റ്‌ നടന്നാല്‍ മതി"

ഒരു റിക്ഷാവണ്ടിക്കാരനാണ്‌ വഴിപറഞ്ഞു കൊടുത്തത്‌.
വീതികുറഞ്ഞ ഒരു ചെമ്മണ്‍പാതയിലൂടെ നടന്ന്‌ അവര്‍ ഒരു കൊച്ചു വീടിന്റെ മുമ്പിലെത്തി.
കണ്ടാല്‍ ഒരഞ്ചാറുവയസ്‌ തോന്നിക്കുന്ന ഒരാണ്‍കുട്ടി മുറ്റത്ത്‌ കളിച്ചിരിക്കുന്നുണ്ട്‌.
ശ്രീകുട്ടിയും കല്ല്യാണിക്കുട്ടിയമ്മയും ആശ്ചര്യത്തോടെ പരസ്പ്പരം നോക്കി.
അപ്പച്ചെനെന്തിനാ ഇങ്ങോട്ടു കൂട്ടി കൊടുന്നെന്ന്‌ അവരാലോചിച്ചു കാണും.

"മോനെ അമ്മച്ചി എവിട്യാ?"

മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട്‌ അപ്പച്ചന്‍ ചോദിച്ചു.
കയ്യിലെ പൊടിയെല്ലാം തട്ടി അവനെഴുന്നേറ്റു.

"അമ്മച്ചി ആത്തൂണ്ട്‌
അമ്മച്ചീ…."
അവന്‍ വീട്ടിനകത്തേക്ക് നോക്കി വിളിച്ചു.

വിളികേട്ട്‌ ഒരു മധ്യവയസ്ക പുറത്തു വന്നു.
അപരിചിതത്വം നിറഞ്ഞ മുഖഭാവത്തോടെ ആ സ്ത്രീ അവരെ ഒന്നു നോക്കി.
അപ്പച്ചന്‍ അല്‍പ്പം മുന്നോട്ട്‌ മാറിനിന്ന്‌ കൊണ്ട്‌ പറഞ്ഞു:

"ഞങ്ങള്‍ കുറച്ചു ദൂരേന്നാ…
കുറച്ച്‌ കാര്യങ്ങള്‍ പറയാം വേണ്ട്യാ ഞങ്ങള്‌ വന്നെ...."

ശ്രീകുട്ടിക്കും കല്ല്യാണിക്കുട്ടിയമ്മക്കും കാര്യങ്ങളൊന്നും മനസ്സിലായില്ല.
സ്ത്രീ അവരോട്‌ അകത്തേക്കിരിക്കാന്‍ പറഞ്ഞു.

"നിങ്ങള്‍ക്ക്‌ ഈ കുട്ടിയെ മനസ്സിലായൊ?"

വാതിലിനടുത്ത്‌ ചുമരില്‍ചാരി നിന്ന സ്ത്രീയോട്‌ അപ്പച്ചന്‍ ചോദിച്ചു.

"ഇല്ല!"

ആശ്ചര്യത്തോടെ അവര്‍ ശ്രീകുട്ടിയുടെ മുഖത്തേക്കുനോക്കി തലയാട്ടി.

വരണ്ട തൊണ്ട നനച്ചുകൊണ്ട്‌ അപ്പച്ചന്‍ പറയാന്‍ തുടങ്ങി:

"അങ്ങാടിയില്‍ ആളൊഴിഞ്ഞ്‌ നിശ്ചലമായ, തണുപ്പുള്ള ഒരു രാത്രി.
അടക്കിപ്പിടിച്ചൊരു സംസാരോം കരച്ചിലും കേട്ടാണ്‌ ഞാനുണര്‍ന്നത്‌. എന്തൊക്കെയൊ പിടിവലികൂടുന്നതിന്റെ ശബ്ദം. ഇടക്കിടെ ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചിലും. ജനാല തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോള്‍ രണ്ടാളുകള്‍ കലഹിക്കുന്നു. മങ്ങിയ തെരുവു വെളിച്ചതില്‍ അതിലൊരാള്‍ സ്ത്രീയാണെന്നു മനസ്സിലായി. സ്ത്രീയുടെ കയ്യില്‍ ഒരു കൈകുഞ്ഞുമുണ്ട്‌. നിശബ്ദനായി നിന്നു ഞാനെല്ലാം കേട്ടു. കുടെയുണ്ടായിരുന്നയാള്‍ സ്ത്രീയെ എന്തൊക്കെയൊ പറഞ്ഞ്‌ ഉപദ്രവിക്കുന്നുണ്ടായിരുന്നു."

ഇത്രയും പറഞ്ഞപ്പോഴേക്കും ആ സ്ത്രീ കുഴഞ്ഞ്‌ തറയില്‍ കുത്തിയിരുന്നു.
ശ്രീകുട്ടിയും കല്ല്യാണിക്കുട്ടിയമ്മയും അതിശയത്തോടെ അപ്പച്ചനേയും സ്ത്രീയേയും മാറിമാറി നോക്കി.
ഉള്ളില്‍നിന്നും വന്ന ചുമ ഇടക്കിടക്ക്‌ അപ്പച്ചന്റെ സംസാരം മുറിക്കുന്നുണ്ടായിരുന്നു.
അയാള്‍ തുടര്‍ന്നു:

"ഞാന്‍ വാതില്‍ തുറന്ന്‌ പുറത്തു വന്നപ്പോഴേക്കും അവര്‍ നടന്നു നീങ്ങിയിരുന്നു.
വിറകുകള്‍ അട്ടിയിട്ട ഭാഗത്തുനിന്നും ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ മാത്രം കേള്‍ക്കാം.
ഞാന്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.
വിറകട്ടികള്‍ക്കിടയില്‍ പഴന്തുണിയില്‍ പൊതിഞ്ഞൊരു കൊച്ചുകുട്ടി കിടക്കുന്നു. ഞാന്‍ കുഞ്ഞിനെ എടുത്തു. എടുക്കുമ്പോള്‍ കുഞ്ഞിന്റെ കാലിലൊ മറ്റൊ തട്ടിയതാണെന്നു തോന്നുന്നു. കുഞ്ഞ്‌ കാലുകള്‍ വലിച്ച്‌ കരഞ്ഞു. തുണി മാറ്റിനോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ നിറയെ വ്രണങ്ങളായിരുന്നു.

അപ്പോഴെനിക്ക്‌ എന്റെ കുട്ടിക്കാലാമാണ്‌ ഓര്‍മ്മ വന്നത്‌. അനാഥനായി തെരുവിലലഞ്ഞു നടന്ന ബാല്യം. എന്നെയും ഇതുപോലൊരു പാതിരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടതായിരിക്കുമൊ എന്ന്‌ ഞാനാലോചിച്ചു. ബാല്യകൌമാരം പിന്നിട്ട്‌ ഇന്നും ഏകനായിതന്നെ ഞാനുണ്ട്‌. ആ തെരുവിന്റെ തന്നെ കാവല്‍ക്കാരനായി.

പിന്നെ ഞാന്‍ താമസിച്ചില്ല. നേരെ നടന്നത്‌ സ്നേഹാലയത്തിലേക്കായിരുന്നു
അന്ന്‌ സ്നേഹാലയത്തില്‍ പതിനഞ്ചോളും കുട്ടികളുണ്ടായിരുന്നെന്നാണ്‌ എന്റെ ഓര്‍മ്മ. സ്നേഹാലയത്തിന്റെ നടത്തിപ്പുകാരിയായ ഈയിരിക്കുന്ന കല്ല്യാണിക്കുട്ടിയമ്മ കുട്ടിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു."

അപ്പച്ചന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. മുഖത്തെ വിയര്‍പ്പുതുള്ളികള്‍ കൈകൊണ്ട്‌ തുടച്ചുകൊണ്ട്‌ അയാള്‍ തുടര്‍ന്നു.

"അതെ.....
ആ കുട്ടിയാണ്‌ നിങ്ങളുടെ മുമ്പിലിരിക്കുന്നത്‌. അന്നു നിങ്ങള്‍ തെരുവിലിട്ടേച്ചു പോയ നിങ്ങളുടെ കുട്ടി. കാലുനിറയെ വ്രണം പിടിച്ച്‌ നീരും ചോരയുമൊലിക്കുന്ന കുട്ടിയെ തെരുവിന്റെ മൂലയിലുപേക്ഷിക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ചപ്പോള്‍ ഇടക്കിടെ പിന്നോട്ട്‌ തിരിഞ്ഞുനോക്കി മനസ്സില്ലാമനസ്സോടെ നടന്നു നീങ്ങുമ്പോള്‍, നിങ്ങളുടെ വിങ്ങുന്ന മനസ്സൂം കണ്ണീരിന്റെ നനവും ഞാന്‍ മാത്രമല്ല, മുകളിലിരിക്കുന്ന ദൈവവും കണ്ടു കാണും. അന്നുമുതല്‍ ഈ കുട്ടി എന്റെയുള്ളില്‍ ഒരു നൊമ്പരമായി അവശേഷിക്കുകയായിരുന്നു."

അത്രയും പറഞ്ഞപ്പോഴേക്കും അപ്പച്ചന്‌ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.
അയാള്‍ തന്റെ കീശയില്‍ പ്ളാസ്റ്റിക്‌ കവറില്‍ സൂക്ഷിച്ച ഒരു പൊതി പുറത്തേക്കെടുത്തു.
അതില്‍നിന്നും മുഷിഞ്ഞ ഒരു തുണ്ടുകടലാസ്സ്‌ എടുത്തു കാണിച്ചു.

"ഇതൊര്‍മ്മയുണ്ടൊ നിങ്ങള്‍ക്ക്‌.............?
അന്ന്‌ നിങ്ങളുടെ പിടിവലിക്കിടയില്‍ താഴെ വീണ ഒരു കടലാസ്സുതുണ്ട്‌.
ഇതില്‍ കണ്ട വിലാസം നോക്കിയാണ്‌ ഞാന്‍ ഈ വീട്‌ കണ്ടുപിടിച്ചത്‌.
പിന്നീട്‌ ഒന്നുരണ്ട്‌ പ്രാവശ്യം ഞാനിവിടെ വന്നിട്ടുണ്ട്‌.
തളര്‍വാതം പിടിച്ചു കിടന്ന നിങ്ങളുടെ ഭര്‍ത്താവിനെയും ഞാന്‍ കണ്ടിരുന്നു. പിന്നെ അയാള്‍ മരിച്ചെന്നും കേട്ടു."

ഇതെല്ലാം കേട്ട്‌ കല്ല്യാണിക്കുക്കട്ടിയമ്മ തരിച്ചിരിക്കുകയായിരുന്നു.
ഈ പ്രായത്തിനിടയില്‍ ഉറ്റവരും ഉടയവരുമില്ലാത്ത ഒരുപാട്‌ കുട്ടികളെ തന്റെ നെഞ്ചിന്റെ ചൂടുനല്‍കി വളര്‍ത്തിയിട്ടുണ്ട്‌. എന്നാലും ഇങ്ങനെയൊന്ന്‌….
അവര്‍ നെടുവീര്‍പ്പിട്ടു.

സ്വപ്നത്തിലെന്നപോലെ ശ്രീകുട്ടി പകച്ചുനിന്നു. നിസ്സഹായായി തന്നെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നു. സ്വബോധം വീണ്ടെടുത്ത അവള്‍ അമ്മയെ തിരിച്ചു കിട്ടിയ സന്തോഷം കൊണ്ട്‌ സ്വയം മറന്നു. അവള്‍ അമ്മയെ കൂട്ടിപ്പിടിച്ച്‌ കരഞ്ഞു. ഒരു പുനര്‍ജന്മം കിട്ടിയ അനുഭൂതിയായിരുന്നു അവള്‍ക്ക്‌.

വീടിനുള്ളിലെ കരച്ചിലും ബഹളവുമെല്ലാം കേട്ട്‌ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലന്‍ അകത്തേക്ക്‌ എത്തിനോക്കി. താനിതുവരെ കാണാത്ത തന്റെ ചേച്ചിയാണ്‌ വന്നതെന്ന്‌ അവനറിയില്ലായിരുന്നു.

