പുനര്‍ജന്മം


പിച്ചവെച്ചുതുടങ്ങിയ നാളുമുതല്‍ ഓടിച്ചാടി നടന്ന ഈ വീടും മുറ്റവുമെല്ലാം ഉപേക്ഷിച്ച്‌ മറ്റൊരിടത്തേക്ക്‌ മാറിത്താമസിക്കേണ്ടി വരുന്നത്‌ ആലോചിക്കാന്‍പോലും കഴിയുന്നില്ല. അതും മുമ്പൊരിക്കലും കാണുകപോലും ചെയ്യാത്തൊരിടത്തേക്ക്‌.

അമ്മാമാന്ന്‌ വിളിക്കുന്ന കല്ല്യാണിക്കുട്ടിയമ്മയായിരുന്നല്ലൊ ഇവിടെ അമ്മയും അമ്മുമ്മയുമെല്ലാം. കുഞ്ഞുനാളില്‍ ഒക്കത്തിരുത്തി അമ്പിളിമാമനേം പൂക്കളുമെല്ലാം കാണിച്ചുതന്ന കുറെ ചേച്ചിമാരും. ഇവരെയെല്ലാം വിട്ടേച്ചുപോകാന്‍ എങ്ങനെ കഴിയും?
ഇനീപ്പൊ പോണ്ടാന്നുവെച്ചാല്‍ ഇതുവരെ കഷ്ടപ്പെട്ടു പഠിച്ച്‌ പാസായി ലഭിച്ച ജോലി നഷ്ടപ്പെടില്ലെ?
ഇക്കാലത്തൊരു നല്ല ജോലി തരപ്പെടാന്‍ എന്തോരം കഷ്ടപ്പാടാ.
കൂടെ പഠിച്ചിരുന്നോരെല്ലാം പി .എസ്‌. സി പരീക്ഷയെഴുതി ജോലിക്കുവേണ്ടി കാത്തിരിക്കുകയാണല്ലൊ.

കുളികഴിഞ്ഞ്‌ ഈറന്‍ മാറുന്നതിനു മുമ്പെ ജനാലവഴി പുറത്തേക്കു നോക്കി ഓരോന്ന് ആലോചിക്കുകയായിരുന്നു ശ്രീകുട്ടി. മനസ്സില്‍ നൂറുകൂട്ടം ചിന്തകള്‍ കെട്ടഴിഞ്ഞുകിടപ്പാണ്‌.

"ശ്രീകുട്ടീ....... ദേ അപ്പച്ചന്‍ വന്നിരിക്കുണു..."

അശ്വതി പിറകെ വന്ന്‌ വിളിച്ചപ്പോഴാണ്‌ അവള്‍ ചിന്തയില്‍നിന്നുമുണര്‍ന്നത്‌.

"ചേച്ചീ ….. ഡ്രസ്സുമാറീട്ട്‌ ഞാനിപ്പൊ വരാം"

അശ്വതിയെ പറഞ്ഞുവിട്ട്‌ വസ്ത്രം മാറുന്നതിനിടയില്‍ അവളുടെ മനസ്സില്‍ വീണ്ടും ഓരോന്ന്‌ ഉരുണ്ടുകൂടി.

ആപ്പച്ചന്‍ എന്റെയാരാ?
സ്നേഹാലയത്തിലെ കുട്ടികളെല്ലാം വിളിക്കുന്നെ ശ്രീകുട്ടീടെ അപ്പച്ചനെന്നാ…
കുഞ്ഞുനാളു തൊട്ടെ അപ്പച്ചനിവിടെ വരാറുണ്ടല്ലൊ
വരുമ്പോഴെല്ലാം നിറയെ പലഹാരങ്ങളും മിഠായിയും. അമ്മാമക്കും അപ്പച്ചനെ വലിയ കാര്യാ….

അവള്‍ വസ്ത്രംമാറി തിടുക്കത്തില്‍ പുറത്തെ വരാന്തയിലേക്ക്‌ നടന്നു.
വരാന്തയുടെ അറ്റത്തിട്ടിരിക്കുന്ന കസേരയിലിരിക്കുകയായിരുന്നു അപ്പച്ചന്‍. അമ്മാമയും ഒന്നുരണ്ടു ചേച്ചിമാരും അപ്പച്ചന്റെ ചുറ്റിലും നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ഒരുകൊച്ചുകുട്ടിയപ്പോലെ അപ്പച്ചന്റെ അരികില്‍ ചേര്‍ന്നുനിന്നു.

