പ്രവാസി വോട്ട്‌ എന്ന ആകാശ കുസുമംമുഹമ്മദ്കുഞ്ഞി വണ്ടൂർ  

നിയമസഭാ തിരഞ്ഞെടുപ്പ്‌ പടിവാതിലിൽ എത്തിനിൽക്കുമ്പോൾ പ്രവാസി വോട്ട്‌ വീണ്ടും ചർച്ചയാവുകയാണ്‌. പ്രവാസിവോട്ടെന്ന സങ്കൽപ്പം യാഥാർഥ്യമാകാൻ ഇനിയും ഒരുപാട്‌ കാത്തിരിക്കേണ്ടി വരും. പ്രവാസികൾക്ക്‌ അവർ തൊഴിലെടുക്കുന്ന നാട്ടിലിരുന്നുതന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ആവശ്യത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. പ്രവാസലോകം സന്ദർശിക്കുന്ന മന്ത്രിമാർ ഉൾപ്പടേയുള്ള രാഷ്ട്രീയനേതാക്കൾ പ്രവാസികൾക്ക്‌ വോട്ടാകാശം പലപ്പോഴും വലിയവായിൽ ഓഫർ ചെയ്യാറുണ്ടെങ്കിലും മറ്റുപല ഓഫറുകളേയുംപോലെ പ്രവാസികൾ ഇതും ഒരുചെവിയിലൂടെ കേട്ട്‌ മറുചെവിയിലൂടെ പുറംതള്ളാറാണ്‌ പതിവ്‌. എന്നാൽ 2010ൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ്‌ പ്രവാസികൾക്ക്‌ വോട്ടവകാശമെന്ന പ്രഖ്യാപനം നടത്തി. അതിന്‌ ശേഷം പരിഷ്കരിച്ചുവന്ന വോട്ടേർസ്‌ ലിസ്റ്റിൽ പ്രവസികളുടെ പേരും ഇടംപിടിച്ചു. അതുവരെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ കഴിയാതിരുന്ന, രാജ്യത്തെ രണ്ടാംതരം പൗരൻമാരായി സ്വയം വിശേഷിപ്പിച്ചിരുന്ന പ്രവാസികളെ സമ്പന്ധിച്ചിടത്തോളം അതുതന്നെ ഏറ്റവുംവലിയ അംഗീകാരമായിരുന്നു. എന്നാൽ ലിസ്റ്റിൽ പേരുവന്നെങ്കിലും തിരഞ്ഞെടുപ്പ്‌ കാലയളവിൽ നാട്ടിലുള്ളവർക്കേ വോട്ടുചെയ്യാൻ സാധിച്ചിരുന്നൊള്ളൂ. അതിനുശേഷം നടന്ന തിരത്തെടുപ്പുകളിൽ പ്രവാസികളുടെ മൊത്തം അംഗസംഖ്യയെ അപേക്ഷിച്ച്‌ വളരെചെറിയ ഒരു ശതമാനം ആളുകളാണ്‌ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തിയത്‌. തെരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ നാട്ടിൽവന്ന്‌ വോട്ട്ചെയ്യുന്നത്‌ അങ്ങേയറ്റം പ്രയാസകരമാണ്‌. ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽനിന്ന്‌ ലീവ്‌ തരപ്പെടുത്താൻ എല്ലാവർക്കും എളുപ്പവുമല്ല. 

ഇന്ത്യയിൽ നിന്നുള്ള പ്രവാസികളിൽ സിംഹഭാഗവും ഗൾഫ്‌ മേഖലയിലാണ്‌ തൊഴിൽ ചെയ്യുന്നത്‌. അവരിൽതന്നെ അധികവും വളരെകുറഞ്ഞ മാസവരുമാനുള്ളവരുമാണ്‌. നാട്ടിലൊരു വോട്ടിനുവേണ്ടി ലീവും വിമാന യാത്രാകൂലിയും സംഘടിപ്പിക്കുകയെന്നത്‌ സാധാരണപ്രവാസികളെ സംബന്ധിച്ചിടത്തോളം ദുഷ്കരവുമാണ്‌. ഗൾഫിലെ ഏതാണ്ടെല്ലാ തൊഴിലിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിദ്ധ്യം എമ്പാടുമുണ്ട്‌. ഇവരെല്ലാം ഒരേസമയം വോട്ടു രേഖപ്പെടുത്താൻ സ്വന്തം രാജ്യത്തേക്ക്‌ പുറപ്പെട്ടാൽ ഇവിടങ്ങളിലുള്ള വ്യാവസായ തൊഴിൽമേഖല ഭാഗികമായി സ്തംഭിക്കാനിടയാവും. ഇക്കാരണങ്ങൾകൊണ്ടെല്ലാം നാട്ടിൽവന്ന്‌ വോട്ട്‌ ചെയ്യുകയെന്നത്‌ ഒട്ടും പ്രായോഗികവും ശാസ്ത്രീയവുമല്ലെന്ന്‌ എല്ലാവർക്കുമറിയാവുന്നതാൺ​‍്‌.