"എന്നാ പിന്നെ ഞങ്ങളിറങ്ങട്ടെ?
ഇനിപ്പൊ ശ്രീകുട്ടിക്ക്‌ അമ്മേം കൊച്ചനിയനുമൊക്കെയുണ്ടല്ലൊ"

ഇതും പറഞ്ഞ്‌ അപ്പച്ചന്‍ എഴുനേറ്റു പുറത്തിറങ്ങി. യാത്ര പറഞ്ഞ്‌ അപ്പച്ചനു പിറകെ കല്ല്യാണികുട്ടിയമ്മയും.
നിറഞ്ഞ കണ്ണുമായി ഒരക്ഷരം ഉരിയാടാതെ, അവര്‍ പടികടന്നു പോകുന്നതും നോക്കിനില്‍ക്കുകയായിരുന്നു ശ്രീകുട്ടി.

***
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
muhammed kunhi wandoor
muhammed kunhi wandoor

Sunday, January 2, 2011

അശ്രുബിന്ദുക്കള്‍ (കഥ)


രുകൊച്ചുകുട്ടിയെപോലെ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു പാറുക്കുട്ടി. അഴിഞ്ഞുകിടന്നിരുന്ന അവളുടെ മുടിയെല്ലാം കോതിക്കെട്ടുന്നതിനിടയില്‍ ജാനുവിന്റെ കണ്ണുകള്‍ നിറഞ്ഞു. പോയകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഒരുപാട്‌ ഓര്‍മകള്‍ മിന്നല്‍പിണര്‍പോലെ അവരുടെ മനസിലേക്ക്‌ കടന്നുവന്നു. ബാലേട്ടനുമായുള്ള വിവാഹം. പിന്നീടുള്ള സന്തോഷത്തിന്റെ ദിനങ്ങള്‍. ബാലേട്ടന്റെ വീട്ടുകാരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം. ഒരു കുഞ്ഞിക്കാലുകാണാനുള്ള അനന്തമായ കാത്തിരിപ്പ്‌. കാത്തിരിപ്പ്‌ നീണ്ടുപോയപ്പോള്‍ ബന്ധുക്കളുടെ പെരുമാറ്റങ്ങളില്‍ പരുപരുപ്പ്‌ തുടങ്ങി. അടക്കം പറച്ചിലും പിറുപിറുപ്പും. അപ്പോഴെല്ലാം മനസ്‌വല്ലാതെ വേദനിച്ചു. മുറിയില്‍കയറി കതകടച്ച്‌ കണ്ണുനീരു വറ്റുവോളം കരഞ്ഞു. അപ്പോഴെല്ലാം ആശ്വാസവും മനോധൈര്യവും നല്‍കിയത്‌ ബാലേട്ടനായിരുന്നു. നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ബന്ധമുപേക്ഷിക്കാന്‍പോലും ബാലേട്ടന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ്‌. പക്ഷെ അദ്ധേഹം അതിനു തയ്യാറായില്ല. സ്കൂളദ്ധ്യാപകനായ അദ്ധേഹത്തിന്റെ വരുമാനത്തില്‍ നല്ലൊരു തുകയും ചികിത്സക്കായി ചെലവാക്കി. വിദഗ്ധരായ ഒരുപാട്‌ ഡോക്ടര്‍മാരെ കണ്ടു. ഒത്തിരിവഴിപാടുകള്‍ നടത്തി. പിന്നെയും കാത്തിരിപ്പിന്റെ നാളുകള്‍ തുടര്‍ന്നു.

ഒരു ദിവസം ബാലേട്ടന്‍ സ്കൂളീന്നു വരുമ്പോള്‍ ജാനു മുറിയിലെ കട്ടിലിലിരിക്കുകയായിരുന്നു. സാധാരണ ഈ സമയത്ത്‌ അവര്‍ അടുക്കളയിലൊ മുറ്റത്തൊ
ഒക്കെയായിരിക്കും.

വന്നപാടെ ആകാംക്ഷനിറഞ്ഞ സ്വരത്തില്‍ അയാള്‍ ചോദിച്ചു:

'ജാനൂ........ എന്തുപറ്റി...... നിനക്ക്..?

എനിക്ക്‌ നല്ല സൂഖോല്യ ബാലേട്ടാ…
നമുക്കെന്ന്‌ ഡോക്ടറെ കാണണം…

അങ്ങനെ വന്നപാടെ അയാള്‍ ജാനുവിനേയും കൂട്ടി ഡോക്ടറുടെ അടുത്തേക്കു പുറപ്പെട്ടു. ഒന്നുരണ്ട്‌ പരിശോദനകള്‍ നടത്തി. ജാനുവന്റ അടിവയറ്റില്‍ ഒരു കുഞ്ഞുജീവന്‍ കുരുത്തുവരുന്നു. അതിന്റെ അസ്വാസ്ഥ്യങ്ങളായിരുന്നു അവര്‍ക്ക്‌. വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്‌ സഫലമായിരിക്കുന്നു. പിന്നെ സന്തോഷത്തിന്‌ അതിരുണ്ടായിരുന്നില്ല. നഷ്ടപ്പെട്ട സ്നേഹങ്ങള്‍ തിരിച്ചുകിട്ടിക്കൊണ്ടിരുന്നു. കുത്തുവാക്കുകള്‍കൊണ്ട്‌ കുത്തിനോവിപ്പിച്ചിരുന്നവര്‍ സ്നേഹസമ്മാനങ്ങള്‍കൊണ്ട്‌ വീര്‍പ്പു മുട്ടിച്ചു. ജീവിതത്തിന്‌ പുതിയമാനങ്ങള്‍ കൈവന്ന പ്രതീതിയായിരുന്നു അവര്‍ക്കിരുവര്‍ക്കും.

ദിവസങ്ങളും മാസങ്ങളും പിന്നിട്ടു.

അന്നൊരു തിങ്കളാഴ്ച. എന്തൊ വല്ലായ്മ തോന്നിയപ്പോള്‍ ജാനു വീട്ടുകാരെ വിവരമറിയിച്ചു. അന്നേരം ബാലേട്ടന്‍ സ്കൂളിലായിരുന്നു. അയാളെ കാത്തുനില്‍ക്കാതെതന്നെ അവര്‍ ആസ്പത്രിയിലേക്കുപുറപ്പെട്ടു. ആസ്പത്രിയിലെത്തി ഒരുമണിക്കൂറു കഴിഞ്ഞുകാണും. ജാനു ഒരുപെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി. എല്ലാവരുടേയും മുഖത്ത്‌ സന്തോഷത്തിന്റെ പ്രസരിപ്പ്‌. ബാലേട്ടനെ വിവരമറിയിച്ചു. ഉടനെ വരാമെന്നറിയിച്ചു.
ശുശ്രൂഷകളെല്ലാം കഴിഞ്ഞ്‌ പ്രസവമുറിയില്‍നിന്നും പുറത്തുവന്നപ്പോള്‍ ജാനുവിന്റെ മുഖത്ത്‌ ഒരമ്മയായതിന്റെ തെല്ലഹങ്കാരം പ്രകടമായിരുന്നു. ബന്ധുക്കളെല്ലാം പ്രസവ മുറിയുടെ പുറത്തുതന്നെയുണ്ട്‌. ബാലേട്ടനെ മാത്രം കാണുന്നില്ല. എല്ലാവരുടെ മുഖത്തും ചെറിയപരിഭവവുമുണ്ട്‌.

ജാനു ആരോടെന്നില്ലാതെ ചോദിച്ചു:

'ബാലേട്ടനെത്തിയില്ലെ…..?

ബലേട്ടന്റെ ഇളയ സഹോദരി ശ്രീദേവിയാണ്‌ മറുപടി പറഞ്ഞത്‌.

'ഏട്ടനിപ്പോ വരും.......
ഇങ്ങ്ട്‌ വരുന്ന വഴിക്ക്‌ ബൈക്കീന്ന്‌വീണ്‌ ചെറിയമുറി പറ്റീറ്റുണ്ടെന്ന്‌ പറഞ്ഞു............
ആസ്പത്രീ പോയി മുറികെട്ടിച്ച്‌ ഇപ്പോങ്ങ്ട്‌ എത്തും……'

ജാനുവിന്റെ മൂഖത്തെ പരിഭ്രമം കണ്ട്‌ അയല്‍വീട്ടിലെ സുജാതേച്ചി ഇടപെട്ടു

'പേടിക്കാനൊന്നൂല്ല്യ ജാനൂ……..
ചെറിയ മുറ്യാന്നാ പറഞ്ഞേ........
രാജീവന്‍ അങ്ങ്ട്‌ പോയിട്ടുണ്ട്‌…….'

പൊടുന്നനെ വാര്‍ത്തകേട്ടപ്പോള്‍ ഒന്നു പരിഭ്രമിച്ചു. ചെറിയ മുറിവാണെന്നറിഞ്ഞപ്പോള്‍ ആശ്വാസമായി.

കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിവന്നപ്പോള്‍ ബാലേട്ടനെത്താന്‍ പറ്റിയില്ലല്ലൊ!
ഈശ്വരാ അങ്ങേര്‍ക്കൊരാപത്തും വരുത്തരുതെ!
ജാനു മനസില്‍ മന്ത്രിച്ചു.

എന്തായാലും വന്നുകാണുമ്പോള്‍ സന്തോഷത്തിന്റെ അശ്രുബിന്ദുക്കള്‍ കൊണ്ട്‌ ബാലേട്ടന്റെ കണ്ണുകള്‍ നിറയും. ആനിമിഷത്തിനുവേണ്ടിയവര്‍ കാത്തിരുന്നു. ചോരക്കുഞ്ഞിനെ അവര്‍ തന്നിലേക്ക്‌ ആവുന്നത്ര ചേര്‍ത്തുകിടത്തി.
സമയം ഇരുട്ടിത്തുടങ്ങി. ജാനുവിന്റെ മനസില്‍ ആധിയും പെരുത്തുവന്നു. ഒരാറുമണിയെങ്കിലുമായിക്കാണും. രാജീവന്‍ ഓടിക്കിതച്ചുവന്നു. അമ്മയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. എന്തൊക്കെയൊ അവ്യക്തമായി പറയുന്നുമുണ്ട്‌. പിന്നീട്‌ അമ്മയും സഹോദരിമാരുമെല്ലാം കൂട്ടക്കരച്ചിലായിരുന്നു. പിന്നെ എന്താണ്‌ സംഭവിച്ചതെന്ന്‌ ജാനുവിനോര്‍മയില്ല. ഓര്‍ക്കാനും ഓമനിക്കാനും ഒരു കുരുന്നിനെ തനിക്കുനല്‍കി തിരിച്ചുവരാത്തൊരു ലോകത്തേക്ക്‌ ബാലേട്ടന്‍ യാത്രയായെന്ന്‌ പിന്നീടാണറിഞ്ഞത്‌. സ്കൂളില്‍നിന്നും ആസ്പത്രിയിലേക്ക്‌ വരുന്നവഴി നിയന്ത്രണം വിട്ടുവന്ന ടാങ്കര്‍ലോറിയിലിടിക്കുകയും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തെന്നാണ്‌ പറഞ്ഞുകേട്ടത്‌. അയാളുടെ ഓര്‍മകള്‍ മനസില്‍പൂജിച്ച്‌ ജാനു കഴിച്ചുകൂട്ടി. കൂട്ടിനു പാറുക്കുട്ടിയും. പാറുക്കുട്ടി വളര്‍ന്നു. പക്ഷെ അവള്‍ വളരുന്തോറും ജാനകിയമ്മയുടെ മനസില്‍ ആധിയും ഉരുണ്ടുകൂടി. ശരീരം വളരുമ്പോഴും അവളുടെ മനസ്സൊരു കുഞ്ഞായിതന്നെ നിലകൊണ്ടു. ഏറെ വയ്കാതെ ‘ബുദ്ധിമാന്ദ്യമുള്ളകുട്ടി’ എന്ന പേരും അവള്‍ സ്വന്തമാക്കി.
ബന്ധുക്കളെല്ലാം പഴയതുപോലെയായി. അവരുടെ വെറുപ്പും അമര്‍ഷവും കൂടിവന്നു. ജാനു വല്ലാതെതകര്‍ന്നു ബാലേട്ടനുണ്ടായിരുന്നപ്പോള്‍ ഒരുനിഴലായി തന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോ ഇതൊക്കെ കാണാനും കേള്‍ക്കാനും അങ്ങേരില്ലല്ലൊ തന്നെയും ബുദ്ധിയുറക്കാത്ത ഈ കുട്ടിയേയും തനിച്ചാക്കി അങ്ങേരു പോയില്ലെ! ജീവിതംതന്നെ അവസാനിപ്പിച്ചാലൊ എന്നു പലവട്ടം കരുതിയതാണ്‌.

