Saturday, March 29, 2014

മുഖ്യധാരയിലേക്കുയരുന്ന സാമൂഹ്യമാധ്യമങ്ങൾ


രുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലുകൾ കൊണ്ട്‌ ശ്രദ്ധേയമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ അവാസാനത്തിൽ തന്നെ ലോകം വിവര സാങ്കേതികതയുടെ വിരൽതുമ്പിലേക്ക്‌ ഒതുങ്ങിക്കൂടിയെങ്കിലും, സാമൂഹ്യ മാധ്യമങ്ങളുടെ അരങ്ങേറ്റമാണ്‌ ഇന്റർ നെറ്റിലൂടെയുള്ള വിവര വിനിമയത്തെ ജനകീയമായത്‌. നിലവിലുള്ള വാർത്താ മാധ്യമ, വിവര വിനിമയ സംവിധാനത്തിന്‌ അടിമുടി മാറ്റങ്ങൾ വരുത്തിയാണ്‌ ന്യൂജനറേഷൻ മീഡിയകൾ മുന്നേറുന്നേറിക്കൊണ്ടിരിക്കുന്നത്‌. വാർത്താ വിനിമയങ്ങൾക്ക്‌ കർശനമായ ഉപാധികളും സുശക്തമായ ചട്ടക്കൂടുമുള്ള സാമ്പ്രദായിക മാധ്യമ സങ്കൽപ്പത്തെ തന്നെ മാറ്റി മറിക്കുന്നതാണ്‌ നവമാധ്യമ സങ്കേതങ്ങൾ. 

          പുതിയ കാലത്ത്‌ സോഷ്യൽ മീഡിയയും കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകളും മാറ്റിനിർത്താനാവാത്ത വിനിമയോപാധിയായി മാറിയിരിക്കുന്നു. ഫേസ്​‍ബുക്ക്‌ തന്നെയാണ്‌ ഇപ്പോൾ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രഥമ സ്ഥാനത്തുള്ളത്‌. ലക്ഷക്കണക്കിനാളുകൾ ഓരൊ മിനിറ്റിലും ഫേസ്ബുക്കിലൂടെ വിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. മൈക്രൊ ബ്ളോഗിംഗ്‌ നെറ്റ്‌വർക്കായ ട്വിറ്ററും വീഡിയൊ ഷെയറിംഗ്‌ നെറ്റ്‌വർക്കായ യൂട്യൂബുമെല്ലാം ജനസമ്മതി നേടിയവയാണ്‌. വാട്ട്സ്ആപ്പ്‌ മെസഞ്ചർ ഉപയോഗിക്കുന്നവരുടെ അംഗസംഖ്യയിൽ ഈ അടുത്ത കാലത്ത്‌ അൽഭുതകരമായ വർദ്ധനവാണ്‌ ഉണ്ടായിട്ടുള്ളത്‌. കോർപ്പറേറ്റ്‌ കമ്പനികളും ­ബിസിനസ്‌ നെറ്റ്‌വർക്കുകളുമെല്ലാം ഏറ്റവുമധികം ഉപയോഗിക്കുന്നത്‌ വാട്ട്സ്ആപ്പ്‌ മെസഞ്ചറാണ്‌. പരന്ന വായന വിഭാവനം ചെയ്യുന്ന ബ്ളോഗുകളും ഏറെക്കുറെ സജീവമാണ്‌. മുഖ്യ ധാരാ എഴുത്തുകാരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന നല്ലൊരു ഭാഗം ആളുകൾ ബ്ളോഗെഴുത്തിൽ സജീവമാണ്‌. വരും നാളുകളിൽ ഇവയെല്ലാം ഇതെപടി നില നിൽക്കുമെന്നൊന്നും പറയാനൊക്കില്ല. പേരിലും രൂപത്തിലും പുതുമയുണ്ടായെന്നും വരാം. എന്തായാലും ഒന്നല്ലെങ്കിൽ മറ്റൊന്ന്‌ ഈ മേഖലയിൽ നില നിൽക്കുമെന്നുറപ്പാണ്‌. 
       
