Friday, February 25, 2011

ജിദ്ദാ ബ്ലോഗേഴ്സ് മീറ്റ് - ഇത്‌ ചരിത്ര മുഹൂർത്തം



വൈകിട്ട് ഏഴുമണിക്ക്‌ തന്നെ ഞാൻ ഷറഫിയ ലക്കി ദർബാർ ഹോട്ടലിനു മുമ്പിലെത്തി. ഏഴുമണിക്ക്‌ തന്നെ സംഘാടകരെല്ലാം എത്തണമെന്ന നിർദ്ദേശമുള്ളതുകൊണ്ട്‌ സമയക്രമം പാലിക്കാൻ ഞാൻ കഴിവതും ശ്രമിച്ചു. ഞാനാണ്‌ ആദ്യമെത്തിയതെന്ന്‌ മനസ്സിലാക്കി സലീം ഐക്കരപ്പടിയെ ഫോണിൽ വിളിച്ചു .അദ്ദേഹം നേരത്തെ എത്തിയെന്നും ഇപ്പോൾ മീറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾക്ക്‌ പുറത്തുപോയതാണെന്നും മറുപടി വന്നു. പിന്നെ വിളിച്ചത്‌ ബ്ലോഗേഴ്സ്‌ ഗ്രൂപിന്റെ ചെയർമാൻ സമദ്‌ കാരാടനെ. ഡയൽ ചൈതു തുടങ്ങിയപ്പോഴെ അദ്ദേഹത്തെ മുന്നിൽ കണ്ടു. എന്നേയും സലീം എക്കരപ്പടിയേയും പിന്നിലാക്കി ആദ്യമെത്തിയത്‌ സമദ്‌ക്കയായിരുന്നു. എല്ലാവരും എത്തിയിട്ട്‌ ചെയർമാനെത്തുന്ന രീതി അദ്ദേഹം തിരുത്തി. ഞാനും സമദ്‌ക്കയും ഓഡിറ്റോറിയത്തിൽ കയറി വേദിയും ഇരിപ്പിടങ്ങളുമെല്ലം വിലയിരുത്തി. അപ്പോഴേക്കും പ്രസിഡണ്ട്‌ ഉസ്മാൻ ഇരിങ്ങാട്ടിരി ഒറ്റവരിക്കവിതയും മൂളി ഓഡിറ്റോറിയത്തിലേക്ക്‌ കടന്നുവന്നു. അദ്ദേഹവും വേദിയും പരിസരവുമെല്ലം ഒന്ന്‌ ക്രോസ്‌ ചെക്ക്‌ ചെയ്തു. പിന്നെ മീറ്റിന്റെ സജീവ സംഘാടകരിലൊരാളായ കൊമ്പൻ മൂസയുടെ ആഗമനം. അപ്പോഴേക്കും പുറത്തുപോയ സലീം ഐക്കരപ്പടിയും എത്തി. ഒപ്പം ‘ജിദ്ദാ ബ്ലോഗേഴ്സ്‌-ഒരു കിളിവാതിൽ കാഴ്ച’ എന്ന പരിപാടിക്കുള്ള കുന്തോം കൊടചക്രോം കയ്യിലേന്തി സെക്രട്ടറി കൂടിയായ പ്രിൻസാദും വീഡിയോഗ്രാഫർ ജൈസലും സ്ഥലത്തെത്തി. പിന്നെ ബ്ലോഗർമാരായ ഷാജു വാണിയമ്പലം, ഗ്രൂപ്പിന്റെ പ്രോഗ്രാം കോ-ഓഡിനേറ്ററായ അഷ്‌റഫ്‌ ഉണ്ണീൻ, മീഡിയാ കൺവീനർ അൻവർ വടക്കാങ്ങര, വെസ്പ്രസിഡണ്ടും ഫേസ്ബുക്കിലെ താരവുമായ അബ്ദുള്ള സർദാർ, മറ്റൊരു വൈസ്‌ പ്രസിഡണ്ട്‌ റസാക്ക്‌ എടവനക്കാട്‌ തുടങ്ങിയ വമ്പൻമാരും എത്തി. അതിനു തൊട്ടുപിന്നാലെ നമ്മുടെ സൂപ്പർ ബ്ലോഗർ ബഷീർ വള്ളിക്കുന്നുമെത്തി.

ജിദ്ദാ ബ്ലോഗർമാരെ ആവേശ ഭരിതരാക്കി മദീനയിൽ നിന്നും ഒരൊന്നൊന്നര കാമറയുമായി കാർട്ടൂണിസ്റ്റും ബ്ലോഗറും മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപിന്റെ പ്രതിനിധികൂടിയായ നൗഷാദ്‌ അകമ്പാടവും, മുട്ടിനു താഴെ നീളമുള്ള ജൂബയണിഞ്ഞ്‌ പുഞ്ചിരിക്കുന്ന മുഖവുമായി നൗഷാദ്‌ കൂടരഞ്ഞിയുമെത്തി. അവരെ സ്വീകരിച്ച്‌ കഴിഞ്ഞപ്പോഴേക്കും യാമ്പുവിൽനിന്നുള്ള സംഘത്തിന്റെ വരവ്‌. ഒട്ടേറെ കഥകളുമായി ബ്ലോഗ്‌ രംഗത്ത്‌ നിറ സാന്നിദ്ധ്യമായ അക്ബറലി വാഴക്കാട്‌, കവിതകളിലൂടെ ബ്ലോഗിൽ ഒഴുകി നടക്കുന്ന എം.ടി മനാഫ്‌ എന്നിവരായിരുന്നു സംഘത്തിലെ പ്രമാണിമാർ. പിന്നെ ഒരൊഴുക്കായിരുന്നു. തെച്ചിക്കോടൻ ഷംസ്‌, എന്റെ നാട്ടുകാരൻ ഷാനവാസ്‌ ഇളയോടൻ, ഫോട്ടൊ ബ്ലോഗർ നൗഷാദ്‌, ഹംസ‌ നിലമ്പൂർ, സൈനുദ്ധീൻ പാലത്തിങ്ങൽ , സുല്ഫി (കൂട്ടം), മുജീബ് ചെങ്ങര, ബാവ രാമപുരം, ബഷീർ കല്ലോരത്ത്‌, അബ്ദുള്ള മുക്കണ്ണി, സലീം കൂട്ടായി, മുഹമ്മദ്‌ ലുലു, സാദത്ത്‌ വെളിയങ്കോട്‌, സാജിദ്‌ ഈരാറ്റുപേട്ട, മഹ്ബൂബ്‌ റഹ്‌മാൻ, മുഹമ്മദ്‌ മുസ്ഥഫ, ഓ.എ.ബി, നിജാസ്‌, അഷ്‌റഫ്‌ ആദം, ലാല ദുജ....... അങ്ങനെ ഓരോരുത്തരായി എത്തിത്തുടങ്ങി.

