Thursday, March 31, 2016

മൃതിയടയുന്ന പ്രവാസി വകുപ്പ്



മുഹമ്മദ്കുഞ്ഞി വണ്ടൂർ
 
പ്രവാസി കാര്യങ്ങൾക്ക്‌ പേരിനെങ്കിലും കേന്ദ്രത്തിൽ ഒരു മന്ത്രിയും വകുപ്പുമുണ്ടായിരുന്നു. ആദ്യം മന്ത്രി പദവി കേന്ദ്രം എടുത്തു കളുഞ്ഞു. ഇപ്പോൾ സ്വന്തമായി വകുപ്പ്‌ തന്നെ വേണ്ടെന്ന്‌ വച്ചിരിക്കുന്നു. പ്രവാസി കാര്യങ്ങൾക്ക്‌ വേണ്ടി പ്രത്യേകം മന്ത്രി വേണ്ടെന്ന തീരുമാനം വന്നപ്പോൾ തന്നെ കാര്യങ്ങളുടെ പോക്ക്‌ എങ്ങോട്ടാണെന്ന്‌ ഏറക്കുറെ വ്യക്തമായിരുന്നു. 12 വർഷങ്ങൾക്ക്‌ മുമ്പ്‌ യു.പി.എ സർക്കാറിന്റെ കാലത്താണ്‌ വിദേശകാര്യ വകുപ്പ്‌ വിഭജിച്ച്‌ പ്രവാസികാര്യങ്ങൾക്ക്‌ പുതിയ വകുപ്പ്‌ രൂപീകരിച്ചത്‌. 

പ്രവാസികളുടെ ക്ഷേമവും സുരക്ഷയുമായിരുന്നു ലക്ഷ്യം. പ്രവാസി നിക്ഷേപം ഏകീകരിപ്പിക്കുക, മടങ്ങി വരുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ബൃഹത്തായ പദ്ധതികളുമായിട്ടായിരുന്നു 2004ൽ പ്രവാസികാര്യ വകുപ്പ്‌ രൂപീകൃതമായത്‌. തുടക്കത്തിൽ അതിനുവേണ്ടിയുള്ള പ്രഥമിക പ്രവർത്തനങ്ങൾ അൽപ്പമെങ്കിലും നടന്നതുമാണ്‌. ഈ ലക്ഷ്യം കൈവരിക്കാൻ വകുപ്പും മന്ത്രിയും എന്തെല്ലാം ചെയ്തുവെന്നതും, സാധാരണ പ്രവാസികൾക്ക്‌ ഇത്‌ എത്രത്തോളം ഗുണകരമായിരുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ട മറ്റൊരു വിഷയമാണ്‌. എന്തായാലും പ്രവാസികാര്യം  വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കാനാണ്‌ ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്‌. പുതിയ സർക്കാർ അധികാരമേറ്റയുടനെ തന്നെ ഇതിനുള്ള ശ്രമങ്ങൾ പടി പടിയായി നടന്നിരുന്നു. വർഷങ്ങളായ ആണ്ടിലൊരിക്കൽ കൊട്ടിഘോഷിച്ചിരുന്ന പ്രവാസി ഭാരതീയ ദിവസ്‌ എന്ന പേരിൽ നടന്നിരുന്ന പ്രവാസികളുടെ പ്രതിനിധി സമ്മേളനത്തിന്‌ പോലും ഇപ്പോൾ പഴയ പകിട്ടില്ല. ഇക്കാലമത്രയും നടന്ന സമ്മേളനങ്ങൾ സാധാരണ പ്രവാസികളെ എത്രത്തോളം സ്വാധീനിച്ചുവെന്നത്‌ മറ്റൊരു കാര്യം.
വർഷങ്ങളായി ഇന്ത്യയുടെ സമ്പദ്ഘടനക്ക്‌ കൈതാങ്ങ്‌ നൽകുന്നത്‌ പ്രവാസികളാണെന്നത്‌ എല്ലാവരും അംഗീകരിക്കുന്നതാണ്‌. പ്രവാസികളുടെ പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കാൻ കഴിയാതെ വരുന്നത്‌ ആമേഖലയെ തളർത്തുന്നതിന്‌ തുല്ല്യമാണ്‌. ഭാവിയിൽ പ്രവാസി നിക്ഷേപത്തിൽ കാര്യമായ ചോർച്ചയുണ്ടാകാൻ ഇത്‌ കാരണമായേക്കും. ഗൾഫ്‌ രാജ്യങ്ങളിൽനിന്നടക്കം രാജ്യത്തേക്കൊഴുകുന്ന വിദേശ നാണ്യത്തിൽ നേരിയ കുറവുണ്ടായാൽ പോലും നമ്മുടെ സാമ്പത്തിക നിലയെ അത്‌ കാര്യമായി ബാധിക്കും. ഗൾഫ്‌ പണം എത്രത്തോളം നമ്മുടെ സാമ്പത്തിക മേഖലയെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമ്പോൾ ഇത്‌ ബോധ്യമാകുന്നതാണ്‌. വർഷങ്ങളായി ഇന്ത്യയുടെ പ്രത്യേകിച്ച്‌ കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ഭദ്രമാക്കി നിർത്തിയിട്ടുള്ളത്‌ പ്രവാസികളാണ്‌. അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌.
ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസി മലയാളികളാണ്‌. കേവലം സമ്പന്നരായ പ്രവാസി വ്യവസായികൾക്ക്‌ മാത്രമല്ല ഈ വികസനങ്ങളുടെ മുഴുവൻ ക്രെഡിറ്റും. സാധാരണ പ്രവാസികളും ഈ വികസന പ്രക്രിയയിൽ ഒരുപോലെ പങ്കാളികളാണ്‌. രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ രാജ്യത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്കയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒത്തിരി ഗ്രാമങ്ങളെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നനോന്മുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും, സ്വന്തം നാടും വീടും വിട്ട്‌ അന്യ ദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളായിരുന്നു.

