Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Wednesday, June 29, 2016

കുറ്റകൃത്യങ്ങളും ശിക്ഷാ നടപടിയും, നിയമ ഭേദഗതിയുടെ അനിവാര്യത



മുഹമ്മദ്കുഞ്ഞി വണ്ടൂർ

    സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളും അരുംകൊലകളും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയള്ള കടന്നാക്രമങ്ങൾ, ബലാത്സംഗം, ലൈഗികാധിക്രമങ്ങൾ, ചെറുതും വലുതുമായ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി ദിനംതോറുമുള്ള ക്രൈംവാർത്തകളുടെ ആധിക്യം ഭയാശങ്കകളോടെ മാത്രമെ നോക്കിക്കാണാനാകൂ. ഓരൊ കുറ്റകൃത്യങ്ങളും നടക്കുമ്പോൾ വാർത്തകളായും പ്രതിഷേധങ്ങളായും മീഡിയകളിൽ സജീവമായിനിൽക്കുന്നു. കുറച്ചുകാലത്തേക്ക്‌ കാമ്പയ്ൻ ആചരിച്ച്‌ സാമൂഹ്യമാധ്യമങ്ങളും വിഷയം ഏറ്റെടുക്കുന്നു. ദിവസങ്ങൾ കൊഴിഞ്ഞുപോകുമ്പോൾ ചർച്ചകൾക്കും പ്രതിഷേധ സ്വരങ്ങൾക്കും പഴയ ഉഷ്മളത നഷ്ടമാകുന്നു. അങ്ങനെ ഓരോ കേസുകളും വിസ്മൃതിയിലേക്ക്‌ കൂപ്പ്കുത്തുന്നു. സമൂഹത്തിന്റെ നീതിബോധവും മനസാക്ഷിയും വീണ്ടും ഉണരണമെങ്കിൽ മറ്റൊരു കൊടുംക്രൂരതവരെ കാത്തിരിക്കേണ്ടി വരുന്നു. കുറ്റവാളികൾക്ക്‌ തക്കതായ ശിക്ഷയും ഇരകൾക്ക്‌ മതിയായ നീതിയും ലഭിക്കുന്നുണ്ടോയെന്ന്‌ വിലയിരുത്താൻ പ്രായോഗികമായ സംവിധാനങ്ങളൊന്നുമുണ്ടാകുന്നില്ല.
  സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളാണ്‌ അടുത്തകാലത്ത്‌ റിപ്പോർട്ടുചെയ്യപ്പെടുന്നതിൽ ഏറ്റവുമധികം. സംസ്ഥാനത്ത്‌ അഞ്ചുവർഷത്തിനിടെ 204കുട്ടികളാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സ്റ്റേറ്റ്‌ ക്രൈംറെക്കോഡ്സ്‌ ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ മാതാപിതാക്കളാലും ബന്ധുക്കളാലും കൊല്ലപ്പെട്ട കേസുകളാണധികവും. ഇക്കാലയളവിൽ 3,154 കുട്ടികൾ ബലാത്സംഗത്തിനിരയായതായും കണക്കുകൾ പറയുന്നു. പോലീസ്സ്റ്റേഷനുകളിൽ റെജിസ്ട്രർ ചെയ്ത കേസുകളുടെ അ​‍ൗദ്യോഗിക കണക്കുകൾ മാത്രമാണിത്‌. യാഥാർത്ഥ സംഖ്യ ഇതിലും എത്രയോ അധികമായിരിക്കും. പുറംലോകം അറിയാതെപോകുന്ന കയ്യേറ്റങ്ങളും പീഡനങ്ങളും നിരവധിയാണ്‌.
കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈനഗരത്തിൽ മണിക്കൂറുകൾക്കുള്ളിൽ ആറ്‌ കൊലപാതകങ്ങളാണ്‌ നടന്നത്‌.  ദിവസങ്ങൾക്കുമുമ്പ്‌ കൊല്ലം പറവൂരിലെ ജിഷ എന്ന നിയമ വിദ്യാർത്ഥിനി അതിക്രൂരമായി കൊലചെയ്യപെട്ടത്‌ രാജ്യത്തെ നടുക്കിയ വാർത്തകളിലൊന്നായിരുന്നല്ലൊ. കാമവെറി തീർക്കാനും വെക്ത്യവൈരാഗ്യങ്ങളുടെ പേരിലും പണാപഹരണത്തിന്‌ വേണ്ടിയും ഒട്ടേറെ കൊലപാതകങ്ങൾ നടക്കുന്നു. ഇതിൽ ആറ്റിങ്ങൽ ഇരട്ടക്കൊലയുൾപ്പടേയുള്ളവ മനസാക്ഷിയെ നടുക്കുന്നതായിരുന്നു.
  അക്രമം, കൊലപാതകം, ബലാത്സംഗം, ലൈഗിക പീഡനം തുടങ്ങി പലകേസുകളിലും യാഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയാതെ വരികയൊ കുറ്റക്കാരായി കണ്ടെത്തിയവർക്ക്‌ അർഹമായ ശിക്ഷ ലഭിക്കാതെവരികയോ ചെയ്യുന്നു. നിലവിലുള്ള നിയമ സംവിധാനങ്ങൾ നടപ്പാക്കുന്നതിലുള്ള പാളിച്ചകളും ആവശ്യമായ നിയമങ്ങളുടെ അപര്യാപ്തതയും പലകേസുകളിലും കുറ്റവാളികൾ രക്ഷപ്പെടുന്നതിനോ ഇരകൾക്ക്‌ നീതി നിഷേധിക്കപ്പെടുന്നതിനോ ഇടയാക്കുന്നു. ഒരു രാജ്യത്തെ സമസ്ത മേഖലയിലും നീതിയുക്തമായ ജീവിതം ഉറപ്പാക്കുന്നതിനാണ്‌ ആരാജ്യത്തെ നീതിന്യായ വ്യവസ്ഥ. തുല്യ നീതിയിലധിഷ്ഠിതമായ നിയമങ്ങളുടെ ക്രോഡീകരണമാണ്‌ നീതിന്യായ വ്യവസ്ഥ. ദൗർഭാഗ്യകരമെന്ന്‌ പറയാം നമ്മുടെ നിയമസംവിധാനത്തിന്‌ പലപ്പോഴും ഇരകളോട്‌ നീതിപുലർത്താൻ കഴിയാതെ വരുന്നു. നിയമത്തിന്റെ പഴുതുപിടിച്ചാണ്‌ പല കുറ്റവാളികളും രക്ഷപ്പെടുന്നത്‌. ഇവിടെ കുറ്റം ജയിക്കുകയും ഇരകൾ പരാജയപ്പെടുകയും ചെയ്യുന്നു. ബലാത്സംഗത്തിനോ പീഡനങ്ങൾക്കൊ ഇരയാകുന്നവർ സമൂഹത്തിന്റെ പുറംപോക്കിലേക്ക്‌ തള്ളപ്പെടുകയും വേട്ടക്കാരായ കുറ്റവാളികൾ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ സമൂഹത്തിൽ നെഞ്ചുവിരിച്ച്‌ നടക്കുകയും ചെയ്യുന്നു.