ജിദ്ദയിലെ വനിതാ ബ്ലോഗർമാരായ സാബിബാബ(സാബിറ സിദ്ധീഖ്‌), ഷഹനാസ് മുസ്ഥഫ, ബ്ലോഗറും തെച്ചിക്കോടൻ ഷംസിന്റെ പുത്രിയുമായ പത്തു വയസ്സുകാരി നൗറീനും മറ്റു ബ്ലോഗർമാരുടെ കുടുംബാങ്ങങ്ങളും മീറ്റിനെത്തി. ജോലി സംബന്ധമായി റിയാദിലായതു കാരണം വരാൻ കഴിയില്ലെന്ന്‌ അജിത്‌ നീർവിളാകൻ അറിയിച്ചിരുന്നു. പരസ്പരം കാണുക പോലും ചെയ്യാത്തവർ, ഓൺലൈനിലൂടെ മാത്രം പരിചയപ്പെട്ടവർ, വെത്യസ്ഥ വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുള്ളവർ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ കഥ, കവിത, നർമ്മം, രാഷ്ട്രീയം, സാമൂഹികം, ആനുകാലികം, വര, ഫോട്ടോഗ്രാഫി തുടങ്ങുയ മേഖലകളിൽ ബ്ലോഗ് രംഗത്തുള്ളവർ, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നവർ. പരസ്പ്പരം കണ്ടുമുട്ടിയപ്പോൾ അടക്കാനാവത്ത സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.

പിന്നെ അതിഥികളായ ഗൾഫ്‌ മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ, മലയാളം ന്യൂസ്‌ പത്രാധിപ സമിതിയംഗം സി.ഒ.ടി അസീസ്‌, മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ്‌ നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്‌, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി തുടങ്ങിയവരും എത്തിച്ചേർന്നു. അങ്ങനെ ഒമ്പതരയോടുകൂടി മലയാള ബ്ലോഗ്‌ ചരിത്രത്തിലെ സുപ്രധാന ഏടായ ജിദ്ദാ മീറ്റിന്‌ സമാരംഭമായി.....


ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചാപ്റ്റർ ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതമാശംസിക്കുന്നു


ഗൾഫ് മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ മീറ്റ് ഉദ്ഘാടനം ചെയ്യുന്നു


ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌ ജിദ്ദാ ചാപ്റ്റർ പ്രസിഡണ്ട് ഉസ്മാൻ ഇരിങ്ങാട്ടിരി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു


സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിന്‌ ചെയർമാൻ സമദ് കാരാടൻ മൊമന്റൊ നൽകി ആദരിക്കുന്നു


മൊമന്റൊ (മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ദാ ചപ്റ്റർ)


സമദ് കാരടൻ മൊമന്റൊ നൽകി സംസാരിക്കുന്നു

Muhammed Kunhi Wandoor
Muhammed Kunhi Wandoor
ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ് ദാന പ്രസംഗം നടത്തുന്നു


മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം സി.ഒ.ടി അസീസ് 'സമാന്തര മീഡിയ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നു.


മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ ആശംസകളർപ്പിച്ച് സംസാരിക്കുന്നു


ഡോ. ഇസ്മാഈൽ മരുതേരി ആശംസകളർപ്പിച്ച് സംസാരിക്കുന്നു


ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ് നെടുങ്ങാടി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


മീഡിയ ഫോറം സെക്രട്ടറി ജാഫറലി പാലക്കോട് ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


കൂട്ടം പ്രതിനിധി രാധാകൃഷ്ണപ്പിള്ള ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി നൗഷാദ് കൂടരഞ്ഞി ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


കവിയും ബ്ലോഗറുമായ എം.ടി മനാഫ് ആശംസകളർപ്പിച്ച്‌ സംസാരിക്കുന്നു


സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്ന് ബ്ലോഗുകളുടെ പുതിയ സാധ്യതകളെ കുറിച്ച് പ്രഭാഷണം നടത്തുന്നു


സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിക്കുന്നു

ബ്ലോഗേഴ്സ് മീറ്റ് ഒറ്റ നോട്ടത്തിൽ

(9:30 PM)
സ്വാഗതം
ജനറൽ സെക്രട്ടറി സലീം ഐക്കരപ്പടി സ്വാഗതം ആശംസിച്ചു

ഉദ്ഘാടനം
ഗൾഫ്‌ മാധ്യമം എഡിറ്റർ കാസിം ഇരിക്കൂർ ഉദ്ഘാടനം ചൈതു. സമാന്തര മാധ്യമങ്ങളേയും സോഷ്യൽ നെറ്റുവർക്കുകളേയും അവഗണിച്ച്‌ പുതിയ സാഹചര്യത്തിൽ മുന്നോട്ടുപോകാനവില്ലെന്നും, അറബ് ലോകത്തെ പുതിയ സംഭവവികാസങ്ങൾ, ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടേയും സോഷ്യൽ നെറ്റുവർക്കുകളുടേയും ദ്രുതഗതിയിലുള്ള കമ്മ്യൂണിക്കേഷൻ സാധ്യതയാണ്‌ വെളിപ്പെടുത്തുന്നതെന്നും,ബ്ലോഗുകളേയും സാമ്പ്രദായിക മാധ്യമങ്ങളേയും തരം തിരിച്ച്‌ കാണേണ്ടതില്ലെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

അദ്ധ്യക്ഷൻ
പ്രസിഡണ്ട്‌ ഉസ്മാൻ ഇരിങ്ങാട്ടിരി ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോഗർമാരുടെ കൂട്ടായ്മയുടേയും പാരസ്പര്യത്തിന്റേയും ഉത്തമ ഉദാഹരണമാണ്‌ ഈ മീറ്റിന്റെ വിജയമെന്നും, മറ്റു രംഗത്തുള്ളതുപോലെ പടലപ്പിണക്കങ്ങളും തർക്കങ്ങളും ബ്ലോഗർമാർക്കിടയിലില്ലെന്നും അദ്ധേഹം പറഞ്ഞു.

സൂപ്പർ ബ്ലോഗർ അവാർഡ് ജേതാവ് ബഷീർ വള്ളിക്കുന്നിനെ ആദരിക്കൽ
ചെയർമാൻ സമദ്‌ കാരാടൻ ബ്ലോഗേഴ്സ്‌ ഗ്രൂപ്പിന്റെ മൊമന്റൊ ബഷീർ വള്ളിക്കുന്നിന്‌ നൽകി ആദരിച്ചു. ബ്ലോഗുകളിലൂടെ ഒട്ടേറെ പ്രതിഭകൾ കഴിവ് തെളിയിക്കുന്നുണ്ടെന്നും, ബഷീർ വള്ളിക്കുന്ന്‌ പുതുമയുള്ള എഴുത്തുകാരനാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡണ്ട്‌ മുഹമ്മദ്കുഞ്ഞി വണ്ടൂർ അവാർഡ്‌ ദാന പ്രസംഗം നടത്തി.

മുഖ്യ പ്രഭാഷണം
‘സമാന്തര മീഡിയകളുടെ പ്രാധാന്യം’ എന്ന വിഷയത്തിൽ മലയാളം ന്യൂസ്‌ പത്രാധിപ സമിതി അംഗം സി.ഒ.ടി. അസീസ്‌ മുഖ്യ പ്രഭാഷണം നടത്തി. പുതിയ കാലഘട്ടത്തിൽ സമാന്തര മാധ്യമങ്ങളും സോഷ്യൽ നെറ്റുവർക്കുകളും വളരെ പ്രസക്തമാണെന്നും, മാധ്യമ പ്രവർത്തന രംഗത്ത്‌ മുമ്പത്തേതിനെ അപേക്ഷിച്ച്‌ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മാറ്റങ്ങളെ ആരോഗ്യകരമായി ഉൾക്കൊള്ളുകയാണ്‌ വേണ്ടതെന്നും, സമാന്തര മീഡിയകളുടെ രംഗപ്രവേശനത്തോടെ സാമ്പ്രദായിക മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.

ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ച്ച
ജിദ്ദയിലെ നാല്പ്പതോളം വരുന്ന ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന മൾട്ടിമീഡിയ സ്ലൈഡ് ഷോക്ക് സെക്രട്ടറി പ്രിൻസാദ് പാറായി നേതൃത്വം നൽകി

പ്രഭാഷണം
മലയാള ബ്ലോഗ്‌ രംഗത്തെ പുതിയ സാധ്യതകളെ കുറിച്ച്‌ ബഷീർ വള്ളിക്കുന്ന്‌ പ്രഭാഷണം നടത്തി. വാർത്താ വിനിമയ രംഗത്തും സാഹിത്യ രംഗത്തും ബ്ലോഗുകളുടേയും മറ്റു ഓൺലൈൻ മീഡിയകളുടേയും സംഭാവനകൾ വളരെ വലുതാണെന്നും, പുതിയ സാങ്കേതികതയും മാറ്റങ്ങളും ഉൾക്കൊള്ളാതെ ഇത്തരം സങ്കേതങ്ങളെ എതിർക്കുന്നവരോട്‌ സഹതാപമാണ്‌ തോന്നുന്നതെന്നും അദ്ധേഹം പറഞ്ഞു.

ആശംസ
മീറ്റിന്റെ സ്പോൺസർ ഫാഇദ അബ്ദുറഹ്‌മാൻ, ഡോ. ഇസ്മാഈൽ മരുതേരി, ആസ്വാദക സംഘം പ്രതിനിധി ഗോപിനാഥ്‌ നെടുങ്ങാടി, മീഡിയാഫോറം സെക്രട്ടറി ജാഫറലി പാലക്കോട്‌, കൂട്ടം ഓൺലൈൻ പ്രതിനിധി രാധാകൃഷ്ണപ്പിള്ള, എഴുത്തുകാരൻ ഉസ്മാൻ ഇരുമ്പുഴി, നൗഷാദ്‌ കൂടരഞ്ഞി, ടി മനാഫ്‌, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബ്ലോഗേഴ്സ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഇംത്യാസ് ഇറാഖിൽനിന്ന് ആശംസകൾ നേർന്ന് സന്ദേശമയച്ചു.