പാറൂനിപ്പോള്‍ വയസ്‌ പതിനാല്‌ കഴിഞ്ഞു. അവളിപ്പോഴും ഒരു കൊച്ചുകുട്ടിയെപോലെയാണ്‌. എല്ലാകാര്യങ്ങള്‍ക്കും അമ്മതന്നെവേണം. കുളിക്കാനും കുടിക്കാനും എന്തിനധികം ഉടുപ്പിടാന്‍പോലും. കുടുംബത്തിലെ മറ്റുകുട്ടികളെല്ലാം കുഞ്ഞുനാളില്‍ പാറൂന്‌ കൂട്ടായിരുന്നു. ഇപ്പോ അവരെല്ലാം വലിയ കുട്ടികളായി. ഇപ്പോളവര്‍ക്ക്‌ പാറു ഒരു കുറച്ചിലാണ്‌. അവരൊക്കെ സ്കൂളിലും കോളേജിലും പോകുന്നു. ചിലരെല്ലാം വിവാഹോം കഴിഞ്ഞുപോയി. പാറുകുട്ടിക്കിപ്പോഴും ഈ വീടും തൊടിയുമല്ലാതെ വേറെരു ലോകമില്ല. സ്പെഷല്‍ സ്കൂളില്‍ പറഞ്ഞുവിടാന്‍ കുറെ ശ്രമിച്ചു. പക്ഷെ ഈ വീടും അമ്മയേയും വിട്ടുപോകാന്‍ അവള്‍കൂട്ടാക്കിയിരുന്നില്ല. പുറംലോകം അവള്‍ക്കത്രകണ്ട്‌ അന്യമായിരുന്നു. വല്ല സൂക്കേടുമുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കാന്‍ പോകും. അത്രതന്നെ. കുഞ്ഞുനാളിലൊക്കെ ബന്ധുവീട്ടിലും മറ്റു വിവാഹംപോലുള്ള ചടങ്ങുകള്‍ക്കൊക്കെയും അവളെയും കൊണ്ടുപോകുമായിരുന്നു. പിന്നെ അതുമില്ലാതായി. ബന്ധുക്കളിലെ ചിലര്‍ക്കെങ്കിലും അവളുടെ സാന്നിദ്ധ്യം ഒരു കുറച്ചിലാണെന്ന്‌ തോന്നി. അവളുമായി ഈ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു ജാനു. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു ജീവിതം. ബാലേട്ടന്റെ ചെറിയ പെന്‍ഷന്‍തുകയുമായി എല്ലാം തട്ടിയൊപ്പിച്ചു പോകുന്നു.

ഹൊ! ഒന്നും ഓര്‍ക്കാനെ വയ്യ!
ഈശ്വരാ........ എന്റെ കാലശേഷം പാറൂന്‌ ആരാ ഉണ്ടാവ്വോ…….
അവര്‍ നെടുവീര്‍പ്പിട്ടു.
അതൊരു തേങ്ങലായി… വിതുമ്പലായി………അശ്രുബിന്ദുക്കളായി ഒഴുകി.
ചങ്കുവറ്റിയൊരമ്മയുടെ കണ്ണുനീര്‍.
അവര്‍ സാരിത്തലപ്പുകൊണ്ട്‌ കണ്ണുതുടച്ചു.
ചുമരില്‍ തൂങ്ങിക്കിടന്ന പഴയ ക്‌ളോക്കില്‍ നോക്കി. സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു.
ഓരോന്നാലോചിച്ചിരുന്ന്‌ സമയം പോയതറിഞ്ഞില്ല.
നിലത്ത്‌ വീണുകിടന്നിരുന്ന തലയണ എടുത്തുവച്ച്‌ അവര്‍ പാറൂനെ കൂട്ടിപ്പിടിച്ച്‌ കിടന്നു.
********
സൂര്യന്‍ അതിന്റെ പൊന്‍കിരണങ്ങള്‍ വിധാനിച്ച്‌ വീണ്ടും പുതിയൊരു പുലരിക്ക്‌ കോപ്പുകൂട്ടി.
മുറ്റത്തെ തെങ്ങോലത്തുമ്പുകള്‍ സൂര്യകിരണങ്ങളേറ്റു തിളങ്ങി.

ഇന്ന്‌ പാറു കുറെ വൈകിയാണ്‌ ഇന്നുണര്‍ന്നത്‌.
'ആമ്മച്ചീ………'
കൊച്ചുകുട്ടികളെ പോലെ അവള്‍ ഉച്ചത്തില്‍ വിളിച്ചു

അവളങ്ങനെയാണ്‌.
അമ്മച്ചി എണീക്കുമ്പൊ അവളേംകൂടെ വിളിച്ചില്ലെങ്കില്‍ അവള്‍ക്കന്ന്‌ പിണക്കമായിരിക്കും.
ഇന്ന്‌ കുറെ നേരായിട്ടും അമ്മച്ചി വിളിക്കാത്തതിന്റെ പിണക്കത്തിലാണവള്‍.
ഒന്ന്‌രണ്ടു വട്ടം വിളിച്ചുകാണും.
വിളി കേട്ട് സുജാതേച്ചിയാണ്‌ വന്നത്‌. സുജാതേച്ചിയെ അവള്‍ക്ക്‌ നല്ല ഇഷ്ട്വാ. സുജാതേച്ചിക്കും പാറൂന്ന്‌ വെച്ചാല്‍ ജീവനാ. അവളെ അനുനയിപ്പിച്ച്‌ എഴുനേല്‍പ്പിച്ചു. അമ്മച്ചിയെ എവിടേം കാണുന്നുമില്ല. അകത്തും പുറത്തുമായി കുറെ ആള്‍ക്കാരുണ്ട്‌. സുജാതേച്ചി അവളെ വീട്ടില്‍കൊണ്ടുപോയി ചായേം പലഹാരോം കൊടുത്തു.

'സുജാതേച്ചീ…. അമ്മച്ചി എവട്യാ പോയത്‌…….
ഇവിടുന്താ കുറെ ആളൂള്‌ കൂടിയിരിക്ക്ണ്‌ സുജാതേച്ചീ ………..'

സുജാതേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു. മറുപടി പറയാന്‍ വാക്കുകളില്ലാതെ അവര്‍ പരുങ്ങി.

'പാറൂന്‌ അമ്മച്ചിയെ കാണണൊ…………'
പരുങ്ങിയ സ്വരത്തില്‍ അവര്‍ ചോദിച്ചു.

'ഉം, എവട്യാ അമ്മച്ചി……..'
അല്‍പ്പം ദേഷ്യത്തോടും സങ്കടത്തോടും അവള്‍ ചോദിച്ചു

'വാ പാറു….സുജാതേച്ചി കാണിച്ചു തരാം...'

അവര്‍ അവളുടെ കൈപിടിച്ച്‌ വീടിന്റെ പൂമുഖത്തേക്ക്‌ നടന്നു.
അപ്പോഴേക്കും ആളുകള്‍ പിന്നെയും കുറെ കൂടിയിരിക്കുന്നു.
ചിലരെല്ലാം തൊടിയിലും മുറ്റത്തുമായി കൂടിനില്‍ക്കുന്നുണ്ട്‌.
പൂമുഖത്ത്‌ വെള്ളപുതച്ച്‌ ആരൊ കിടപ്പുണ്ട്‌. സുജാതേച്ചി പുതപ്പ്‌ മാറ്റി പാറൂന്‌ കാണിച്ചു കൊടുത്തു. അമ്മച്ചിയാണ്‌ കിടക്കുന്നത്‌. അവള്‍ മുഖം വീര്‍പ്പിച്ച്‌ അമ്മച്ചിയെ ഒന്നുനോക്കി. പെട്ടന്ന്തന്നെ മുഖംതിരിച്ചു. ഇപ്പോഴുമവള്‍ അമ്മച്ചിയോടു പിണക്കമാണ്‌. പിന്നെ സുജാതേച്ചിയുടെ കയ്യില്‍തൂങ്ങി പുറത്തേക്ക്‌ നടന്നു.

ആള്‍ക്കൂട്ടത്തില്‍നിന്നും അകന്ന്‌ അവള്‍ സൂജാതേച്ചിയുടെ വീട്ടുമുറ്റത്തിരുന്നു. അമ്മച്ചിയിനിയൊരിക്കലും വരില്ലെന്ന യാഥാര്‍ത്ഥ്യം അവള്‍ക്കറിയില്ലായിരുന്നു. കുറെകഴിഞ്ഞ്‌ കുറെയാളുകള്‍കൂടി എന്തോ എടുത്തോണ്ട്‌ പടികടന്ന്‌ പോകുന്നു. അമ്മച്ചിയുടെ ഇനിയൊരിക്കലും തിരിച്ചുവരാത്ത യാത്രയാണതെന്ന്‌ മനസിലാക്കാന്‍ അവളുടെ കുഞ്ഞുമനസ്സ്‌ പക്വമായിരുന്നില്ല. പിണക്കംതീര്‍ത്ത്‌ പാറൂനെ കൂട്ടികൊണ്ടുപോകാന്‍ അമ്മച്ചി വരുന്നതുംകാത്ത്‌ അവളിപ്പോഴും സുജാതേച്ചിയുടെ മുറ്റത്ത്‌ ചമ്രംപടിഞ്ഞിരിക്കുകയാണ്‌.
muhammed kunhi wandoor
muhammed kunhi wandoor

Wednesday, December 15, 2010

നൊമ്പരത്തിപ്പൂവ്‌ (കഥ)




ളം ചൂടുള്ള മരുക്കാറ്റ്‌ പൊടിപടലങ്ങളെ ഇളക്കി മറിച്ച്‌ അന്തരീക്ഷത്തെ പൊടിമയമാക്കിയിരുന്നു. പുറത്തു കളിച്ച്‌ കൊണ്ടിരിക്കുന്ന കുട്ടികൾ ഇടക്കിടെ വാതിൽ തുറന്ന്‌ അകത്ത്‌ കയറുമ്പോൾ ചുടുകാറ്റ്‌ പീടിക മുറിയുടെ ഉള്ളിലേക്ക്‌ തള്ളിക്കയറി. വേനലവധി ആയതിനാൽ കുട്ടികളെല്ലാം കുറച്ച്‌ നാൾ ഇവിടെ തന്നെ കാണും. അനുസരണയില്ലാത്ത കുട്ടികൾ. ഇതൊന്നും ശ്രദ്ധിക്കാതെ പീടികയുടെ മൂലയിലുള്ള ഫ്രീസറിൽ കുറെ നേരമായി കുത്തിയിരിക്കുകയാണ്‌ ശാഫി. മുറിയിൽ പോയി ഭക്ഷണം കഴിക്കാൻ കാസിം ഇ​‍ിടക്കിടെ പറയുന്നുണ്ട്‌. അപ്പോഴെല്ലാം അവൻ കാസിമിനെ ദയനീയി ഒന്ന്‌ നോക്കും. ആ നോട്ടത്തിൽ വീണപോലെ കാസിം മൗനനിരതനാകും. മുമ്പൊക്കെ ഇക്കയുടെ നിഴൽ കണ്ടാൽ പേടിയായിരുന്നു. ഭയമൊ ബഹുമാനമൊ എന്തെന്നറിയില്ല. ഒരു നോട്ടംമതി. അതിലെല്ലാം അടങ്ങിയിരിക്കും. ഇപ്പോൾ കാസിമിനും മിണ്ടാട്ടമില്ല.