  പലകേസുകളിലും കുറ്റക്കാരെ കണ്ടെത്തുന്നതിനും ശിക്ഷ വിധിക്കുന്നതിനും കാലതാമസം നേരിടുന്നു. നീതിന്യായം വൈകുന്നത്‌ നീതി നിഷേധിക്കുന്നതിന്‌ തുല്ല്യമാണെന്ന്‌ നിയമം അനുശാസിക്കുമ്പോഴും ഈ തത്വത്തോട്‌ തന്നെ കൂറുപുലർത്താൻ നമ്മുടെ നീതിപീഠങ്ങൾക്ക്‌ കഴിയാതെ വരുന്നു. ലക്ഷക്കണക്കിന്‌ കേസുകൾ ഓരോ കോടതികളിലും കെട്ടിക്കിടക്കുന്നു. കോടതികളിൽ കെട്ടികിടക്കുന്ന ഓരോ കേസ്ഫയലുകളും നീതി നിഷേധത്തിന്റെ ഓരോ സാക്ഷ്യപത്രങ്ങളാണ്‌. സംസ്ഥാനത്തെ നടുക്കിയ ജിഷാ വധക്കേസിൽ മാസങ്ങൾ പിന്നിട്ടിട്ടും വേണ്ടത്ര വ്യക്തത കൈവന്നിട്ടില്ല. പ്രതി(കൾ)ക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പടേയുള്ള തുടർനടപടികൾ എപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന ധാരണയും പറയാനായിട്ടില്ല. രാജ്യത്തെ പലകേസുകളിലും കുറ്റക്കാരെ കണ്ടെത്തുന്നതിനും ശിക്ഷ വിധിക്കുന്നതിനും നടപ്പാക്കുന്നതിനുമെല്ലാം എടുക്കുന്ന വർഷങ്ങളുടെ കാലതാമസം നീതിന്യായ സംവിധാനത്തിന്റെ ബലഹീനതയാൺ​‍്‌ ചൂണ്ടിക്കാണിക്കുന്നത്‌.
  നീതിന്യായ വ്യവസ്ഥയിൽ നിയമത്തിനും നീതിക്കും അഭേദ്യ ബന്ധമാണുള്ളതെങ്കിലും രണ്ടും രണ്ടാണ്‌. ഒട്ടുമിക്ക കേസുകളിലും നിയമവും നീതിയും പരസ്പര വിരുദ്ധമാകുന്ന പ്രതിഭാസം നാം കണ്ടുകൊണ്ടിരിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ സങ്കീർണമായ നിയമങ്ങൾക്ക്‌ നീതിയേക്കാൾ പ്രാധാന്യം നൽകേണ്ടിവരു. ഇവിടെ നിയമത്തെ തലനാരിഴകീറി ചർച്ചചെയ്യുമ്പോൾ നീതി കണ്ടില്ലെന്ന്‌ നടിക്കേണ്ടിവരുന്നു. അടുത്തകാലത്ത്‌ പുറത്തുവന്ന പല നീതിന്യായ തീർപ്പുകളിലും ഈ വൈരുദ്ധ്യം കാണാനാകും. 2012ൽ ഓടുന്ന ബസിൽവെച്ച്‌ ജ്യോതിയെന്ന പെൺകുട്ടി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ട്‌ അതിധാരുണമായി മരണപ്പെടാനിടയായ സംഭവം രാജ്യത്തെ ഇളക്കിമറിച്ച കേസുകളിലൊന്നായിരുന്നല്ലോ. ഇതുപോലെ ജനകീയ ഇടപെടലുകൾകൊണ്ട്‌ ശ്രദ്ധേയമായ മറ്റൊരുകേസും അടുത്തകാലത്തുണ്ടായിട്ടില്ല. ഈ കേസിലെ പ്രധാനപ്രതിയും ഇരയായ പെൺകുട്ടിയോട്‌ ഏറ്റവുമധികം ക്രൂരതകൾ കാണിച്ചതും ഒരു പതിനേഴുകാരനായിരുന്നു. മൂന്നുവർഷത്തെ തടവിനുശേഷം നിയമത്തിനുമുമ്പിലെ ?കുട്ടികുറ്റവാളി? പുറത്തുവരാൻ സാഹചര്യമുണ്ടായപ്പോൾ ?കുറ്റം ജയിച്ചു, ഞങ്ങൾ തോറ്റു? എന്നാണ്‌ പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞത്‌. മകളുടെ മാനവും ജീവനും കവർന്നെടുത്ത മാനസികാവസ്ഥയിൽ നിന്നും നിയമത്തിന്റെ പഴിതിലൂടെ കുറ്റവാളി രക്ഷപ്പെടുന്ന നിരാശയിൽനിന്നും അവർ സമൂഹത്തിന്റെ നെഞ്ചിലേക്ക്‌ തൊടുത്തുവിട്ട വികാരനിർഭരമായ ആവാക്കുകൾ നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിഷേധമായിരുന്നു.