നന്ദി
സെക്രട്ടറി കൊമ്പൻ മൂസ നന്ദി പ്രകാശിപ്പിച്ചു

ഭക്ഷണം
മീറ്റിൽ പങ്കെടുത്തവർക്കെല്ലാം സംഘാടകർ ഭക്ഷണം ഏർപ്പെടുത്തിയിരുന്നു.
(12: 30)

കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും


ഫേസ് ബുക്കിലെ മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പ്‌ സ്ഥാപകനും അഡ്മിനിസ്ട്രേറ്ററുമായ മുഹമ്മദ്‌ ഇംത്യാസ്‌ (ആചാര്യൻ)


റസാഖ് എടവനക്കാട്, നൗഷാദ് കൂടരഞ്ഞി, ഉസ്മാൻ ഇരിങ്ങാട്ടിരി, അക്ബറലി വാഴക്കാട്


ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ പ്രിൻസാദ് പാറായി


ജിദ്ദാ ബ്ലോഗുകൾ - ഒരു കിളിവാതിൽ കാഴ്ചയിൽ അൻവർ വടക്കാങ്ങര

മീറ്റിന്റെ ആകർഷണീയത

മാധ്യമ സാഹിത്യ സാംസ്കാരിക രംഗത്തേ കുറിച്ചുള്ള കാലികമായ ചർച്ചകളും സംവാദംങ്ങളും മീറ്റിലുടനീളം ദൃശ്യമായിരുന്നു
മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരുമെല്ലാം പുതിയ കാലഘട്ടത്തിൽ ബ്ലോഗുകളുടേയും സോഷ്യൽ നെറ്റ്വർക്കുകളുടേയും പ്രാധാന്യം വിലയിരുത്തി. ഇത് ബ്ലോഗർമാർക്ക് കൂടുതൽ ആവേശവും ഊർജ്ജവും നൽകുന്നതായിരുന്നു

മാധ്യമ പ്രതിനിധികളുടെ സാന്നിദ്ധ്യം മീറ്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. മാധ്യമം, മലയാളം ന്യൂസ്‌, മലയാളമനോരമ, സിറാജ്‌, ചന്ദ്രിക, ഏഷ്യാനെറ്റ്‌, കൈരളി, ജൈഹിന്ദ്‌ തുടങ്ങി അച്ചടി - ദൃശ്യ മാധ്യമ രംഗത്തെ പ്രതിനിധികളെല്ലാം മീറ്റിൽ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.

മീറ്റ്‌ പ്രഖ്യാപനം മുതൽ അച്ചടി മാധ്യമങ്ങൾ വേണ്ടുന്ന പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തൾ നൽകിക്കൊണ്ടിരുന്നു. ബൂലോകം ഓൺലൈൻ തുടങ്ങിയ ഓൺലൈൻ മീഡിയകളും നല്ല പ്രാധാന്യത്തോടെ മീറ്റിന്റെ വാർത്തകൾ അപ്പപ്പോൾ നൽകിക്കൊണ്ടിരുന്നു.ബൂലോകം ഓൺലൈനിന്റെ ജിക്കുവർഗീസ് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.


സദസ്സ് - ഒരു ദൃശ്യം


സദസ്സ് - മറ്റൊരു ദൃശ്യം


ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അബ്ദുള്ള സർദാർ ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം


ജിദ്ദാ ചാപ്റ്റർ വൈസ് പ്രസിഡണ്ട് റസാഖ് എടവനക്കാട് സമദ് കാരാടനൊപ്പം


ഷാനവാസ് എളയോടൻ മക്കൾക്കൊപ്പം

Muhammed Kunhi Wandoor
Muhammed Kunhi Wanddor





ബ്ലോഗർ തെച്ചിക്കോടൻ ഷംസ്


നൗഷാദ് അകമ്പാടം ,ഹംസ നിലമ്പൂർ, ഷാജു വാണിയമ്പലം, കൊമ്പൻ മൂസ, തുടങ്ങിയ ബ്ലോഗർമാർക്കൊപ്പം


ബ്ലോഗർ സാബിബാബയുടെ മകൾ മീറ്റിനെത്തിയപ്പോൾ


ജിദ്ദയിലെ പത്ത് വയസ്സുകാരി ബ്ലോഗർ നൗറീൻ (തെച്ചിക്കോടന്റെ പുത്രി)



സെക്രട്ടറി സലീം ഐക്കരപ്പടി മക്കൾക്കൊപ്പം


കൊമ്പൻ മൂസ, ഒ.എ.ബി (സോപ്പ് ചീപ്പ്, കണ്ണാടി), നൗഷാദ് അകമ്പാടം


സംഘാടകരിലെ സജീവ സാന്നിദ്ധ്യമായ ഷാജു വാണിയമ്പലം


ചിത്രങ്ങളെല്ലാം കാമറയിൽ പകർത്തിയ ബ്ലോഗറും സംഘാടകനുമായ നൗഷാദ് കെ.വി


കൊമ്പൻ മൂസയുടെ നേതൃത്വത്തിൽ ബ്ലോഗേഴ്സിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു



മീറ്റിനൊടുവിൽ ഈറ്റ്


പ്രോഗ്രാം കോ-ഓഡിനേറ്റർ അഷ്‌റഫ് ഉണ്ണീൻ (മധ്യത്തിൽ) എം.ടി. മനാഫ് , കൊമ്പൻ മൂസ എന്നിവർക്കൊപ്പം


മാധ്യമം ദിനപത്രത്തിൽ മീറ്റിനെ കുറിച്ച്‌ വന്ന വാർത്ത


മലയാളം ന്യൂസ്‌ ദിനപത്രത്തിൽ മീറ്റിനെ കുറിച്ച്‌ വന്ന വാർത്ത


മീറ്റിലെ ശ്രദ്ധാകേന്ദ്രമായിരുന്നു നൗഷാദ് അകമ്പാടം. അദ്ദേഹം മീറ്റിനെ വിലയിരുത്തി വരച്ച കാർട്ടൂൺ (മലയാളിയുടെ ബ്ലോഗ്ഗ് മീറ്റും അറബികളുടെ 'ഇഷാദ ?' യും!)