     ശാഫി നാട്ടിൽനിന്നും വന്നിട്ട്‌ ഇന്നേക്ക്‌ കഷ്ടിച്ച്‌ ഒന്നര മാസമേ ആയുള്ളൂ. അവനെകൂടി ഈ മരുഭൂമിയിലേക്ക്‌ കൊണ്ട്‌ വരേണ്ടെന്ന്‌  കരുതിയതാണ്‌. പക്ഷെ ഒരു നിയോഗം പോലെ അവനും ഇവിടെയെത്തി. ഉപ്പയും ഒരായുസിന്റെ പകുതിയും ഈ മരുഭൂമിയിൽ പാഴാക്കിയാതാണ്‌. കാസിമും പത്തിരുപത്‌ കൊല്ലമായല്ലൊ ഇങ്ങോട്ട്‌ വരാൻ തുടങ്ങിയിട്ട്‌. അതും നാട്ടുകാരൊ പരിചയക്കാരൊ ഇല്ലാത്ത ഈ ഉൾ പ്രദേശത്ത്‌. പുല്ലുവെട്ടുന്ന കുറച്ച്‌ ബംഗാളികളും പച്ചക്കറി തോട്ടങ്ങളിൽ പണിയെടുക്കുന്ന പാക്കിസ്ഥാനികളും വീട്ടു ജോലിക്കാരായ കുറച്ച്‌ ഇന്ത്യക്കാരും പിന്നെ ആട്ടിടയൻമാരായ ചില ഈജിപ്തുകാരും കർഷകരായ കുറച്ച്‌ വധുക്കളുമാണ്‌ ഇവിടെ ആകെക്കൂടി ഉള്ളത്‌.  

     പുറത്തെ കോലാഹലവും കുട്ടികളുടെ ആർപ്പ്‌ വിളികളുമൊന്നും ശാഫി ശ്രദ്ധിക്കുന്നില്ല. ഇവിടെ വന്നത്‌ മുതൽ അവൻ ഇങ്ങനെയാണ്‌. കളിയും ചിരിയുമില്ല. മിണ്ടാട്ടം പോലുമില്ല. ഒരേ ഇരിപ്പ്‌. അവന്റെ കണ്ണുകൾക്ക്‌ ഇപ്പോൾ പഴയ തിളക്കമില്ല. ഊണും ഉറക്കവുമില്ല. അവന്റെ മുഖത്ത്‌ നോക്കുമ്പോഴെല്ലാം കാസിമിന്റെ നെഞ്ചിലെ തീ കനലുകളുടെ ഭാരം കൂടി കൂടി വന്നു.

     ആറുമാസം മുമ്പ്‌ എന്തൊരു ആഘോഷമായിരുന്നു. മനസിൽ താലോലിച്ച്‌ നടന്ന ഒരുപാട്‌ സ്വപ്നങ്ങൾക്ക്‌ നിറം പകർന്ന ആനന്ദ മുഹൂർത്തം. ശാഫിയുടെ വിവാഹം. വീട്ടിലെ അവസാന വിവാഹ ചടങ്ങ്‌. ആഘോഷങ്ങളുടെ പൊടിപൊടിപ്പ്‌. മണവാട്ടിയായി എത്തിയത്‌  അടുത്ത നാട്ടുകാരിയായ ഷിഫാന. ഉപ്പയുടെ പഴയ ഒരു സുഹൃത്തിന്റെ മകൾ. ഒരുമാസം സന്തോഷത്തിന്റെ രസത്തേരിലേറിയുള്ള യാത്ര. പെട്ടെന്നൊരു ദിവസം എല്ലാം കെട്ടടങ്ങുകയായിരുന്നു. ഒരു സന്ധ്യാ സമയം. അവൾക്കൊരു ദേഹാസ്വസ്ത്യം. കൈകാലുകൾക്ക്‌ അസഹ്യമായ വേദന. അടുത്തുള്ള ഡോക്ടറെ കാണിച്ചു. ശമനമുണ്ടായില്ല. പിന്നീട്‌ ആസ്പത്രികൾ തോറുമുള്ള അലച്ചിൽ. ഡോക്ടർമാർ വിദഗ്ദ്ധ ചികിൽസക്ക്‌ മെഡിക്കൽ കോളേജിലേക്ക്‌ റഫർ ചെയ്തു. പിന്നീട്‌ ഒരുപാട്‌ ടെസ്റ്റുകൾ. പരിശോധനകൾക്ക്‌ ഒടുവിൽ അവൾക്ക്‌ ബ്ളഡ്‌ കാൻസറാണെന്ന്‌ ഡോക്ടർമാർ വിധിയെഴുതി. കൈകാലുകൾ നിലം വിട്ട്‌ അന്തരീക്ഷത്തിൽ പറന്നുയരുന്നത്‌ പോലെ തോന്നിയ നിമിഷങ്ങൾ. അവസാനം മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ പ്രതീക്ഷയസ്തമിച്ച കണ്ണുകളുമായി കഴിഞ്ഞ്‌ കൂടുന്ന കുറെ പേരിൽ ഒരാളായി അവളും ലയിച്ചു ചേർന്നു.
‘തുടങ്ങീട്ട്‌ വർഷങ്ങളായി. എങ്കിലും നമുക്ക്‌ ശ്രമിച്ചു നോക്കാം. ബാക്കിയെല്ലാം ദൈവനിശ്ചയം പോലെ വരും’ 
ഡോക്ടർ പറഞ്ഞു.
പിന്നീട്‌ ഒരുപാട്‌ കുത്തിവെപ്പുകൾ. നാലഞ്ച്‌ തവണ രക്തം മാറ്റി. അവസാനം ഡോക്ടർ കൈ മലർത്തുകയായിരുന്നു. ‘നമ്മാൽ കഴിയുന്നതെല്ലാം ചെയ്തു. ഇനി ദൈവത്തോട്‌ പ്രാർത്ഥിക്കാം’ 

     മൂന്നുമാസം നിരന്തരം ടെസ്റ്റുകളും ട്രീറ്റുമെന്റുകളും നടത്തി. പക്ഷെ അവളിൽ പ്രതീക്ഷയുടെ നാമ്പുകൾ വളരെ ദൂരത്തായിരുന്നു.  അവശയായുള്ള അവളുടെ കിടപ്പ്‌ കാണുമ്പോൾ ഹൃദയം നുറുങ്ങും. വീര്യമുള്ള മരുന്നുകളും അസഹ്യമായ വേദനയും അവളെ കാർന്ന്‌ തിന്ന്‌ കൊണ്ടിരുന്നു. നീണ്ടു നിവർന്ന്‌ മനോഹരമായിരുന്ന അവളുടെ മുടിയെല്ലാം കൊഴിഞ്ഞു. കണ്ണുകൾ രണ്ട്‌ കുഴികൾക്ക്‌ ഇടയിലായി. എല്ലും തൊലിയുമായി അവൾ ആസ്പത്രി കിടക്കയിൽ ജീവിതത്തേയും മരണത്തേയും മുഖാമുഖം കണ്ടു. ആസ്പത്രി കിടക്കക്ക്‌ താഴെ ചുവന്ന്‌ കലങ്ങിയ കണ്ണുകളുമായി ശാഫിയും കുത്തിയിരിന്നു. ആർക്കും ആരെയും ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.

     പിന്നീട്‌ ഒരു വൈകുന്നേര സമയം. ശാഫി മരുന്ന്‌ വാങ്ങാൻ പുറത്തേക്ക്‌ ഇറങ്ങിയതായിരുന്നു. പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. ഉപ്പയാണ്‌ വിളിക്കുന്നത്‌. ഇടറിയ ശബ്ദത്താൽ ഉപ്പ പറഞ്ഞു:
 ‘ശാഫീ അവൾ നിന്നെ കാണണോന്നു പറേണുണ്ട്‌. നീ വേഗമിങ്ങോട്ട്‌ വാ’
മരുന്ന്‌ വാങ്ങാതെ അവൻ ആസ്പത്രി മുറിയിലേക്കു തിരിച്ചു. അവളുടെ കട്ടിലിന്‌ അടുത്തേക്ക്‌ ഓടിച്ചെന്നു. അവളുടെ കുഴിഞ്ഞ കണ്ണുകളിൽ നിന്നും ഒട്ടി ഉണങ്ങിയ കവിൾ തടത്തിലൂടെ കണ്ണുനീർ തുള്ളികൾ ഉറ്റിറ്റ്‌ വീഴുന്നുണ്ടായിരുന്നു. ശാഫി അവളുടെ കട്ടിലിൽ ഇരുന്നു. പതുക്കെ അവളുടെ മെലിഞ്ഞൊട്ടിയ കൈകളിൽ തടവി. എന്തൊക്കെയൊ പറയാൻ അവളുടെ വറ്റിവരണ്ട ചുണ്ടുകൾ പാട്‌ പെടുന്നുണ്ടായിരുന്നു. വാക്കുകൾ പുറത്ത്‌ വന്നില്ല. അല്പ്പനേരം ഒരേ കിടപ്പ്‌. പിന്നെ അസ്വസ്ഥമായ പോലെ. ഡോക്ടറെ വിളിപ്പിച്ചു. കൈതണ്ടയിൽ തൊട്ടു നോക്കി ഡോക്ടർ ഉപ്പയോട്‌ പറഞ്ഞു.
 ‘എല്ലാം അവസാനിക്കാറായി. രക്ത പ്രവാഹം നിലച്ചിരിക്കുന്നു. ആവശ്യമായതെല്ലാം ചെയ്യുക’. പിന്നീട്‌ രണ്ടുമൂന്ന്‌ മിനിട്ട്‌ കഴിഞ്ഞ്‌ കാണും. അടഞ്ഞു കിടന്ന അവളുടെ കണ്ണുകൾ മലർക്കെ തുറന്നു. പതുക്കെ പതുക്കെ അത്‌ അനന്തതയിലേക്ക്‌ ആണ്ട്‌ പോയി. ഒരു നേരിയ പിടച്ചിൽ. ഭൂലോകത്ത്‌ അവൾക്ക്‌ അവകാശപ്പെട്ട അവസാന ശ്വാസവും അവൾ വലിച്ചു തീർത്തു.  

    ഷിഫാനയുടെ വിയോഗം ശാഫിയെ ഭ്രാന്തനെ പോലെയാക്കി. രാത്രിയുടെ നിശബ്ദതയിൽ വീട്ടിൽനിന്നും ഇറങ്ങി നടക്കും. പള്ളിക്കാട്ടിലെ അവളുടെ ഖബറിടത്തിലേക്ക്‌. മണിക്കൂറുകൾ അവിടെ കുത്തിയിരിക്കും. പള്ളിയിലെ ഉസ്താദ്‌ അടക്കം ഒരു പാട്‌ ആളുകൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ആശ്വാസ വാക്കുകൾ അവനെ മാത്രം ഏശിയില്ല. ജീവിതത്തിന്റെ മധു വസന്തത്തിലേക്ക്‌ വിരിഞ്ഞിറങ്ങും മുമ്പെ ഞെട്ടറ്റുവീണ ഒരു നൊമ്പരത്തിപ്പൂവായി അവൾ എപ്പോഴും അവന്റെ ഉള്ളിൽ കനലുകൾ കോരിയിട്ടു. പിന്നീട്‌ ഊണും ഉറക്കവുമില്ലാത്ത രാപ്പകലുകൾ. ഈ അലച്ചിലിൽ നിന്നുള്ള മോചനത്തിന്‌ വേണ്ടിയാണ്‌ ഉപ്പ തന്നെ താൽപ്പര്യമെടുത്ത്‌ അവനെ ഈ മരുഭൂമിയിലേക്ക്‌ കൊണ്ടുവന്നത്‌. പക്ഷെ ഇവിടെ വന്നപ്പോൾ കാര്യങ്ങളൾ ഇങ്ങനെ.