"ശ്രീക്കുട്ടീ….. അപ്പോയിന്‍മന്റ് ഓര്‍ഡര്‍ കിട്ടീലെ?"

ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ ചോദിച്ചു
ഒന്നു വിതുമ്പിയതല്ലാതെ മറുത്തൊന്നും പറയാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല.

"മോളെന്തിനാ കരേണെ?
ജോലി കിട്ടുമ്പൊ സന്തോഷിക്ക്യല്ലെ വേണ്ടെ
അപ്പച്ചന്‌ പെരുത്ത്‌ സന്തോഷാ….."
പിന്നെ സ്കൂളിനടുത്ത്‌ ശ്രീകുട്ടിക്ക്‌ താമസിക്കാന്‍ അപ്പച്ചനൊരിടം കണ്ടെത്തീട്ടുണ്ട്‌
അതറീക്കാനാ അപ്പച്ചനിപ്പൊ ഇങ്ങോട്ട്‌ പോന്നെ..
അവിട്യൊന്ന്‌ പോയി നോക്കേം ചെയ്യാം
എന്താ കല്ല്യാണികുട്ട്യമ്മെ…...."

"ശരിയാ…… സ്കൂളിനടുത്താണെങ്കില്‍ അതാ നല്ലത്‌.
പോയിവരാനൊക്കെ സുഖായിരിക്കും
എന്നാ പിന്നെ വൈകിക്കേണ്ട
എന്താ ശ്രീകുട്ടീ….."

കാലിന്റെ പെരുവിരലുകൊണ്ട്‌ തറയില്‍ ഏതൊ അവ്യക്ത ചിത്രങ്ങള്‍ വരച്ച്‌, ഒന്നും മിണ്ടാതെ നില്‍ക്കുന്ന അവളെ നോക്കി കല്ല്യാണിക്കുട്ടിയമ്മ പറഞ്ഞു.
നിറഞ്ഞ കണ്ണുകള്‍ ചുരിതാറിന്റെ ദുപ്പട്ടകൊണ്ട്‌ തുടച്ച്‌, അവളൊന്ന്‌ തലയാട്ടുക മാത്രം ചൈയ്തു.

"എന്നാപ്പിന്നെ ഇപ്പോതന്നെയങ്ങ്‌ പൊറപ്പെടാമല്ലെ?"

ഉള്ളില്‍ നിന്നും ഉതിര്‍ന്നുവന്ന ചുമയെ ഭേദിച്ചുകൊണ്ട്‌ അപ്പച്ചന്‍ പറഞ്ഞു.

ഒരുക്കങ്ങളെല്ലാം വേഗത്തില്‍ തീര്‍ത്ത്‌ അവര്‍ അപ്പോള്‍ തന്നെ പുറപ്പെട്ടു.
ബസ്സിലിരിക്കുമ്പോഴും ശ്രീകുട്ടിയുടെ മനസ്സ്‌ എന്തൊക്കെയൊ ചികഞ്ഞുകൊണ്ടിരുന്നു.

"ശ്രീകുട്ടീ……. ദെ ഇറങ്ങേണ്ട സ്ഥലായി."

പിന്‍സീറ്റിലിരുന്ന കല്ല്യാണികുട്ടിയമ്മ അവളുടെ പുറത്തുതട്ടി വിളിച്ചു.
ബസ്സിറങ്ങി ഒന്നുരണ്ടാളുകളോട്‌ വഴി ചോദിച്ചു.
അപ്പച്ചന്‌ വഴി ശരിക്കും ഒര്‍മ്മയില്ല. കുറെ നാളായില്ലെ ഇതുവഴി വന്നിട്ട്‌.

"ദാ….ഇവിടുന്ന്‌ ഒരു നാലഞ്ചു മിനുറ്റ്‌ നടന്നാല്‍ മതി"

ഒരു റിക്ഷാവണ്ടിക്കാരനാണ്‌ വഴിപറഞ്ഞു കൊടുത്തത്‌.
വീതികുറഞ്ഞ ഒരു ചെമ്മണ്‍പാതയിലൂടെ നടന്ന്‌ അവര്‍ ഒരു കൊച്ചു വീടിന്റെ മുമ്പിലെത്തി.
കണ്ടാല്‍ ഒരഞ്ചാറുവയസ്‌ തോന്നിക്കുന്ന ഒരാണ്‍കുട്ടി മുറ്റത്ത്‌ കളിച്ചിരിക്കുന്നുണ്ട്‌.
ശ്രീകുട്ടിയും കല്ല്യാണിക്കുട്ടിയമ്മയും ആശ്ചര്യത്തോടെ പരസ്പ്പരം നോക്കി.
അപ്പച്ചെനെന്തിനാ ഇങ്ങോട്ടു കൂട്ടി കൊടുന്നെന്ന്‌ അവരാലോചിച്ചു കാണും.

