മുഹമ്മദ്കുഞ്ഞി വണ്ടൂർ
..................................................
കേരളത്തിലെ
പ്രധാനപ്പെട്ടൊരു ആശുപത്രിയിലെ ഒ.പി വിഭാഗത്തിനു
മുമ്പിൽ ഊഴവും കാത്തിരിക്കുകയായിരുന്നു. ആശുപത്രിയിലെ ഏതണ്ടെല്ലാ ഡോക്ടർമാരുടേയും ഒ.പികളും
ഇവിടേയാണ് പ്രവർത്തിക്കുന്നത്. രാവിലെ 6 മണിക്കുതന്നെ ഒ.പി വിഭാഗത്തിനു മുമ്പിൽ നീണ്ടുകിടക്കുന്ന ഇരിപ്പിടങ്ങളെല്ലാം
രോഗികളെകോണ്ടും കൂട്ടിനുവന്നവരെകൊണ്ടും നിറഞ്ഞിരുന്നു. എല്ലാവരും അവരവരുടെ ഊഴവും കാത്തിരിക്കുകയാണ്.
ആദ്യമെത്തിയവർ കൺസൾട്ടിങ്ങ് കഴിഞ്ഞു പോകുന്നു. പുതുതായി ആളുകൾ വന്നുകൊണ്ടുമിരിക്കുന്നുമുണ്ട്.
അടിയന്തിരമായി ഒരു സർജ്ജറിയുള്ളതുകാരണം ഉച്ചക്ക് 12 മണിയോടെയാണ് ഞങ്ങളുടെ ഡോക്ടർ ഒ.പിയിലെത്തിയത്.
സർജിക്കൽ
ഓങ്കോളജിസ്റ്റിന്റെ ഒ.പിക്കെതിർവശമാണു ഞങ്ങളുടെ ഒ.പി. ആഴ്ചയിലൊരിക്കൽ മാത്രമെ ഇവിടെ
ഓങ്കോളജിസ്റ്റിന്റെ പരിശോധനയുള്ളൂ. അവിടെ സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. പല
പ്രായത്തിലുള്ള രോഗികളേയും അവിടെ കാണാം. സ്തീകളും പുരുഷാന്മരുമുണ്ട്. ചെറിയ കുട്ടികൾ
വരേയുണ്ട്. ആദ്യമായി പരിശോധനക്കെത്തിയവരും തുടർചികിത്സക്കുവേണ്ടി വന്നവരുമുണ്ട്. എല്ലാവരുടെ
മുഖത്തും നിരാശയോ ഭീതിയൊ കാണാമായിരുന്നു. ഉറക്കച്ചടവോടെയും ആലസ്യത്തോടെയും ഓങ്കോളജിക്കെതിർവശമുള്ള
കസേരയിലിരിക്കുമ്പോഴാണ് ആ യുവ ദമ്പതികൾ ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തുവരുന്നത്
കണ്ടത്. രണ്ടുപേരും വിതുമ്പലോടെയാണ് പുറത്തിറങ്ങി വന്നത്. യുവതി കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.
പിന്നീടന്വേഷിച്ചപ്പോഴാണ്
യുവാവിന് ആമാശയ കാൻസറായിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്. വിദേശത്തായിരുന്ന യുവാവ് ശാരീരികാസ്വസ്തതകളെ
തുടർന്ന് ഈയടുത്താണ് നാട്ടിലെത്തിയത്. ലാബ്
ടെസ്റ്റുകളുടെ റിസൾറ്റുകളും മറ്റും ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു.
..................................................
സമൂഹത്തിൽ
ഇന്ന് കാൻസർ രോഗികൾ വർദ്ധിച്ചുവരുന്നു. അതോടൊപ്പം
രോഗ ഭീതിയും. രോഗം കാൻസറാണെന്ന് അറിയുന്ന നിമിഷം എത്ര മനക്കരുത്തുള്ളവരാണെങ്കിലും
തകർന്നുപോകും. രോഗികളോടും അവരുടെ കുടുമ്പങ്ങളോടും
രോഗത്തെകുറിച്ച് തുറന്ന് പറയേണ്ടിവരുന്ന ഡോക്ടറും ഏതാണ്ടിതുപോലൊരു മാനസികാവസ്ഥയാണ്
അനുഭവിക്കുന്നത്. നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ചു
ഭേദമാക്കാൻ കഴിയുന്ന കാൻസറിനെ മരണത്തിന്റെ തുടക്കമായിട്ടാണ് സമൂഹം കാണുന്നത്. കാൻസറിനെ
കുറിച്ചുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാവേണ്ടതുണ്ട്. ചികിത്സയോടൊപ്പം രോഗികൾക്ക് മാനസികാമായി കരുത്തുപകരാനാണ്
ശ്രമിക്കേണ്ടത്. ചിട്ടയായ ജീവിത ശൈലിയും വിഷവിമുക്തമായ ഭക്ഷണ ക്രമവും കാൻസറിന്റെ വ്യാപനം
ഒരു പരിധിവരെ തടയാൻ സാധിക്കും..
..................................................
ഇന്ന്
ലോക കാൻസർ ദിനം
No comments:
Post a Comment
ദയവായി ഒരഭിപ്രായമെഴുതൂ!