     ‘എനിക്ക്‌ ഇവിടെ ഒരു സമാധാനോം ഇല്ല. നാട്ടിലാണെങ്കിൽ അവളുടെ ഖബറിടത്തിലെങ്കിലും പോകാമായിരുന്നു. ഇവിടെ വരുന്നതിന്‌ മുമ്പ്‌ അവളുടെ ഖബറിനടുത്ത്‌ പോകാത്ത രാത്രികൾ ഉണ്ടായിട്ടില്ല’.  ആശ്വസിപ്പിക്കാൻ ചെന്നവരോടുള്ള ശാഫിയുടെ മറുപടി ഇതായിരുന്നു. വാക്കുകൾ പുറത്തെടുക്കാൻ അവൻ നന്നെ പ്രയാസപ്പെട്ടു. 

    പിന്നിട്‌ മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ. വൈകുന്നേരം അഞ്ചു മണിക്ക്‌ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ടിക്കറ്റ്‌. കാസിമും സുഹൃത്തുമൊന്നിച്ച്‌ എയർപോർട്ടിലേക്ക്‌ പുറപ്പെട്ടു. റോഡിന്‌ ഇരു വശങ്ങളിലുമുള്ള ചെറു മരങ്ങളെ പിന്നിലാക്കി കാറ്‌ എയർപ്പോർട്ടിലേക്ക്‌ കുതിച്ചു. നീണ്ട്‌ പരന്ന്‌ കിടക്കുന്ന മരുപ്പച്ചയിൽ ഒട്ടകക്കൂട്ടങ്ങളും ആട്ടിൻപറ്റങ്ങളും മേഞ്ഞു നടക്കുന്നുണ്ട്‌. പാതി തുറന്ന സൈഡ്‌ വിൻഡൊയിലൂടെ ചൂടുള്ള കാറ്റ്‌ കാറിനുള്ളിലേക്ക്‌ ആഞ്ഞു വീശി. ഈ മണൽ കാടും മരുഭൂമിയും ഒരു സ്വപ്നമായിട്ട്‌ പോലും ശാഫിയുടെ മനസിലേക്ക്‌ കടന്നുവന്നില്ല. അവന്റെ മനസു നിറയെ നാട്ടിലെ പള്ളിക്കാടും അവളുടെ ഖബറിടവും മാത്രമായിരുന്നു.


മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

muhammed kunhi wandoor
muhammed kunhi wandoor

Sunday, November 7, 2010

കഥയെ പ്രണയിച്ച പെണ്‍കുട്ടി (കഥ)


ണാവധിക്കു തൊട്ടുമുമ്പുള്ളദിവസം. സ്കൂളുംപരിസരവുമെല്ലാം ആഘോഷതിമര്‍പ്പില്‍. ക്ലാസുകളില്‍ കുട്ടികള്‍തീര്‍ത്ത പൂക്കളവുംകണ്ടുമടങ്ങിവന്ന്‌ സ്റ്റാഫ്‌റൂമില്‍ ഇരിക്കുമ്പോഴാണ്‌ സീമയുടെ ഫോണ്‍കോള്‍വന്നത്‌. ദാസേട്ടാ,... ഇന്ന്‌ സ്കൂളില്‍ വരണ്ടാട്ടൊ.. ഇന്ന്‌ സ്കൂള്‌ നേരത്തെവിട്ടു. ഞാന്‍ ഓട്ടൊവിളിച്ചുപോയ്ക്കോളാം .. പിന്നെ, സാരിവാങ്ങാന്‍ മറക്കരുതെ... രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പറഞ്ഞതായിരുന്നു. സെറ്റുസാരി വാങ്ങണമെന്ന്‌ . ശമ്പളവും ബോണസുമെല്ലാംകൂടിയപണം അവളിന്നലെ എന്നെ ഏല്‍പ്പിച്ചതാണ്‌ . ശമ്പളംകിട്ടിയാല്‍ എന്റയടുത്തുതരും. അതാണുപതിവ്‌. അത്യാവശ്യസാധനങ്ങള്‍പോലും ഞാന്‍വാങ്ങിക്കൊടുക്കണം. അതാണവള്‍ക്കിഷ്ടം. സ്കൂളിലെ സഹാദ്ധ്യാപികമാരെല്ലാം ഷോപ്പിംഗിനുപോകുമ്പോള്‍ അതുകൊണ്ടാണവള്‍ ഒഴിഞ്ഞുമാറുന്നത്‌. എനിക്കിഷ്ടപ്പെട്ട എന്തെങ്കിലുമുണ്ടെങ്കില്‍ അത്‌ ദാസേട്ടന്‍ വാങ്ങിതന്നാല്‍മതി. അവള്‍ ഇടക്കിടെ പറയാറുണ്ട്‌. ഈ ഓണം ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ടതാണ്‌. പുതിയവീട്ടിലേക്ക്‌ താമസംമാറ്റിയിട്ടുള്ള ആദ്യത്തെ ഓണമാണിത്‌. ഓണക്കാലം എനിക്കെന്നും രോമാഞ്ചമാണ്‌. ഓര്‍ക്കാനും ഓമനിക്കാനും തേനൂറുന്ന നൂര്‍നൂറു ഓര്‍മ്മകളെനിക്ക്‌ സമ്മാനിച്ചത്‌ ഓണക്കാലമായിരുന്നു. സീമയെന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നതും ഒരോണക്കാലത്തിന്റെ അകമ്പടിയോടെയായിരുന്നല്ലൊ. എന്റെ ഓര്‍മകള്‍ പോയകാലത്തേക്കു കുതിച്ചു. ജീവിതത്തില്‍ ദാരിദ്ര്യവും ദുഖവും നേരിട്ടറിഞ്ഞ കാലമായിരുന്നു എന്റെകുട്ടിക്കാലം. അച്ചനെയെനിക്കു ശരിക്കുമോര്‍മയില്ല. എന്നാല്‍ അങ്ങിങ്ങായിചില ഓര്‍മകളുണ്ടുതാനും. എനിക്കു നാലരവയസുള്ളപ്പോഴാണ്‌ അച്ചന്‍മരിച്ചത്‌. പിന്നീടുള്ളകാലം ഏറെകഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. എന്നെയും പറക്കമുറ്റാത്ത രണ്ടനിയത്തിമാരെയും ഏറെകഷ്ടപ്പെട്ടാണ്‌ അമ്മച്ചിവളര്‍ത്തിയത്‌. വിധി ഞങ്ങള്‍ക്ക്‌ എതിരായിരുന്നുവെന്നുവേണം പറയാന്‍. കഠിനാധ്വാനവും മാനസികപിരിമുറുക്കങ്ങളുംകാരണം അമ്മച്ചിയും തളര്‍ന്നു കിടപ്പായി. അങ്ങനെ കുടുംബത്തിന്റെ ഭാരിച്ചചുമതല ബാല്യംപിന്നിടുന്നതിനുമുമ്പെ എന്നെത്തേടിയെത്തി. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കുവാന്‍ ഞാന്‍ നന്നെപാടുപെട്ടു. ഒഴിവുദിവസങ്ങളിലുംമറ്റും പലജോലികളുംചെയ്തു. പഠനത്തില്‍ മിടുക്കനായിരുന്നിട്ടുപോലും പലദിവസങ്ങളിലും സ്കൂളുകള്‍ മുടക്കേണ്ടിവന്നിട്ടുണ്ട്‌. നാട്ടുകാരനായ രാജന്‍മാഷ്‌ അകമഴിഞ്ഞ്‌ സഹായിച്ചിരുന്നു. ഓണവും മറ്റു വിശേഷദിവസങ്ങളും കേള്‍ക്കുന്നതുതന്നെ എനിക്ക്‌ പേടിയായിരുന്നു. ഇതൊന്നും പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതല്ലെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്‌. വയറുനിറച്ചൊരുനേരം ഭക്ഷണംകഴിക്കുവാനും നല്ലൊരുകുപ്പായമിടാനും പൂതിവെച്ചുനടന്നകാലം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ പഠനവുംഅധ്വാനഭാരവവും എന്നെ വല്ലാതെതളര്‍ത്തിയിരുന്നു. എന്നാലും പട്ടിണിയുംപരിവട്ടവും എനിക്ക്‌ കൂടുതല്‍ ഊര്‍ജ്ജംനല്‍കിയിരുന്നു. എസ്‌.എസ്‌.എല്‍.സി പരീക്ഷക്ക്‌ നല്ലമാര്‍ക്ക്‌ ലഭിച്ചു. സ്കൂളില്‍മൂന്നാമനായി. നാട്ടുകാരനായ രാജന്‍മാഷ്‌ അന്ന്‌ സമ്മാനമായിതന്ന അമ്പത്‌രൂപയുടെ വലുപ്പം ഞാനിന്നുമോര്‍ക്കുന്നു. പത്താംക്ലാസ്സുകഴിഞ്ഞ്‌ പഠനം തല്‍ക്കാലം നിര്‍ത്താമെന്ന്‌ കരുതിയതാണ്‌ . രാജന്‍മാഷിടപെട്ട്‌ തീരുമാനം മാറ്റിക്കുകയായിരുന്നു. പ്രീഡിഗ്രിക്ക്‌ അപേക്ഷാഫോറംവാങ്ങിയതും കോളേജില്‍ അഡ്മിഷന്‍വാങ്ങിതന്നതുമെല്ലാം അദ്ധേഹമാണ്‌ . സ്വന്തം മക്കളെപോലെ ഞങ്ങളെ സ്നേഹിച്ച ഒരുനല്ലമനുഷ്യന്‍. രാജന്‍മാഷിന്റെ നിര്‍ബന്ധത്താല്‍ പഠനംതുടരാന്‍തന്നെ തീരുമാനിച്ചു. അധികമൊന്നും ഗ്രാമംവിട്ടുപോകാത്ത ഞാന്‍ പട്ടണത്തിലെ കോളേജിന്റെകുന്നുകയറി. ഉള്ളിലൊരുപാടുചോദ്യങ്ങള്‍ കുറിച്ചിട്ടുകൊണ്ടായിരുന്നു ഞാന്‍ കോളേജ്‌ ജീവിതം തുടങ്ങയിത്‌ . കോളേജ്പഠനകാലത്തെ ആദ്യവര്‍ഷങ്ങളിലെല്ലാം ഞാന്‍തികച്ചും ഒറ്റപ്പെട്ടകുട്ടിയായിരുന്നു. ജീവിതത്തില്‍നിന്ന്‌ ഒളിച്ചോടാന്‍പോലും തോന്നിയിരുന്നനാളുകള്‍. കിടക്കപ്പായയില്‍തളര്‍ന്നുകിടക്കുന്ന അമ്മച്ചിയുടെ വിളറിവെളുത്തമുഖവും നിരാശമുറ്റിയകണ്ണുകളുമായി അമ്മച്ചിക്കരികില്‍ ചുമരുംചാരി നില്‍ക്കുന്ന കുഞ്ഞനുജത്തിമാരുടെ ദനയനീയമുഖങ്ങളും എന്നെ അത്തരംചിന്തയില്‍നിന്നും പിന്തിരിപ്പിച്ചു.
കുട്ടിക്കാലത്തുണ്ടായിരുന്ന ആര്‍ജ്ജവവും വെല്ലുവിളികളെ അധിജീവിക്കാനുള്ള കഴിവും കൗമാരത്തിന്റെ മൂര്‍ദ്ധന്യതയില്‍ എനിക്ക്‌ നഷ്ട്ടമാകുന്നുവോ എന്നതോന്നല്‍ എന്നെവേട്ടയാടിയിരുന്നു. സ്നേഹകൂട്ടുകളും കൗമാരപ്രണയങ്ങളും വിരിഞ്ഞിറങ്ങിയിരുന്ന കാമ്പസില്‍ ഉരുകിത്തീരാറായ മനസ്സുമായാണ്‌ ഞാന്‍ കഴിച്ചുകൂട്ടിയിരുന്നത്‌. കൂടെപഠിക്കുന്നകുട്ടികളോട്‌ സംസാരിക്കാന്‍പോലുമെനിക്ക്‌ ഭയമായിരുന്നു. ദാരിദ്ര്യവും ഇല്ലായ്മയും എന്റെവെക്തിത്വത്തേയും ആത്മവിശ്വാസത്തെയും അത്രകണ്ട്‌ കാര്‍ന്നുതിന്നിരുന്നു. പലരും ചങ്ങാത്തംകൂടി കൂട്ടംകൂടിനടക്കുന്നതും കാമ്പസിന്റെ മുക്കുമൂലകളില്‍ അങ്ങിങ്ങായി പ്രണയജോഡികളുടെ സ്നേഹസല്ലാപങ്ങളുമെല്ലാംകണ്ട്‌ ഞാന്‍ തലതാഴ്ത്തിനടക്കുമായിരുന്നു. പെണ്‍കുട്ടികളുടെ മുഖത്ത്നോക്കുന്നത്തന്നെ എനിക്ക്‌ മടിയായിരുന്നു. ഇന്റര്‍വെല്‍സമയത്ത്‌ കുട്ടികള്‍ കോളേജിന്റെ ചുറ്റുവരാന്തയിലൂടെ കമന്റുകള്‍പറഞ്ഞ്‌ റോന്തുചുറ്റുമായിരുന്നു. ഞാനാണെങ്കില്‍ തിരിച്ചുപോരുന്നത്‌വരെ ക്ലാസുമുറിയുടെ നാലുചുമരുകള്‍കുള്ളില്‍ ഒതുങ്ങിക്കൂടും. ആളില്ലാത്തസമയംനോക്കി ലൈബ്രറിയില്‍കയറി പുസ്തകങ്ങളെടുക്കും. കുറെ പുസ്തകങ്ങള്‍വായിച്ചു. പുസ്തകങ്ങള്‍മാത്രമായിരുന്നു അക്കാലത്തെ എന്റെകൂട്ടുകാര്‍. ഷെയ്ക്സ്പിയറുടെ നാടകങ്ങളും കമ്മ്യൂണിസ്റ്റ്‌ മാനിഫാസ്റ്റൊയും പ്ലാറ്റൊയുടെ റിപ്പബ്ലിക്കും എം .ടിയുടെയും വൈക്കംമുഹമ്മദ്ബഷീറിന്റെയും കമലാസുരയ്യയുടെയുമടക്കമുള്ള നിരവധി മലയാളസാഹിത്യങ്ങളും അക്കാലത്ത്‌ ഞാന്‍വായിച്ചു. പരന്നവായന എനിക്ക്‌ ഊര്‍ജ്ജംനല്‍കിയെങ്കിലും കുടുംബത്തെ വിടാതെപിടികൂടിയ ദാരിദ്ര്യമെന്നെ താഴോട്ടുപിടിച്ചുലച്ചു.

