Wednesday, November 20, 2013

പീഡനം നേരിടുന്ന നമ്മുടെ കുട്ടികൾ

    
     ക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം നവംബർ ഇരുപതിനാണ്‌ ആഗോള ശിശുദിനമായി ആചരിക്കുന്നത്‌. ഇന്ത്യൻ പ്രധാനമധന്തയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ്‌ ഇന്ത്യയിൽ ശിശുദിനം ആചരിച്ചുവരുന്നത്​‍്‌. കേവലം ആണ്ടറുതിക്ക്‌ നടത്തപ്പെടുന്ന ഒരു വഴിപാടായി മാറിയിരിക്കുന്നു നമ്മുടെ ശിശുദിനാചരണം. കുട്ടികളെ കോലം കെട്ടി എഴുന്നള്ളിക്കുന്ന ചടങ്ങുകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്‌ നമ്മുടെ ആഘോഷങ്ങൾ. ഒരു രാജ്യത്തിന്റെ ഭാഗദേയത്വം തന്നെ നിർണ്ണയിക്കുന്നത്‌ ആ രാജ്യത്തെ കുട്ടികളാണ്‌. ഇന്ത്യൻ ജനസഖ്യയുടെ ഏതാണ്ട്‌ പകുതിയോളം വരും പതിനെട്ട്‌ വയസ്‌ വരേയുള്ളവരുടെ അംഗബലം. കുട്ടികളിലെ നല്ലതും ചീത്തയുമായ എല്ലാ മാറ്റങ്ങളും ആ രാജ്യത്തിന്റെ നാനോന്മുഖ വികസന പ്രക്രിയകളെ സാരമായി ബാധിക്കും. പുതി സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെ കുട്ടികൾ ഒട്ടനവധി പ്രശ്നങ്ങളാണ്‌ നേരിട്ട്‌ കൊണ്ടിരിക്കുന്നത്‌. സമൂഹത്തിന്റെ ഏതാണ്ട്‌ എല്ലാ മേഖലയിലുമുള്ള കുട്ടികൾ പല തരത്തിലുള്ള വെല്ലുവിളികൾ നേരിട്ട്‌ കൊണ്ടിരിക്കുന്നു.

    പൈതങ്ങളെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്ന വാർത്തകൾ നെഞ്ചിടിപ്പോടെയാണ്‌ കഴിഞ്ഞ കുറെ വർഷങ്ങളിൽ നാം കേട്ടുകൊണ്ടിരുന്നത്‌. എന്നാൽ സ്വന്തം മക്കളെ മൃഗീയമായി അറുകൊല ചെയ്യപ്പെടുന്നതിലേക്ക്‌ പുതിയ കാലത്ത് മതാപിതാക്കൾ എത്തിയിരിക്കുന്നു. ചോരപൈതങ്ങൾ മുതൽ മൂന്നും നാലും വയസുള്ള പിഞ്ചുമക്കൾ വരെ സ്വന്തം മാതാപിതാക്കളാൽ നിഷ്കരുണം കൊലചെയ്യപ്പെട്ട്‌ കൊണ്ടിരിക്കുന്നു. തങ്ങളുടെ ഇഷ്ട വിഹാരത്തിന്‌ തടസ്സമാകുമെന്ന്‌ കരുതി സ്വന്തം മക്കളുടെ കഴുത്തിൽ കത്തിവെക്കാനും തലക്കടിച്ച്‌ കൊലപ്പെടുത്താനും കാമുകൻമാർക്ക്‌ ക്വട്ടേഷൻ കൊടുക്കുന്ന അമ്മമാർ നമ്മുടെ കൊച്ചു കേരളത്തിൽ പോലുമുണ്ട്‌. തുച്ചമായ കാശിന്‌ വേണ്ടി സ്വന്തം രക്തത്തിൽ പിറന്ന മക്കളെ വിൽപ്പനച്ചരക്കാക്കുന്നവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമായി തന്നെ നിലകൊള്ളുന്നു. 
  