ഗൾഫ്‌ മേഖലയിലുള്ള പ്രവാസികൾക്ക്‌ ഇപ്പോഴും ഒട്ടനേകം പ്രശ്നങ്ങളുണ്ട്‌. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. തൊഴിൽ നിയമങ്ങളിൽ കുരുങ്ങി നാട്‌ പിടിക്കേണ്ടിവരുന്നവർക്ക്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടേണ്ടി വരുന്നത്‌. തങ്ങളുടെ തൊഴിൽ വൈദഗ്ദ്യവും ചെറിയ സമ്പാദ്യങ്ങളും  സ്വന്തം നാട്ടിൽ പ്രയോചനപ്പെടുത്താൻ കാര്യക്ഷമമായ പദ്ധതികൾ അവർക്ക്‌ ലഭിക്കാതെ പോകുന്നു. പ്രശ്നങ്ങൾ ഉന്നയിക്കാനും ബോധിപ്പിക്കാനും സ്വതന്ത്രമായ ഒരു സംവിധാനം ഇല്ലാതാകുന്നത്‌ സാധാരണ പ്രവാസികളെ ദോഷകരമായി ബാധിക്കും. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ഒട്ടേറെ ചലനമുണ്ടാക്കാൻ സാധിക്കുന്ന മേഖലയെ കേന്ദ്ര സർക്കാർ ചെറിയ ലാഘവത്തോടെ കാണുന്നുവെന്നത്‌ ആശങ്കാജനകമാണ്‌.
യഥാർത്ഥത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക്‌ പ്രവാസികൾക്ക്‌ വേണ്ടി പലതും ചെയ്യാനാകും. ഇതിലൂടെ രാജ്യത്തിന്റെ വരുമാനം ഉയർത്തുകയും ചെയ്യാം. തൊഴിൽ നിയമങ്ങളടക്കമുള്ള പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെട്ട്‌ പരിഹരിക്കാൻ കഴിണം. പ്രവാസികളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരിക്കാനും അവസരോചിത ഇടപെടലുകൾ നടക്കേണ്ടതുണ്ട്‌.
പ്രവാസികളിൽ സംരഭകത്വം പ്രോൽസാഹിപ്പിക്കുന്നതിന്‌ സർക്കാരുകൾക്ക്‌ ഒട്ടേറെ കാര്യങ്ങൾ ചയ്യാൻ കഴിയും.  മടങ്ങി വരുന്ന പ്രവാസികളുടെ കാര്യത്തിലും ഗുണകരമായ സമീപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌. അന്തർദേശീയ തൊഴിൽ മാർക്കറ്റുകളിൽ പ്രായോഗിക പരിചമുള്ളവരടക്കം നല്ലൊരു ശതമാനം പ്രൊഫഷനലുകളും ഉൾപ്പെടുന്ന പ്രവാസി സമൂഹത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ രാജ്യത്തിന്‌ കഴിയേണ്ടതുണ്ട്‌. വിദേശ സാങ്കേതിക പരിജ്ഞാനവും ഭാഷാ പ്രാവീണ്യവും കൈമുതലുള്ള പ്രവാസികൾക്ക്‌ സ്വന്തം നാടിന്റെ സാംസ്കാരവും സാമൂഹ്യ സാഹചര്യങ്ങളും ഉൾകൊണ്ട്‌ പ്രവർത്തിക്കാൻ കഴിയും.
കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം ഗൾഫ്‌ മേഖലയുൾപ്പടേയുള്ള ലക്ഷക്കണക്കിന്‌ പ്രവാസികൾക്ക്‌ ഒരു തിരിച്ചടി തന്നെയാണ്‌. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും ഇതുവരെ സ്വന്തമായി ഒരു വകുപ്പെങ്കിലുമുണ്ടയിരുന്നു. വിദേശകാര്യ വകുപ്പിന്‌  നയ തന്ത്ര ബന്ധങ്ങൾ ഉൾപ്പടേയുള്ള സങ്കീർണ്ണമായ അനേകായിരം പ്രശ്നങ്ങളുണ്ടായിരിക്കെ പ്രവാസികളുടെ പ്രശ്നങ്ങളിൽ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നത്‌ കണ്ടറിയേണ്ടതാണ്‌. വർഷങ്ങളായി രാജ്യത്തിന്റെ വികസന പ്രക്രിയയിൽ നേരിട്ട്‌ പങ്കാളികളാകുന്ന ലോകത്തെമ്പാടുമുള്ള പ്രവാസികൾക്ക്‌ സ്വന്തമായി ഒരു വകുപ്പ്‌ എന്തുകൊണ്ടും അത്യാവശ്യമാണ്‌. പ്രവാസി വകുപ്പ്‌ നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം പുനപ്പരിശോധിക്കേണ്ടതുണ്ട്‌.

 

No comments:

Post a Comment

ദയവായി ഒരഭിപ്രായമെഴുതൂ!

സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ (കവിത)

------------------------------------- മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ ------------------------------------- സ്വാതന്ത്ര്യത്തിന്‍റെ താക്കോല്‍ സൂക്ഷിപ...