കൃതജ്ഞത
ബ്ലോഗേഴ്സ് മീറ്റ് വൻ വിജയമാക്കിയത് ജിദ്ദയിലെ ബ്ലോഗർമാരാണ്‌. അവരോട് എങ്ങനേ നന്ദി പറയണമെന്നറിയില്ല. ഈ ആവേശം കെടാതെ സൂക്ഷിച്ച് സമൂഹ നൻമക്ക് വേണ്ടി എഴുതാനും പ്രവർത്തിക്കാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു. മീറ്റിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കും മറ്റു സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവർത്തകർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ പറഞ്ഞു പോകണമെന്ന് അപേക്ഷിക്കുന്നു
Muhammed Kunhi Wandoor
muhammed kunhi wandoor
muhammed kunhi wandoor

Sunday, February 20, 2011

ബ്ലോഗുകാലത്തെ ഭാഷയും വർത്തമാനവും


മാന്തര മീഡിയകൾ ഇന്ന്‌ ഏറെ ചർച്ചചെയ്യപ്പെടുന്നു. സമാന്തര മീഡിയ എന്ന നിലയിൽ ബ്ലോഗുകൾ(blog) വരും നാളുകളിൽ വാർത്താ വിനിമയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. സർവ്വത്ര സ്വതന്ത്രവും എല്ലാവർക്കും പ്രാപ്യവുമായ ഒരു പൊതു മാധ്യമം എന്നനിലയിൽ ബ്ലോഗുകൾ അംഗീകരിക്കപ്പെടുമെന്നതിൽ സംശയമില്ല. അക്ഷരങ്ങൾക്കും വാക്കുകൾക്കും കർശനമായ നിയന്ത്രണവും കീഴ്‌വഴക്കങ്ങളുമുള്ള പുതിയ കാലത്തെ സാമ്പ്രദായിക മാധ്യമങ്ങൾക്ക്‌, വാർത്തകളോടും വിവരങ്ങൾ നല്കുന്നതിനോടും പലപ്പോഴും നീതി പുലർത്താൻ കഴിയാതെ വരുന്നു. മാധ്യമങ്ങളുടെ ഫാക്ടറികളിൽ ഉടച്ചുവാർത്ത നിർമ്മിതികളായാണ്‌ പലപ്പോഴും വാർത്തകളായി പുറത്ത്‌ വരുന്നത്‌. തികഞ്ഞ പക്ഷപാദവും, മാധ്യമ ധർമ്മം കാറ്റിൽ പറത്തി മറ്റുചിലതിനോടെല്ലാം കൂറും പ്രതിബദ്ധതയും പുലർത്തുന്ന മുഖ്യധാര മാധ്യമങ്ങളോട്‌ അമർഷമുള്ള പുതിയ തലമുറ, വിജ്ഞാനത്തിനും ആശയ വിനിമയത്തിനും സൊഷ്യൽ നെറ്റുവർക്കുകളേയും ബ്ലോഗുകളേയും ആശ്രയിക്കേണ്ടി വരുന്ന കാലം അതിവിദൂരമല്ല. ആഗോള തലത്തിൽ ഈ അടുത്തകാലത്ത്‌ രൂപപ്പെട്ട
രാഷ്ട്രീയ സാഹചര്യങ്ങളുടേയെല്ലം പ്രചോദനം ബ്ലോഗുകളും മറ്റു സോഷ്യൽ നെറ്റുവർക്കുകളുമാണെന്ന്‌ നാം ഇതിനകം മനസ്സിലാക്കി.

ബ്ലോഗ്‌ രംഗത്ത്‌ ഇടക്കാലത്ത്‌ ചെറിയ മാന്ദ്യം അനുഭവപ്പെട്ടെങ്കിലും മലയാള ബ്ലോഗ്‌ രംഗത്തെ ഇതു കാര്യമായി ബാധിച്ചില്ല എന്നുവേണം കരുതാൻ. ഇന്റെർനെറ്റിന്റേയും മറ്റു സാങ്കേതിക സംവിധാനങ്ങളുടേയും പരിമിതമായ സൗകര്യം കാരണം വായനക്കാർ കുറഞ്ഞതാണ്‌ തുടക്കത്തിൽ ബ്ലോഗുകൾക്ക്‌ ചെറിയ തോതിലെങ്കിലും മാന്ദ്യമനുഭപ്പെട്ടത്‌. ഇന്ന്‌ കാര്യങ്ങൾ ഏറെ മാറി. സാങ്കേതിക പരിജ്ഞാനവും സംവിധാനങ്ങളും എല്ലാവർക്കും കയ്യെത്തുന്ന ദൂരത്തായി. ഓൺലൈൻ വായനക്കാരുടെ എണ്ണത്തിൽ കാര്യമായ പുരോഗതിയുണ്ടായി. ഒപ്പം ബ്ലോഗ്‌ രംഗത്തേക്ക്‌ എഴുത്തുകാരുടേയും വായനക്കാരുടേയും ഒഴുക്കും വർദ്ധിച്ചു. ഇനിയും ഒട്ടേറെ സാധ്യതകൾ കാത്തിരിക്കുന്നു. ഈ സാധ്യതകളെല്ലാം മുന്നിൽ കണ്ടാണ്‌ മാധ്യമരാജാവ്‌ റൂപർട്ട്‌ മർഡോക്ക്‌ അദ്യത്തെ ടേബ്ലറ്റ്‌ പത്രമായ ‘ദി ഡയലി’ പുറത്തിറക്കിയത്‌. അച്ചടി മഷി പുരളാതെ ഐപാഡുകളിലും മറ്റും വായിക്കാവുന്ന രീതിയിലണ്‌ ഈ ഓൺലൈൻ പത്രം രൂപകല്പ്പന ചൈതിരിക്കുന്നത്‌.