  കുറ്റകൃത്യം നടക്കുന്നസമയത്ത്‌ പ്രതിക്ക്‌ നിയമപ്രകാരം പ്രായപൂർത്തിയായില്ലെന്ന സാങ്കേതികത്വംകൊണ്ട്‌ നാമമാത്രമായ ശിക്ഷയിൽ കാര്യങ്ങളൊതുങ്ങുകയായിരുന്നു. പ്രതിയുടെ പ്രായക്കുറവെന്ന ഒറ്റക്കാരണംകൊണ്ട്‌ ഒട്ടേറെ വേദനകൾ സഹിച്ച്‌ ജീവിതംതന്നെ ഹോമിക്കപ്പെട്ട ഒരു പെൺകുട്ടിക്ക്‌ നീതി നിഷേധിക്കുന്നതിന്‌ തുല്ല്യമായ കാഴ്ചയാണ്‌ നാംകണ്ടത്‌. മാത്രവുമല്ല ഇതുപോലുള്ളവർ നിയമത്തിന്റെ പഴുതുകളുടെ ഓരംപറ്റി നിയമത്തെ നിസാരവൽക്കരിക്കാനും ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാനുമുള്ള സാധ്യതകൾ എമ്പാടുമുണ്ടതാനും. ധർമ്മവും നീതിയും നിയമത്തിന്റെ മുമ്പിൽ നിഷ്പ്രഭമാകുന്ന കാഴ്ചയാണിത്‌. ഇത്പോലുള്ള കൊടുംക്രൂരതകൾ ചെയ്യാനുള്ള ആർജ്ജവവും തന്റേടവുമുള്ളവർക്ക്‌ അതിനർഹമായ ശിക്ഷയേറ്റുവാങ്ങുന്നതിനും പ്രായം തടസ്സമാകോണ്ട കാര്യമില്ല.
  പരിധിക്കപ്പുറമുള്ള മനുഷ്യാവകാശ പരിഗണനകൾ പലപ്പോഴും കുറ്റവാളികൾക്ക്‌ നിർഭയത്വം നൽകുന്നു. മാനമോ ധനമോ ജീവൻതന്നെയോ നഷ്ടപ്പെടുന്ന ഇരകൾക്ക്‌ ലഭിക്കേണ്ട മനുഷ്യാവകാശത്തേക്കാൾ കുറ്റവാളികളുടെ മനുഷ്യാവകാശത്തിന്‌ പ്രാധാന്യം കൽപ്പിക്കുന്നത്‌ നീതിയുക്തമായ നിയമവാഴ്ചയുടെ അടയാളയല്ല. ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ മനുഷ്യാവകാശങ്ങളെകുറിച്ച്‌ പരിതപിക്കുന്നവർ നിരപരാധികളായ ഇരകളുടെ നഷ്ടത്തെകുറിച്ചും ശിഷ്ടജീവിതത്തെകുറിച്ചും ആലോചിക്കുന്നത്‌ നല്ലതാണ്‌. കുറ്റവാളിക്ക്‌ ശിക്ഷ നൽകുന്നത്‌ ചൈതതെറ്റിനുള്ള പ്രതികാരനടപടി എന്നതിലപ്പുറം സമൂഹത്തിന്‌ പാഠവും പ്രചോദനവുമാകേണ്ടതാണ്‌. മറ്റുള്ളവരുടെ ജീവനും സ്വത്തിനും മാനത്തിനും പോറലേൽപ്പിക്കുമ്പോൾ തങ്ങളെ കാത്തിരിക്കുന്ന ശിക്ഷയെകുറിച്ച്‌ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി കൂടിയാണിത്‌.