അന്യ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യൻ പൗരൻമാർക്ക്‌ തങ്ങൾ തൊഴിൽ ചെയ്യുന്ന നാടുകളിൽ നിന്നുതന്നെ വോട്ടുചെയ്യാനുള്ള അവകാശത്തിന്‌ വേണ്ടിയുള്ള ആവശ്യം കാലങ്ങളായി പ്രവാസലോകത്തുനിന്ന്‌ ഉയർന്നുകേൾക്കുന്നണ്ട്‌. ഇതു സംബന്ധമായി സുപ്രീംകോടതിയിൽ ലഭിച്ച ഹരജിയുടെ അടിസ്ഥാനത്തിൽ ഇതേകുറിച്ച്‌ പഠിക്കാനും റിപ്പോർട്ട്‌ സമർപ്പിക്കാനും കേന്ദ്രസർക്കാറിനും തെരഞ്ഞെടുപ്പ്‌ കമ്മീഷനും കഴിഞ്ഞവർഷം സുപ്രീംകോടതി നിർദ്ദേശംനൽകിയിരുന്നു. അതുപ്രകാരം ഇതുസമ്പന്ധമായി ചർച്ചകളും പഠനങ്ങളുംനടന്നു. ഇലക്ട്രോണിക്‌ വോട്ടിംഗ്‌, പ്രോക്സി വോട്ടിംഗ്‌ തുടങ്ങി ഏതെങ്കിലും സംവിധാനത്തിലൂടെ വോട്ട്‌ ചെയ്യാമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ശുപാർശ ചെയ്യുകയും കേന്ദ്രസർക്കാർ അത്‌ അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കേരളത്തിലും ഇ­വോട്ടിംഗ്‌ നടപ്പാക്കുന്നതിനെ കുറിച്ച്‌ ചർച്ച നടക്കുകയുണ്ടായി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തലസ്ഥാനനഗരിയിൽ അതിനുവേണ്ടി സർവകക്ഷി യോഗവുംചേർന്നു. ഇ ­വോട്ടിംഗിന്റെ പ്രായോഗികതയിൽ ചിലകക്ഷികൾ ആശങ്ക പ്രകടിപ്പിച്ചെങ്കിലും പ്രവാസികൾക്ക്‌ വോട്ടവകാശമെന്ന മിനിമം ലക്ഷ്യത്തിൽ ഏതാണ്ടെല്ലാ കക്ഷികളും ഒരെ നിലപാട്‌ സ്വീകരിച്ചതായണറിവ്‌. 

ഇതിനുവേണ്ടി സുരക്ഷിതവും അനിയോജ്യവുമായ രീതികൾ ഉപയോഗിക്കാവുന്നതാണ്‌. ജനാധ്യപത്യ മര്യാദയുടെ പൂർണതയും സ്വകാര്യതയും നിലനിർത്തുന്നതിന്‌ പ്രോക്സിവോട്ടിംഗിനെ അപേക്ഷിച്ച്‌ ഇ­വോട്ടിംഗ്‌ തന്നെയാണ്‌ എന്തുകൊണ്ടും അഭികാമ്യം. സാങ്കേതിക വിദ്യയുടെ കുതിപ്പ്‌ ഇലക്ട്രോണിക്‌ രംഗത്ത്‌ വലിയ മുന്നേറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയും സോഷ്യൽ മീഡിയ ഉൾപ്പടേയുള്ള നവമാധ്യമങ്ങൾ ജനകീയമാവുകയും ചെയ്ത പുതിയ സാഹചര്യത്തിൽ ഇ­­വോട്ടിംഗിന്റെ പ്രായോഗികതയെകുറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണ്‌. രഹസ്യസ്വഭാവമുള്ള വിവരങ്ങളും വിനിമയങ്ങളും ഇന്റർനെറ്റിലൂടെ ഇപ്പോൾ സുരക്ഷിതമായി കൈമാറ്റം ചെയ്യപ്പെടുന്നു. അതീവസുരക്ഷ ആവശ്യമായ ഓൺലൈൻ ബാങ്കിംഗ്‌  ഉൾപ്പടേയുള്ള സങ്കേതങ്ങളിലൂടെ ലോകത്ത്‌ കോടിക്കണക്കിന്‌ ആളുകൾ വിനിമയം നടത്തുകയും സുരക്ഷിതമായി പണം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാത്രവുമല്ല ലോകത്ത്‌ ഒട്ടേറെ രാജ്യങ്ങളിൽ പ്രവാസി വോട്ടിംഗ്‌ അംഗീകരിക്കുകയും വിജയകരമായി നടപ്പിലാക്കിവരികയും ചെയ്യുന്നുണ്ട്‌.