     നഗര പ്രാന്തങ്ങളിലും പട്ടണ പ്രദേശങ്ങളിലും തെളിച്ചമില്ലാത്ത മുഖവുമായി അലഞ്ഞു നടക്കുന്ന ഒത്തിരി കുട്ടികൾ ഇപ്പോഴുമുണ്ട്‌. കീറിപ്പറിഞ്ഞ്‌ നിറം മങ്ങിയ ഉടയാടകളണിഞ്ഞ കുട്ടികൾ. ആളുകൾ പലപ്പോഴും പുച്ഛത്തോടെയാണ്‌ അവരെ നോക്കിക്കാണുന്നത്‌. പോക്കറ്റിൽ കിടക്കുന്ന ചില്ലികാശിൽ മാത്രം ഒതുങ്ങുന്നു അവരുടെ ആവലാതികൾ. കളിപ്പാട്ടങ്ങളും പുസ്തകങ്ങളുമായി കളിച്ച്‌ രസിക്കേണ്ട പ്രയത്തിൽ ചെളിയും കരിയും പുരണ്ട്‌ ഊരുതെണ്ടാൻ വിധിക്കപ്പെട്ടവരാണവർ. തെരുവുകളിൽ വളരുന്ന ഇത്തരം കുട്ടികൾ നിരവധി ചൂഷണങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമണങ്ങൾക്കും ക്രൂര പീഡനങ്ങൾക്കും നിരന്തരം അവർ ഇരകളായിക്കൊണ്ടിരിക്കുന്നു. ഭക്ഷണത്തിനും നിത്യ വൃത്തിക്കും വേണ്ടി ഭിക്ഷാടനവും ചെറിയ ചെറിയ മോഷണങ്ങളും ഇവർക്ക്‌ നടത്തേണ്ടി വരുന്നു. പരുഷമായ ജീവിത സാഹചര്യങ്ങളിലൂടെ ഭാവിയിലെ ഒന്നാം തരം ക്രിമിനലുകളായി ഇവർ രൂപാന്തരം പ്രപിക്കുന്നു. സ്വന്തം അച്ചനമ്മമാർക്കൊപ്പം തെരുവിലെത്തുന്നവരാണ്‌ അധികം കുട്ടികളും. കുട്ടികളെ തട്ടിയെടുത്ത്‌ ഭിക്ഷാടനത്തിന്‌ ഉപയോഗിക്കുന്നവരും കുറവല്ല. 

    നിർധന കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണ്‌. വിശപ്പും ദാരിദ്ര്യവും അവരെ വിദ്യാഭ്യാസം നേടുന്നതിൽ നിന്നുപോലും മാറ്റി നിർത്തപ്പെടുന്നു. ബാലവേല നിരോധിക്കപ്പെട്ട രാജ്യമാണ്‌ നമ്മുടേത്. അലങ്കാരത്തിന്‌ വിദ്യാഭ്യാസ അവകാശ നിയമവും നമ്മുടെ രാജ്യത്ത്‌ നിലവിലുണ്ട്‌.  വീട്ടിലെ അടുപ്പ്‌ പുകയാൻ കുഞ്ഞുപ്രായത്തിലെ അധ്വാനിക്കാൻ വിധിക്കപ്പെട്ട നിരവധി കുട്ടികളാണ്‌ ഇന്ത്യയിലുള്ളത്; ജീവിതത്തിന്റെ മൂഴുവൻ ഭാരവും സ്വയം പേറേണ്ടി വരുന്ന ഹതഭാഗ്യർ.  പോഷകാഹാരക്കുറവും സുചിത്വമില്ലായ്മയും ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ നിരന്തരം വേട്ടയാടിക്കൊണ്ടരിരിക്കുന്നു. രാജ്യത്ത്‌ വർദ്ധിച്ച്‌ വരുന്ന ശിശു മരണ നിരക്ക്‌ ഇതിന്റെ അനന്തര ഫലമാണ്‌. ശിശുമാരണനിരക്കിൽ രാജ്യത്തെ മൊത്തം കണക്കുമായി തുലനം ചെയ്യമ്പോൾ കേരളത്തിലെ സ്ഥിതി ഏറെക്കുറെ ഭേദപ്പെട്ടതാണ്‌.

    സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിലെ കുട്ടികളും പീഡനങ്ങളിൽ നിന്ന്‌ മുക്തരല്ല. അവർ കഠിനമായ മാനസിക പിരിമുറുക്കം അനുഭവിക്കുന്നു. നിലവിലുള്ള അണു കുടുംബ വ്യവസ്ഥിതി കൂടിയാവുമ്പോൾ   പ്രശ്നങ്ങൾക്ക്‌ ഇത്തിരി ആക്കം കൂടുന്നു. ധന സാമ്പാദനത്തിനും ജോലിക്കും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ മക്കളെ മറന്നു പോകുന്നവരാണ്‌ പല അച്ചനമ്മമാരും. മക്കൾക്ക്‌ വീട്ടിൽ നിന്ന്‌ ലഭിക്കേണ്ട സ്നേഹവും വാൽസല്യവും നഷ്ടമാകുന്നു. വീടുകളിൽ നിന്നും കിട്ടേണ്ട സ്നേഹം ലഭിക്കാതെ വരുമ്പോൾ, കുടുംബത്തിൽ നിന്നും അവഗണന നേരിടുമ്പോൾ കുട്ടികളെ ഒളിച്ചോട്ടത്തിന്‌ പ്രേരിപ്പിക്കുന്നു. പുറത്ത്‌ നിന്ന്‌ ലഭിക്കുന്ന സ്നേഹവായ്പ്പുകളിൽ പ്രലോഭിതരായി വീട്‌ വിട്ടിറങ്ങാൻ മുതിരുന്ന കുട്ടികളും ഒത്തിരിയുണ്ട്‌. അവർ എത്തിപ്പെടുന്ന ലോകം ഇരുളടഞ്ഞതാണ്‌. കൊടും പീഡനമാണ്‌ അവർക്ക്‌ നേരിടേണ്ടി വരുന്നത്‌. കാണാതായ കുട്ടികളിൽ അധികമാളുകളെ കുറിച്ചും പിന്നീട്‌ വിവരങ്ങളൊന്നും ലഭിക്കാറില്ലെന്നതാണ്‌ യാഥാർത്ഥ്യം.  