  സാമ്രാജ്യത്വ താൽപ്പര്യങ്ങൾ മുൻനിർത്തി പതിനഞ്ച്‌ ദശകങ്ങൾക്കപ്പുറം ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയ ശിക്ഷാനിയമമാണ്‌ ഇപ്പോഴും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അധാരശില. ഒന്നര നൂറ്റാണ്ടിനുമുമ്പുള്ള സാമൂഹ്യസാഹചര്യമല്ല ഇന്ന്‌ നിലവിലുള്ളത്‌. സ്ഥാപിത കാലഘട്ടത്തിൽമാത്രം പ്രസക്തമായ ഒട്ടേറെകാര്യങ്ങൾ ഇപ്പോഴും അനുവർത്തിച്ചുപോരുന്നു. സാമ്രാജ്യത്വ അധീശത്വം ഊട്ടിയുറപ്പിക്കാൻ ബൃട്ടീഷുകാർ ഉൾപ്പെടുത്തിയ രാജ്യദ്രോഹപരാമർശമുള്ള 124എ വകുപ്പ്പോലുള്ളവ പരിഷ്കാരങ്ങൾക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. പുതിയ തലമുറയിലെ കുറ്റകൃത്യങ്ങളായ എ.ടി.എം തട്ടിപ്പ്‌, ഓൺലൈൻചൂതാട്ടം തുടങ്ങിയ സൈബർകുറ്റകൃത്യങ്ങളെ ശക്തമായി നേരിടുന്നതിനുള്ള ശിക്ഷാനിയമങ്ങളും രൂപപ്പെടേണ്ടതുണ്ട്‌. രാജ്യത്തെ എല്ലാ ജനങ്ങൾക്കും തുല്ല്യനീതി ഉറപ്പാക്കാനും അധികാരവും സ്വാധീനവും ഉപയോഗിച്ച്‌ നീതിയും ന്യായവും വിലക്കുവാങ്ങാമെന്ന അവസ്ഥയുണ്ടാകാതിരിക്കാനും നീതിന്യായ സംവിധാനത്തിന്‌ കഴിയേണ്ടതുണ്ട്‌. കാലം ആവശ്യപ്പെടുന്ന പരിഷ്കാരങ്ങളോടെ നീതിന്യായ സംവിധാനത്തെ ഈടുറ്റതാക്കിയില്ലെങ്കിൽ അരാജകത്വവും അരക്ഷിതാവസ്ഥയും അതിവിദൂരമാവുകയില്ല.



Monday, September 14, 2015

കോഴിക്കോടിനോട്‌ ആർക്കാണിത്ര വിരോധം?





കോഴിക്കോട്‌ വിമാനത്താവളം അരനൂറ്റാണ്ടിനും മുമ്പുള്ള മലബാറുകാരുടെ സ്വപ്നമായിരുന്നു. പഴയ തലമുറയിലെ പ്രവാസികൾ ഈ സ്വപ്നം നെഞ്ചിലേറ്റി നടന്നു. പ്രത്യേകിച്ച്‌ മലപ്പുറം കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ്‌, പാലക്കാട്‌ തുടങ്ങി ഏഴു ജിൽകളിൽ നിന്നുള്ള പ്രവാസികൾ. അവർ അനുഭവിച്ചിരുന്ന യാത്രാ ദുരിതം തന്നെയാണ്‌ അതിന്‌ പ്രധാന കാരണം. പ്രവാസ നൊമ്പരങ്ങൾക്കിടെ രണ്ടൊ മൂന്നൊ വർഷം കൂടുംമ്പോൾ നാടണയാൻ അവർ അതുവരെ ആശ്രയിച്ചിരുന്നത്‌ ബോംബെ വിമാനത്താവളത്തേയായിരുന്നു. ബോബെ വഴിയുള്ള യാത്ര അത്യന്തം ദുരിതപൂർണ്ണമായിരുന്നെന്ന്‌ പഴയകാല പ്രവാസികൾ സാക്ഷ്യപ്പെടുത്തന്നു. കസ്റ്റംസിന്‌ കാണിക്ക വെച്ചും കള്ളൻമാരുടേയും കൊള്ളക്കാരുടേയും കണ്ണുവെട്ടിച്ചും കഷ്ടിച്ചുവേണം സ്വന്തം നാടുകളിലേക്ക്‌ തിരിക്കാൻ. എയർപ്പോർട്ടിൽ വെച്ചും ബസിൽവെച്ചും ലഗേജും മറ്റും നഷ്ടപ്പെടുന്നത്‌ പതിവായിരുന്നു. പ്രവാസ വിരഹത്തിന്‌ ഇടവേള നൽകി നാട്ടിലേക്ക്‌ പുറപ്പെടുംമ്പോഴുള്ള മുഴുവൻ സന്തോഷവും ഇല്ലാതാകുന്ന അനുഭവങ്ങളായിരുന്നു അതെല്ലാം.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 1988ൽ ആ സപ്നം യാഥാർത്ഥ്യമായി. കോഴിക്കോടിന്റെ മാനത്തും വിമാനം ചിറക്‌ വിടർത്തി. വിമാനത്താവളം യാഥാർത്ഥ്യമായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത്‌ ഗൾഫ്‌ മലയാളികളായിരുന്നു. കരിപ്പൂരിൽ വിമാനം ഇറങ്ങാൻ തുടങ്ങിയതുമുതൽ ഗൾഫ്‌ നാടുകളിൽനിന്ന്‌ മുംബൈ വഴി കോഴിക്കോട്ടേക്ക്‌ പറക്കാൻ സൗകര്യമൊരുങ്ങി. ഇത്‌ ഈ സെക്ടറിലുള്ള യാത്രാ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കായി. 1992ൽ അന്താരാഷ്ട്ര സർവീസ്‌ കൂടി തുടങ്ങിയതോടെ അഞ്ചോ ആറൊ മണിക്കൂറുകൊണ്ട്‌ നേരിട്ട്‌ സ്വന്തം നാട്ടിൽ വന്ന്‌ ഇറങ്ങാമെന്ന അവസ്ഥയായി. തുടർന്ന്‌ കേഴിക്കോടിന്‌  വികസനങ്ങളുടെ കാലഘട്ടമായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയിലും റൺവെ വിപുലീകരണം  ഉൾപ്പെടേയുള്ള നിർമ്മാണ പ്രവർത്തികൾ നടന്നു. വലിയ വിമാനങ്ങൾക്ക്‌ വരെ സർവീസ്‌ നടത്താൻ പാകത്തിൽ കരിപ്പൂരിന്റെ മണ്ണൊരുങ്ങി. ഇൻസ്ട്രുമെന്റൽ ലാൻഡിംഗ്‌, നൈറ്റ്‌ ലാൻഡിംഗ്‌ സംവിധാനങ്ങളും കോഴിക്കോടിനെ തേടിയെത്തി. അവസാനം വിപുലീകരണ പ്രവർത്തനങ്ങളുടെ ബാധ്യത തീർത്തത്‌ യൂസേർസ്‌ ഫീ എന്ന പേരിൽ പ്രവാസികൾ നൽകിയ സംഭാവനകൾകൊണ്ടാണ്‌. തുടർന്ന്‌ 2006ൽ അന്താരാഷ്ട്ര പദവി നൽകിയപ്പോൾ അത്‌ കോഴിക്കോട്‌ വിമാനത്താവളത്തിന്‌ ലഭിച്ച പൊൻതൂവലായിരുന്നു. തുടർന്ന്‌ ഒട്ടേറെ വിദേശ വിമാന കമ്പനികൾ ഗൾഫ്‌ മേഖലയിൽ നിന്നും കോഴിക്കോട്ടേക്ക്‌ പറക്കാൻ തയ്യാറായി. അത്‌ ഈ മേഖലയിലുള്ള ലക്ഷക്കണക്കിന്‌ യാത്രക്കാർക്ക്‌ സഹായകമായി. കാർഷിക,  വ്യാവസായ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. 

മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക്‌ ചിറക്‌ വെച്ച്‌ ആകാശത്താളമുയരത്തിൽ  പറക്കുന്നതിനിടക്കാണ്‌ പൊടുന്നനെ കാര്യങ്ങൾ തകിടം മറിയുന്നത്‌. മധുവിധു തീരും മുമ്പെ സ്വപ്നങ്ങൾക്ക്‌ മങ്ങലേൽപ്പിച്ച്‌ എയർപോർട്ട്‌ അഥോരിറ്റി ഓഫ്‌ ഇന്ത്യ യുടെ പ്രഖ്യാപനം വന്നു. റൺവേ വികസനത്തിന്റേയും റീകാർപ്പറ്റിങ്ങിന്റേയും പേരിൽ വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള തീരുമാനം അറിയിച്ചു. പണി തുടങ്ങുന്നതിനും ആറുമാസം മുമ്പ്‌ വിമാനത്താവളത്തിന്‌ ഭാഗികമായി താഴ്‌ വീണു. ഇതിന്‌ തെരഞ്ഞെടുത്ത സമയമാകട്ടെ ഏറ്റവും തിരക്കുള്ള സീസണിൽ. മധ്യവേനൽ അവധിയും, ഹജ്ജും പെരുന്നാളും ഓണവുമെല്ലാം വരുന്നത്‌  മുൻക്കരുതലായി അടച്ചിടുന്ന മെയ്‌ മുതൽ ഒക്ടോബർ വരേയുള്ള ഈ ആറുമാസത്തിനുള്ളിൽ. ഒരു സീസണിലെ വരുമാനം നഷ്ടമാവുക എന്നതിലപരി കോഴിക്കോടിന്റെ ഭാവി തന്നെ അനിശ്ചിതത്തിലാക്കുന്ന ഒരു തീരുമാനമായിരുന്നു അത്‌. റൺവേ അറ്റകുറ്റ പണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കും വിമാനത്താവളങ്ങളിൽ സമയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും ഭാഗികമായി അടച്ചിടുന്നതുമെല്ലാം സാധരണമാണ്‌. പക്ഷെ കോഴിക്കോട്‌ വിമാനത്താവളത്തിന്റെ നവീകരണത്തിന്‌ വേണ്ടി നീക്കിവെച്ചിരിക്കുന്നത്‌ ദീർഘമായ കാലയളവാണ്‌. വളരെ തിരക്കും യാത്രക്കാരുടെ ബാഹുല്ല്യവുമുള്ള വിമാനത്താവളങ്ങൾ വരെ റൺവേ വിപുലീകരണവും റീകാർപ്പറ്റിങ്ങും ഉൾപ്പടേയുള്ളവ പൂർത്തീകരിച്ച്‌ കുറഞ്ഞ ദിവസങ്ങളൊ ഏതാനും മാസങ്ങളൊ കൊണ്ട്‌ സർവ്വീസ്‌ യോഗ്യമാക്കാറുണ്ട്‌. രണ്ട്‌ വർഷം ദീർഘമായ കാലയളവാണെന്നിരിക്കെ അതിനു ശേഷമെങ്കിലും വിമാനത്താവളത്തെ പൂർവ്വ സ്ഥിതിയിലെത്തിക്കാനും ജംബൊ വിമാനങ്ങളടക്കം വിദേശ സർവീസുകൾ പുനസ്ഥാപിക്കാനും സാധ്യമാകുമൊ എന്നത്‌ കണ്ടറിയേണ്ട കാര്യമാണ്‌. നിലവിൽ കാര്യങ്ങളുടെ ഗതി വിലയിരുത്തുമ്പോൾ കോഴിക്കോട്‌ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഡമായ നീക്കമാണ്‌ നടക്കുന്നതെന്ന്‌ ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല. ഇതിനിടെ നിലവിലെ മാനദണ്ഡങ്ങൾ പാലിച്ച്‌ സർവീസ്‌ നടത്താൻ തയ്യാറായ ചില വിദേശ വിമാനക്കമ്പനികൾക്ക്‌ അനുമതി നൽകാത്തത്‌ പോലുള്ള കാര്യങ്ങൾ ഈ സംശയം ബലപ്പെടുത്തുന്നു. 