"മോനെ അമ്മച്ചി എവിട്യാ?"

മുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട്‌ അപ്പച്ചന്‍ ചോദിച്ചു.
കയ്യിലെ പൊടിയെല്ലാം തട്ടി അവനെഴുന്നേറ്റു.

"അമ്മച്ചി ആത്തൂണ്ട്‌
അമ്മച്ചീ…."
അവന്‍ വീട്ടിനകത്തേക്ക് നോക്കി വിളിച്ചു.

വിളികേട്ട്‌ ഒരു മധ്യവയസ്ക പുറത്തു വന്നു.
അപരിചിതത്വം നിറഞ്ഞ മുഖഭാവത്തോടെ ആ സ്ത്രീ അവരെ ഒന്നു നോക്കി.
അപ്പച്ചന്‍ അല്‍പ്പം മുന്നോട്ട്‌ മാറിനിന്ന്‌ കൊണ്ട്‌ പറഞ്ഞു:

"ഞങ്ങള്‍ കുറച്ചു ദൂരേന്നാ…
കുറച്ച്‌ കാര്യങ്ങള്‍ പറയാം വേണ്ട്യാ ഞങ്ങള്‌ വന്നെ...."

ശ്രീകുട്ടിക്കും കല്ല്യാണിക്കുട്ടിയമ്മക്കും കാര്യങ്ങളൊന്നും മനസ്സിലായില്ല.
സ്ത്രീ അവരോട്‌ അകത്തേക്കിരിക്കാന്‍ പറഞ്ഞു.

"നിങ്ങള്‍ക്ക്‌ ഈ കുട്ടിയെ മനസ്സിലായൊ?"

വാതിലിനടുത്ത്‌ ചുമരില്‍ചാരി നിന്ന സ്ത്രീയോട്‌ അപ്പച്ചന്‍ ചോദിച്ചു.

"ഇല്ല!"

ആശ്ചര്യത്തോടെ അവര്‍ ശ്രീകുട്ടിയുടെ മുഖത്തേക്കുനോക്കി തലയാട്ടി.

വരണ്ട തൊണ്ട നനച്ചുകൊണ്ട്‌ അപ്പച്ചന്‍ പറയാന്‍ തുടങ്ങി:

"അങ്ങാടിയില്‍ ആളൊഴിഞ്ഞ്‌ നിശ്ചലമായ, തണുപ്പുള്ള ഒരു രാത്രി.
അടക്കിപ്പിടിച്ചൊരു സംസാരോം കരച്ചിലും കേട്ടാണ്‌ ഞാനുണര്‍ന്നത്‌. എന്തൊക്കെയൊ പിടിവലികൂടുന്നതിന്റെ ശബ്ദം. ഇടക്കിടെ ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചിലും. ജനാല തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോള്‍ രണ്ടാളുകള്‍ കലഹിക്കുന്നു. മങ്ങിയ തെരുവു വെളിച്ചതില്‍ അതിലൊരാള്‍ സ്ത്രീയാണെന്നു മനസ്സിലായി. സ്ത്രീയുടെ കയ്യില്‍ ഒരു കൈകുഞ്ഞുമുണ്ട്‌. നിശബ്ദനായി നിന്നു ഞാനെല്ലാം കേട്ടു. കുടെയുണ്ടായിരുന്നയാള്‍ സ്ത്രീയെ എന്തൊക്കെയൊ പറഞ്ഞ്‌ ഉപദ്രവിക്കുന്നുണ്ടായിരുന്നു."