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തന്നെ പ്രവാസി എന്ന ലാബലിൽ കന്നിവോട്ട്‌ ചെയ്യാമെന്ന്‌ കരുതി കാത്തിരുന്ന പ്രവാസികൾ ഒരുപാടുണ്ട്‌. എന്നാൽ വിദേശത്തുള്ള പ്രവാസികൾക്ക്‌ വോട്ട്‌ ചെയ്യാനവാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ കഴിഞ്ഞു. ഇപ്പോൾ കേരളം ഉൾപ്പടേയുള്ള അഞ്ചുസംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഒരുങ്ങുകയാണ്‌. പ്രവാസികൾക്ക്‌ വോട്ടുചെയ്യാനുള്ള സാഹചര്യം ഇപ്പോഴുമുണ്ടായിട്ടില്ല. പ്രവാസികളുടെ വോട്ടവകാശം ഇപ്പോഴും ഒരു സ്വപ്നമായിതന്നെ നിലനിൽക്കുന്നു. ലോകത്ത്‌ ഏതാണ്ട്‌ മൂന്നുകോടിയോളം ഇന്ത്യക്കാർ  പ്രവാസികളായുണ്ട്​‍്‌. വർഷങ്ങളായി ഇന്ത്യയുടെ സമ്പദ്ഘടനക്ക്‌ കരുത്തുപകരുന്നത്‌ പ്രവാസികളാണെന്നത്‌ യാഥാർത്യമാണ്‌. പ്രത്യേകിച്ച്‌ പ്രവാസികളിൽ അധികവുമുള്ള ഗൾഫ്‌ മേഖലയിൽനിന്ന്‌. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മുന്നോട്ടടുപ്പിക്കുന്നതിൽ പെട്രോഡോളർ എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ കണ്ടെത്തുമ്പോൾ ഈ യാഥാർത്യം ബോധ്യമാകും. വർഷങ്ങളായി ഇന്ത്യയുടെ പ്രത്യേകിച്ച്‌ കേരളത്തിന്റെ സാമ്പത്തിക അടിത്തറക്ക്‌ കോട്ടംവരാതെ കാത്തുനിർത്തിയത്‌ പ്രവാസികളാണ്‌. അടിസ്ഥാന വികസന പ്രക്രിയയിൽ അനിഷേധ്യമായ പങ്കാളിത്വമാണ്‌ പ്രവാസികൾ ഇന്നോളം വഹിച്ചിട്ടുള്ളത്‌. ഉന്നത വിദ്യാഭ്യാസം, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ, ഗതാഗതം, ഹോസ്പിറ്റാലിറ്റി, റീറ്റെയിൽ, ഐടി, റിയൽ എസ്റ്റേറ്റ്‌, ട്രാവൽ ടൂറിസം, വിനോദം, മാധ്യമ രംഗം തുടങ്ങി വളർച്ചയുടെ എല്ലാ മേഖലകളിലും വിദേശ മലയാളികളുടെ വിയർപ്പിന്റെ സാരംശമുണ്ട്‌. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും നോക്കി നടത്തുന്ന സംഘടനകളുടേയെല്ലാം നട്ടെല്ല്‌ പ്രവാസികളാണ്‌.
രാപ്പകൽ ഭേദമന്യേ വിദേശ നാടുകളിൽ കഠിനാധ്വാനം ചെയ്യുന്ന ഏതൊരു പ്രവാസിയും നാട്ടിലേക്കയക്കുന്ന പണം വിനിയോഗിക്കുന്നത്‌ രാജ്യത്തിന്റെ പൊതു വിപണിയിലാണ്‌. പ്രതിവർഷം 75,000 കോടി രൂപയുടെ വിദേശ നാണ്യം പ്രവാസികൾ നാട്ടിലേക്ക്‌ അയക്കുന്നുണ്ടെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. തട്ടിയും മുട്ടിയും അരിഷ്ടിച്ച്‌ കഴിഞ്ഞിരുന്ന ഒരുപാട്‌ ഗ്രാമപ്രദേശങ്ങളെ അഭിവൃദ്ധിയുടെ ചവിട്ടുപടിയിലേക്ക്‌ കൈപിടിച്ചുയർത്തിയതും നാടിന്റെ നാനോ?​‍ുഖ വികസനത്തിന്‌ ആക്കം കൂട്ടിയതും, നാടും വീടുംവിട്ട്‌ അന്യദേശങ്ങളിൽ കഷ്ടപ്പെടുന്ന പ്രവാസികളാണ്‌.