        അന്നത്തെയൊരു ഓണക്കാലം ഇന്നുമെന്റെമനസ്സില്‍ മിന്നല്‍വീഴ്ത്തുന്നതാണ്‌. ഓണത്തെവരവേല്‍ക്കാന്‍ നാടുംനഗരവുമെല്ലാം ഒരുങ്ങിയിരുന്നു. കാമ്പസിലും ആഘോഷങ്ങളുടെ കൊഴുപ്പ്‌ . ക്ലാസായക്ലാസുകളിലെല്ലാം പൂക്കളങ്ങളും തോരണങ്ങളുംതീര്‍ത്ത്‌ അലങ്കരിച്ചിരുന്നു. ഇനിയുള്ളത്‌ പത്ത്‌ ഒഴിവുദിനങ്ങളാണ്‌. ലൈബ്രറിയില്‍കയറി കുറച്ചുപുസ്തകങ്ങളുമെടുത്ത്‌ കോളേജ്‌ മൈന്‍ബ്ലോക്കിന്റെ ഇടനാഴികയിലൂടെ ഞാന്‍ ക്ലാസിലേക്ക്തിരിച്ചു. രാസവസ്തുക്കളുടെ രൂക്ഷഗന്ധമുയരുന്ന കെമിസ്ട്രിലാബ്പിന്നിട്ട്‌ , ഫിസിക്കല്‍ഡിപ്പാര്‍ട്ടുമെന്റിനുമുമ്പിലുള്ള ഇടുങ്ങിയവരാന്തയിലൂടെ നടക്കുകയായിരുന്നു, പിന്നിലാരൊനടന്നുവരുന്ന കാല്‍പെരുമാറ്റം. തിരിഞ്ഞുനോക്കിയപ്പോള്‍ വിടര്‍ന്നചുണ്ടുകളില്‍ നിറപുഞ്ചിരിയുമായി ഒരുപെണ്‍കുട്ടി. അവളെന്നെ പിന്തുടരുന്നതുപോലെതോന്നി. ഞാന്‍നടത്തത്തിനുവേഗതകൂട്ടി. അവളെന്നെ ലക്ഷ്യമാക്കിതന്നെയാണ്‌ വരുന്നതെന്നെനിക്കുറപ്പായി. "എയ്‌ ഒന്നുനില്‍ക്കൂ" പിറകില്‍നിന്ന്‌ പതുങ്ങിയസ്വരത്തില്‍ അവള്‍ വിളിച്ചുപറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ പരുങ്ങിനില്‍ക്കുമ്പോള്‍ അവളെന്റെമുമ്പില്‍വന്നുനിന്നു സ്വയംപരിചയപ്പെടുത്തി. "ഹായ്‌ ദാസ്‌ ഞാന്‍ സീമ കോളേജ്മാഗസിനില്‍ നിങ്ങളെഴുതിയ കഥവായിച്ചു നന്നായിട്ടുണ്ട്‌ ആള്‍ ദ ബെസ്റ്റ്‌ " കൂടെപഠിക്കുന്ന ആണ്‍കുട്ടികളുമായി സംസാരിക്കുന്നത്തന്നെ എനിക്ക്‌ ലജ്ജയായിരുന്നു. ഇപ്പോഴിതാ ഒരുപെണ്‍കുട്ടി മുന്നില്‍വന്നുനില്‍ക്കുന്നു. ഞാനാകെ അസ്വസ്ഥനായി. ഹൃദയമിടിപ്പിന്റെ വേഗതകൂടി. കാല്‍മുട്ടുകള്‍ കൂട്ടിയടിക്കുന്നുണ്ടായിരുന്നു. മൂഖത്ത്‌ ചെറിയൊരുപുഞ്ചിരി വരുത്തിതീര്‍ത്ത്‌ ഞാന്‍ ദൃതിയില്‍നടക്കാനൊരുങ്ങി. "ഏയ്‌.. ഒന്നുനില്‍ക്കൂ" പതിഞ്ഞശബ്ദം ചുണ്ടുകള്‍ക്കിടയിലൊതുക്കിക്കൊണ്ടവള്‍ പറഞ്ഞു. കയ്യിലുണ്ടായിരുന്ന ഒരുപൊതിയെനിക്കുനേരെനീട്ടി. അപ്പോഴാണ്‌ ഞാനവളുടെ മൂഖത്തേക്ക്‌ ശരിക്കുമൊന്ന്നോക്കിയത്‌ . "ഇതിരിക്കട്ടെ ഒരു സന്തോഷത്തിന്‌ " ആ പൊതിയെന്റെ കയ്യില്‍വെച്ചുപിടിപ്പിച്ച്‌ അവള്‍ വന്നവഴിയെതന്നെ തിരിഞ്ഞുനടന്നു. ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചുനിന്നുപോയി. ചുറ്റുപാടും കണ്ണുപായിച്ചു ആരുമില്ല. അവള്‍തന്ന പൊതി പുസ്തകങ്ങള്‍ക്കിടയില്‍വെച്ച്‌ ഞാന്‍ ദൃതിയില്‍നടന്നു.
ഈപെണ്‍കുട്ടി എന്തിനാണ്‌ എന്നെത്തേടിവന്നത്‌ , കോളേജ്‌ മാഗസിനില്‍ ദരിദ്രപ്പക്ഷികള്‍ എന്ന കഥയെഴുതിയ ദാസ്‌ ഞാനാണെന്നെങ്ങനെ അവള്‍ക്കുമനസ്സിലായി ? ഉത്തരംകിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങളുമായാണ്‌ ഞാനന്ന്‌ വീട്ടിലേക്ക്തിരിച്ചത്‌ . വീട്ടില്‍വന്ന്‌ പൊതിയഴിച്ചപ്പോള്‍ എന്റെകണ്ണുകള്‍ ഈറനണിഞ്ഞു. ചുവന്നകസവുള്ള ഒരുകാച്ചിമുണ്ട്‌ . ഒപ്പം എം .ടിയുടെ ഒരുപുസ്തകവും. എനിക്ക്‌ പറഞ്ഞറിയിക്കാന്‍കഴിയാത്ത ഒരവസ്ഥയായിരുന്നു. ആകെകൂടിയൊരു വല്ലാത്തഅവസ്ഥ. സങ്കടമൊ സന്തോഷമൊ ജിജ്ഞാസയൊ എന്തൊക്കെയൊ എനിക്കറിയില്ലായിരുന്നു. ഓണംകഴിഞ്ഞ്‌ കോളേജ്‌ തുറക്കുന്ന ദിവസം ഞാന്‍ ആ കാച്ചിമുണ്ടെടുത്താണ്‌ കോളേജില്‍പോയത്‌ . കോളേജിലെത്തിയപ്പോള്‍ ഞാനാകെ അസ്വസ്ഥനായി. ആരുമെന്നെ ശ്രദ്ധിക്കാതിരുന്നാല്‍മതിയായിരുന്നു. ഞാന്‍ മനസുരുകിപ്രാര്‍ത്ഥിച്ചു. പാത്തുംപതുങ്ങിയുമാണ്‌ അന്നൊരുദിവസം കോളേജില്‍ കഴിച്ചുകൂട്ടിയത്‌ . അപ്പോഴുമെന്റെ മനസ്സില്‍ ജിജ്ഞാസയും ആകാംശയും കുന്നുകൂടുന്നുണ്ടായിരുന്നു. ഇന്നവളെ കണ്ടുമുട്ടുമൊ ? കണ്ടാലെന്തുപറയും ? ഒരു പരിചയവുമില്ലാത്തപെണ്‍കുട്ടി എന്നെത്തേടി വരുന്നു. എന്നെ അറിയാമെന്നും കഥ നന്നായെന്നും പറയുന്നു. അതിനെല്ലാം പുറമെ സമ്മാനവും തരുന്നു. അവളോടെനിക്ക്‌ ഒത്തിരി ബഹുമാനംതോന്നി. അവളെ വീണ്ടുംകാണണമെന്നു മോഹിച്ചു. ഇതെല്ലാംവെറും മോഹമാണെന്നെനിക്കുതോന്നി. അവള്‍ ഇനിയൊരിക്കലും എന്നെതേടിവരില്ല എന്നുതന്നെ ഞാന്‍കരുതി. അങ്ങനെ മോഹങ്ങള്‍ മനസില്‍താലോലിച്ചുനടക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരുദിവസം അവള്‍ വീണ്ടുംവന്നു. ലൈബ്രറിയുടെ പിന്‍വശത്തുള്ള മരച്ചുവട്ടില്‍വെച്ചായിരുന്നു അന്നത്തെ കൂടിക്കാഴ്ച. അന്നെനിക്കു കുറെകൂടി ധൈര്യമുണ്ടായിരുന്നു. പിന്നീട്‌ പലകൂടിക്കാഴ്ചകള്‍ . കൂട്ടുകരില്ലാതിരുന്ന എനിക്ക്‌ സീമ ഒരു ഉറ്റമിത്രമായിമാറി. പിന്നെ പിന്നെ ഒരു പ്രണയമായതുമൊട്ടിട്ടു. വേര്‍പ്പിരിയാന്‍കഴിയാത്ത ബാന്ധവമായി. മുറിച്ചുമാറ്റാന്‍കഴിയാത്ത പ്രണയച്ചങ്ങലകളാല്‍ ഞങ്ങള്‍ ബന്ധിതരായി. പിന്നീട്‌ രണ്ടുമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ സൂപ്പര്‍സോണിക്ക്‌ വിമാനത്തിന്റെ വേഗതയായിരുന്നു . ഞാന്‍ എം.എ ഫൈനല്‍ പരീക്ഷകഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ നിറകണ്ണുകളുമായാണ്‌ അവളെന്നെ യാത്രയാക്കിയത്‌. "നമ്മളിനിയും കാണും ഇതൊരിക്കലും ഒരുവേര്‍പ്പിരിയലല്ല" അവളെന്നെ ആശ്വസിപ്പിച്ചു. പിന്നീട്‌ ബി.എഡിനു ചേര്‍ന്നു പഠിക്കുമ്പോള്‍ ഇടക്കിടെ കോളേജില്‍ചെന്നു സീമയെ കാണുമായിരുന്നു. പിന്നീടെന്റെ എല്ലാചലനങ്ങളിലും എനിക്ക്‌ താങ്ങായിനിന്നത്‌ അവളായിരുന്നു. ആഴ്ചയില്‍ ഞങ്ങള്‍ എഴുത്തുകുത്തുകള്‍ കൈമായി. രാജന്‍മാഷിന്റെ വീട്ടിലേക്ക്‌ വല്ലപ്പോഴും അവള്‍ എനിക്കു ഫോണ്‍ചെയ്യുമായിരുന്നു.
അവളുടെ ഒരോ കത്തുകളും ഫോണ്‍കോളുകളും എനിക്ക്‌ കരുത്ത്‌ നല്‍കുന്നതായിരുന്നു. എന്നെ ആശ്വസിപ്പിക്കാന്‍ ദൈവംപറഞ്ഞുവിട്ട മാലാഖയാണ്‌ അവളെന്ന്‌ ഞാന്‍വിശ്വസിച്ചു. ഒരുകൂട്ടുകാരിയായി, അമ്മയായി, പ്രാണപ്രേയസിയായി അവളെന്നെ പിന്തുടരുകയായിരുന്നു. ട്രെയിനിങ്‌ നടക്കുന്നകാലത്ത്‌ പരസ്പരം കാണാന്‍ കഴിയാത്തത്‌ ഞങ്ങളിരുവരെയും അങ്ങേയറ്റം വെഷമത്തിലാക്കിയിരുന്നു. കാഴ്ചയകലെയാണെങ്കിലും ഞങ്ങളുടെ മനസുകള്‍ പരസ്പരം കെട്ടുപിണഞ്ഞുകിടന്നു. അവളെന്റെ ജീവിതത്തിലേക്ക്‌ കടന്നുവരാന്‍നിമിത്തമായത്‌ ഞാന്‍ പലപ്പോഴുമാലോചിക്കാറുണ്ടായിരുന്നു. എന്റെമനസ്സിലെ സ്നേഹജാലകം എന്റെ അനുവാദംപോലുമില്ലതെ തള്ളിത്തുറന്ന്‌ അവളെന്നില്‍ അലിഞ്ഞുചേരുകയായിരുന്നു. ഒരുമാലാഖയെപോലെ. പഠനം പാതിവയിഴിലുപേക്ഷിച്ച്‌ മേറ്റ്ന്തെങ്കിലും ജോലിതേടി ഞനെന്നെ പേയേനെ. അപ്പോഴാണ്‌ അവള്‍ എന്നിലേക്ക്‌ ചേക്കേറിയത്‌ .സാമാന്യം സമ്പന്നകുടുംബത്തിലെ അംഗമായിരുന്നിട്ടുപോലും എന്നെപ്പോലെയൊരു പരമദരിദ്രനെ പ്രണയിക്കാന്‍മാത്രം അവള്‍ക്കുണ്ടായ ചേതോവികാരമെന്തായിരുന്നു ? ഞാന്‍ പലപ്പോഴും എന്നോടുതന്നെ ചോദിക്കുമായിരുന്നു. അവളോടു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനൊട്ടും ധൈര്യമില്ലായിരുന്നു. പിന്നീടൊരിക്കല്‍ ചോദിക്കാതെതന്നെ അവള്‍പറഞ്ഞു : "കോളേജ്‌ മാഗസിനിലെ ദരിദ്രപക്ഷികളെന്നകഥയിലെ ദരിദ്രനായ നായകനെയാണ്‌ ഞാന്‍ സ്നേഹിക്കുന്നത്‌ " അതൊരു ജീവിക്കുന്ന കഥാപാത്രമാണെന്നവള്‍ക്ക്‌ ബോധ്യമായികാണുമെന്ന്‌ ഞാനതിനു വാല്‍കുറിയുമെഴുതി. കാരണം "ദരിദ്രപക്ഷികള്‍ " എന്റെ ജീവിതാനുഭവമായിരുന്നു. അതില്‍ നായകവേഷമിട്ടത്‌ എന്റെ ജീവിതത്തിലെ തീക്ഷണമായ അനുഭവങ്ങളായിരുന്നല്ലൊ.
പിന്നീട്‌ ബി.എഡുകഴിഞ്ഞ്‌ നാട്ടിനടുത്തുള്ള ഹൈസ്കൂളില്‍തന്നെയയിരുന്നു ദിവസവേതനത്തിന്‌ ജോലിക്ക്കേറിയത്‌ . സീമ എം .എസ്‌.സി കഴിഞ്ഞ്‌ ബി.എഡിനു ചേര്‍ന്നത്‌ അതേവര്‍ഷമായിരുന്നു. ചെയ്തുതീര്‍ക്കാന്‍ ഒരുപാടുകാര്യങ്ങള്‍ എന്റെമുമ്പില്‍ കുന്നുകൂടി കിടപ്പുണ്ടായിരുന്നു. ബി. എസ്‌.സി രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്കു പഠിക്കുകയായിരുന്ന അനിയത്തിമാരെ തുടര്‍ന്ന്പഠിപ്പിക്കണം. വീട്ടിലെ മറ്റുകര്യങ്ങളെല്ലാം ചെയ്തുതീര്‍ക്കണം. ദിവസവേതനമാണെങ്കിലും കാര്യങ്ങളെല്ലാം തരക്കേടില്ലാതെ നടന്നു. പിന്നീട്‌ അനിയത്തിമാരുടെ വിവാഹം അമ്മച്ചിയുടെ മരണം സീമക്ക്‌ സര്‍ക്കാര്‍സ്കൂളില്‍ സ്ഥിരനിയമനം അങ്ങനെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരുപാടുകാര്യങ്ങള്‍. അമ്മച്ചിയുടെ വിയോഗമെനിക്ക്‌ താങ്ങാനാവുന്നതിലുമധികമായിരുന്നു. അതേ വര്‍ഷമാണ്‌ അടുത്തുള്ളസ്കൂളില്‍ എനിക്ക്‌ സ്ഥിരനിയമനംകിട്ടിയത്‌. അടുത്തുതന്നെ ഞങ്ങളുടെ വിവാഹവും നിശ്ചയിച്ചു. ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപകനായിരുന്ന സീമയുടെ അച്ചന്‍ എനിക്കെന്റെ സ്വന്തംഅച്ചനെപോലെയായിരുന്നു. ഞങ്ങള്‍തമ്മിലുള്ള അടുപ്പവും കൂട്ടുകെട്ടും വളരെനേരത്തെ അറിയാമായിരുന്ന അദ്ധേഹവുംകുടുംബവും പിന്തുണയുമായി എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹവുംനടന്നു. വര്‍ഷങ്ങളായി ഞങ്ങളുടെ മനസ്സില്‍ താലോലിച്ചുനടന്ന ആഗ്രഹം സഫലമായതില്‍ ഞങ്ങളിരുവരും അങ്ങേയറ്റം നൃവൃതികൊണ്ടു. ഇതിലേറ്റവുമധികം സന്തോഷിക്കേണ്ടിയിരുന്നത്‌ എന്റെ അമ്മച്ചിയായിരുന്നു. പക്ഷെ അമ്മച്ചിജീവിച്ചിരിപ്പില്ലല്ലൊ? അമ്മച്ചിയെകുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ അസ്വസസ്ഥനാക്കിയിരുന്നു. അമ്മച്ചിയുടെ വിയോഗത്തോടെ അനാഥമായിരുന്ന എന്റെവീട്ടില്‍ സീമ നിറഞ്ഞുനിന്നു. എന്റെ അനിയത്തിമാര്‍ക്കവള്‍ അമ്മയെപ്പോലെയയിരുന്നു. പിന്നീട്‌ സന്തോഷങ്ങള്‍ക്ക്‌ അതിരില്ലാത്ത നാളുകളായിരുന്നു. കുഞ്ഞുനാള്‍തൊട്ട്‌ നേരിട്ടുകൊണ്ടിരുന്ന അഗ്നിപരീക്ഷണങ്ങളുടെ വിജയമായിരുന്നു ഈ സൗഭാഗ്യങ്ങളെല്ലാമെന്ന്‌ ഞാന്‍കരുതി. വര്‍ഷങ്ങള്‍പിന്നിട്ടു. ഞങ്ങള്‍ക്ക്‌ രണ്ടുകുട്ടികളുമുണ്ടായി. അവരിപ്പോള്‍ മൂന്നും അഞ്ചും ക്ലാസുകളില്‍പഠിക്കുന്നു. ഓഹ്‌ ? ജീവിതത്തില്‍ എന്തെല്ലാം അനുഭവിച്ചുതീര്‍ത്തു!