ഇത്രയും പറഞ്ഞപ്പോഴേക്കും ആ സ്ത്രീ കുഴഞ്ഞ്‌ തറയില്‍ കുത്തിയിരുന്നു.
ശ്രീകുട്ടിയും കല്ല്യാണിക്കുട്ടിയമ്മയും അതിശയത്തോടെ അപ്പച്ചനേയും സ്ത്രീയേയും മാറിമാറി നോക്കി.
ഉള്ളില്‍നിന്നും വന്ന ചുമ ഇടക്കിടക്ക്‌ അപ്പച്ചന്റെ സംസാരം മുറിക്കുന്നുണ്ടായിരുന്നു.
അയാള്‍ തുടര്‍ന്നു:

"ഞാന്‍ വാതില്‍ തുറന്ന്‌ പുറത്തു വന്നപ്പോഴേക്കും അവര്‍ നടന്നു നീങ്ങിയിരുന്നു.
വിറകുകള്‍ അട്ടിയിട്ട ഭാഗത്തുനിന്നും ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ മാത്രം കേള്‍ക്കാം.
ഞാന്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി.
വിറകട്ടികള്‍ക്കിടയില്‍ പഴന്തുണിയില്‍ പൊതിഞ്ഞൊരു കൊച്ചുകുട്ടി കിടക്കുന്നു. ഞാന്‍ കുഞ്ഞിനെ എടുത്തു. എടുക്കുമ്പോള്‍ കുഞ്ഞിന്റെ കാലിലൊ മറ്റൊ തട്ടിയതാണെന്നു തോന്നുന്നു. കുഞ്ഞ്‌ കാലുകള്‍ വലിച്ച്‌ കരഞ്ഞു. തുണി മാറ്റിനോക്കിയപ്പോള്‍ കുട്ടിയുടെ കാലില്‍ നിറയെ വ്രണങ്ങളായിരുന്നു.

അപ്പോഴെനിക്ക്‌ എന്റെ കുട്ടിക്കാലാമാണ്‌ ഓര്‍മ്മ വന്നത്‌. അനാഥനായി തെരുവിലലഞ്ഞു നടന്ന ബാല്യം. എന്നെയും ഇതുപോലൊരു പാതിരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടതായിരിക്കുമൊ എന്ന്‌ ഞാനാലോചിച്ചു. ബാല്യകൌമാരം പിന്നിട്ട്‌ ഇന്നും ഏകനായിതന്നെ ഞാനുണ്ട്‌. ആ തെരുവിന്റെ തന്നെ കാവല്‍ക്കാരനായി.

പിന്നെ ഞാന്‍ താമസിച്ചില്ല. നേരെ നടന്നത്‌ സ്നേഹാലയത്തിലേക്കായിരുന്നു
അന്ന്‌ സ്നേഹാലയത്തില്‍ പതിനഞ്ചോളും കുട്ടികളുണ്ടായിരുന്നെന്നാണ്‌ എന്റെ ഓര്‍മ്മ. സ്നേഹാലയത്തിന്റെ നടത്തിപ്പുകാരിയായ ഈയിരിക്കുന്ന കല്ല്യാണിക്കുട്ടിയമ്മ കുട്ടിയെ സ്നേഹപൂര്‍വ്വം സ്വീകരിച്ചു."

അപ്പച്ചന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. മുഖത്തെ വിയര്‍പ്പുതുള്ളികള്‍ കൈകൊണ്ട്‌ തുടച്ചുകൊണ്ട്‌ അയാള്‍ തുടര്‍ന്നു.

"അതെ.....
ആ കുട്ടിയാണ്‌ നിങ്ങളുടെ മുമ്പിലിരിക്കുന്നത്‌. അന്നു നിങ്ങള്‍ തെരുവിലിട്ടേച്ചു പോയ നിങ്ങളുടെ കുട്ടി. കാലുനിറയെ വ്രണം പിടിച്ച്‌ നീരും ചോരയുമൊലിക്കുന്ന കുട്ടിയെ തെരുവിന്റെ മൂലയിലുപേക്ഷിക്കാന്‍ നിങ്ങളുടെ ഭര്‍ത്താവ്‌ നിര്‍ബന്ധിച്ചപ്പോള്‍ ഇടക്കിടെ പിന്നോട്ട്‌ തിരിഞ്ഞുനോക്കി മനസ്സില്ലാമനസ്സോടെ നടന്നു നീങ്ങുമ്പോള്‍, നിങ്ങളുടെ വിങ്ങുന്ന മനസ്സൂം കണ്ണീരിന്റെ നനവും ഞാന്‍ മാത്രമല്ല, മുകളിലിരിക്കുന്ന ദൈവവും കണ്ടു കാണും. അന്നുമുതല്‍ ഈ കുട്ടി എന്റെയുള്ളില്‍ ഒരു നൊമ്പരമായി അവശേഷിക്കുകയായിരുന്നു."