ബ്ലോഗും ഭാഷയും
മലയാള ഭാഷക്കും സാഹിത്യത്തിനും ഒരു പുതു ജീവൻ നൽകാൻ ബ്ലോഗ്‌ രംഗത്തിന്റെ വികാസം ഉപകരിക്കുമെന്നതിൽ സംശയമില്ല. ഈ വിഷയത്തിൽ ചിലർ കാണിക്കുന്ന ആശങ്ക, അക്കാര്യത്തിൽ അവരുടെ അജ്ഞതയായി മാത്രം കണ്ടാൽ മതി. മീഡിയകളാണ്‌ എക്കാലവും കലയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതെന്ന കാര്യത്തിൽ തർക്കമേതുമില്ല. സാങ്കേതികതയുടെ വികാസത്തിനനുസൃതമായി മറ്റെന്തിനെപോലെ മീഡിയയും മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കും. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലമായ മനസ്ഥിതിയാണ്‌ ഉണ്ടാവേണ്ടത്‌. ഇതിന്‌ മുമ്പും നാം മാറ്റങ്ങളെ ഉൾക്കോണ്ടിട്ടുണ്ട്‌. താളിയോലകളിൽ ‘എഴുത്ത്‌ കോല്‌’ ഉപയോഗിച്ച്‌ ആലേഖനം ചെയ്യുന്ന സമ്പ്രദായത്തിൽ നിന്ന്‌ അച്ചടിയിലേക്കും തുടർന്ന്‌ ഓഫ്സെറ്റിലേക്കും, ഇതിന്റെ തന്നെ ഉത്തരാധുനിക സങ്കേതങ്ങളിലേക്കും നാം കൂടുമാറി. ഇനിയും പുതിയ പുതിയ മാറ്റങ്ങളുണ്ടായികൊണ്ടിരിക്കും. അതിനോടെല്ലാം ആരോഗ്യപരമായി ഇണങ്ങിച്ചേർന്നെ മതിയാകൂ. തങ്ങളുടെ കൈകൾക്ക്‌ വഴങ്ങാത്തതെന്തും പാഴ്‌വേലയാണെന്ന ചിന്താഗതി ബാലിശമാണ്‌. സാങ്കേതികതയുടെ ഗുണങ്ങൾ മാനവ പുരോഗതിക്കായി ഉപയോഗിക്കുക എന്ന തിരിച്ചറിവാണ്‌ വേണ്ടത്‌. നിലവാരമില്ലാത്ത സൃഷ്ടികളാണ്‌ ബ്ലോഗുകളിൽ പ്രസിദ്ധീകരിക്കുന്നതെന്ന്‌ വിളിച്ച്‌ കൂവുന്നവർ അഗ്രിഗേറ്ററിൽ വന്ന്‌ നിലവാരമുള്ള ബ്ലോഗുകൾ വായിക്കാനുള്ള സന്മനസ്സ്‌ കാണിക്കണം. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ‘സാഹിത്യമായി’ അച്ചടിച്ചു വരുന്ന ചിലത്‌ (മുഴുവനുമല്ല) ബ്ലോഗിൽ വരുന്ന സൃഷ്ടിയുടെ ഏഴകലത്തുകൂടി കടന്നു പോകാത്തവയാണ്‌.

അല്പ്പം ചരിത്രം (Malayalam Blog History)
ഇന്റർനെറ്റ്‌ വ്യാപകമായതോടെ ഓൺലൈൻ വിപ്ലവത്തിൽ മലയാളികളുടെ സജീവ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. തുടർന്ന്‌ ബ്ലോഗുകൾ നിലവിൽ വന്നപ്പോഴും മലയാളികൾ തങ്ങളുടെ വ്യക്തമായ സാന്നിദ്ധ്യം അറിയിച്ചു. മാതൃഭാഷയിൽ ബ്ലോഗെഴുതാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നു. 2003 ൽ തന്നെ മംഗ്ലീഷ്‌ രൂപത്തിലും പ്രത്യേക മലയാളം ഫോണ്ടുകളുപയോഗിച്ചും തയ്യാറാക്കിയ ബ്ലോഗുകളുണ്ടായിരുന്നു. 2004 ആയപ്പോഴേക്കും മലയാളം യൂണീകോടിനു (Malayalam Unicode)വേണ്ടിയുള്ള പ്രയത്നങ്ങൾ സജീവമായി. 2004ൽ തന്നെ യൂണീകോട്‌ വികസിപ്പിക്കാനായി. ഇത്‌ സൈബർ രംഗത്ത്‌ മലയാളികളുടെ വിപ്ലവകരമായ ഒരു കാൽവെപ്പായിരുന്നു. 2003 ഏപ്രിലിൽ പോള്‌ എന്ന ബ്ലോഗർ, തന്റെ ബ്ലോഗിൽ മലയാളം എഴുതാൻ തുടങ്ങി. വിശ്വം എന്നബ്ലോഗർ 2003 മെയ്‌ മാസത്തിലും മലയാളത്തിലെഴുതിത്തുടങ്ങി.(ഈ ബ്ലോഗുകളൊന്നും ഇപ്പോൾ നിലവിലില്ല.) 2003 ഏപ്രിലിൽ ഇംഗ്ലീഷിൽ ബ്ലോഗ്‌ എഴുതിത്തുടങ്ങിയ സിബു, സെപ്റ്റമ്പർ ആയപ്പോഴേക്കും മലയാളത്തിൽ എഴുതാൻ തുടങ്ങി. 2004 ജനുവരിയിൽ ആദ്യ വനിത മലയാളം ബ്ലോഗറായ രേഷ്മയുടെ ‘മൈലാഞ്ചി’യിൽ മലയാളം പ്രത്യക്ഷപ്പെട്ടു. 2004 ഓഗസ്റ്റിലാണ്‌ മലയാളം യുണീകോട്‌ ആദ്യമായി ബ്ലോഗിൽ പ്രത്യക്ഷപ്പെട്ടതെന്ന്‌ കരുതുന്നു. നിഷാദ്‌ ഹുസൈൻ കൈപ്പള്ളിയാണ്‌ മലയാളം യൂണീകോട്‌ ഉപയോഗിച്ച്‌ അദ്യമായി പോസ്റ്റു ചൈതത്‌. തുടർന്ന്‌ സെപ്റ്റമ്പറിൽ കെവിന്‌ എന്ന ബ്ലോഗറും യൂണീകോടിൽ പോസ്റ്റ്‌ ചൈതു. ഈ കാലയളവിൽ ഏഴോളം ബ്ലോഗുകൾ മലയാളത്തിൽ സ്ഥിരമായി ഉണ്ടായിരുന്നു. (കടപ്പാട്‌ : വിശ്വപ്രഭ)