നാടിന്റെ പുരോഗതിക്ക്​‍്‌ പ്രത്യക്ഷമായൊ പരോക്ഷമായൊ മുതൽമുടക്കുന്ന പ്രവാസികൾക്ക്‌ തങ്ങളുടെ മൂലധനം നാടിന്റെ വികസനത്തിന്‌ ക്രിയാത്മകമായി വിനിയോഗിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനുള്ള അവകാശമുണ്ട്‌. അതിനുവേണ്ടി തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുന്ന പ്രതിനിധികളേയും ഭരണകർത്താക്കളേയും തിരഞ്ഞെടുക്കാനും ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരുന്നതിനുമുള്ള അവരുടെ ആവശ്യം ന്യായവും ജനാധിപത്യ നിർവ്വഹണത്തിന്റെ പൂർത്തീകരണത്തിന്‌ അനിവാര്യവുമാണ്‌. വോട്ടാവകാശത്തിന്റെ അഭാവമാണ്‌ തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ മുമ്പിൽ അധികാരികൾ മുഖം തിരിക്കുന്നതെന്ന്‌ പ്രവാസികൾക്ക്‌ നന്നായി ബോധ്യമുണ്ട്‌. തങ്ങളുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത്‌ എത്തിക്കാൻ വോട്ടവകാശമെന്ന ജനാധിപത്യ ആയുധം പ്രവാസികളെ സഹായിക്കുമെന്നുറപ്പാണ്‌. നല്ലൊരു ശതമാനം ആളുകൾ പ്രവാസലോകത്തുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭാഗദേയത്വം തീരുമാനിക്കാൻ വോട്ടവകാശം നേടുന്നതിലൂടെ പ്രവാസി കരുത്ത്‌ ആർജ്ജിക്കും. ആവേഷത്തോടെയായിരിക്കും പ്രവാസലോകം ഇതിനെ വരവേൽക്കുക. അവർക്ക്‌ വ്യക്തമായ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ട്‌. നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന അനേകമാളുകൾ പ്രവാസലോകത്തുണ്ട്‌. നാട്ടിലുള്ളതിനേക്കാൾ തലനാരിഴ കീറി രാഷ്ട്രീയം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ കക്ഷിരാഷ്ട്രീയ സമ്മർദ്ദങ്ങൾ അധികമാളുകളേയും വലിയ തോതിൽ സ്വാധീനിക്കാറില്ല എന്നതാണ്‌ യാഥാർത്യം. ഭാഷ ദേശ വൈവിധ്യങ്ങളുമായുള്ള നിരന്തര സമ്പർക്കവും വലിയ അനുഭവസമ്പത്തും പ്രവാസികളെ എക്കാലവും പ്രബുദ്ധരാക്കി നിർത്തുന്നു. വികസന നയങ്ങളിലും രീതികളിലും പ്രവാസികൾക്ക്‌ അവരുടേതായ കാഴ്ചപ്പാടുകളുണ്ട്‌. നാടും വീടുംവിട്ട്‌ ജീവിതത്തിന്റെ പൂർണയൗവനം പരദേശങ്ങളിൽ ചെലവഴിക്കേണ്ടിവരുന്ന പ്രവസികൾ നാടിന്റെ സ്പന്ദനം തൊട്ടറിയാൻ എപ്പോഴും ആഗ്രഹിക്കുന്നു. നാടിന്റെ കുതിപ്പിലും കിതപ്പിലും ആഹ്ളാദവും ആശങ്കയും നെഞ്ചിലേറ്റി അവർ നാടിനോടൊപ്പം ചേരുന്നു. ചർച്ചകളിൽ സജീവമാകുന്നു. പ്രത്യായ ശാസ്ത്രത്തിലും ആശയതലങ്ങളിലുമുള്ള സംവാദങ്ങൾ നടത്തുന്നു. സോഷ്യൽ മീഡിയയിലെ പ്രവാസി പങ്കാളിത്വം ഇതിലേക്കൊരു ചൂണ്ടുപലകയാണ്‌. ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മത­സാംസ്കാരിക സംഘടനകൾക്കും ഗൾഫുനാടുകൾ ഉൾപ്പടേയുള്ള പ്രവാസലോകത്ത്‌ വേരും ശാഖകളുമുണ്ട്‌. ഇവിടെ യഥേഷ്ടം യോഗങ്ങളും സംവാദങ്ങളും നടക്കുന്നു. പ്രാവാസ ലോകത്തെ രാജ്യങ്ങളിലുള്ള നിയമം മറികടക്കാതെ, തികഞ്ഞ സംയമനത്തോടെ പരസ്പരം അടുക്കാനും സൗഹൃദപ്പെടാനും കലഹിക്കാനുമെല്ലാം പ്രവാസികൾ നന്നായി പഠിച്ചിട്ടുണ്ട്‌.  