        മാധ്യമങ്ങൾക്ക്‌ കാലാന്തരങ്ങളിൽ ഒട്ടേറെ രൂപഭേദങ്ങളും ഭാവവ്യത്യസങ്ങളും സംഭവിച്ചിട്ടുണ്ട്‌. ഭരണകൂടത്തിന്റെ വിജ്ഞാപനങ്ങളും ആജ്ഞകളും പ്രജാ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള വിനിമയ രീതി; പിൽക്കാലത്ത്‌ ഏകാധിപത്യത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനങ്ങളെ സംഘടിപ്പിക്കാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും വേണ്ടിയുള്ള ജനകീയ മാധ്യമ സംവിധാനത്തിലേക്ക്‌ ചുവട്‌ മാറി. അടിച്ചമർത്തപ്പെടുന്നവരുടേയും ചൂഷണങ്ങൾക്ക്‌ വിധേയരാവുന്നവരൂടേയും ശബ്ദമായിരുന്നു മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്‌. ലോകത്തിന്റെ തന്നെ ചരിത്രഗതി മാറ്റി മറിക്കുന്നതിൽ ഇത്തരം മാധ്യമങ്ങൾക്കുള്ള പങ്ക്‌ വളരെ വലുതായിരുന്നു. പുതിയ കാലത്തെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും, നവ പ്രഭുക്കൻമാർക്കും കോർപ്പറേറ്റുകൾക്കും മുമ്പിൽ അടിയറവ്‌ വെച്ചുകൊണ്ടിരിക്കുകയാണ്‌.  ജനവിരുദ്ധ ഭരണകൂടങ്ങൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി ഓശാന പാടുന്ന വിനിമയ വിപണന കമ്പോളമായി മീഡിയകൾ തരം താണുകൊണ്ടിരിക്കുന്ന ഖേദകരമായ കാഴ്ചയാണ്‌ ഇപ്പോൾ കണ്ട്‌ കൊണ്ടിരിക്കുന്നത്‌. തങ്ങൾക്ക്‌ അപ്രിയമായവരെ ഇല്ലായ്മ ചെയ്യാനും സമൂഹ മദ്ധ്യത്തിൽ വിലയിടിച്ച്‌ കാണിക്കാനുമാണ്‌ പല മുഖ്യധാരാ മാധ്യമങ്ങളും സമയം ചെലവഴിക്കുന്നത്‌. മുൻവിധിയോടെയുള്ള വാർത്തകൾക്ക്‌ കോപ്പ്കൂട്ടുന്ന കൂലിവേലയായി മാധ്യമ പ്രവർത്തനത്തെ മാറ്റി എഴുതപ്പെട്ട്‌ കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ സോഷ്യൽ മീഡിയ അടക്കമുള്ള ബധൽ മാധ്യമങ്ങൾ പ്രസക്തമാകുന്നത്‌.

         സോഷ്യൽ മീഡിയകളിൽ വാർത്തകൾക്ക്‌ നിയന്ത്രണങ്ങളേതുമില്ല. മാധ്യമ മുതലാളിമാരുടെ ഇടപെടലുകളുമില്ല. ഈ ശ്രേണിയിലെ ഒരോ അംഗങ്ങളും മാധ്യമ പ്രവർത്തകരാണ്‌. അവരവരുടെ ചുറ്റുപാടുകളിലുള്ള വാർത്തകളും ചിത്രങ്ങളും ഇവിടെ പങ്കുവെക്കുന്നു. സ്വന്തമായ ചിന്തകളും ആശയങ്ങളും ആവിഷ്കരിക്കപ്പെടുന്നു. അഭിപ്രായങ്ങൾ തുറന്നുപറയുന്നു. ന്യൂസ്‌ ഡസ്കുകളിൽ തങ്ങളുടെ താൽപ്പര്യപ്രകാരം തിരുത്തലുകൾ വരുത്തിയും നിറം പിടിപ്പിച്ചും വാർത്തകൾക്ക്‌ തിരക്കഥ എഴുതുമ്പോഴേക്കും 'പച്ചയായ വാർത്തകൾ' സോഷ്യൽ മീഡിയകളിലൂടെ പൂറത്ത്‌ വന്ന്‌ കൊണ്ടിരിക്കുന്നു. നില നിൽപ്പിന്‌ വേണ്ടി മുഖ്യധാരാ മാധ്യമങ്ങൾ പോലും സോഷ്യൽ മീഡിയകളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. വാർത്തകളുടെ ഉറവിടം തേടി സോഷ്യൽ നെറ്റ്‌വർക്കുകളിൽ അലഞ്ഞുകൊണ്ടിരിക്കുന്നു. വാർത്തകൾ തമസ്ക്കരിക്കാനും കെട്ടുകഥൾ കൊട്ടിഘോഷിക്കാനും എക്കാലവും  സാധ്യമല്ല എന്നതിന്റെ ശുഭ സൂചനകളാണിതെല്ലാം. ഇതിൽ നിന്ന്‌ വസ്തുഥ മനസിലാക്കി സാമ്പ്രദായിക മാധ്യമങ്ങൾ പുനർ വചിന്തനത്തിന്‌ തയ്യാറായാൽ അത്‌ വലിയ കാര്യമായിരിക്കും.