    ലൈംഗിക അതിക്രമങ്ങൾക്ക്‌ വിധേയരാകുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. തെരുവ്‌ കുട്ടികൾ മാത്രമല്ല പീഡനങ്ങൾക്ക്‌ വിധേയമായ കൊണ്ടിരിക്കുന്നത്‌. സ്വന്തം വീടുകളിൽ പോലും കുട്ടികൾക്ക്‌ സുരക്ഷിത്വം ഇല്ലാതായിരിക്കുന്നു. ബന്ധുക്കളെന്ന് പറയുന്നവരിൽ നിന്ന്‌ തന്നെയാണ്‌  അധികവും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത്‌. പിതാവ്‌, അമ്മാവൻ, ഇളയച്ചൻ തുടങ്ങി സംരക്ഷണം നൽക്കേണ്ടവർതന്നെ പീഡനങ്ങളുടെ അപ്പോസ്തലൻമാരാകുന്നു. പിതാവിന്റെ വികലമായ കാമാർത്തിക്ക്‌ വിധേയരായ എത്രയൊ പെൺമക്കളുടെ ദയനീയ മുഖങ്ങളാണ്‌ സമൂഹം കണ്ടത്‌. തങ്ങളനുഭവിക്കുന്ന അതിക്രൂരവും പൈശാചികവുമായ പീഡനാനുഭവങ്ങൾ തുറന്നുപറയാൻ പോലും കഴിയാതെ വിലപിക്കുന്നവർ. പീഡനം പുറത്ത്പറഞ്ഞാൽ കൊന്നുകളയുമെന്ന ഭീക്ഷണിക്കുമുമ്പിൽ ആരോടും പരാതിപ്പെടാതെ സ്വയം മനസിൽ പേറി നടക്കുന്നവർ. ഒളിച്ചോട്ടങ്ങളിലൊ ആത്മഹത്യയിലൊ അഭയംകണ്ടെത്തുന്ന സംഭവങ്ങളും കുറവല്ല. അയൽകാർ, അധ്യാപകർ, അടുത്ത ബന്ധുക്കൾ തുടങ്ങിയവരാൽ പീഡിപ്പിക്കപ്പെടുന്ന കേസുകളാണ്‌ അധികവും. അപരിചിതരാൽ പീഡിപ്പിക്കപ്പെടുന്ന കേസുകൾ താരതമ്യേന കുറവാണ്‌.
     പണസമ്പാദനത്തിന്‌ വേണ്ടി സ്വന്തം കുട്ടികളെ മറ്റുള്ളവർക്ക്‌ മുന്നിൽ കാഴ്ചവെക്കുന്ന അച്ചനമ്മമാർ വരേയുണ്ട്‌. ബന്ധങ്ങളിലുള്ള മൂല്യരാഹിത്യമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. കുട്ടികൾ പ്രതികളാകുന്ന കേസുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളിലും കൊലപാതകങ്ങളിലും പ്രതികളായി പിടിക്കപ്പെടുന്നവരിൽ പതിമൂൻങ്കാരും പതിനാലുകാരും ഉണ്ടെന്നത്‌ നാം നടുക്കത്തോടെ കേട്ട്​‍്‌ തള്ളുന്നു. തകർന്ന കുടുംബ പശ്ചാതലങ്ങളിൽ നിന്നുള്ളവരാണ്‌ ഇത്തരം കുട്ടി കുറ്റവാളികളിൽ അധികവും. കുടുംബത്തിൽ നിന്നൊ ചുറ്റുപാടുകളിൽ നിന്നൊ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരിൽ കുറ്റവാസന കൂടാൻ സാധ്യതകളേറെയുണ്ടെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു. 
     നല്ലൊരുശതമാനം കുട്ടികളും ലൈംഗിക പീഡനങ്ങൾക്ക്‌ വിധേയരാവുന്നുണ്ടെന്നാണ്‌ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. ശിഥിലമായ കുടുംബപാശ്ചാതലങ്ങളിൽ നിന്നുള്ള കുട്ടികളാണ്‌ പീഡനമേൽകേണ്ടി വരുന്നതിൽ അധികവും. മദ്യ-മയക്കുമരുന്നാധികളുടെ പങ്കും ഇക്കാര്യത്തിൽ തള്ളിക്കളയാവുന്നതല്ല. പീഡനവാർത്തകൾക്ക്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ആഘോഷിക്കുന്ന മഞ്ഞ പത്രങ്ങൾ വിപണിയിലും സോഷ്യൽ മീഡിയകളിലും വ്യാപകമാണ്. ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ കൈകൊണ്ടാൽ ഒരുപരിധിവരെ കുറ്റകൃത്യങ്ങളെ തടയിടാൻ കഴിഞ്ഞേക്കും. എന്നാൽ ഇത്തരം കേസുകളുടെ അന്യേഷണവും തുടർനടപടികളും തൃപ്തികരമകുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം. പഴുതുകളില്ലാത്തവിധം പുതിയ നിയമങ്ങൾ കൊണ്ടുവരികയൊ നിലവിലുള്ള നിയമങ്ങൾതന്നെ ശക്തവും പ്രായോഗികവും ആക്കുകയൊ ചെയ്യേണ്ടതുണ്ട്‌. സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റു ജനസമ്പർക്ക കേന്ദ്രങ്ങൾ വഴിയും കാര്യമായ ബോധവല്ക്കരണവും കൗൺസലിംങ്ങും ലഭ്യമാക്കണം. ആവശ്യമായ സന്ദർഭങ്ങളിൽ പ്രതിരോധിക്കാൻ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്‌. തെറ്റായ ഒരു നോട്ടംപോലും തിരിച്ചറിയാൻ കുട്ടികളെ പരിശീലിപ്പിക്കണം. അനാവശ്യമായ സംസാരങ്ങളും സ്പർശനങ്ങളും തിരിഞ്ഞറിഞ്ഞ്‌ പ്രതിരോധിക്കാൻ കുട്ടികൾക്ക് കഴിയണം. പീഡന ശ്രമങ്ങൾക്കൊ പീഡനങ്ങൾക്ക്തന്നെയൊ വിധേയമായാൽ ബന്ധപ്പെട്ടവരോട്‌ കാര്യങ്ങൾ തുറന്ന്പറയാനുള്ള മാനസികാവസ്ഥ കൗൺസലിംങ്ങിലൂടെയും മറ്റും കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. നിയമ നിർമ്മാണം കൊണ്ട്‌ മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല കുട്ടികൾക്കെതിരെയുള്ള അതിക്രമണങ്ങൾ. ഇതിന്‌ വേണ്ടി പ്രായോഗികവും ഫലപ്രദവുമായ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്ത്‌ നടപ്പാക്കേണ്ടതുണ്ട്‌.
(ശിശുദിനമായ നവമ്പർ 20ന് തേജസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

muhammed kunhi wandoor
muhammed kunhi wandoor

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...