പ്രവാസിവോട്ട്‌ ഇപ്പോൾ അതിന്റെ പ്രായോഗികതയിൽ വഴിമുട്ടി നിൽക്കുകയാണ്‌. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സാങ്കേതികത്വങ്ങളുടേയും പ്രായോഗികതയുടേയും പേരിൽ സ്വന്തംരാജ്യത്തെ പ്രവാസികളായ പൗരൻമാർക്ക്‌ സമ്മതിദാനം രേഖപ്പെടുത്താനുള്ള അവകാശം നിഷേധിക്കുന്നത്‌ ജനാധിപത്യ നീതിക്ക്‌ നിരക്കാത്തതും ഇന്ത്യൻ ഭരണഘടനയോട്‌ ചെയ്യുന്ന അനീതിയുമാണ്‌. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ മൂല്യങ്ങൾ ഒട്ടേറെ ലോകരാജ്യങ്ങൾക്ക്‌ ദിശാബോധം നൽകിയിട്ടുണ്ട്‌. അതിൽനിന്ന്‌ ഊർജമാവഹിച്ച്‌ ജനാധിപത്യത്തിന്റെ ശ്രീ കോവിലിലേക്ക്‌ കൂടുമാറിയ രാജ്യങ്ങളുമുണ്ട്‌. രാജ്യത്ത്‌ നടപ്പാക്കിയ തിരഞ്ഞെടുപ്പ്‌ രീതികളും പരിഷ്കാരങ്ങളുമെല്ലാം ഇത്തരത്തിൽ ശ്രദ്ധേയമാണ്‌. പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുതുടങ്ങിയ ഇലക്ട്രേണിക്‌ വോട്ടിംഗ്‌ യന്ത്രം പാർലമെന്റ്‌, നിയമസഭ, ത്രിതലപഞ്ചായത്ത്‌ തുടങ്ങി എല്ലാ തലങ്ങളിലും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇത്‌ സാങ്കതികവിദ്യയിലൂടെ രാജ്യം കൈവരിച്ച വിപ്ളവ മുന്നേറ്റത്തേയാണ്‌ സൂചിപ്പിക്കുന്നത്‌. പ്രവാസി വോട്ടിന്റെ കാര്യത്തിലും വിപ്ളവകരമായ ചുവടുവെപ്പുകൾ നടത്താൻ നമ്മുടെ വ്യവസ്ഥിതിക്ക്‌ കഴിയേണ്ടതുണ്ട്‌. പ്രവാസികൾക്ക്‌ വോട്ടവകാശം ലഭിക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കളെ അന്യേഷിച്ചിറങ്ങാനല്ല ശ്രമിക്കേണ്ടത്‌. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കധീതമായി നയങ്ങളും സമീപനങ്ങളും വിലയിരുത്തി പിന്തുണക്കാനും അതുപോലെ പിൻതള്ളാനും പാകപ്പെട്ട മനസാണ്‌ സാധാരണ പ്രവാസികളുടേത്‌. പ്രവാസലോകത്ത്‌ രാഷ്ട്രീയ പാർട്ടികൾക്കുള്ള സ്വാധീനവും മേൽകോയ്മയും കൂട്ടിയും കിഴിച്ചും പ്രവാസികളുടെ ജനാധിപത്യ മൗലിക അവകാശങ്ങളെ ആരും നിഷേധിക്കരുത്‌.
 Muhammed Kunhi Wandoor For MalayalamNews Daily

Popular posts from this blog

ഇന്ത്യയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ

പീഡനം നേരിടുന്ന നമ്മുടെ കുട്ടികൾ