   വ്യവസ്ഥാപിത താൽപ്പര്യങ്ങളോടും നയങ്ങളോടുമുള്ള വിയോജിപ്പും അസംതൃപ്തിയും സംഘടിതമായി വിനിയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമങ്ങൾക്ക്‌ സാധിക്കുന്നു എന്ന്‌ സമകാലിക സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുത്തു. യുവജനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്നു എന്നതാണ്‌ സോഷ്യൽ മീഡിയയുടെ പ്രത്യേകത. പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടായ പുതിയ രാഷ്ട്രീയ സാഹജര്യങ്ങളിലേക്ക്‌ വഴിയൊരുക്കിയതിൽ മുഖ്യമായ പങ്കാണ്‌ സാമൂഹ്യ മാധ്യമങ്ങൾ വഹിച്ചത്‌. 2011ൽ ഈജിപ്തിന്റെ ഭരണമാറ്റത്തിലേക്കും തുടർന്ന്‌ ഇന്നോളമുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളിലേക്കും ആ രാജ്യത്തെ എത്തിച്ചത്‌ അസ്മ മഹ്ഫൂസ്‌ എന്ന ഈജിപ്തുകാരി പെൺകുട്ടിയുടെ സോഷ്യൽ മീഡിയയിലൂടെയുള്ള ഇടപെടലുകളാണ്‌. ലിബിയ തുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കാര്യങ്ങളും മറിച്ചല്ല. ഇതുപോലെ സോഷ്യൽ മീഡിയയിലൂടെ പ്രചോദിതരായി വിപ്ളവങ്ങൾക്ക്‌ നാന്ദി കുറിച്ച മറ്റനേകം സംഭവങ്ങളും ലോകത്തിന്‌ മുമ്പിലുണ്ട്‌. ഇത്തരം വിപ്ളവങ്ങളുടെ ശരി തെറ്റുകളെ കുറിച്ച്‌ ഇവിടെ ചർച്ച ചെയ്യുന്നില്ല. ഡൽഹിയിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക്‌ വേണ്ടി തലസ്ഥാന നഗരിയിലും രാജ്യമൊട്ടാകെയും ഇരമ്പിയടിച്ച പ്രതിഷേധ കൊടുങ്കാറ്റിന്‌ തുടക്കം കുറിച്ചത്‌ ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിന്നാണ്‌.

         രാഷ്ട്രീയ പാർട്ടികളും വലുതും ചെറുതുമായ കോർപ്പറേറ്റ്‌ കമ്പനികളുമെല്ലാം ഇന്ന്‌ സോഷ്യൽ മീഡിയകളിൽ സജീവമാണ്‌. ഇന്ത്യയിലെ ഏതാണ്ട്‌ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇന്ന്‌ സോഷ്യൽ മിഡിയ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക സെല്ലുകൾ തന്നെയുണ്ട്‌. നേതാക്കൾക്കും പ്രവർത്തകർക്കും പരിശീശീലന പരിപാടികളും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസന്നമായ ലോക സഭാ തെരഞ്ഞെടുപ്പ്‌ മുൻനിർത്തിയുള്ള ചർച്ചകളും പ്രചാരണവും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സജീവമായി നടക്കുന്നു. തെരഞ്ഞെടുപ്പുകളിൽ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടേയും അതിന്‌ വിനിയോഗിക്കുന്ന പണത്തിന്റെയും വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന്‌ ഇലക്ഷൻ കമീഷൻ നിഷ്ക്കർശിച്ചിരുന്നല്ലൊ. വലിയ കോർപ്പറേറ്റുകൾ മുതൽ കുടിൽ വ്യവസായികൾ വരെ ഇപ്പോൾ വിപണി തേടുന്നത്‌ സോഷ്യൽ മീഡിയകളിലൂടെയാണ്‌. ഇത്‌ സമൂഹ മധ്യേ സുശക്തമായി വേരോടിയതിന്റെ സൂചനകളാണിതല്ലൊം.

