
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ?
ജീവച്ചവങ്ങളായ ഞങ്ങൾക്ക്
ഇനിയുമൊരു പരീക്ഷണത്തെ താങ്ങാൻ ശക്തിയുണ്ടൊ
ഉണ്ടെങ്കിൽ ഇനിയും ഞങ്ങളെ പരീക്ഷിച്ചുകൊള്ളുക
ഗിനിപ്പന്നികളെപോലെ
ഞങ്ങളുടെ ചോരയുംനീരും അണ്ഡവും ബീജവും മുലപ്പാലുമെല്ലാം
പരീക്ഷണങ്ങൾക്കുവേണ്ടി എത്രയൊ വട്ടം നിങ്ങൾ ഊറ്റിയെടുത്തു
ഇനിയും ഞങ്ങളെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കുക
നിങ്ങളുടെ ലബോറട്ടറികളിലിട്ട് പരീക്ഷിച്ചുകൊള്ളുക
അല്ലെങ്കിൽ ഞങ്ങളെ കൂട്ടത്തോടെ തീയിട്ടു ചുട്ടുകൊല്ലുക
ഞങ്ങളുടെ ചാരത്തിന് മുകളിൽ നിങ്ങളുടെ കൊടിക്കൂറകൾ പറത്തുക
അവിടെ നിങ്ങൾക്ക് നൂറ്മേനി വിളവെടുക്കാൻ കഴിയും
അധികാരത്തിന്റെ സോപാനങ്ങളിലേക്ക് അത് കുറുക്കുവഴിയുമാകും
ഓ ഭരണാധികാരികളെ, നിങ്ങളും മനുഷ്യരല്ലെ?
നിങ്ങൾക്കുമില്ലെ രക്തവും രക്തബന്ധങ്ങളും
ശീതീകരിച്ച കൊട്ടാരങ്ങളിൽ അവർ സുഖനിദ്ര കൊള്ളുമ്പോഴും
പോഷക പാനീയങ്ങളും മുന്തിയ ഭോജ്യവും അവർക്ക് സുലഭമാകുമ്പോഴും
ഉയർന്ന ജീവിതവും പരിവാരങ്ങളും അവർക്ക് ചുറ്റുമുണ്ടാകുമ്പോഴും
കളിയും ചിരിയുമായി അവരെപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമ്പോഴും
ഇവിടെ ഞങ്ങൾ, വെറും കീടങ്ങളായി ചത്തൊടുങ്ങുന്നു
മുട്ടിലിഴയുന്ന, കിടക്കപ്പായയിൽ കൈകാലിട്ടടിക്കുന്ന,
ഈ മനുഷ്യജന്തുക്കളെ നിങ്ങൾ കാണാതെ പോകുന്നുവോ?
പിറന്നുവീണ നാൾമുതൽ ഞങ്ങൾ-
നുണഞ്ഞിറക്കിയിരുന്നത് കൊടും വിഷമായിരുന്നു
അമ്മമാരുടെ മാറോട്ചേർന്ന് ഞങ്ങൾ നുകർന്നത് മുലപ്പാലായിരുന്നില്ല
അവരുടെ മാറിലൂടെ ഊർന്നിറങ്ങിയത് വിഷത്തുള്ളികളായിരുന്നു
പിന്നെയും ഞങ്ങൾ ശ്വസിച്ചതും പാനംചെയ്തതും
ഭുജിച്ചതുമെല്ലാം കൊടുംവിഷമായിരുന്നു
ഇപ്പോൾ അമ്മമാരുടെ വായിലിട്ട് ചവച്ച് കുഴമ്പാക്കിയ
അന്ന പാനീയങ്ങളല്ലാതെ ഞങ്ങളുടെ നാവുകൾക്ക് വഴങ്ങുന്നില്ല
പള്ളിയും പള്ളിക്കൂടവും ഞങ്ങൾക്കിന്ന് സ്വപനംപോലുമല്ല
കളിച്ചു തിമർക്കേണ്ട ഈ ഇളം പ്രായത്തിലും
ഞങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.
ഞങ്ങളിപ്പോൾ കാത്തുകിടക്കുന്നത്
വേദനയില്ലാത്തൊരു ദിനത്തിനുവേണ്ടിയാണ്
അന്നെ ഞങ്ങളുടെ രോദനത്തിനറുതിയുണ്ടാകൂ
അതെ, മരണമാകുന്ന ആ സത്യത്തെ പുൽകുമ്പോൾ.
പറയുക പ്രഭുക്കളെ, ഇനിയും ഞങ്ങളെ പരീക്ഷിക്കണോ
![]() |
muhammed kunhi wandoor |