രവീന്ദ്രന്‍മാഷുവന്ന്‌ തോളില്‍തട്ടി വിളിച്ചപ്പോഴാണ്‌ ഞാന്‍ ചിന്തയില്‍നിന്നുമുണര്‍ന്നത്‌ . ബാഗെടുത്ത്‌ തോളില്‍തൂക്കി സഹാദ്ധ്യാപകര്‍ക്കെല്ലാം ഓണാശംസകളുംനേര്‍ന്ന്‌ ഞാന്‍ സ്കൂളിന്റെപടിയിറങ്ങി. റോഡരികില്‍ കുട്ടികള്‍ തിക്കുംതിരക്കുംകൂട്ടി ബസ്സ്കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കുമായൊരു പുഞ്ചിരിയുമെറിഞ്ഞ്കൊടുത്ത്‌ ബൈക്കില്‍കയറി ടൗണിലേക്കുതിരിച്ചു. സീമക്ക്‌ സാരിവാങ്ങിക്കണം. വീട്ടിലേക്ക്‌ അല്‍പ്പംസാധനങ്ങളും. എല്ലാംകഴിഞ്ഞ്‌ സന്ധ്യക്കുമുമ്പെ വീട്ടിലെത്തണം. നിറഞ്ഞപുഞ്ചിരിയുമായി അവള്‍ മുറ്റത്തുകാത്തുനില്‍ക്കുന്നുണ്ടാവും.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
muhammed kunhi wandoor
muhammed kunhi wandoor

(ജയകേരളത്തില്‍ പ്രസിദ്ധീകരിച്ചത്)

കനലെരിയുന്ന കടവ്‌ (കഥ)