          സോഷ്യൽ മീഡിയ ആക്ടീവിസം വിനിമയ വിപ്ളവത്തിന്റെ ഒട്ടേറെ വാദായനങ്ങൾ തുറക്കുന്നുവെങ്കിലും, സാമൂഹ്യ തിന്മകളുടെ കൂമ്പാരങ്ങൾ ഇതിലൂടെ സമൂഹത്തിന്റെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു. പരസ്പരം വിദ്യേഷം വളർത്തുന്നതിനും സ്പർദ്ദയുണ്ടാക്കുന്നതിനും സോഷ്യൽ മീഡിയയുടെ അപക്വമായ ഉപയോഗം ഇട വരുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടേണ്ടത്‌ തന്നെ. അതെ സമയം തെറ്റിദ്ധാരണ പരത്താനും ഊഹാപോഹങ്ങൾക്ക്‌ പൊടിപ്പും തൊങ്ങലും നൽകി പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്‌ അപകടങ്ങൾ വിളിച്ചുവരുത്തും. വെക്തി ഹത്യയും അപവാദ പ്രചരണവും ഒരു നിലക്കും പൊറുപ്പിക്കാനാവത്തതാണ്‌. ദുഷ്ട ലാക്കോടെയുള്ള ഇത്തരം പ്രവണതകൾക്ക്‌ ഒരു മാധ്യമവും ഉപയോഗിച്ചുകൂട. നൽകുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയും വിശ്വസനീയവുമാണെന്ന്‌ ഉറപ്പ്‌ വരുത്തേണ്ട ബാധ്യത ഓരോരുത്തർക്കുമുണ്ട്‌. ന്യായവും നീതിയും സമർത്ഥിക്കേണ്ടിവരുമ്പോൾ ക്ഷമയും ബഹുമാനവും കാത്തു സൂക്ഷിക്കാൻ കഴിയേണ്ടതുണ്ട്‌. അപക്വമായ സമീപനം കൊണ്ട്‌ കുടുംബ ബന്ധങ്ങൾ പോലും കൈവിട്ട്‌ പോകുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. ഇതൊട്ടും ആശാവഹമല്ല. നിലവിൽ അച്ചടി മാധ്യമങ്ങൾക്കും മറ്റു സാമ്പ്രദായിക മാധ്യമങ്ങൾക്കും ബാധകമായതിലുപരി കർശനമായ നിയമങ്ങളാണ്‌ സൈബർ നിയമം അനുശാസിക്കുന്നത്‌. ഇതെ കുറിച്ചുള്ള അജ്ഞത വലിയൊരളവിൽ സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കാൻ ഇടവരുത്തുന്നു.  

          ഇന്ന്‌ വിദ്യാർത്ഥികളടക്കം നല്ലൊരു ശതമാനം ആളുകൾ സമയത്തിന്റെ നല്ലൊരു ഭാഗവും സോഷ്യൽ നെറ്റ്‌ വർക്കുകളിലും മറ്റു സൗഹാർദ്ദ കൂട്ടായ്മകളിലും ചിലവിട്ടുകൊണ്ടിരിക്കുന്നു. പുതിയതലമുറക്ക്‌ കരുത്ത്‌ പകരേണ്ട കൗമാരക്കാരെ സോഷ്യൽ നെറ്റുവർക്കുകളിൽ മാത്രം തളച്ചിടുന്നത്‌ ഗുണകരമായിരിക്കില്ല. വിദ്യാഭ്യാസത്തിനും ബുദ്ധിപരമായ വികാസത്തിനും വിനിയോഗിക്കേണ്ട തങ്ങളുടെ വിലപ്പെട്ട സമയം ഇത്തരത്തിൽ തുലച്ച്‌ കളയുന്നത്‌ ഗുണകരമാണോ എന്ന്‌ പുനപരിശോധന നടത്തേണ്ടതുണ്ട്‌. മീഡിയകളെ നിയന്ത്രിക്കുന്നതിന്‌ പരിമിതികളുണ്ട്‌. പുതിയ മീഡിയകളെ അവഗണിച്ചുള്ള മുന്നേറ്റം സാധ്യവുമല്ല. മീഡിയകളെ സത്യസന്ധമായും തികഞ്ഞ പക്വതയോടെയും ഉപയോഗിക്കുക എന്നതാണ്‌ പരിഹാരം.


മുഹമ്മദ്കുഞ്ഞി വണ്ടൂർ
muhammed kunhi wandoor
muhammed kunhi wandoor


No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...