മലയാളം യൂണീകോട്‌ നിലവിൽ വന്നത്‌ മുതൽ ബ്ലോഗ്‌ രംഗത്തേക്ക്‌ കുറച്ചാളുകൾ കടന്നു വന്നെങ്കിലും മലയാളം യൂണീകോടിൽ അക്ഷരക്കൂട്ടുകൾ ഒരുക്കുന്നതിലുള്ള പ്രയാസവും, ഇന്റെർനെറ്റ്‌ സൗകര്യങ്ങളുടെ ദൗർലഭ്യവുമായിരിക്കാം കൂടുതൽ മലയാളികൾ ആ ഘട്ടത്തിൽ ബ്ലോഗിലേക്ക്‌ എത്തിപ്പെട്ടില്ല എന്നുവേണം കരുതാൻ. പിന്നീട്‌ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കമ്പ്യൂട്ടർ സർവ്വ സാധാരണമായതോടെ അദ്ധ്യാപകരും മറ്റു ഉദ്ധ്യോഗസ്ഥരുമടങ്ങുന്ന നല്ലൊരു ശതമാനം ആളുകൾ കമ്പ്യൂട്ടർ സാക്ഷരത കൈവരിക്കുകയും ഇന്റർനെറ്റിലൂടെ അറിവിന്റെ വാതായനങ്ങൾ തുറക്കുകയും ചൈതു. ആരംഭ ഘട്ടത്തിൽ മലയാള വായനക്ക്‌ ഊർജ്ജിതമായ തിരച്ചിൽ തന്നെ നടത്തേണ്ടിയിരുന്നു. അത്രക്ക്‌ അപൂർവ്വമായിരുന്നു മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ. ഇനി ഉണ്ടെങ്കിൽ തന്നെ അവയത്രയും വായിക്കണമെങ്കിൽ പ്രത്യേക ഫോണ്ടുകൾ ഡൗൺലോട്‌ ചെയ്യേണ്ടിയിരുന്നു. അത്രയും സാങ്കേതികത അക്കാലത്ത്‌ വ്യാപകമായിരുന്നില്ല. യൂണീകോട്‌ നിലവിൽ വന്നപ്പോഴും എറെക്കുറെ മലയാള പ്രസിദ്ധീകരണങ്ങൾ ആസ്ക്കീ (ASCII)ഫോണ്ടുകളിൽ തന്നെ തുടരുകയായിരുന്നു. പിന്നീട്‌ യൂണീകോഡ്‌ ഉപയോഗിച്ച്‌ തയ്യാറാക്കിയ ബ്ലോഗുകളിലേക്ക്‌ വായനക്കരെത്തുകയും കമന്റുകളിലൂടെ ബ്ലോഗർമാരുമായി സംവദിക്കാൻ അവസരമുണ്ടാകുകയും ചൈതു. കമന്റെഴുത്തിലൂടെ യൂണീകോട്‌ ലിപിയിൽ ടൈപ്‌ ചെയ്യാൻ പഠിച്ചവർ പിന്നീട്‌ ബ്ലോഗ്‌ രംഗത്തേക്ക്‌ കടന്നുവന്നു. ഇന്ന്‌ ഏകദേശം 5000ന്‌ മുകളിൽ മലയാളികൾ ബ്ലോഗ്‌ രംഗത്തുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു.