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

തോണിക്കടവിപ്പോൾ വിജനമാണ്‌. പുഴയിലെ ഓളങ്ങളുടെ താളമൊഴികെ മറ്റൊരു ശബ്ദവും കേൾക്കാനില്ല. രണ്ടുദിവസമായി ആർത്തലച്ചുപൈത മഴയിൽ കുത്തിയൊലിച്ച്‌ ചെമ്മൺനിറമായിരുന്ന പുഴയിപ്പോൾ തെളിഞ്ഞൊഴുകുന്നു. ശക്തമായ അടിയൊഴുക്കുണ്ടെങ്കിലും പുറം ശാന്തമാണ്‌. പുഴയിലേക്ക്‌ തൂങ്ങിക്കിടക്കുന്ന മരക്കൊമ്പുകളെ വകഞ്ഞുമാറ്റി ഓളങ്ങൾ അതിവേഗം മുന്നേറിക്കൊണ്ടിരുന്നു. നേരിയ ചാറൽമഴയ്ക്കിടയിൽ വല്ലപ്പോഴായി പതിച്ച്‌ കൊണ്ടിരുന്ന വലിയ മഴത്തുള്ളികൾ ജലപ്പരപ്പിന്‌ മീതെ അങ്ങിങ്ങായി നീണ്ട കുമിളകൾതീർത്തു. ഓളങ്ങളെ തൊട്ടുരുമ്മി കരയിലേക്ക്‌ ആഞ്ഞുവീശുന്ന മന്ദമാരുതൻ എന്റെ രോമകൂപങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. സായാഹ്നങ്ങളിൽ ആൾക്കൂട്ടങ്ങൾകൊണ്ടും സ്കൂൾകുട്ടികളുടെ ആർപ്പുവിളികളാലും ധന്യമായിരുന്നു തോണിക്കടവ്‌. ഇവിടെയിപ്പോൾ ആളനക്കമില്ല. കടവിലെ കരിങ്കൽ പടവുകളിൽ കരിയിലകൾ പരന്നുകിടക്കുന്നു. പക്ഷികളുടെ കളകളംപോലും കേൾക്കാനില്ല. പരൽമീനുകളെ കൊത്തിയെടുക്കാൻ തക്കംപാർത്തു മരക്കൊമ്പിലിരുന്ന പൊൻമാനെയും കൊക്കമ്മാവനേയും ഈവഴിക്ക്‌ കാണാനേയില്ല. പുലർക്കാലങ്ങളിലും സായാഹ്നങ്ങളിലും സജീവമായിരുന്ന  പുഴയോരം ഇപ്പോൾ മൂകമാണ്‌. നാലഞ്ചുവർഷമായി  ഒരു കാൽ പെരുമാറ്റംപോലും ഈ വഴിക്ക്‌ കാണുന്നില്ല.
            കടവിലെത്തുന്ന യാത്രക്കാരോട്‌ പുഞ്ചിരിച്ചും ചിലനേരങ്ങളിൽ ദേഷ്യപ്പെട്ടും എല്ലാവരുടെയും മനസ്സുകളിൽ സ്ഥാനംപിടിച്ച തോണിക്കാരൻ അന്ത്രുക്കയുടെ ഉറക്കെയുള്ള ചൂളംവിളി കടവുകടന്ന്‌ സ്കൂൾവരെ കേൾക്കാമായിരുന്നു. സ്കൂൾ വിടുന്ന സമയമായാൽ അന്ത്രുക്ക കരയിലെത്തും. കടവിനോട്‌ ചേർന്ന്‌ പുഴയിലേക്കു ചാഞ്ഞുകിടക്കുന്ന മരച്ചുവട്ടിൽ വന്നുനിൽക്കും. കുട്ടികളെ വരിയായിനിർത്തി തോണിയിൽ കയറ്റണമെന്ന്‌ അന്ത്രുക്കാക്ക്‌ നിർബന്ധമായിരുന്നു. ചെറിയ കുട്ടികൾക്കാണ്‌ മുൻനിരയിൽ സ്ഥാനം. അന്ത്രുക്കയുടെ നിബന്ധനകളെല്ലാം നന്നായറിയാവുന്ന കുട്ടികൾ ഈപതിവൊട്ടും തെറ്റിക്കാറുമില്ല. സ്കൂൾ കുട്ടികളേയെല്ലാം അക്കരെയെത്തിച്ചതിന്‌ ശേഷമേ മുതിർന്നവരെയും മറ്റു ജോലികഴിഞ്ഞു മടങ്ങുന്നവരേയുമെല്ലാം എടുക്കറ്ഉള്ളൂ. അതിലാർക്കും പരാതിയുണ്ടായിരുന്നില്ല. എല്ലാവരും അവരവരുടെ ഊഴവുംകാത്ത്‌ കടവിൽ കാത്തുനിൽക്കും. കുട്ടികളെ നിയന്ത്രിക്കാൻ അധ്യാപകരിൽ ആരോടെങ്കിലും തോണിയിൽ കയറാൻ അന്ത്രുക്ക പറയാറുണ്ടായിരുന്നു. കുട്ടികൾ തോണിയിലേക്ക്‌ എടുത്തു ചാടുമ്പോൾ തുടങ്ങുന്ന കുക്കിവിളിയും പാട്ടുമെല്ലാം അക്കരെയെത്തുംവരെ തുടരും. അതിനയാൾക്ക്‌ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. മാത്രവുമല്ല ചിലപ്പോഴെല്ലാം നാടൻപാട്ടുമായി അന്ത്രുക്ക അവരോടൊപ്പം കൂടുകയുംചെയ്യും.

            അന്നൊരു വൈകുന്നേരം. കർക്കടകമാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച. പതിവുപോലെ കുട്ടികളെല്ലാം കടവിൽ ആർപ്പും വിളിയുമായെത്തി. ഇനിയുള്ളത്‌ രണ്ട്‌ അവധി ദിനങ്ങൾ. അതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും പ്രകടമാണ്‌. അന്ത്രുക്ക അന്ന്‌ പതിവിലും വൈകിയാണ്‌ തോണിയടുപ്പിച്ചത്‌. കടവിലെത്തിയപാടെ കുട്ടികൾ കൂക്കിവിളിച്ച്‌ തോണിയിലേക്കെടുത്തുചാടി. സമയം വൈകിയതുകാരണം കുട്ടികളെ യാത്രയയച്ച്‌ ഞങ്ങൾ കടവിൽ അടുത്ത ഊഴവും കാത്തുനിന്നു. പകുതിയിലേറെ കുട്ടികളെയും വഹിച്ച്‌ തോണി കടവുവിട്ടു. തോണി പുഴയുടെ പകുതി പിന്നിടുമ്പോഴും കുട്ടികളുടെ ആർപ്പു വിളികൾ ഞങ്ങൾക്ക്‌ കേൾക്കാമായിരുന്നു. അൽപ്പംകഴിഞ്ഞ്‌ കരയിൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന കുട്ടികളിലാരൊ വിളിച്ചുപറയുന്നത്കേട്ടു:

 സാർ.. തോണി..!

പുഴയിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോൾ തോണി ഒരുഭാഗത്തേക്ക്‌ ചരിയുന്നു. തോണിയിൽനിന്ന്‌ കുട്ടികളുടെ കൂട്ടക്കരിച്ചിൽ ഉയർന്നു. കൈയിലുണ്ടായിരുന്ന ബാഗ്‌ പടവിലേക്കെറിഞ്ഞു ഞാൻ പുഴയിലേക്കെടുത്തു ചാടി. പൊടുന്നനെ തോണി തലകീഴായി മറിയുന്നത്‌ കണ്ടു. എന്റെ കൈകാലുകൾ തളരാൻ തുടങ്ങി. ശരീരത്തിന്‌ ഭാരം കൂടുന്നത്‌ പോലെ. ധൈര്യം സംഭരിച്ചു വീണ്ടും മുന്നോട്ടുകുതിച്ചു. മുന്നിൽ മരണ വെപ്പ്രാളത്തിൽ താഴ്ന്നുപൊങ്ങുന്ന കുട്ടികൾ. ഈരണ്ടുപേരായി ആറോളംപേരെ കരക്കെത്തിച്ചുകാണും. പിന്നെയൊന്നും ഓർമ്മയില്ല. മെഡിക്കൽ കോളേജിലെ തീവ്വ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോഴാണ്‌ ബോധം തെളിയുന്നത്‌. ഉറക്കത്തിലെന്നപോലെ ഞെട്ടിയുണർന്നു. നിലയില്ലാവെള്ളത്തിൽ മുങ്ങിത്താഴുന്ന പ്രിയപ്പെട്ട കുട്ടികളുടെ ചിത്രമായിരുന്നു അപ്പോഴും മനസ്സുനിറയെ. തോണിയിലുണ്ടായിരുന്ന 19 പേരിൽ ഏഴുകുട്ടികൾ പുഴയുടെ ആയങ്ങളിലേക്ക്‌ ഊളിയിട്ട്‌ എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു. എട്ടാം ക്ളാസ്സിൽ പഠിക്കുന്ന ശാഹിദിന്റെ മൃതദേഹമൊഴികെ മറ്റെല്ലാ കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ശാഹിദ്‌, അവനൊരു ഉത്സാഹിയായ കുട്ടിയായിരുന്നു. നന്നായി പഠിക്കുന്നവൻ. നല്ലൊരു പാട്ടുകാരനും. പാഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമെല്ലാം മുന്നിൽ. ഞങ്ങൾ അധ്യാപകർക്കെല്ലാം ഇഷ്ടമുള്ളകുട്ടി. പിന്നീടൊരിക്കലും അവൻ തിരിച്ചുവന്നിട്ടില്ല. മരണത്തിലേക്കും അവൻ മുന്നേനടന്നിരിക്കുന്നു. ദിവസങ്ങളോളം തിരച്ചിൽ നടത്തി. ഫലമൊന്നമുണ്ടായില്ല. അന്ത്രുക്ക സംഭവസ്ഥലത്ത്‌ തന്നെ കുഴഞ്ഞുവീണു. ഉച്ചത്തിലുള്ള ചൂളംവിളിയുമായി പിന്നീടൊരിക്കലും അയാൾ കടവിലേക്ക്‌ തോണിയടുപ്പിച്ചില്ല. തോണിയും തുഴയുമില്ലാത്ത ലോകത്തേക്കയാൾ യാത്രയായിരിക്കുന്നു. ഈ കടവിൽ പിന്നെയാരും തോണിയറക്കിയിട്ടുമില്ല. കയറാൻ കുട്ടികളും വന്നിട്ടില്ല.

ഞാൻ കടവിനോടുചേർന്ന മരത്തിൽ ചാരിയിയിരുന്നു. മരത്തിന്റെ വടക്കുഭാഗത്ത്‌ അന്ത്രുക്കയുടെ പഴയ തോണി കിടപ്പുണ്ട്‌. നിഷ്കളങ്കമായ ഒത്തിരി ജീവനുകൾ അപഹരിച്ച ദുഖഭാരവുമേന്തി അത്‌ കമിഴ്ന്നുകിടപ്പാണ്‌. തന്നെ അളവറ്റുസ്നേഹിച്ച തോണിക്കാരനേയും പുലർക്കാലവും സന്ധ്യാവേളകളുമെല്ലാം തനിക്ക്‌ ഉഷിരുപകർന്ന കുട്ടികളെയുമോർത്ത്‌ അതുവിലപിക്കുന്നുണ്ടാവും. ഞാൻ അലക്ഷ്യമായി പുഴയിലേക്ക്‌ നോക്കിയിരുന്നു. മഴ കനത്തു പെയ്യാൻതുടങ്ങി. ശക്തമായി പതിക്കുന്ന മഴതുള്ളികൾ ജലപ്പരപ്പിൽ ഉയരത്തിലുള്ള കുമിളകൾ തീർത്തു. ആകാശം  കറുത്തിരുണ്ടു. ഇടക്കിടെ അട്ടഹാസത്തോടെ ഇടിമിന്നലും. ജലപ്പരപ്പ്‌ നെടുകെപിളർന്ന്‌ പുഴയുടെ അടിയോളം അതിന്റെ പ്രകാശമെത്തി. ശാഹിദ്‌, അവനിപ്പോഴും പുഴയുടെ കുത്തൊഴുക്കിൽ അലയുന്നുണ്ടാകുമോ?. എന്റെ ഹൃദയമിടിപ്പിന്റെ വേഗതകൂടി. പുഴയും ഓരവും മരങ്ങളുമെല്ലാം കുളിർക്കാറ്റേറ്റു ഈറനണിയുമ്പോഴും എന്റെയുള്ളം ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴൊ ശക്തികുറഞ്ഞ മഴ വീണ്ടും തിമർത്തുപെയ്തു. മഴയിൽ നനഞ്ഞുകുതിർന്ന്‌ എങ്ങോട്ടെന്നില്ലാതെ ഞാൻ നടന്നു.




മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

Muhammed Kunhi Wandoor


സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...