നിലവിൽ ഗൾഫ്‌ നാടുകളിൽ നിന്ന്‌ മലബാർ മേഖലയിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത്‌ മുംബൈ, കൊച്ചി വിമാനത്താവളങ്ങളേയാണ്‌. അവിടെ നിന്നും സ്വന്തം നാടുകളിലേക്ക്‌ തുടർന്ന്‌ യാത്ര ചെയ്യാനുള്ള കാര്യക്ഷമമായ ഒരു സംവിധാനവും നിലവിലില്ല. കേരളത്തിൽ നിന്ന്‌ ഏറ്റവും കൂടുതൽ ഹജ്ജ്‌ യാത്രക്കാരുള്ളത്‌ മലബാർ മേഖലയിൽ നിന്നാണ്‌. പ്രായധിക്യമുള്ള ഹജ്ജ്‌ തീർത്ഥാടകർ വരെ രണ്ട്‌ ദിവസം മുമ്പെ കൊച്ചിയിലേക്ക്‌ പുറപ്പെടേണ്ട അവസ്ഥയാണ്‌ ഇപ്പോഴുള്ളത്‌. മതിയായ സൗകര്യങ്ങളോടെ കരിപ്പൂരിൽ സ്ഥാപിച്ച ഹജ്ജ്‌ ഹൗസ്‌ ഒഴിഞ്ഞു കിടക്കുമ്പോഴാണ്‌ ഈ അവസ്ഥ നിലനിൽക്കുന്നത്‌.

വിദേശ വിമാനങ്ങളുടേത്‌ ഉൾപ്പടെ സർവീസുകൾ കൂട്ടമായി റദ്ദാക്കിയതും ഹജ്ജ്‌ യാത്രകൾ പൂർണമായും കൊച്ചിയിലേക്ക്‌ മാറ്റിയതും കോഴിക്കോട്‌ വിമാനത്താവളത്തെ ഇപ്പോൾ ഭാഗികമായി നിശ്ചലമാക്കിയിരിക്കുകയാണ്‌. മറ്റു സെക്ടറുകളിലേക്ക്‌ റീ ഷെഡ്യൂൾ ചൈത വിദേശ വിമാനങ്ങൾ നവീകരണം പൂർത്തിയായാലും ഇനി കോഴിക്കോട്ടേക്ക്‌ തിരിച്ചു പറക്കുന്ന കാര്യം ഉറപ്പ്‌ പറയാനാവില്ല. ചുരുക്കത്തിൽ കോഴിക്കോട്‌ വിമാനത്താവളത്തിന്റെ ഭാവി തന്നെ അനിശ്ചിതത്തിലായേക്കാവുന്ന നിലയിലാണ്‌ കാര്യങ്ങളുടെ കിടപ്പ്‌. കോഴിക്കോട്‌ വിമാനത്താവളം ഒരിക്കലും കേരളത്തിന്‌ നഷ്ടമായിക്കൂടാ. നവീകരണം ഉടൻ പൂർത്തീകരിക്കാൻ ശകതമായ പ്രക്ഷോഭങ്ങൾ നടക്കേണ്ടതുണ്ട്‌. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇതിന്‌ മുന്നിട്ടിറങ്ങണം. സർക്കാരും രാഷ്ട്രീയ പാർട്ടികളും  ഈ വിഷയത്തിൽ മൗനം വെടിഞ്ഞ്‌ കോഴിക്കോട്‌ വിമാനത്താവളത്തെ രക്ഷിക്കണം. 


സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...