അത്രയും പറഞ്ഞപ്പോഴേക്കും അപ്പച്ചന്‌ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.
അയാള്‍ തന്റെ കീശയില്‍ പ്ളാസ്റ്റിക്‌ കവറില്‍ സൂക്ഷിച്ച ഒരു പൊതി പുറത്തേക്കെടുത്തു.
അതില്‍നിന്നും മുഷിഞ്ഞ ഒരു തുണ്ടുകടലാസ്സ്‌ എടുത്തു കാണിച്ചു.

"ഇതൊര്‍മ്മയുണ്ടൊ നിങ്ങള്‍ക്ക്‌.............?
അന്ന്‌ നിങ്ങളുടെ പിടിവലിക്കിടയില്‍ താഴെ വീണ ഒരു കടലാസ്സുതുണ്ട്‌.
ഇതില്‍ കണ്ട വിലാസം നോക്കിയാണ്‌ ഞാന്‍ ഈ വീട്‌ കണ്ടുപിടിച്ചത്‌.
പിന്നീട്‌ ഒന്നുരണ്ട്‌ പ്രാവശ്യം ഞാനിവിടെ വന്നിട്ടുണ്ട്‌.
തളര്‍വാതം പിടിച്ചു കിടന്ന നിങ്ങളുടെ ഭര്‍ത്താവിനെയും ഞാന്‍ കണ്ടിരുന്നു. പിന്നെ അയാള്‍ മരിച്ചെന്നും കേട്ടു."

ഇതെല്ലാം കേട്ട്‌ കല്ല്യാണിക്കുക്കട്ടിയമ്മ തരിച്ചിരിക്കുകയായിരുന്നു.
ഈ പ്രായത്തിനിടയില്‍ ഉറ്റവരും ഉടയവരുമില്ലാത്ത ഒരുപാട്‌ കുട്ടികളെ തന്റെ നെഞ്ചിന്റെ ചൂടുനല്‍കി വളര്‍ത്തിയിട്ടുണ്ട്‌. എന്നാലും ഇങ്ങനെയൊന്ന്‌….
അവര്‍ നെടുവീര്‍പ്പിട്ടു.

സ്വപ്നത്തിലെന്നപോലെ ശ്രീകുട്ടി പകച്ചുനിന്നു. നിസ്സഹായായി തന്നെ ഉപേക്ഷിക്കേണ്ടിവന്ന അമ്മയുടെ മുഖം അവളുടെ മനസ്സിലേക്ക് കടന്നു വന്നു. സ്വബോധം വീണ്ടെടുത്ത അവള്‍ അമ്മയെ തിരിച്ചു കിട്ടിയ സന്തോഷം കൊണ്ട്‌ സ്വയം മറന്നു. അവള്‍ അമ്മയെ കൂട്ടിപ്പിടിച്ച്‌ കരഞ്ഞു. ഒരു പുനര്‍ജന്മം കിട്ടിയ അനുഭൂതിയായിരുന്നു അവള്‍ക്ക്‌.

വീടിനുള്ളിലെ കരച്ചിലും ബഹളവുമെല്ലാം കേട്ട്‌ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലന്‍ അകത്തേക്ക്‌ എത്തിനോക്കി. താനിതുവരെ കാണാത്ത തന്റെ ചേച്ചിയാണ്‌ വന്നതെന്ന്‌ അവനറിയില്ലായിരുന്നു.

"എന്നാ പിന്നെ ഞങ്ങളിറങ്ങട്ടെ?
ഇനിപ്പൊ ശ്രീകുട്ടിക്ക്‌ അമ്മേം കൊച്ചനിയനുമൊക്കെയുണ്ടല്ലൊ"

ഇതും പറഞ്ഞ്‌ അപ്പച്ചന്‍ എഴുനേറ്റു പുറത്തിറങ്ങി. യാത്ര പറഞ്ഞ്‌ അപ്പച്ചനു പിറകെ കല്ല്യാണികുട്ടിയമ്മയും.
നിറഞ്ഞ കണ്ണുമായി ഒരക്ഷരം ഉരിയാടാതെ, അവര്‍ പടികടന്നു പോകുന്നതും നോക്കിനില്‍ക്കുകയായിരുന്നു ശ്രീകുട്ടി.

***
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
muhammed kunhi wandoor
muhammed kunhi wandoor

Popular posts from this blog

ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ

പീഡനം നേരിടുന്ന നമ്മുടെ കുട്ടികൾ