ഇനിയും മുന്നോട്ട്‌
ഇന്ന്‌ ബ്ലോഗുകൾക്കും മറ്റ്‌ ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കും ഒട്ടേറെ വായനക്കാരുണ്ട്‌. ദിവസവും ഓരൊ ബ്ലോഗിലും കയറിയിറങ്ങുന്നവരുടേയും കമന്റെഴുതുന്നവരുടേയും എണ്ണം വളരെ കൂടുതലാണ്‌. നല്ല ഉള്ളടക്കമുള്ള ബ്ലോഗുകൾക്ക്‌ വായനക്കാരുമുണ്ട്‌. ബ്ലോഗുകളെ കൂടുതൽ വായനക്കാരിലേക്ക്‌ എത്തിക്കുക എന്ന മഹത്തായ പ്രവർത്തനമാണ്‌ ഇനി നടക്കേണ്ടത്‌. ഒപ്പം ബ്ലോഗുകളുടെ നിലവാരവും കാര്യക്ഷമതയും ഉയർത്താനുള്ള ശ്രമങ്ങളുമുണ്ടാകണം. എഡിറ്റോറിയൽ ബോർഡൊ പ്രൂഫ്‌ റീഡിങ്ങൊ ഇല്ലെന്ന പരിമിതി, സ്വന്തമായിതന്നെ ഈ ദൗത്യങ്ങളെല്ലാം ചെയ്യാൻ കഴിയുന്ന പരുവത്തിലേക്ക്‌ നമ്മെ എത്തിക്കാൻ പര്യാപ്തമായിരിക്കണം. വായന ഓൺലൈനിൽ മാത്രം പരിമിതപ്പെടുത്താതെ പുറം വായനയും പതിവക്കാൻ ശ്രമിച്ചാൽ എഴുത്തിൽ ഒരുപാട്‌ മുന്നേറാൻ സാധിക്കും. ഭാഷാ നിയമങ്ങളിൽ പരമാവധി ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ ഭാഷക്കും പുതു ജീവൻ ലഭിക്കും. വായനക്കാരെ ഉണ്ടാക്കാൻ ബ്ലോഗെഴുതുക എന്നതിൽ നിന്ന്‌ എഴുത്തിനെ സാമൂഹ്യ ബാധ്യതയായി കാണണം. ഇന്ന്‌ ബ്ലോഗർമാർക്കിടയിലും മറ്റു ഓൺലൈൻ എഴുത്തുകാർക്കിടയിലും സൗഹൃദവും കൂട്ടായ്മകളും ഉണ്ടാകുന്നത്‌ ഒരു നല്ല തുടക്കമാണ്‌. നടന്നതും നടക്കാനിരിക്കുന്നതുമായ ബ്ലോഗേഴ്സ്‌ മീറ്റുകൾ ശ്രദ്ധേയമാകുന്നത്‌ ഇതുകോണ്ടാണ്‌. കൊച്ചിയിലും ഖത്തറിലും ഈ അടുത്ത കാലത്ത്‌ മീറ്റുകൾ നടന്നു. ജിദ്ദയിൽ വിപുലമായിതന്നെ മീറ്റ്‌ നടത്താനൊരുങ്ങുന്നു. ഭാഷാപിതാവിന്റെ നാട്ടിൽ (തിരൂർ) ഏപ്രിൽ 17 ന്‌ മീറ്റ്‌ നടത്താൻ മാസങ്ങൾക്ക്‌ മുമ്പ്‌ തന്നെ തീരുമാനിച്ചു. തിരൂർ മീറ്റിനോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന മാഗസിൻ മലയാള ബ്ലോഗ്‌ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. ഇതിനെല്ലാം പുറമെ ഫേസ്ബുക്ക്‌ പോലുള്ള സൊഷ്യൽ നെറ്റുവർക്കുകളിൽ ബ്ലോഗർമാർക്ക്‌ പ്രത്യേക കൂട്ടായ്മകളുണ്ട്‌. സാങ്കേതികവും ഭാഷാപരവുമായ വിവരങ്ങൾ കൈമാറുന്നതിന്‌ ഇത്തരം കൂട്ടായ്മകളിൽ സംവിധാനങ്ങളുണ്ടാകുന്നത്‌ അഭിനന്ദനാർഹമാണ്‌. ഇത്തരത്തിൽ ശ്രദ്ധേയമായ ഭാഷാ കളരിയാണ്‌ മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്പിൽ നടക്കുന്ന ‘അക്ഷരാശ്രമം’. വെത്യസ്ഥമായ പദങ്ങളും, പഴയതും പുതിയതുമായ പ്രയോഗങ്ങളും എല്ലാം അവിടെ ചർച്ച ചെയ്യപ്പെടുന്നു. ഇത്തരം കൂട്ടായ്മകളിൽ വാചകക്കസർത്തിൽ മാത്രം കാര്യങ്ങൾ ഒതുക്കാതെ സൗഹാർദ്ദപരമായ ചർച്ചകളും സംവാദങ്ങളും നടക്കേണ്ടതുണ്ട്‌. എന്നാൽ സ്വതന്ത്രമായ നിരീക്ഷണത്തേയും എഴുത്തിനേയും ബാധിക്കുന്ന തരത്തിൽ കൂട്ടായ്മയിൽ നിന്നും സമ്മർദ്ദങ്ങളുണ്ടായിക്കൂട. എഴുത്തിലും വിശകലനങ്ങളിലും പരമാവധി നിഷ്‌പക്ഷത പുലർത്താൻ ബ്ലോഗെഴുത്തുകാർ ശ്രദ്ധിക്കണം. ഈ രംഗത്തെ മറ്റൊരു പ്രധാന കാൽവെപ്പാണ്‌ ബ്ലോഗ്‌ അഗ്രിഗേറ്ററുകൾ. (ഉദാ: [1] [2]) അഗ്രിഗേറ്ററുകൾ വായനക്കാരെ ബ്ലോഗുകളിലെത്തിക്കുന്നതിന്‌ വളരെയധികം സഹയകമാണ്‌. മലയാളം ബ്ലോഗർമാർക്ക്‌ ബൂലോകം ഓൺലൈൻ ഏർപ്പെടുത്തിയ ‘സൂപ്പർ ബ്ലോഗർ അവാർഡ്‌ ’ ഈ രംഗത്ത്‌ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. കൂട്ടായ പരിശ്രമങ്ങളുണ്ടായാൽ ഇനിയും ഒരുപാട്‌ മുന്നേറാൻ കഴിയും. ഇതിന്‌ കഴിവും കാര്യബോധമുള്ളവരുടെ പക്വമായ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്‌.
muhammed kunhi wandoor
muhammed kunhi wandoor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...